ശ്വാനപരിശീലനത്തിൽ ചുവടുറപ്പിച്ച് കൊച്ചുമിടുക്കികൾ–വിഡിയോ
Mail This Article
ഇന്ന് ഓഗസ്റ്റ് 26, രാജ്യാന്തര ശ്വാനദിനം, നായ്ക്കളെ ഓർക്കാനൊരു രാജ്യാന്തര ദിനം. നായ്ക്കളെക്കുറിച്ച് ഓർക്കാനും അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കാൻവേണ്ടിയുള്ള ദിനം. രാജ്യാന്തര നായ ദിനത്തിൽ ശ്വാനപരിശീലകരായ രണ്ടു കൊച്ചുമിടുക്കികളെ പരിചയപ്പെടാം.
പഠനം മൂന്നിലും നാലിലും. ഹോബി നായ്ക്കളോട് ചങ്ങാത്തവും അവരെ അനുസരണയും ചിട്ടയും പഠിപ്പിക്കലും. ആരെയും ഭയപ്പെടുത്തുന്ന വേട്ടപ്പട്ടികൾ പോലും അന്നയുടെയും അനറ്റിന്റെയും നിർദേശങ്ങൾക്കൊപ്പം നല്ല അനുസരണയുള്ള കുട്ടികളാകും. പിച്ചവച്ചു നടക്കാന്‍തുടങ്ങിയ കാലം മുതല്‍ നായ്ക്കളെ കണ്ടു വളര്‍ന്നവരായതിനാല്‍ ഇരുവരുടെയും നായപ്രേമത്തിന് അവരോളം പ്രായമുണ്ട്.
ശ്വാനപരിശീലനകനായ പാലാ മേവട സ്വദേശി സാജൻ സജി സിറിയക്കിന്റെ മൂന്നു മക്കളിൽ ഇളയവരാണ് അന്നയും അനറ്റും. ശ്വാനപരിശീലനം പഠിക്കാന്‍ സാജന്റെ അടുത്തെത്തുന്നവർക്കൊപ്പം ക്ലാസുകളില്‍ ഇരുന്ന് ഇരുവരും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു. അവർക്കൊപ്പംതന്നെ നായ്ക്കുട്ടികളെ പരിശീലിപ്പിച്ച് പഠിക്കുകയും ചെയ്തു. അങ്ങനെ ശ്വാനപരിശീലകരുടെ കൂട്ടത്തില്‍ ഏറ്റവും പ്രായംകുറഞ്ഞവരായി അന്നയും അനറ്റും മാറി.
ശ്വാനപരിശീലനത്തിലെ അടിസ്ഥാന പാഠങ്ങളെല്ലാം പഠിച്ച ഈ കൊച്ചുമിടുക്കികള്‍ സ്വന്തമായി നായ്ക്കുട്ടികളെ പരിശീലിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സ്വന്തമായി പരിശീലിപ്പിച്ചെടുന്ന ബീഗിള്‍ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയും ഇവര്‍ക്കുണ്ട്.
ശ്വാനപ്രദർശനങ്ങളിൽ മത്സരത്തിനിറങ്ങണമെന്നാണ് ഇരുവരുടെയും ആഗ്രഹം. സഹോദരൻ ആൽവിനും ചെറു പ്രായത്തിൽത്തന്നെ ശ്വാനപ്രദർശനങ്ങളിലെ മത്സരത്തിനിറങ്ങി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍, 2015ലാണ് ആല്‍വില്‍ ആദ്യമായി മത്സരത്തിനിറങ്ങിയത്. ശ്വാനപ്രദര്‍ശനവേദികളിലെ ഏറ്റവും പ്രധാനപ്പെട്ടതും മത്സരിക്കപ്പെടുന്ന നായയുടെ മാസ്റ്ററോടുള്ള സ്‌നേഹവും അനുസരണയും അളക്കുന്ന കംബാനിയന്‍ ഡോഗ് എന്ന വിഭാഗത്തിലായിരുന്നു ആല്‍വില്‍ മത്സരിച്ചത്. ഊട്ടിയില്‍ നടന്ന മത്സരത്തില്‍ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. മികച്ച പരിശീലകരുള്‍പ്പെട്ട മത്സരത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി എന്നതിനു പുറമേ തമിഴ്‌നാട് പൊലീസ് സേനാംഗങ്ങളുടെ പ്രത്യേക അഭിനന്ദനവും നേടാന്‍ അന്ന് ആല്‍വിനു കഴിഞ്ഞു. പരിശീലനത്തില്‍ പെങ്ങന്മാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നത് ആൽവിനാണ്.
കോവിഡാനന്തരം ശ്വാനപ്രദർശനങ്ങൾ കാര്യമായി നടക്കാത്തതാണ് ഇരുവരുടെ മത്സര സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുന്നത്. കേരളത്തിനു പുറത്ത് ചില മത്സരങ്ങൾ നടക്കുന്നുണ്ടെങ്കിലും ദൂരയാത്രയും പ്രശ്നമാകുന്നു. എങ്കിലും സെപ്റ്റംബറിൽ ചെന്നൈയിൽ വച്ച് നടക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കണമെന്നാണ് ഈ കൊച്ചു പരിശീലകരുടെ ആഗ്രഹം.