വിദേശ തൊഴിലാളികൾക്കായി കുവൈത്തിൽ ലേബർ സിറ്റി; സ്വകാര്യ പാർപ്പിട മേഖലകളിൽനിന്ന് ബാച്ച്ലർമാരെ മാറ്റും
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വിദേശ തൊഴിലാളികൾക്കായി ലേബർ സിറ്റി നിർമിക്കുന്നു. സബ്ഹാനിലെ പതിനൊന്നാം ബ്ലോക്കിൽ 40,000 ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന തൊഴിലാളി നഗരത്തിൽ 3000 പേർക്ക് താമസസൗകര്യമുണ്ടാകും. നിർമാണ കരാർ ഏറ്റെടുത്ത കമ്പനിക്ക് കുവൈത്ത് നഗരസഭാ അധികൃതർ കഴിഞ്ഞ ദിവസം സ്ഥലം കൈമാറി. സ്വകാര്യ പാർപ്പിട മേഖലകളിൽനിന്ന് ബാച്ച്ലർമാരെ മാറ്റുന്നതിന്റെ ഭാഗമായാണ് പ്രത്യേക കേന്ദ്രം സ്ഥാപിക്കുന്നത്. ലേബർ സിറ്റിയിൽ വാണിജ്യ, വിനോദ സേവന കേന്ദ്രങ്ങളെല്ലാം ഒരുക്കും.
16 താമസ സമുച്ചയം ഉൾപ്പെട്ടതാണ് ലേബർ സിറ്റി. ഓരോ നിലയിലും താമസ മുറികൾക്കു പുറമെ അടുക്കള, ശുചിമുറി, വിശ്രമ മുറി, അലക്കാനുള്ള സൗകര്യം തുടങ്ങിയവയുണ്ടാകും.
രാജ്യാന്തര നിലവാരം അനുസരിച്ച് ഓരോ തൊഴിലാളികളുടെയും നിശ്ചിത സ്ഥലവും സാധനങ്ങൾ സൂക്ഷിക്കാൻ സൗകര്യവും ഉണ്ടാകും. പൊലീസ് സ്റ്റേഷൻ, സർക്കാർ ഓഫിസുകൾ, മസ്ജിദ്, പാർക്കുകൾ തുടങ്ങിയവയും ഉണ്ടാകും. ബസ്, ടാക്സി സേവനവും ഏർപ്പെടുത്തുമെന്നും നഗരസഭ അറിയിച്ചു.