ADVERTISEMENT

മാനേജ്മെന്റിലെ പിഴവുമൂലമാണ് കൂടുതൽ കർഷകരും നഷ്ടത്തിലേക്കു പോകുന്നത്. പശു പരിപാലനത്തിലെ ഏറ്റവും വലിയ ചെലവ് തീറ്റവിലയാണ് എന്നതിനാൽ അതിനെക്കുറിച്ച് ആദ്യമായി പറയാം. ധാരാളം പുല്ലു കൊടുക്കുന്നതിനൊപ്പം ഗുണമേന്മയുള്ള ഒരേയൊരു കാലിത്തീറ്റ മാത്രം കൊടുക്കുന്നതാണ് നല്ലത്. സമീകൃത കാലിത്തീറ്റയുടെ കൂടെ അധികമായി നൽകുന്ന പിണ്ണാക്ക്, ബിയർ വേസ്റ്റ്, ചോളപ്പൊടി, പുളിയരിപ്പൊടി എന്നിവ പശുവിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാറുണ്ട്. ഇവ നൽകുന്നതു വഴി താൽക്കാലികമായി പാൽ ഉൽപാദന വർധന ഉണ്ടാകുമെങ്കിലും ശരീരത്തിലേക്ക് എത്തേണ്ട പോഷകങ്ങളുടെ അനുപാതം തെറ്റുന്നത് ചെന പിടിക്കുന്നത് ഉൾപ്പെടെയുള്ള ശാരീരിക പ്രക്രിയകളെ പ്രതികൂലമായി ബാധിക്കും. അന്നജം അധികമടങ്ങിയ ബിയർ വേസ്റ്റ്, ചോളപ്പൊടി എന്നിവ കുളമ്പുകളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനൊപ്പം (Laminitis, SARA etc) മറ്റ് അസുഖങ്ങൾക്കും ചെന പിടിക്കാനുള്ള കാലതാമസത്തിനും കാരണമായി കണ്ടുവരുന്നു. കുളമ്പ് പശുവിന്റെ രണ്ടാം ഹൃദയമാണെന്ന് അതിശയോക്തി ഇല്ലാതെ തന്നെ പറയാം (അരി തീരെ വില കുറഞ്ഞ് കിട്ടിയാൽ അൽപം മുൻകരുതൽ എടുത്തിട്ടു മാത്രം തീറ്റയുടെ ഭാഗമാക്കി തീറ്റച്ചെലവ് കുറയ്ക്കാം).

പാൽ ഉൽപാദനത്തിന് ആനുപാതികമായി മാത്രമാണ് കാലിത്തീറ്റ നൽകേണ്ടത്. പ്രസവശേഷം ആദ്യ രണ്ടു മാസത്തിനുള്ളിൽ പശു അതിന്റെ ഏറ്റവും ഉയർന്ന ഉൽപാദനത്തിൽ എത്തുകയും, പതിയെ ഉൽപാദനം കുറഞ്ഞു വരികയും ആണല്ലോ ചെയ്യുന്നത്. എന്നാൽ പാൽ കുറയുന്ന സമയത്തും ആദ്യം കൊടുത്തിരുന്ന അതേ അളവിൽ കാലിത്തീറ്റ കൊടുക്കുന്ന ഒട്ടേറെ കർഷകരെ നേരിട്ട് കണ്ടിട്ടുണ്ട്. 6 ലീറ്റർ പാൽ മാത്രമുള്ള പശുവിന് 6 കിലോ കാലിത്തീറ്റ കൊടുക്കുന്ന ഒരു കർഷകനെ 2 ആഴ്ച മുൻപ് കണ്ടിരുന്നു. ക്ഷീര സംഘത്തിൽ പാൽ അളക്കുന്ന പൈസ കാലിത്തീറ്റ വാങ്ങാൻ പോലും തികയുമോ? അതിനാൽ കാലിത്തീറ്റ കൊടുക്കുന്നതിന്റെ ശാസ്ത്രീയ വശങ്ങൾ കർഷകർ കൃത്യമായി മനസ്സിലാക്കേണ്ടതാണ്. പശുവിന്റെ ആരോഗ്യത്തിനും നല്ല ദഹനത്തിനും പാലിലെ കൊഴുപ്പ് വർധിക്കുന്നതിനും പച്ചപ്പുല്ല് കൊടുക്കേണ്ടത് അത്യാവശ്യമാണ്.

