മേരാ വന്ദേഭാരത് മഹാൻ! ഓരോ തീവണ്ടിയും ഇതുപോലെ ഒരു നീണ്ട കഥയാണ്
Mail This Article
പ്ളാസ്റ്റിക് കപ്പിലിരുന്നു തണുത്ത് പാടകെട്ടി രുചിമാറിപ്പോയ ചായ പോലെ എറണാകുളം നോർത്ത് സ്റ്റേഷനിലെ ഒരു പാതിരാത്രി ! വരാനിരിക്കുന്ന ഏതോ എക്സ്പ്രസ് ട്രെയിൻ കാത്ത് ഉറക്കം തൂങ്ങിയിരിക്കുന്ന യാത്രക്കാർ. തിമിരം ബാധിച്ച വൃദ്ധന്റെ കണ്ണിലെ വെളിച്ചം പോലെ അവിടവിടെ ചില മഞ്ഞ ലൈറ്റുകൾ കത്തുന്നു.
രണ്ടാമത്തെ പ്ളാറ്റ് ഫോമിൽ നിന്ന് ഒരു ചരക്കുവണ്ടി യാത്ര പുറപ്പെടുകയാണ്. ഒരു പെരുമ്പാമ്പ് മെല്ലെ മുന്നോട്ട് ഇഴയുന്നതുപോലെ വണ്ടി നീങ്ങിത്തുടങ്ങി. ആദ്യ ബോഗിയിൽ നിന്ന് ആയിരം ചങ്ങലകൾ ചേർന്നു കിലുങ്ങും പോലെ ഒരു കിലുക്കം പുറത്തു ചാടി. എല്ലാ ബോഗികളിലും കയറിയിറങ്ങി ആ ശബ്ദം പിന്നോട്ടോടി അവസാനത്തെ ബോഗിയിൽ നിന്നു പുറത്തേക്കോടി. പ്ളാറ്റ്ഫോമിലെ ബഞ്ചിൽ അമ്മയുടെ മടിയിൽ ഇരുന്ന് ഉറങ്ങിയിരുന്ന ഒരു അന്യസംസ്ഥാനക്കുട്ടി ദുഃസ്വപ്നം കണ്ടുണർന്നതുപോലെ പേടിച്ചു കരഞ്ഞു. സിമിന്റ് ബഞ്ചിൽ അടുത്തിരുന്ന സുഹൃത്ത് പറഞ്ഞു... കുറെ നാൾ മുമ്പു വരെ എല്ലാവർക്കും ലുലു മാളായിരുന്നു. ഇപ്പോൾ വന്ദേഭാരതായി !
ഇപ്പോൾ വന്ദേഭാരതിന്റെ ലോക്കോ പൈലറ്റാണ് അദ്ദേഹം. 20 വർഷമായി തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ ഓടിക്കുന്നു. കേരളത്തിലെ റയിൽ ട്രാക്കുകൾ കൈരേഖകൾ പോലെ കാണാപ്പാഠം. ആ കൂട്ടുകാരൻ പറഞ്ഞു: ഐടി ഫാമിലികൾ താമസിക്കുന്ന ഫ്ളാറ്റ് പോലെയാണ് വന്ദേഭാരത്. നല്ല വൃത്തിയും വെളിച്ചവും. രണ്ടിടത്തും ജീവിതം നിയന്ത്രിക്കുന്നത് കംപ്യൂട്ടർ. ചെറുതും വലുതുമായ 126 കംപ്യൂട്ടറുകളാണ് വന്ദേഭാരതിനെ മുന്നോട്ടോടിക്കുന്നത്. ക്യാബിനിൽ രണ്ടു ഡ്രൈവർമാർ. ഒരാൾക്ക് അത്യാഹിതം സംഭവിച്ചാൽ മറ്റെയാൾ വണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കും. രണ്ടുപേരുടെ മുന്നിലും ബ്രേക്കുമുണ്ട്.
