‘ഇടിച്ചിറങ്ങുന്നു’കോമറ്റ്: ഇനി വരും ഇലക്ട്രിക് കാർ തരംഗം...
Mail This Article
ഇന്ത്യയിലെ വാഹനവ്യവസായ രംഗത്ത് ധൂമകേതുവായി ഇടിച്ചിറങ്ങുന്നു എംജി കോമറ്റ്. 8 ലക്ഷം രൂപയ്ക്ക് 230 കി മീ റേഞ്ചുള്ള കൊച്ചു കാർ ഇലക്ട്രിക് കാറുകൾക്കു മാത്രമല്ല നിലവിലുള്ള എല്ലാ കാറുകൾക്കും ഭീഷണിയാണ്.
വിലക്കുറവിലല്ല കാര്യം
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ എന്നതല്ല എല്ലാം തികഞ്ഞ ആദ്യ ഇലക്ട്രിക് കാർ എന്നതാണ് എംജി കോമറ്റ് ഇവിയുടെ പ്രസക്തി. ലളിതം, സുന്ദരം, സ്റ്റൈലിങ്ങിൽ അപാരത. പുതുതലമുറയെ മാത്രം മുന്നിൽക്കണ്ടുള്ള രൂപകൽപനയാണിത്. ഫിനിഷിങ്ങിലാണെങ്കില്‍ ഏതു മെഴ്സിഡീസിനോടും കിടപിടിക്കും. ഉപയോഗക്ഷമതയിൽ സ്കൂട്ടറുകളെയും വെല്ലുന്ന ചടുലത. നഗരവീഥികളിൽ തിരക്കുകൾ വകഞ്ഞുമാറ്റി പരൽമീനിനെപ്പോലെ തെന്നിക്കളിക്കും. പാർക്കു ചെയ്യാനോ? ഓട്ടോറിക്ഷയ്ക്കു വേണ്ടത്ര സ്ഥലം പോലും വേണ്ട. വില 8 ലക്ഷത്തില്‍ത്താഴെ നിൽക്കുന്നത് കോമറ്റിന് വെറുമൊരു അധിക യോഗ്യത മാത്രം.
മുറിച്ചു കളയൂ, ആ ദുർമേദസ്സ്...
കോമറ്റിന്റെ ആപ്തവാക്യമായി ‘കട് ദ് ക്രാപ്’ എന്ന് എംജി പറയുന്നതിനു കാരണമുണ്ട്. പുതു തലമുറ അങ്ങനെയാണ്. അമിത കൊഴുപ്പു മാത്രമല്ല, സ്വയം സുഖകരമായി തോന്നാത്തതെല്ലാം ഒഴിവാക്കാനും ആവശ്യത്തിനുള്ളതു മാത്രം നിലനിർത്താനും അവർ തയാർ. കോമറ്റിന് ആവശ്യത്തിനുള്ള സ്ഥലവും അത്യാവശ്യത്തിനുള്ള ഡോറുകളുമേയുള്ളൂ. ഒറ്റയ്ക്കോ രണ്ടാളായോ 95 ശതമാനവും യാത്ര ചെയ്യുന്ന കാറിനെന്തിന് നാലു ഡോർ? ദിവസവും വെറും 50 കി മി ഓടുന്നയാൾക്കെന്തിന് 1000 കി മീ റേഞ്ച്? എന്തിനാണ് അടിക്കടി ഗിയർ മാറ്റം? ഓട്ടമാറ്റിക്ക് പോരേ? പെട്രോളടിച്ചു കളയുന്ന കാശിന് കൂടുതൽ പിറ്റ്സ വാങ്ങി കഴിച്ചു കൂടേ? ഇങ്ങനെ പോകുന്നു ചിന്തകൾ...