dairy-farm-5

കാലിത്തീറ്റ ശരിയായ അളവിൽ കഴിച്ച് പശുവിന്റെ അകിടിൽ പാൽ നിറയുന്നതു പോലെ പ്രധാനപ്പെട്ടതാണ് ആ പാൽ കൃത്യമായി കറന്നെടുക്കുന്നത്. പ്രസവത്തിനു മുൻപേ കാമ്പിൽ പാൽ ഇറങ്ങിയാൽ എന്താണ് ചെയ്യേണ്ടത്? ഇക്കാര്യത്തിൽ ഉറപ്പായും രണ്ട് അഭിപ്രായങ്ങൾ ഇവിടെ വരും. പാൽ ഇറങ്ങിയാൽ അകിടു വീക്കം വരുന്നതിനു മുൻപേ കറന്നു മാറ്റണം എന്നത് തന്നെയാണ് ശാസ്ത്രീയമായ സമീപനം. കന്നിപ്പാൽ നഷ്ടമാകുന്നു എന്നത് മാത്രമാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ സംഭവിക്കുന്ന കുഴപ്പം. തീർച്ചയായും കന്നിപ്പാൽ ജനിച്ചു വീഴുന്ന കന്നുകുട്ടിക്ക് അത്യാവശ്യമാണ്. അത് കറന്നു കളഞ്ഞില്ലേ? ഇനി എന്ത് ചെയ്യും? അതിനും വഴിയുണ്ട്. പ്രസവത്തിനു മുൻപേ ഉണ്ടാകുന്ന കന്നിപ്പാൽ കറന്നെടുത്ത് കുപ്പിയിലാക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. പ്രസവം കഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ ഈ പാൽ ചൂടാക്കി കുട്ടിക് കൊടുക്കാം. ഇതിലൂടെ കുട്ടിയെ വിട്ടുള്ള കറവരീതി ഒഴിവാക്കാനാവും. പ്രസവിച്ച ഉടനെ കുട്ടിയെ തള്ളയിൽ നിന്ന് മാറ്റുന്നത് തന്നെയാണ് ഏറ്റവും നല്ല രീതി.

ഒരു ഉദാഹരണത്തിലൂടെ പറയാം. ജനിച്ചു വീഴുമ്പോൾ 25 കിലോ ഭാരമുള്ള ഒരു പശുക്കുട്ടിക്ക് ആദ്യത്തെ ആഴ്ച അതിൻറെ ഭാരത്തിൻറെ പത്തിലൊന്ന് പാൽ ആണ് ദിവസവും നൽകേണ്ടത്. അതായത് ദിവസവും രണ്ടര കിലോ പാൽ കുട്ടിയെ കുടിപ്പിക്കണം. ഇതിൽ കൂടുതൽ പാൽ കുടിച്ചാൽ കുട്ടിക്ക് വയറിളക്കം പിടിച്ച് ആരോഗ്യവും മോശമാകും. അതുകൊണ്ട് പാൽ അളന്ന് കൊടുക്കുന്നതാണ് അഭികാമ്യം. കൂടാതെ പിന്നീട് ക‌ന്നുകുട്ടിയെ മാറ്റുമ്പോൾ തള്ള പാൽ ചുരത്താതിരിക്കുന്ന പ്രശ്നവും ഒഴിവാക്കാം. അനാവശ്യമായി കന്നുകുട്ടി പാൽ കുടിച്ച് വയറിളകി പോകുന്ന പാൽ വിറ്റ് നമ്മുടെ ലാഭം വർധിപ്പിക്കാനും സാധിക്കും. ഇങ്ങനെ ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി പറയാം. പാലിലെ കൊഴുപ്പിന് പാലിനേക്കാൾ സാന്ദ്രത കുറവാണ്. അതായത് കൊഴുപ്പ് മുകളിൽ കിടക്കും. പാൽപാത്രത്തിൽ കറന്നുവച്ച്, കുറച്ചു  നേരം കഴിഞ്ഞ് പാത്രത്തിന്റെ മുകളിൽനിന്ന് എടുത്ത് കന്നുകുട്ടിക്ക് കൊടുത്താൽ കൊഴുപ്പ് കൂടിയ പാലാണ് കന്നുകുട്ടിക്ക് കിട്ടുക. എന്നിട്ട് കൊഴുപ്പ് നഷ്ടപ്പെട്ട ബാക്കി പാൽ സൊസൈറ്റിയിൽ കൊടുത്ത് കുറഞ്ഞ വില കിട്ടുന്ന അവസ്ഥ ഉണ്ടാകും. പാത്രത്തിൽ കറന്നു വച്ചിരിക്കുന്ന പാൽ നല്ല രീതിയിൽ ഇളക്കിയതിനു ശേഷം മാത്രം കുഞ്ഞിനുള്ള പാൽ മാറ്റിവയ്ക്കുക. 

