നിള ഗവേഷക സംഘത്തിന് പുഴയുടെ ‘ഗതികേടിൽ’ ആശങ്ക!

Mail This Article
ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിനു പഠനം നടത്തുന്ന നിള ഗവേഷക സംഘത്തിന് പുഴയുടെ ഗതിയിൽ ആശങ്ക. ഏറെ വളവുകളും, തിരിവുകളുമായി ഒഴുകുന്ന പുഴയുടെ ഗതിമാറ്റവും, പുഴയ്ക്കു കുറുകെയുള്ള പാലങ്ങളുടെയും, ഡാമുകളുടെയും ബലക്കുറവും വിദഗ്ധ പഠനത്തിനു വിധേയമാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിന് റിപ്പോർട്ട് കൈമാറും.
2017 ജൂണിൽ ചെറുതുരുത്തിയിൽ നടന്ന ദേശീയ നദീമഹോത്സവത്തിലാണ് എട്ട് അംഗ സംഘത്തെ പഠനത്തിനായി നിയോഗിച്ചത്. നിള തടത്തിലെ ജൈവവൈവിധ്യം, ഭാരതപ്പുഴയിലെ ജലശാസ്ത്രം, പുഴയോരത്തെ ചരിത്രം സാമൂഹിക-സാമ്പത്തിക വളർച്ച എന്നിവയായിരുന്നു പഠന വിഷയങ്ങൾ.
ഡിജിറ്റൽ മാപ്പിങ് തയാറാക്കി പാരിസ്ഥിതിക ആഘാതം, നീർത്തടങ്ങളുടെ ജല ദൗർലഭ്യം, ജൈവവൈവിധ്യ ശോഷണം എന്നിവയുടെ സമഗ്ര പഠനമാണ് സംഘം നടത്തിയത്. ഡൽഹി ജെഎൻയു യൂണിവേഴ്സിയുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക സെമിനാറുകൾ നടത്തിയിരുന്നു. കേന്ദ്ര ജലശക്തി മന്ത്രാലയം, കേന്ദ്ര വനം- പരിസ്ഥിതി വകുപ്പ്, ജെഎൻയു, ജൈവ വൈവിധ്യ ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് പഠനം.