മുത്തശ്ശിമാർക്കായി കോളജ് തുടങ്ങി! പലരും കളിയാക്കി, ഒടുവിൽ തേടിയെത്തിയത് ആഗോള പുരസ്കാരങ്ങൾ
Mail This Article
ഡെറാഡൂണിലെ പ്രസിദ്ധമായ ഡൂൺ സ്കൂളിൽ നിന്നുമാണ് സഞ്ജിത് ബങ്കർ റോയ് ഹൈസ്കൂൾ പഠനം പൂർത്തീകരിച്ചത്. ബിരുദമെടുത്തതാവട്ടെ ഡൽഹിയിലെ പ്രസിദ്ധമായ സെന്റ് സ്റ്റീഫൻസ് കോളജില്‍ നിന്നും. 1967 ൽ പഠനം പൂർത്തീകരിച്ച റോയിക്ക് ലോകത്തിലെ ഏതൊരു മഹാനഗരത്തിലും നല്ലൊരു തൊഴിൽ കരസ്ഥമാക്കാമായിരുന്നു. എന്നാൽ അദ്ദേഹം സഞ്ചരിച്ചത് ഒരു വ്യത്യസ്ത പാതയിലൂടെയാണ്. മഹാത്മാഗാന്ധി പഠിപ്പിച്ച പാഠങ്ങൾ ഉൾക്കൊണ്ട് ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കാനായിരുന്നു അദ്ദേഹത്തിന് താൽപര്യം.
ഗ്രാമീണ മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടറിയാൻ വർഷങ്ങളോളം ഗ്രാമീണരൊത്തു വസിച്ചു. ജല ദൗർലഭ്യവും വൈദ്യുതിയുടെ ലഭ്യതക്കുറവുമാണ് ഗ്രാമീണ ജനതയുടെ ദുരിതങ്ങൾക്കു കാരണമെന്നു മനസ്സിലാക്കിയ റോയി അതിനുള്ള പരിഹാര മാർഗങ്ങൾ കണ്ടെത്താനായി യത്നിച്ചു. പല പ്രശ്‌നങ്ങളുടെയും പ്രധാന കാരണം ഗ്രാമീണരുടെ അജ്ഞതയാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം അവർക്കായി ഒരു കോളജ് സ്ഥാപിച്ചു. 1972 ൽ രാജസ്ഥാനിലെ ടിലോണിയ ഗ്രാമത്തിൽ ആരംഭിച്ച കോളജിന്റെ പേരാണ് ‘ബെയർ ഫുട്ട് കോളജ്.’ എട്ടേക്കർ സ്ഥലത്ത് ഗ്രാമവാസികൾ തന്നെ ഡിസൈൻ ചെയ്തു നിർമിച്ച കോളജിൽ എഴുത്തും വായനയും തുടങ്ങി എൻജിനീയറിങ് വരെ പഠിപ്പിക്കുന്നു. പ്രവേശനത്തിന് പ്രത്യേകിച്ച് അടിസ്ഥാന യോഗ്യതകളൊന്നും വേണമെന്നില്ല. ഗ്രാമീണ സ്ത്രീകളാണ് പ്രധാന ഗുണഭോക്താക്കൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് സ്ത്രീകൾക്ക് വിവിധങ്ങളായ തൊഴിൽ പരിശീലനങ്ങൾ നൽകി അവർക്ക് ആത്മവിശ്വാസവും അഭിമാന ബോധവും അതിലുപരി സ്ഥിരം വരുമാനവും നേടി കൊടുക്കാൻ ഈ കോളജിനു സാധിച്ചു. ശുദ്ധജലം സംഭരിക്കുന്ന രീതികളും സോളർ ലൈറ്റ് നിർമ്മാണവുമൊക്കെ ഇവിടെ പഠിപ്പിക്കുന്നു.
മുത്തശ്ശിമാരായ ഗ്രാമീണ സ്ത്രീകളാണ് ബയർഫുട്ട് കോളജിലെ പഠിതാക്കൾ. നിരക്ഷരരായ അവർ സൗരോർജത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന വിദ്യയുടെ ഓരോ ഘട്ടവും അഭ്യസിക്കുന്നു. പഠനം പൂർത്തീകരിച്ചവരെ ‘സോളർ എൻജിനീയർ’ എന്നാണ് വിളിക്കുക. അഫ്ഗാനിസ്ഥാനിൽ നിന്നും ആഫ്രിക്കയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നുമൊക്കെയുള്ള സ്ത്രീകൾ ഇവിടെ എത്തി തങ്ങൾ പഠിച്ച വിദ്യയിലൂടെ തങ്ങളുടെ ഗ്രാമങ്ങളെ പ്രകാശപൂരിതമാക്കുന്നു. ‘‘ഗ്രാമീണരായ പുരുഷൻമാർ പൊതുവേഅലസരും ഒന്നിലും ഉറച്ചു നിൽക്കാത്തവരുമാണ്. എന്നാൽ സ്ത്രീകൾ കൂടുതൽ ഉത്തരവാദിത്ത ബോധവും കാര്യക്ഷമതയും ഉള്ളവരാണ്. അതിനാലാണ് സ്ത്രീകളെ അഭ്യസിപ്പിച്ചുകൊണ്ട് പോസിറ്റീവായ മാറ്റം ഉറപ്പാക്കുന്നത്.’’ റോയി പറയുന്നു.
സാമൂഹിക സേവനരംഗത്ത് വിവ്ലവകരമായ പരിവർത്തനങ്ങൾക്കു വഴിയൊരുക്കിയ ബങ്കർ റോയിയെ തേടി നിരവധി ആഗോള പുരസ്കാരങ്ങളാണ് എത്തിയത്. 2010 ൽ ടൈം മാഗസിൻ ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി റോയിയെ തിരഞ്ഞെടുത്തു. ഗ്രാമീണ ജനതയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന റോയിയുടെ വികസന മാതൃക നിരവധി രാജ്യങ്ങൾ നടപ്പിലാക്കി വരുന്നു. തന്റെ പ്രവർത്തനങ്ങളെ വിശദീകരിച്ചുകൊണ്ട് റോയി നടത്തിയ ‘ടെഡ്’ പ്രഭാഷണം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളാണ് വീക്ഷിക്കുകയും അഭിനന്ദിക്കുകയും ചെയ്തത്. താൻ നേടിയ അറിവും പരിജ്ഞാനവും സമൂഹത്തിൽ ഏറ്റവും കഷ്ടത അനുഭവിക്കുന്നവർക്കു പകർന്നു കൊണ്ട് ഗാന്ധിയൻ മാർഗ്ഗത്തിലൂടെ ഇന്നും സഞ്ചരിക്കുന്ന ബങ്കർ റോയി ദശലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിൽ വെളിച്ചം വിതറുന്നു.