ADVERTISEMENT

മസ്കത്ത് ∙ ജാതി മത ഭേദമന്യേ എല്ലാ ഭക്തർക്കും അനുഗ്രഹം നൽകാൻ ശ്രീമുത്തപ്പനും തിരുവപ്പനും മസ്കത്തിലെത്തുന്നു. നവംബർ 22 വെള്ളിയാഴ്ച ദാർസെയ്റ്റിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ശ്രീ മുത്തപ്പൻ ഒമാനിലെ വിശ്വാസികളെ അനുഗ്രഹിക്കാനെത്തുന്നത്. ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂർത്തിയായി. കണ്ണൂർ, കാസർകോട് ജില്ലക്കാരായ ഒരു കൂട്ടം പ്രവാസി കുടുംബ കൂട്ടായ്മയാണ് മുത്തപ്പൻ തിരുവപ്പന മഹോത്സവം സംഘടിപ്പിക്കുന്നത്. 

മുത്തപ്പന്റെ അനുഗ്രഹം തേടി മണലാരണ്യത്തില്‍ ഏകദേശം 5000 ഭക്തജനങ്ങൾ ദർശനത്തിന് എത്തും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ദർശന സമയം. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശാലമായ ഹാളിൽ ആണ് മഹോത്സവം. ഭക്തജനങ്ങൾക്ക്  പരമ്പരാഗത ശൈലിയിലുള്ള പ്രസാദം നൽകുന്നതാണെന്നു സംഘാടകർ അറിയിച്ചു.

കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ‌, വളപട്ടണം നദിക്കരയിലാണ് പൗരാണിക പ്രസിദ്ധമായ ശ്രീ മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശൈവ- വൈഷ്ണവ ചൈതന്യത്തിന്റെ മൂർത്തീഭാവം ആയ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കൽപം. ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും മത്സ്യരൂപമുള്ള കിരീടം വച്ച് മഹാവിഷ്ണുവിനേയും പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളായ വെള്ളാട്ടവും തിരുവപ്പനയും പരബ്രഹ്മത്തിന്റെ രണ്ടു ഭാവങ്ങളത്രെ. 

ജാതിമത ലിംഗ ഭേദമില്ലാതെ സർവരും ആരാധിക്കുന്ന അനുഗ്രഹമൂർത്തി കുടികൊള്ളുന്ന ദൈവിക ചൈതന്യസ്ഥലം എന്ന നിലയിൽ കേരളത്തിന്റെ ആധ്യാത്മിക, സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിൽ ഏറെ പ്രസക്തമാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പ ക്ഷേത്രം. ദിനവും കേരളത്തിന് അകത്തും  പുറത്തുമുള്ള മലയാളികളും മറ്റു സംസ്ഥാനക്കാരും ഉൾപ്പെടെ ആയിരങ്ങളാണ് പറശ്ശിനിക്കടവിലെ ക്ഷേത്രദർശനത്തിനു എത്തുന്നത്. ഒമാൻ ഭരണാധികാരി സുൽത്താൻ ബിൻ ഖാബൂസിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും ഈ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുമാണ് രണ്ടാം തവണയും മുത്തപ്പൻ തിരുവപ്പന മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com