ഈ ഉദാഹരണത്തിൽ പറഞ്ഞ രണ്ടര ലീറ്റർ പാൽ എത്ര തവണയായി കുഞ്ഞിനെ കുടിപ്പിക്കും? ഒരു മനുഷ്യക്കുഞ്ഞിന് നമ്മൾ എങ്ങനെയാണ് പാൽ നൽകുന്നത്. ഒരുപാട് തവണകൾ ആയിട്ടാണ് അല്ലേ? നമ്മുടെ കന്നുകുട്ടിക്കും ഈ പാൽ അഞ്ചോ ആറോ തവണകളായി നൽകിയാൽ മതി. പശുവിനെ കറന്നതിനു ശേഷം ഓരോ കാമ്പിലും കുറേശെ പാൽ കുട്ടിക്ക് കുടിക്കാനായി നിർത്തുന്ന കർഷകർ പ്രത്യേകം ശ്രദ്ധിക്കുക, കൊഴുപ്പ് കൂടിയ പാലാണ് കറന്നെടുക്കാതെ ഇങ്ങനെ നിർത്തുന്നത്. സൊസൈറ്റിയിൽ പാലിന്റെ വില കുറച്ചു തന്നു എന്ന് പരാതിയുമായി പോയിട്ട് കാര്യമുണ്ടോ? (ദിവസത്തെ കറവയുടെ തുടക്കത്തിൽ വരുന്ന പാലിന് കൊഴുപ്പ് കുറവും, അവസാനം ലഭിക്കുന്ന പാലിന് കൊഴുപ്പ് കൂടുതലുമാണ്). 

dairy-farm-4

കറവ എങ്ങനെയാവണം?