ചില സത്യങ്ങള്‍
70 ശതമാനം ഉപഭോക്താക്കളും കാറിൽ ഒറ്റയ്ക്കാണു യാത്ര. 81 ശതമാനം ദിനംപ്രതിയെന്നോണം കനത്ത ട്രാഫിക് നേരിടുന്നു. 74 ശതമാനവും പരിസ്ഥിതി സ്നേഹികളാണ്. 90 ശതമാനം വീട്ടിൽത്തന്നെ ചാർജിങ് ആഗ്രഹിക്കുന്നു: കാറുടമകളിൽ എംജി നടത്തിയ പഠനത്തിന്റെ ഫലങ്ങളാണ് കോമറ്റിൽ പ്രതിഫലിക്കുന്നത്. ആവശ്യത്തിനുള്ള സ്ഥലസൗകര്യം കോമറ്റിനുണ്ട്. നാലു സീറ്ററിലെ എല്ലാ സീറ്റിലും ആറടി ഉയരക്കാർക്ക് സുഖമായിരിക്കാം. പിൻ സീറ്റിന് ‘തൈ സപ്പോർട്ട്’ കുറവാണെന്നേയുള്ളൂ. എന്നുവച്ചാൽ കാൽ മുഴുവൻ സീറ്റിൽ ഒതുങ്ങില്ല, മുൻഭാഗം സീറ്റിൽ നിന്നു തെല്ലുയർന്നു നിൽക്കും. മുന്നിലെ സീറ്റ് മറിച്ചിട്ട് കടന്നിരിക്കാനും ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ ബുദ്ധിമുട്ടില്ല. 2.9 മീറ്റർ നീളമുള്ള കാറിന് ട്രാഫിക് ഒരു പ്രശ്നമല്ല. 4.2 ടേണിങ് റേഡിയസിൽ എവിടെയും വട്ടം തിരിക്കാം, ഓട്ടമാറ്റിക്കാണ്. തലവദനകളില്ല. ഏതു വീട്ടിലും അനായാസം ചാർജ് ചെയ്യാം.
ആദ്യ ഭയം, സുരക്ഷ
ഇത്ര ചെറിയ കാറല്ലേ, സുരക്ഷിതമാണോ? അതെയെന്ന് എംജി. എൻസിഎപി സുരക്ഷാ റേറ്റിങ്ങൊന്നുമില്ലെങ്കിലും മറ്റെല്ലാ കാറുകളെയും പോലെ ക്രംബിള്‍ സോണും സുരക്ഷാ കൂടുമൊക്കെയുള്ള കാറാണ് കോമറ്റ്. പുറമെ എയർബാഗ്, എ ബി എസ്, ഇ ബി ഡി അടക്കമുള്ള എല്ലാ സുരക്ഷിതത്വവുമുണ്ട്. ഇലക്ട്രിക് കാറായതിനാൽ ബാറ്ററി സുരക്ഷയും ഉറപ്പാക്കുന്നു. ഐപി 67 റേറ്റിങ്ങുള്ള ബാറ്ററി വെള്ളം കയറിപ്പോലും തകരാറിലാവില്ല. കോമറ്റ് അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ചൈനയിലെ സായ്ക് മോട്ടോഴ്സിന്റെ വൂളിങ് ഇ വി 2020 ജൂലൈ മുതൽ ഇതേ വരെ 11 ലക്ഷം കാറുകളിറക്കിയിട്ടുണ്ട്. സുരക്ഷ വലിയൊരു പ്രശ്നമായിട്ടില്ല. മാത്രമല്ല, ചൈനയിലെ ഏറ്റവും വിൽക്കുന്ന ഇവിയുമാണിത്.
