ചെറുപ്പക്കാരിലെ ഹൃദ്രോഗം, കുഴഞ്ഞുവീണുള്ള മരണം; ഇവ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ
Mail This Article
കുഴഞ്ഞു വീണു മരിക്കുന്ന ചെറുപ്പക്കാരുടെ വാർത്തയാണല്ലോ നിലവിൽ ധാരാളമായി കേൾക്കുന്നത്. വ്യായാമത്തിനിടെ ജിമ്മിൽ കുഴഞ്ഞു വീണ് മരിക്കുന്നു, ക്ലാസിൽ ഇരിക്കുന്നതിനിടയിൽ മരണം സംഭവിക്കുന്നു, തുടങ്ങി ഹൃദയാഘാതം ചെറുപ്പക്കാർക്കിടയിലും വലിയ വില്ലനായി മാറുന്ന കാഴ്ചയാണ് കാണുന്നത്.
'ഹൃദയപൂർവം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ ‘ചെറുപ്പക്കാരിലെ ഹൃദയാരോഗ്യം’ എന്ന വിഷയത്തിൽ മദ്രാസ് മെഡിക്കൽ മിഷൻ ചെയർമാനും കാർഡിയോളജി വിഭാഗം തലവനുമായ ഡോ. അജിത് മുല്ലശേരി, അഡൽറ്റ് കാർഡിയോളജി ഡയറക്ടർ ഡോ.വി.എം.കുര്യൻ, പീഡിയാട്രിക് കാർഡിയോളജി വിഭാഗം തലവൻ ഡോ. വിജിത് കോശി ചെറിയാൻ എന്നിവർ പങ്കെടുത്തു.
പൊതുവേ ആരോഗ്യപ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നവരാണ് ഭൂരിഭാഗം പേരും. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ കഴിയാതെ ആകെ വീർപ്പുമുട്ടുന്ന പലരെയും സുഹൃത്തുക്കൾക്കിടയിൽ തന്നെ കാണാൻ കഴിയുമെന്ന് ഡോ. വി. എം കുര്യൻ പറയുന്നു. എന്നാൽ ഇവർ ഒരു അവസരം കിട്ടിയാൽ ഇരട്ടിയായി കഴിക്കുകയും ചെയ്യും. കൊളസ്ട്രോളിനെ ഭയന്ന് ഇഷ്ട ഭക്ഷണം ഉപേക്ഷിക്കേണ്ടതില്ല എന്നാൽ കഴിക്കുന്നതിൽ നിയന്ത്രണം വേണമെന്നു മാത്രം. കൊളസ്ട്രോൾ ഉണ്ടാകുന്നതിനാൽ മാത്രമാണ് ഹൃദ്രോഗം സംഭവിക്കുന്നതെന്ന തോന്നൽ തെറ്റാണ്. ശരീരത്തിന് ആവശ്യമായ ഘടകമാണ് കൊളസ്ട്രോളെന്നും എന്നാൽ അത് അമിതമാകരുതെന്നും അദ്ദേഹം പറഞ്ഞു. ഒന്നും ഒഴിവാക്കേണ്ടതില്ല, അളവ് കുറച്ചാൽ മതിയെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാർക്ക് ജനിതകമായി ഹൃദ്രോഗ സാധ്യത കൂടുതലാണ്. അതുകൊണ്ടു വ്യായാമം തുടങ്ങുന്നതിനു മുൻപ് ഹൃദയ പരിശോധനകൾ നടത്തുന്നത് നല്ലതാണ്. 30 വയസ്സ് കഴിഞ്ഞവർ കൃത്യമായ ഇടവേളകളിൽ ഹൃദ്രോഗ പരിശോധന നടത്തണം. മാനസിക സംഘർഷം, പിരിമുറുക്കം എന്നിവ ഒഴിവാക്കി വർക്ക് ലൈഫ് ബാലൻസ് നിലനിർത്തുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ഉറപ്പാക്കണം. ദിവസവും അര കിലോമീറ്ററെങ്കിലും നടക്കാൻ അവസരം ലഭിച്ചാൽ നോ പറയരുത്. സുഹൃത്തുക്കൾക്കൊപ്പം തമാശ പറഞ്ഞ് പതിയെ നടക്കുന്നതും വ്യായാമമാണെന്നും ഡോ. വിജിത് കോശി ചെറിയാൻ പറഞ്ഞു.
ഉറക്കമില്ലായ്മ ഹൃദയാരോഗ്യത്തെ ബാധിക്കും. 8 മണിക്കൂർ തികച്ച് ഉറങ്ങണമെന്നില്ല. 4 മണിക്കൂർ ഉറങ്ങിയാലും നല്ല ഉറക്കം ലഭിച്ചാൽ ശരീരം പുനഃസജ്ജമാകും. പകൽ സമയം അര മണിക്കൂർ ഉറങ്ങുന്നതും ആരോഗ്യത്തിന് നല്ലതാണ്. സമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇതിലൂടെ കഴിയും. രാത്രി ഭക്ഷണം കഴിച്ച് 2 മണിക്കൂർ കഴിഞ്ഞ് മാത്രം ഉറങ്ങുക. ഇരുന്നുള്ള ജോലി ചെയ്യുന്നവർ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുന്നത് വളരെ പ്രയോജനം ചെയ്യുമെന്നും ഡോ. അജിത് മുല്ലശ്ശേരി പറയുന്നു.
ദിവസം മുപ്പത് മുതൽ നാൽപത് മിനുട്ട് വരെ മിതമായ രീതിയിൽ വ്യായാമം ചെയ്താൽ മതിയാകും.
മദ്യപിക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഡോക്ടർമാർ അത് നിർദേശിക്കുന്നതേയില്ല. ആരോഗ്യം നശിക്കാൻ കാരണമാകുന്ന രീതിയിലേക്ക് ഇവയുടെ ഉപയോഗം പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഡോ. കുര്യൻ പറഞ്ഞു.അമിതവണ്ണം ഹൃദ്രോഗങ്ങളിലേക്ക് നയിക്കുമെന്നും പെട്ടെന്നുണ്ടാകുന്ന ഭാരവർധന ഹൃദയത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കാമെന്നും കൂട്ടിച്ചേർത്തു.