കറവയുമായി അകിടുവീക്കത്തിന് എന്തേലും ബന്ധമുണ്ടോ? രാവിലെയാണോ ഉച്ചയ്ക്കാണോ അകിടുവീക്കം ഏറ്റവും കൂടുതൽ നമ്മൾ ശ്രദ്ധിക്കുന്നത്? രാവിലെ അല്ലേ? എന്താ കാരണം? കറവ ഇടവേളയാണ് ഇവിടെ പ്രശ്നം. ഉച്ചയ്ക്ക് ഒരു മണിക്ക് കറവ കഴിഞ്ഞതിനുശേഷം പിറ്റേന്ന് പുലർച്ചെ നാലോ അഞ്ചോ മണിക്കാണ് അടുത്ത കറവ വരുന്നത്. അതായത് പതിനാലോ പതിനഞ്ചോ  മണിക്കൂർ പാൽ അകിടിൽ കെട്ടി നിൽക്കുന്നു. എന്നാൽ രാവിലത്തെ കറവ കഴിഞ്ഞ ഉച്ചക്കറവ വരെ 8 മുതൽ 10 മണിക്കൂർ ഇടവേള മാത്രമാണ് ഉള്ളത്. പാൽ അത്രയും കുറച്ചുസമയം മാത്രം അകിടിൽ നിന്നാൽ മതി. അണുക്കൾക്ക് വളരാൻ പോഷകസമ്പുഷ്ടമായ ലായനിയാണ് പാൽ എന്ന് അറിയാമല്ലോ? പാൽ അകിടിൽ കെട്ടിനിൽക്കുന്ന സമയം എത്ര കണ്ട് കുറയ്ക്കാൻ സാധിക്കുന്നു, അത്രയും അകിടുവീക്ക സാധ്യത കുറയും! ഇതിനായി രാവിലെയും വൈകുന്നേരവും ഒരേസമയം കറക്കണം, ഉദാഹരണത്തിന്, വൈകുന്നേരം നാലുമണി രാവിലെ നാലുമണി എന്നിങ്ങനെ കറക്കണം. ഇതിന് സാഹചര്യമില്ലെങ്കിൽ രാത്രി 8 മണി അടുപ്പിച്ച് ഒരു കറവ കൂടി ചെയ്താൽ പാൽ അധിക സമയം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം. ഇതുവഴി നേരത്തെ പറഞ്ഞ 14 - 15 മണിക്കൂർ എന്നത്, എട്ടു മണിക്കൂറായി കുറയും. ഇങ്ങനെ മൂന്നു നേരം കറവ ചെയ്യുന്നത് അകിടുവീക്ക സാധ്യത കുറയ്ക്കുന്നതിനൊപ്പം കിട്ടുന്ന പാൽ അളവും വർധിപ്പിക്കും. ക്ഷീരസംഘങ്ങളിലെ പാൽ സംഭരണം ഇതനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ട്. പ്രായോഗിക ബുദ്ധിമുട്ടുകൾ കമന്റ് ഇവിടെ ചെയ്യാമോ? 

ആകിടുവീക്കം വരാതിരിക്കാൻ മറ്റു മുൻകരുതലുകൾ എല്ലാവരും ചെയ്യുന്നതാണല്ലോ? കറവ കഴിഞ്ഞ ഉടനെ പശു കിടന്നാൽ, തുറന്നിരിക്കുന്ന കാമ്പുകൾ വഴി അണുകൾ കയറുകയും അകിടുവീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.  ഇതൊഴിവാക്കാൻ കറവ കഴിഞ്ഞ ഉടനെ പുല്ലോ തീറ്റയോ കൊടുക്കാറുണ്ട്. കറവ കഴിഞ്ഞ് അയഡിൻ ലായനി കാമ്പിൽ മുക്കുന്നതൊക്കെ അകിടുവീക്കം കുറയ്ക്കാൻ നല്ലതാണ്.വൃത്തിയുള്ള തൊഴുത്തു ഇല്ലാത്തത് ആണ്  അകിട് വീക്കത്തിന് മറ്റൊരു കാരണം കാരണം. നിറയെ കുഴികളുള്ള തൊഴുത്തിൽ മലിന ജലം കെട്ടി നിക്കും. ആ വെള്ളത്തിൽ കിടക്കുന്ന പശുവിന് അകിട് വീക്കം ഉണ്ടാക്കും എന്നു എടുത്തുപറയേണ്ടതില്ലല്ലോ?  