എന്താ ഭംഗി
കണ്ടാൽ ആരും കൊതിച്ചു പോകുന്ന, എന്നാൽ കാർ എന്ന പൊതു സങ്കൽപത്തിനു തെല്ലു വിരുദ്ധമായി നിൽക്കുന്ന റാഡിക്കൽ രൂപമാണ് കോമറ്റ്. ത്രീ ഡോർ ഹാച്ച്ബാക്ക്. എന്നു വച്ചാൽ ഡിക്കി ഡോറടക്കം മൂന്നു ഡോർ. ഡിക്കി സ്ഥലം പേരിനു മാത്രം. ചെറിയ ബാഗുകൾ ഉൾക്കൊള്ളും. എന്നാൽ പിൻ സീറ്റുകൾ മറിച്ചിട്ടാൽ വലിയ കാറുകളെക്കാൾ സ്ഥലം. ഉയർന്നു നിൽക്കുന്ന രൂപവും വലിയ ഡോറുകളും ചെറിയ ബോണറ്റുമൊക്കെച്ചേർന്ന് ഒരു കൊച്ചു സുന്ദരി. അലോയ് വീലുകളല്ലെങ്കിലും സ്റ്റൈലിങ് തെല്ലും ചോരാത്ത വീലുകളും ഗ്ലാസ് വലിയ ഏരിയയും ഭംഗിയുള്ള മുൻ, പിൻ ഡിസൈനുകളും ഏതു തിരക്കിലും ‘ഞാനിവിടുണ്ട്’ എന്നു വിളിച്ചു പറയുന്നു. ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് ആയിരക്കണക്കിനു രീതിയിൽ കസ്റ്റമൈസ് ചെയ്യാവുന്ന പുറം ഡിസൈനുകള്‍. ഐ മാക് പി സികളിലെ ആപ്പിൾ ലോഗോയെ അനുസ്മരിപ്പിക്കുന്നതരത്തിലുള്ള ഇലുമിനേറ്റഡ് എം ജി ലോഗോയാണ് മുന്നിൽ. അതു തുറന്നാൽ ചാർജിങ് പോർട്ട്. വശങ്ങളിലേക്കു കയറിപ്പോകുന്ന കണക്ടിങ് എൽ ഇ ഡി ലാംപുകൾ രാത്രിക്കാഴ്ചയിൽ പൊടി പൂരമാകും.
സ്ഥലം തികയും
വലിയ ഡോറുകൾ തുറന്ന് ഉള്ളിലേക്കു കയറിയാൽ ഇടുങ്ങിയ കാറെന്ന തോന്നലുണ്ടാകുന്നില്ല. ധാരാളം സ്ഥലം. കാരണം, ഡാഷ് ബോർഡും സെൻട്രല്‍ കൺസോളും സീറ്റുകളും സ്റ്റിയറിങ്ങുമൊക്കെ രൂപകൽപന ചെയിതിരിക്കുന്നതിന്റെ മികവ്. സ്പേസ് ഗ്രേ ഡ്യുവൽ ടോൺ ഇന്റീരിയർ ഫിനിഷ്. സ്റ്റിയറിങ് നിയന്ത്രണങ്ങളും കീയുമൊക്കെ ഒരു ആപ്പിൾ ഫോണോ ഡിവൈസോ ഉപയോഗിക്കുന്ന ഫീൽ നൽകുന്നു. ഡാഷ് ബോർഡിന്റെ പാതിയിലധികം നീളുന്ന വലിയ ഡിസ്പ്ലേ. കാർ നിയന്ത്രണങ്ങളും ഇൻഫോടെയ്ൻമെന്റുമൊക്കെ ഇതിലുണ്ട്. നാലു സ്പീക്കർ സൗണ്ട് സിസ്റ്റം സ്റ്റിയറിങ്ങിൽ നിയന്ത്രിക്കാം. എ സി നിയന്ത്രണ ബട്ടനുകള്‍ക്കും ആപ്പിൾ നിലവാരം. സീറ്റുകൾക്ക് കനം കുറവാണ്, എന്നാൽ ഇരിപ്പിനു സുഖക്കുറവില്ല.