പാളത്തിലേക്ക് ഒരാൾ ചാടാൻ വരുമ്പോൾ എമർജൻസി ബ്രേക്ക് ചെയ്യാൻ തോന്നാറില്ലേ? കണ്ണടച്ചിരിക്കാനാണ് തോന്നാറുള്ളത്. അതാണ് ലോക്കോ പൈലറ്റിന്റെ നിസ്സഹായത. ട്രെയിനിനു മുന്നിലേക്ക് ആളു ചാടുന്നത് റയിൽവേയ്ക്ക് അത്യാഹിതമല്ല. ട്രെയിനിനോ യാത്രക്കാർക്കോ അപകടമുണ്ടാവുമെന്ന് ബോധ്യപ്പെടുന്നതാണ് അത്യാഹിതം. ഞങ്ങൾ എൻജിൻ ഡ്രൈവർമാർ ഒരു മരണവും നേരിൽ കാണാറേയില്ല. ട്രെയിനിന് 150 മീറ്ററാണ് ബ്ളൈൻഡ് സ്പോട്ട്. തൊട്ടടുത്തുള്ള കാഴ്ചകൾ ക്യാബിനിൽ നിന്നു കാണാൻ കഴിയില്ല. ആളുകൾ മരണം കാത്ത് നിൽക്കുന്നതു കാണാം. പിന്നെ ഒരു നിലവിളി ശബ്ദം.
എന്നും രാത്രിയിലെത്തുന്ന പൊള്ളാച്ചി ട്രെയിൻ എറണാകുളം സ്റ്റേഷനിലെ പ്ളാറ്റ്ഫോമിലേക്കെത്തി. സുഹൃത്തു പറഞ്ഞു: പൊള്ളാച്ചിപ്പൂവണ്ടി! ഈ വണ്ടിയിൽ വന്നിറങ്ങുന്നത് യാത്രക്കാരല്ല !
സത്യമാണ്. ആദ്യം മുല്ലപ്പൂക്കൾ ട്രെയിനിൽ നിന്നിറങ്ങി. പിന്നാലെ ജമന്തിപ്പൂക്കൾ. പിന്നെ മണമില്ലാത്ത അരളിപ്പൂവും കദളിപ്പൂവും ഊരും പേരുമറിയാത്ത കുറെ പാവം പൂക്കളും. പൂക്കൊട്ടകൾ പ്ളാറ്റ് ഫോമിൽ നിരന്നതോടെ എറണാകുളം റയിൽവേ സ്റ്റേഷനൊരു പൂക്കോട്ടയായി മാറി. കൂട്ടുകാരൻ പറഞ്ഞു; മഹാരാജാസിലെ ഡിഗ്രിക്കാലത്ത് ഈ ട്രെയിൻ വരുന്ന സമയം നോക്കി സ്റ്റേഷന്റെ വെളിയിൽ വന്നു കാത്തു നിൽക്കുമായിരുന്നു. ഇതൾ വാടാത്ത, വെയിൽ കാണാത്ത ഫ്രഷ് മുല്ലപ്പൂ മാലവാങ്ങി കാമുകിക്കു സമ്മാനിക്കാൻ. ഹിസ് ഹൈനസ് അബ്ദുള്ളയിലെ മോഹൻലാലിനെപ്പോലെ കൈത്തണ്ടയിൽ മുല്ലപ്പൂമാലയിടുന്നതും അന്നു ഫാഷനായിരുന്നു.
പൊള്ളാച്ചി വണ്ടി പോയിട്ടും ഓർമകളിൽ സുഗന്ധം ബാക്കി നിൽക്കുന്നു. കഥകളിനിയുമുണ്ട്. ഒരിക്കൽ കോട്ടയം സ്റ്റേഷനിൽ നിന്ന് വഞ്ചിനാട് മുന്നോട്ട് എടുക്കുമ്പോൾ പ്ളാറ്റ്ഫോമിലൂടെ ഒരു പെൺകുട്ടി ഓടി വരുന്നത് എൻജിൻ റൂമിലിരുന്ന് അയാൾ കണ്ടു. ഒരു കടലാസും വീശിക്കൊണ്ടാണ് ഓട്ടം. എൻജിന്റെ അടുത്ത് എത്തിയപ്പോൾ അവൾ പരീക്ഷ, പരീക്ഷ എന്ന് വിളിച്ചു പറഞ്ഞു. ട്രെയിൻ ഒന്നു സ്ളോ ചെയ്തു. അവൾ ഏതോ കംപാർട്മെന്റിൽ ചാടിക്കയറി.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒല്ലൂർ സ്റ്റേഷനിൽ വച്ച് ആ പെൺകുട്ടി എൻജിൻ റൂമിന്റെ അരികിൽ വന്നു. കൈയിലൊരു ബോക്സ് ചോക്കലേറ്റുമുണ്ട്: അന്ന് സഹായിച്ചതിന് നന്ദി പറയാൻ വന്നതാണ്. അവൾ പറഞ്ഞു.... വീട്ടിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. വഞ്ചിനാട് മിസ്സായാൽ എല്ലാം കുളമായേനെ. എന്റെ റജിസ്റ്റർ വിവാഹമായിരുന്നു.