dairy-farm-3

പശുക്കളെ രാവിലെ പുറത്തിറക്കി മണ്ണിൽ കെട്ടിയാൽ തൊഴുത്ത് ഉണങ്ങി കിടക്കും. ഇതും അകിടു വീക്കം ഒഴിവാക്കാനായി ചെയ്യാവുന്നതാണ്. മണ്ണിൽ ഇറക്കി നിർത്തുന്നത് പശുക്കളുടെ കുളമ്പിന്റെ ആരോഗ്യത്തിനും നല്ലതാണ്. നമ്മുടെ നഖം പോലെതന്നെയാണ് പശുക്കൾക്ക് കുളമ്പ്. തുണി അലക്കി കഴിഞ്ഞശേഷം നഖം വെട്ടാൻ എളുപ്പമല്ലേ? കാരണം വെള്ളം നഖത്തിനെ മൃദുവാക്കുന്നു. ഇതുപോലെ തന്നെ 24 മണിക്കൂറും തൊഴുത്തിലെ നനവിൽ നിൽക്കുന്ന പശുക്കളുടെ കുളമ്പ് മാർദ്ദവമുള്ളതാകുകയും, തുടർന്ന് ചീഞ്ഞ് അണുബാധ ഉണ്ടാവുകയും ചെയ്യുന്നു. കുളമ്പ് പശുവിന്റെ രണ്ടാം ഹൃദയമാണെന്ന് വീണ്ടും ഓർമിപ്പിക്കുന്നു. കുളമ്പ് കേടുള്ള പശുക്കൾക്ക് മറ്റ് അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവയുടെ പാൽപാദനം ഗണ്യമായി കുറയും, കൂടാതെ ചെന പിടിക്കാൻ കാലതാമസം ഉണ്ടാവുകയും ചെയ്യുന്നു. കുളമ്പിന്റെ ആരോഗ്യത്തിനായി ഫോർമലിൽ ലായനി, കുരിശ് ലായനി എന്നിവയിൽ കുളമ്പ് മുക്കുക. അസിഡിറ്റി കൊണ്ടുണ്ടാകുന്ന കുളമ്പ് പ്രശ്നങ്ങൾ കുറയ്ക്കാൻ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. 

ചെനയുടെ ഏഴാം മാസത്തിൽ കറവ നിർത്തിയതിനു ശേഷം രണ്ടു മാസം ഡ്രൈ പിരീഡ് ആണല്ലോ. ഈ രണ്ടു മാസക്കാലയളവിൽ കാത്സ്യം കൊടുക്കാൻ പാടില്ല. ഇങ്ങനെ കൊടുക്കുന്ന പശുക്കൾക്ക് കാത്സ്യക്കുറവ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി മറ്റ് അസുഖങ്ങളെ ഓരോന്നായി പറയാൻ കുറെ എഴുതേണ്ടി വരും.  ഇവയിൽ പലതും ഒഴിവാക്കാൻ പറ്റുന്നവയാണ്. LMTC വഴി  ഫ്രീ ട്രെയിനിങ് നമ്മുടെ സ്ഥലത്ത് വന്നു നൽകുന്നുണ്ട്. കർഷകരുടെ അറിവിനായി ഇവയൊക്കെ വിനിയോഗിക്കാം. അൽപം ശ്രദ്ധിച്ചാൽ പല രോഗങ്ങളും ഒഴിവാക്കാൽ സാധിക്കും, അല്ലെങ്കിൽ കുറയ്ക്കാൻ എങ്കിലും. 

എന്നാൽ, കൃത്യ സമയത്തു പശു ചെന പിടിക്കാത്തത് അല്ലേ  ഏറ്റവും കൂടുതൽ നഷ്ടം വരുത്തുന്നത്? വർഷത്തിൽ ഒരു കന്നുകുട്ടി ഉണ്ടാവണമെന്നും പശു ഫാമിലെ യഥാർഥ ഉൽപന്നം കന്നുകുട്ടി ആണെന്നും, പാൽ ഒരു ഉപോൽപന്നമാണെന്നും ഒരു ക്ലാസ്സിൽ പറഞ്ഞു കേട്ടത് ഓർക്കുന്നു. എന്നാൽ കന്നുകുട്ടിക്ക് ഈ പ്രാധാന്യം നമ്മൾ കൊടുക്കുന്നുണ്ടോ? 