ഡ്രൈവിങ് എന്ന സുഖാനുഭൂതി
ന്യൂഡൽഹിയിലെ തിരക്കിൽ എം ജി ഒരുക്കിയ മെഗാ മീഡിയ ഡ്രൈവ്. 40 കോമറ്റുകൾ വരിയൊപ്പിച്ച് തിരക്കിലും എക്സ്പ്രസ് വേകളിലും ദില്ലിയുടെ മനോഹരമായ രാജപാതകളിലും പരന്നു. കയറിയിരുന്നു സ്റ്റാർട്ടു ചെയ്താൽ സ്റ്റാർട്ടായെന്ന തോന്നലില്ല. ഓടിക്കാൻ തുടങ്ങിയാലോ? ഒരു കാർ ഡ്രൈവ് ചെയ്യുന്നു എന്ന തോന്നലില്ല. പരമാവധി വേഗമായ 105 കടന്നാലും അത്രയ്ക്കു സ്പീഡിലാണോ പോകുന്നതെന്ന് തോന്നില്ല. സ്റ്റിയറിങ് ഒരു കളിപ്പാട്ടം പോലെ. നോബുകളുടെ കറക്കലിൽ ഗിയറുകൾ മാറി മറിയും. ഡ്രൈവ്, ന്യൂട്രൽ, പാർക്ക്. ഇത്രയേയുള്ളൂ. ഇക്കോ, സ്പോർട്സ് മോഡുകളിൽ സ്പോർട്സിലിട്ടാൽ കുതിപ്പു കൂടും. കറക്കിയെടുക്കാനും പെട്ടെന്നൊതുക്കി പാർക്ക് ചെയ്യാനും പരമസുഖം. നല്ല സസ്പെൻഷൻ. ഡ്രൈവിങ് കഴിഞ്ഞാലും ഇറങ്ങിപ്പോരാനൊരു മടി. കുറച്ചു കൂടി ഓടിച്ചാലോ?
എന്തു കിട്ടും?
സ്ഥിരം ചോദ്യത്തിനു മറുപടി ഒറ്റ ചാർജിങ്ങിൽ 230 കി മീ. പരമാവധി 7 മണിക്കൂറിൽ പൂർണമായി ചാർജാകും. 5 മണിക്കൂറിൽ 80 ശതമാനം. ക്യുക്ക് ചാർജിങ് ഇല്ല. മാസം 1000 കിമീ ഓടിച്ചാൽ 550 രൂപയിൽത്താഴെയേ വരൂ. രണ്ടു പിറ്റ്സയുടെ വിലയ്ക്ക് ഒരു മാസം എന്ന് എം ജി പറയുന്നു.
വാങ്ങാനും വേണ്ടേ കാരണങ്ങൾ?
ആർക്കൊക്കെ വാങ്ങാം, എന്തിനു വാങ്ങണം? ഇതാ അഞ്ചു കാരണങ്ങൾ: 1. ഒറ്റയ്ക്കു ജീവിക്കുന്ന ചെറുപ്പക്കാർക്ക് ആദ്യ കാർ എന്ന നിലയിൽ വാങ്ങാം. ആവശ്യങ്ങളെല്ലാം നടക്കും. രണ്ടു പേർക്ക് സ്ഥിരമായും നാലു പേർക്ക് ആവശ്യമെങ്കിലും കയറാം. ചിലവു കുറവ്. 2. രണ്ടാം കാറായി വാങ്ങാം. ദിവസ ഉപയോഗങ്ങളും ചെറിയ ആവശ്യങ്ങളും നടക്കും. 3. പ്രായമുള്ളവർക്ക് ഉത്തമം. അനായാസം ഉപയോഗിക്കാം. 4. സോളാർ യൂണിറ്റുകൾ വീട്ടിലുള്ളവർക്ക് കണ്ണും പൂട്ടി വാങ്ങാം. പൂജ്യം ചെലവിൽ സഞ്ചാരം. 5. ഡ്രൈവിങ് ഒരു ബാധ്യതയായി കരുതുന്നവർക്ക്. കാരണം കോമറ്റ് ഡ്രൈവ് ചെയ്യുകയാണെന്നു തോന്നുകയേയില്ല.
വില
തുടക്ക വില 7.98 ലക്ഷം. ഇലക്ട്രിക് കാറിനുള്ള നികുതിയിളവു കണക്കാക്കിയാൽ 9 ലക്ഷം രൂപയിൽത്താഴെ വണ്ടി റോഡിലിറങ്ങും.
English Summary: MG Comet Test Drive