മാലിന്യം നീക്കം ചെയ്തു; 20 വർഷത്തിന് ശേഷം വർത്തൂർ തടാകത്തിലേക്ക് തിരിച്ചെത്തി ദേശാടനപക്ഷികൾ
Mail This Article
ബെംഗളൂരുവിലെ വർത്തൂർ തടാകത്തിലേക്ക് 20 വർഷത്തിനു ശേഷം ദേശാടനപക്ഷികൾ തിരിച്ചെത്തി. ചട്ടുകകൊക്കൻ, കോരിചുണ്ടൻ എരണ്ട, പവിഴക്കാലി അടക്കമുള്ള പക്ഷികളാണ് കഴിഞ്ഞ ദിവസങ്ങളിലായി തടാകത്തിൽ എത്തിയത്. മാലിന്യം നീക്കം ചെയ്ത് തടാകത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി ഫലം കണ്ടതോടെയാണ് ദേശാടനപക്ഷികൾ തിരികെ എത്തിയത്. 150 ലേറെ ഇനം ദേശാടനപക്ഷികളും ഒട്ടേറെ തദ്ദേശീയ പക്ഷികളും തടാകത്തിൽ എത്തിയിട്ടുണ്ട്. 446 ഏക്കർ വിസ്തൃതിയുള്ള വർത്തൂർ തടാകത്തിലെ മലിനീകരണം രൂക്ഷമായതോടെയാണു ദേശാടനപക്ഷികളുടെ വരവ് നിലച്ചത്.
മലിനീകരണത്തിന്റെ ഫലമായി തടാകത്തിലെ ജലം നുരഞ്ഞു പൊന്തുകയും തീ പിടിക്കുകയും ചെയ്തിരുന്നു. തടാകത്തിന്റെ പരിസരത്തു പ്രവർത്തിക്കുന്ന ഫാക്ടറികൾ രാസപദാർഥങ്ങൾ ഒഴുക്കിവിട്ടതാണ് ഇതിനു കാരണമെന്നു മലിനീകരണ ബോർഡ് കണ്ടെത്തി. ഇതോടെയാണ് ബാംഗ്ലൂർ വികസന അതോറിറ്റിയുടെ മേൽനോട്ടത്തിൽ ശുദ്ധീകരണ നടപടികൾ ആരംഭിച്ചത്. ദേശാടനപക്ഷികളെ ആകർഷിക്കുന്ന ഘടനയാണ് വർത്തൂർ തടാകത്തിനെന്നും വരും ദിവസങ്ങളിൽ കൂടുതൽ പക്ഷികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പരിസ്ഥിതി പ്രവർത്തകനായ ജഗദീഷ് റെഡ്ഡി പറഞ്ഞു.
English Summary: Migratory birds return to Varthur lake after 20 yrs