ഒരു പ്രസവം കഴിഞാൽ 2 മാസത്തിനുള്ളിൽ ആ പശു ആദ്യ മദി കാണിക്കും. ആദ്യത്തെ മദിക്ക് വേണമെങ്കിൽ ബീജാധാനം ഒഴിവാക്കിയിട്ട്  അടുത്ത മദിക്ക് ബീജധാനം( AI) ചെയ്യാം. അതായത് പ്രസവിച്ചു മൂന്നാം മാസത്തിൽ. എന്നാൽ പാൽ കുറയും എന്നു വിചാരിച്ചു ആറോ ഏഴോ മാസം കാത്തിരുന്നശേഷം AI ചെയ്യിക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുന്നതിലെ കുഴപ്പം എന്തൊക്കെയാണ്?

dairy-farm-2

6 മാസമൊക്കെ ആകുമ്പോൾ പാൽ  കുറഞ്ഞു വരുന്ന സമയമായിരിക്കും. ചിലപ്പോൾ തീരെ കുറഞ്ഞിട്ടുമുണ്ടാകും. കൂടാതെ ഹോർമോൺ പ്രശ്നങ്ങളും വന്നിട്ടുണ്ടാവും. ഇനി അണുബാധ വന്നിട്ടുണ്ടാകും. അങ്ങനെ കുറെ പ്രശ്നങ്ങൾ. അങ്ങനെ പശുവിന് ചെന പിടിക്കാൻ കാലതാമസമുണ്ടാവും. അവസാനം ചെന പിടിച്ചു കിട്ടുമ്പോഴേക്കും പശുവിനു തീരെ പാൽ കാണില്ല. പിന്നെ കയ്യിന്നു പൈസ ചെലവാക്കി പശുവിന് 9 മാസം തീറ്റ നൽകേണ്ടി വരും? ചെന പിടിക്കാത്ത ഓരോ മാസവും 6000 മുതൽ 8000 രൂപ വരെയെങ്കിലും നഷ്ടം വരുന്നുണ്ട്. ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ? അതുകൊണ്ട് എത്രയും പെട്ടെന്നുതന്നെ ചെന പിടിച്ചു കിട്ടണം. ഓരോ മദിക്കും ആചാരം പോലെ കിട്ടുന്ന ആരെയെങ്കിലും വിളിച്ച് കുത്തിവയ്പിക്കും. അവസാനം ചെന പിടിക്കാതെ ഇറച്ചി വിലയ്ക്ക് വിറ്റ് ഒഴിവാക്കേണ്ടി വരും. ഇതിൽ ആരെ പഴിക്കും? 

ഇതിനായി എന്തൊക്കെ ചെയ്യണം? നല്ല ആരോഗ്യമുള്ള മദി ലക്ഷണം കാണിക്കാനും ചെനപിടിക്കാനും രക്തത്തിൽ ഒരുപാട് ധാതുക്കൾ ആവശ്യമാണ്. അതിനാൽ പ്രസവത്തിനു ശേഷം 2 മാസം ഒക്കെ ആകുമ്പോൾ ഏതെങ്കിലും നല്ല ധാതുലവണ മിശ്രിതം കൊടുക്കുന്നത് നല്ലതാണ്. കുത്തിവയ്പ്പ് നടത്തുന്ന സമയവും പ്രധാനപ്പെട്ടതാണ്. കൂടുതൽ പേരും മദി എന്നു പറഞ്ഞു കുത്തിവയ്പ്പിന് ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടറെ വിളിക്കുന്നത് മദിയുള്ള പശു വേറെ പശുവിന്റെ പുറത്തു ചാടിക്കയറുമ്പോൾ ആണ്. എന്നാൽ ഇത് മദിയുടെ ആദ്യ ഘട്ടമായിരിക്കും. യഥാർഥ മദി എന്നാൽ, ഈ പശു നമ്മൾ തൊടുമ്പോൾ അനങ്ങാതെ നിൽക്കുന്ന, നല്ലതുപോലെ സ്രവം ഒഴുകി വരുന്ന ആ സമയം ആണ്. ഈ സമയം ഈറ്റം നന്നായി ചുമന്ന് തടിച്ചിരിക്കും.

