സൂക്ഷിക്കുക; അമിതമായ ഫിറ്റ്നസ് ശീലങ്ങൾ പുരുഷന്മാരിൽ വന്ധ്യതയ്ക്കു കാരണമാകാം
Mail This Article
ആരോഗ്യത്തോടെയിരിക്കാനുള്ള മികച്ച മാർഗങ്ങളാണു പതിവായുള്ള വർക്ഔട്ടും വ്യായാമവും. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതോടൊപ്പം നിരവധി രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. എന്നാൽ ഫിറ്റ്നസ് നേടാനുള്ള ശ്രമത്തിനിടയിൽ മിക്ക പുരുഷന്മാരും തങ്ങളുടെ പ്രത്യുല്‍പാദന ആരോഗ്യം അപകടത്തിലാക്കുന്നു. അങ്ങേയറ്റത്തെ ഫിറ്റ്നസ് രീതികളും കഠിനമായ ഭക്ഷണനിയന്ത്രണവും കഠിനവ്യായാമങ്ങളും പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കും.
ഫിറ്റ്നസ് വിദഗ്ധരോട് ആലോചിക്കുക പോലും ചെയ്യാതെ കഠിനവ്യായാമങ്ങൾ തുടങ്ങുന്ന പുരുഷന്മാർ നിരവധിയാണ്. പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്ന, ശരിയാണോ എന്ന് തീർച്ചയില്ലാത്ത അറിവുകളെയാവും പലരും ആശ്രയിക്കുന്നത്. ഇത് നിരവധി സങ്കീർണതകൾക്കു കാരണമാകും.
∙ടെസ്റ്റോസ്റ്റീറോണിന്റെ അളവ്
വിശ്രമമില്ലാതെയും ഇടവേളയില്ലാതെയും കൂടുതൽ ഭാരം ഉയർത്തുന്നതും, ജിമ്മിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും പുരുഷന്മാരിെല ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയ്ക്കും എന്ന് അമേരിക്കൻ ജേണൽ ഓഫ് മെൻസ് ഹെൽത്ത് പറയുന്നു.
എല്ലുകളെ ശക്തിപ്പെടുത്തുക, മുടി വളർച്ച, ബീജങ്ങളുടെ ഉൽപാദനം, ലൈംഗിക തൃഷ്ണ തുടങ്ങി നിരവധി ശാരീരികപ്രവർത്തനങ്ങൾക്കു ടെസ്റ്റോസ്റ്റീറോൺ പ്രധാനമാണ്.
വ്യായാമത്തിന്റെ കാഠിന്യവും വ്യായാമം ചെയ്യുന്ന സമയവും തമ്മിൽ ഒരു ബാലൻസ് േവണമെന്നു വിദഗ്ധർ പറയുന്നു. ഹോർമോൺ സന്തുലനം നിലനിർത്താനും പുരുഷന്മാരിലെ പ്രത്യുല്‍പാദന ആരോഗ്യത്തിനും ഇത് ആവശ്യമാണ്.
∙പ്രോട്ടീൻ സപ്ലിമെന്റുക
ജിമ്മില്‍ പോകുന്നതു ശീലമാക്കുമ്പോൾ മസിൽ ഉണ്ടാക്കാൻ പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കുന്നതും ശീലമാകും. എന്നാൽ ഇത് കൂടിയ അളവിൽ കഴിക്കുന്നത് ദോഷം വരുത്തും.
പ്രോട്ടീനിൽ അമിനോ ആസിഡുകൾ ഉണ്ട്. ഫൈറ്റോ ഈസ്ട്രജൻ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കൂടിയ അളവിൽ ശരീരത്തിലെത്തുമ്പോൾ ഈസ്ട്രജൻ ഹോർമോണിനെ അനുകരിക്കുകയും അന്തഃസ്രാവിഗ്രന്ഥികളിലേക്ക് ഇത് അയയ്ക്കപ്പെടുകയും ചെയ്യും.
പ്രോട്ടീൻ അമിതമായി ചെല്ലുന്നത് സ്പേം കൗണ്ട് കുറയ്ക്കും. ടെസ്റ്റിക്കുലാർ അസ്ട്രോഫി, ശീഘ്രസ്ഖലനം എന്നിവയ്ക്കും ഇത് കാരണമാകും.
∙വൃഷണസഞ്ചിയുടെ താപനില
കഠിനവ്യായാമങ്ങൾ ദീർഘനേരം ചെയ്യുന്നതു കൊണ്ടും ഇറുകിയ വർക്ഔട്ട് ഡ്രസ്സുകൾ ധരിക്കുന്നതു കൊണ്ടും ഉയർന്ന താപനിലയുമായി സമ്പർക്കം വരുന്നതു മൂലം വൃഷണസഞ്ചിയിലെ താപനില ഉയരുന്നു. ഇത് തുടർച്ചയായി സംഭവിക്കുമ്പോൾ ബീജത്തിന്റെ ഗുണനിലവാരവും ചലനാത്മകതയും ബീജോൽപാദനവും കുറയും.
പരിമിതമായ സമയം വർക്ഔട്ട് ചെയ്യുകയും ആ സമയം അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
∙ഓക്സീകരണ സമ്മർദ്ദം
ദീർഘ നേരമുള്ള കഠിനവ്യായാമങ്ങൾ ഓക്സീകരണ സമ്മർദ്ദത്തിനു കാരണമാകും. പ്രോട്ടീനുകൾക്കും ലിപ്പിഡുകൾക്കും ഓക്സീകരണ നാശം ഉണ്ടാക്കുകയും ബീജകോശങ്ങൾക്കു സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യും. ഇത് പ്രത്യുൽപാദന സാധ്യതയെ കുറയ്ക്കുന്നു.
∙ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂട്ടാൻ
അമിതവ്യായാമം െചയ്യാതെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂട്ടാനുള്ള ചില മാർഗങ്ങൾ ഇതാ.
∙പ്രോട്ടീൻ, കൊഴുപ്പ്, അന്നജം, ഇവയടങ്ങിയ സമീകൃത ഭക്ഷണം ഒഴിവാക്കുക.
∙സ്ട്രെസ്സ് കുറയ്ക്കുക. കോർട്ടിസോളിന്റെ അളവ് കുറയ്ക്കുക.
∙വെയിൽ കൊള്ളുക, വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുക.
∙എല്ലാ രാത്രിയിലും 7 മുതൽ 10 മണിക്കൂർ വരെ തടസ്സമില്ലാതെ ഉറങ്ങുക.
∙ഇഞ്ചി, അശ്വഗന്ധ പോലുള്ള നാട്ടുമരുന്നുകൾ ഉപയോഗിക്കുക.
∙ഈസ്ട്രജന്റെ അളവ് കൂട്ടുന്ന ബിപിഎ പോലുള്ള രാസവസ്തുക്കളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
ഇനി ഈസിയായി സ്ട്രെസ്സ് മാറ്റാം: വിഡിയോ