അപ്പോൾ പരീക്ഷ?
പരീക്ഷയല്ല, പ്രതീഷ്; ദൂരെ നിൽക്കുന്ന ചെറുപ്പക്കാരന്റെ നേരെ അവൾ കൈചൂണ്ടിപ്പറഞ്ഞു; അതാണ് കക്ഷി. സെക്രട്ടേറിയറ്റിലെ സ്റ്റാഫാണ്.
എന്നും സന്ധ്യയ്ക്ക് തിരുവനന്തപുരത്തു നിന്നുള്ള പാസഞ്ചർ കൊല്ലം സ്റ്റേഷനിൽ വന്നു നിൽക്കുന്നത് ഒരു വണ്ടി നിറയെ സർക്കാർ ജീവനക്കാരുമായിട്ടാണ്. ട്രെയിൻ നിർത്തുന്നതിനു മുമ്പേ എല്ലാവരും ചാടിയിറങ്ങി പുറത്തേക്കോടും. സ്റ്റേഷന് മുന്നിൽ ഓട്ടോറിക്ഷകളുടെ കലപില, തിരക്കിനിടയിൽ മുന്നോട്ടു നീങ്ങാൻ പറ്റാതെ ബൈക്കുകളുടെ മുറുമുറുപ്പ്. ജോലി കഴിഞ്ഞു വരുന്ന എല്ലാവർക്കും എത്രയും വേഗം വീട്ടിലെത്താനുള്ള തിരക്ക്.
ചാറ്റൽ മഴയുള്ള ഒരു സന്ധ്യയ്ക്ക് ട്രെയിനിൽ വന്നിറങ്ങിയ യുവതി ഓടി വന്ന് ഭർത്താവിന്റെ ബൈക്കിന്റെ പിന്നിൽക്കയറി. സ്റ്റാർട്ട് ചെയ്ത ബൈക്കുമായി സ്റ്റേഷനു പുറത്ത് കാത്തുനിൽക്കുയായിരുന്നു ഭർത്താവ്. ഭാര്യ വയറിനു ചുറ്റിപ്പിടിച്ചയുടനെ അയാൾ ബൈക്ക് മുന്നോട്ടെടുത്തു.
രാമൻകുളങ്ങര ജംക്ഷനിൽ വച്ച് ബൈക്ക് ഇടത്തേക്കു തിരിഞ്ഞപ്പോൾ ഭാര്യ ചോദിച്ചു.. നമ്മൾ എങ്ങോട്ടു പോകുവാ? പിന്നിൽ നിന്ന് അപരിചിതമായ ശബ്ദംകേട്ട് ബൈക്ക് ഓടിച്ചിരുന്നയാൾ പകച്ചു. അയാൾ ചോദിച്ചു.. ആരാ? യുവതിയും ഞെട്ടി. തന്റെ ഭർത്താവിന്റെ ശബ്ദം ഇങ്ങനെയല്ല... നിങ്ങളാരാ? യുവാവ് പറഞ്ഞു... ആളുമാറിപ്പോയി.
യുവതിയും സമ്മതിച്ചു.. ബൈക്ക് മാറിപ്പോയി. എന്റെ ഭർത്താവിന്റേതും ഒരു കറുത്ത ബുള്ളറ്റായിരുന്നു. ആ അബദ്ധത്തിൽ നിന്ന് എത്രയും വേഗം യുടേണെടുത്ത് രണ്ടുപേരും കയറിയിടത്തു തന്നെ തിരിച്ചെത്തി. അപരിചിതന്റെ ബൈക്കിൽ നിന്നിറങ്ങിയ യുവതി ചുറ്റും നോക്കി. ഭർത്താവ് എത്തിയിട്ടില്ല. സമാധാനം ! മൊബൈൽ ഫോൺ ഇല്ലാത്ത കാലത്തെ അബദ്ധത്തിന്റെ കഥയോർത്ത് കൂട്ടുകാരൻ ചിരിച്ചു. ഓരോ തീവണ്ടിയും ഇതുപോലെ ഒരു നീണ്ട കഥയാണ് !