പശുവിന് മദിയുടെ അവസാനമാണ് അണ്ഡം പുറത്തു വരുന്നത് എന്നു അറിയാമല്ലോ? നമ്മൾ കൊടുക്കുന്ന ബീജത്തിന്റെ ആയുസ് കഷ്ടി 24 മണിക്കൂറുമാണ്. അതായത് നേരത്തെ ബീജാധാനം ചെയ്താൽ അണ്ഡം പുറത്തേക്കു വരുമ്പോഴേക്കും ബീജത്തിന്റെ ആയുസ് തീർന്നിരിക്കും. ബീജവും ചേർന്നാൽ അല്ലേ കുഞ്ഞുണ്ടാവുകയുള്ളൂ? പിന്നെങ്ങനെ ചെന പിടിക്കും? അതുകൊണ്ടു കുത്തിവയ്പ്പ് സമയം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചില പശുക്കൾക്ക് നാലോ അഞ്ചോ ദിവസം മദി കാണിക്കും. ഈ പശുക്കളെ നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം ബീജാധാനം ചെയ്താൽ മതി. ചില പശുക്കൾക്ക് മദിയുടെ അവസാനം രക്തം വരുന്നത് കാണാറില്ലേ? ഹീറ്റ് അഥവാ മദി പൂർണ്ണമായും കഴിഞ്ഞു എന്നതിന്റെ ലക്ഷണമാണ് ഈ രക്തം. മതിയുടെ അവസാനമാണ് അണ്ഡം പുറത്തേക്ക് വരുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ അണ്ഡം പുറത്തേക്ക് വരുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ? അതായത് ഈ രക്തം കാണുന്നതിനു തൊട്ടു മുന്നേ ആയിരിക്കും അണ്ഡം പുറത്തേക്ക് വന്നിട്ടുണ്ടാവുക. ബീജത്തിന്റെ ആയുസ്സ് ഏകദേശം 24 മണിക്കൂറാണ് എന്നും ഓർക്കുക. ചുരുക്കത്തിൽ മദിയുടെ അവസാനത്തിൽ രക്തം വരുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും AI ചെയ്തിരിക്കണം. അല്ലെങ്കിൽ അണ്ഡം പുറത്തേക്ക് വരുന്ന സമയത്തിനുള്ളിൽ ബീജാണുക്കൾ നശിച്ചിരിക്കും. 

വെറ്ററിനറി ആശുപത്രിയിൽനിന്നോ  സബ്സെന്ററിൽ നിന്നോ  ഒരു flask പോലത്തെ കണ്ടെയ്നറിൽ ശീതീകരിച്ചു സൂക്ഷിച്ചിരുന്ന ബീജം വെള്ളത്തിലേക്ക് മാറ്റിയാണ് കുത്തിവയ്ക്കാൻ കൊണ്ടുവരുന്നത്. ബീജം ഈ ഫ്ലാസ്കിൽ നിന്നും എടുത്താൽ എത്രയും പെട്ടെന്ന് കുത്തിവയ്പ്പ് നടത്തണം. അത് നിങ്ങൾ ഉറപ്പു വരുത്തണം. അതിനായി ഏറ്റവും അടുത്തുള്ള ആളെ മാത്രം കുത്തിവയ്പ്പിന് വിളിക്കുക. പശുക്കളെ കുത്തിവയ്പ്പ് നടത്തുന്നതിനു മുൻപ് ഒന്നു തണുപ്പിച്ചു നിർത്തണം. ഈറ്റമൊക്കെ കഴുകി വൃത്തിയാക്കിവച്ചാൽ നല്ലത്. 

