എംകെഎ ഓണക്കാഴ്ച ശനിയാഴ്ച
Mail This Article
മിസ്സിസാഗ ∙ കരിക്ക് നൽകിയാണ് മിസ്സിസാഗ കേരള അസോസിയേഷൻ ഓണക്കാഴ്ചയ്ക്ക് എത്തിയവരെ കഴിഞ്ഞതവണ വരവേറ്റത്. ഓരോ ഓണക്കാഴ്ചയും വ്യത്യസ്തമായ കാഴ്ചകളാക്കുന്നതു തന്നെയാണ് എംകെഎയുടെ ആഘോഷം. സെപ്റ്റംബർ 14 ശനിയാഴ്ച ജോൺ പോൾ സെക്കൻഡ് പോളിഷ് കൾച്ചറൽ സെന്ററിലാണ് ഇത്തവണത്തെ ഓണക്കാഴ്ച ഒരുക്കുന്നത്. ഗ്രേറ്റർ ടൊറന്റോ മേഖലയിലെ മികച്ച ഓണാഘോഷങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്.
വിഭവസമൃദ്ധമായ സദ്യയോടെയാണ് തുടക്കം. പതിനൊന്നു മുതൽ ഒന്നര വരെയാണ് സദ്യ. തുടർന്ന് മാവേലിയെയും വിശിഷ്ടാതിഥികളെയും വരവേൽക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ടൊറന്റോയിലെ ഇന്ത്യൻ കോൺസൽ ജനറൽ സിദ്ധാർഥ നാഥ് പങ്കെടുക്കും. പുതുതലമുറയെ കേരളത്തിന്റെ സമൃദ്ധമായ സാംസ്കാരിക പൈതൃകത്തിലേക്കു കൂട്ടിക്കൊണ്ടു പോകുകയെന്നതാണ് ഓരോ ഓണക്കാഴ്ചയിലൂടെയും ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പ്രസാദ് നായർ പറഞ്ഞു.
തിരുവാതിരകളി, കുട്ടികളുടെ നൃത്തം, ഡാൻസ് മെഡ്ലെ, ഫ്യൂഷൻ, സിനിമാറ്റിക് ഡാൻസ് തുടങ്ങിയവയാണ് പരിപാടികൾ. റിയൽറ്റർ മനോജ് കരാത്തയും, ടിഡി ബാങ്കുമാണ് മുഖ്യപ്രായോജികർ. വൈസ് പ്രസിഡന്റ് നിഷ ഭക്തൻ, സെക്രട്ടറി മിഷേൽ നോർബർട്ട്, ജോയിന്റ് സെക്രട്ടറി റിയാസ് സിറാജ്, ട്രഷറർ ഷാനുജിത് പറമ്പത്ത്, കമ്മിറ്റിയംഗങ്ങളായ പ്രശാന്ത് കൃഷ്ണപൈ, സുമോദ് മുത്തുകൃഷ്ണൻ, ദിവ്യ ചന്ദ്രശേഖരൻ, അർജുൻ രാജൻ, ശബാന അലമ്പത്ത്, രാഹുൽ മോഹൻ, ജോളി ജോസഫ്, ആനി ചെറിയാൻ തുടങ്ങിയവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.