പിന്നെ നിങ്ങൾക്ക് വേണ്ട ഗുണമുള്ള ബീജം ആവശ്യപ്പെടുക. ചില സങ്കേതിക പ്രശ്നങ്ങൾ (പശുവിന്റെ ഇനം, വലുപ്പം മുതലായവ) ഒഴിച്ചാൽ KLDBയുടെ ഏറ്റവും പാലുൽപാദനത്തിനുള്ള ബീജങ്ങൾ തന്നെ ലഭ്യമാകും. ചില സ്ഥലങ്ങളിൽ സെക്സ് സോർട്ട് (sex sorted semen പോലും ലഭ്യമാണ്. ഈ ബീജം വെച്ചാൽ പശുകുട്ടികൾ (പെണ്ണ്) മാത്രമേ ഉണ്ടാവുകയുള്ളൂ.  ഏറ്റവും പ്രധാനം, 2 -3 കുത്തിവയ്പ്പുകൾ AI Technician ചെയ്തിട്ടും ചെന പിടിച്ചില്ലെങ്കിൽ സ്ഥലത്തെ വെറ്ററിനറി ഡോക്ടറെ തന്നെ വിളിക്കുക. അല്ലാതെ പലരെയും വിളിച്ചു മാറി മാറി പരീക്ഷിച്ചിട്ട് അവസാനം ഡോക്ടറെ വിളിച്ചിട്ട് കാര്യമില്ല. അല്ലാതെ ക്വാളിഫിക്കേഷൻ ഇല്ലാത്തവരെ കൊണ്ടു തോന്നുന്ന രീതിയിൽ hormone ഒക്കെ ചെയ്യിച്ചു പശുക്കളെ നശിപ്പിച്ചു കളയാതിരിക്കുക).

തൊഴുത്തിന്റെ നിർമാണം, കന്നുകുട്ടി പരിപാലനം തൊട്ട് പശുവളർത്തലിന്റെ ഓരോ ഘട്ടവും വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവസാനമായി പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറയണം. 60000 രൂപയുടെ പശുവിനെ വളർത്തുമ്പോൾ, അതിന്റെ കൂടെ ഒരു 3600  to 4000 രൂപ കൂടി മുടക്കി ഇൻഷുറൻസ് എടുക്കുന്നത് അല്ലേ നല്ലത്? പശുവിന്റെ വില 63600-64000 ആയി എന്നു വിചാരിച്ചാൽ മതി. ഇപ്പോഴത്തെ അസുഖങ്ങൾ അങ്ങനെയാണ്. 

പിൻകുറിപ്പ്

ഇതിലെ ശരി തെറ്റുകൾ നിങ്ങളുടെ ബോധ്യത്തിലേക്ക് വിടുന്നു. കാരണം നമ്മുടെ ബോധ്യത്തിനെ തൃപ്തിപ്പെടുത്താത്ത ഒരു ആശയവും നമ്മൾ പ്രാവർത്തികമാക്കില്ല.  ഞങ്ങൾ ഡോക്ടർമാർക്ക് ചികിത്സയോടൊപ്പം പദ്ധതി നിർവഹണ ചുമതലകൾ ഉണ്ട്, ഓമന മൃഗങ്ങളുടെ ചികിത്സ ഉണ്ട്, അങ്ങനെ കുറെ പണികൾ. ചിലപ്പോൾ നിങ്ങളുടെ വിളിപ്പുറത്തു എത്താനും സാധിക്കില്ല. അതൊക്കെ ഓരോ സ്ഥലത്ത് പെട്ടു പോകുന്നത് കൊണ്ടാണ്. ഞങ്ങളുടെ ഗ്രൂപ്പുകളിലൊക്കെ ചർച്ച ചെയ്യുന്നത് കർഷകരുടെ ബുദ്ധിമുട്ടുകൾ തന്നെയാണ്. എന്തൊക്കെ വന്നാലും വ്യാജന്മാരെ തേടി ചികിത്സ നടത്താതെ സ്ഥലത്തെ മൃഗാശുപത്രിയിൽ ബന്ധപ്പെടുക. പഞ്ചായത്ത് മുഖേന ആവശ്യത്തിന് മരുന്ന് ലഭ്യമാക്കുക. പറ്റുമെങ്കിൽ രാഷ്ട്രീയ സ്വാർഥതാൽപര്യങ്ങൾ ഇല്ലാത്ത ഒരു സംഘടന ഉണ്ടാക്കുക. ഒറ്റയ്ക്ക്, അലറി വിളിച്ചാലും ശബ്ദം പുറത്തു കേൾക്കില്ല. പാൽവില, തീറ്റവില, ബ്രീഡിങ് പോളിസിയൊക്കെ പരിഷ്കരിക്കാൻ നിങ്ങൾ സമ്മർദ്ദ ശക്തി ആകേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com