ADVERTISEMENT

വിരൽത്തുമ്പിൽ വാർത്തയെത്തുന്ന തലത്തിലേക്ക് സാങ്കേതിക വിദ്യ വളർന്നിട്ടും അവയ്ക്ക് മനുഷ്യന്റെ ചിന്തകളിൽ വ്യത്യാസം വരുത്താനായിട്ടില്ല എന്നതിന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണ് പെൺഭ്രൂണഹത്യകൾ. ഇവയ്ക്കു പിന്നിൽ കേൾക്കുന്ന പേര് മിക്കവാറും അമ്മയാവേണ്ടിയിരുന്ന സ്ത്രീയുടേതു തന്നെയാണ്. പക്ഷേ, ഇതിനു പിന്നിൽ ചിന്തിക്കപ്പെടേണ്ടുന്ന ഒന്നിലേറെ വിഷയങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. 

നമ്മളെല്ലാം വായ് തുറക്കാതെ വയർ നിറച്ച സ്വപ്നസമാനം സുഖദായകമായ ഏക കാലഘട്ടം മാതൃ ഗർഭത്തിലിരുന്ന ഒൻപതു മാസങ്ങൾ മാത്രമാണ് എന്ന സത്യം ഒരു വശത്തു നിൽക്കുന്നു. മറുവശത്ത് പെൺജീവനുകൾ ഗർഭപാത്രത്തിൽ അവസാനിക്കപ്പെടുന്നു. മാതൃത്വത്തിന്റെ സ്ഥായീഭാവങ്ങളായ സ്നേഹവാത്സല്യങ്ങൾക്ക് മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞൊഴിയാം. പക്ഷേ, ശരി തെറ്റുകളുടെ ഇഴകീറിയുള്ള വിശകലനം നടത്താതുള്ള ഈ നിഗമനം മാറ്റപ്പെടേണ്ടിയിരിക്കുന്നു. പലപ്പോഴും സ്വന്തം ശരികളാണല്ലോ മറ്റുള്ളവരുടെ കണ്ണിൽ തെറ്റുകളാവുന്നത് പരോക്ഷമായെങ്കിലും നമ്മളിലാർക്കെങ്കിലും ആ രക്തത്തിൽ പങ്കുണ്ടോ? ഉണ്ടെങ്കിൽ നമ്മളെവിടെയാണ് തിരുത്തേണ്ടത് ?

ഓരോ വ്യക്തിയുടെയും ചിന്തകളെ രൂപപ്പെടുത്തിയതിന്റെ അടിസ്ഥാനം വളർന്ന വീടും, പഠിച്ച സ്കൂളും പരിചിത മുഖങ്ങളും തന്നെയാണ്. ഇവിടങ്ങളിൽ നിന്നെല്ലാം ‘‘പെൺ കുഞ്ഞുങ്ങൾ രണ്ടാം തരക്കാരാണ്’’ എന്ന വിവേചനം അടുത്തറിഞ്ഞു വളരുമ്പോളാണ്. എന്നെങ്കിലും ‘‘താനൊരമ്മയാവുമ്പോൾ തനിക്കൊരു പെൺകുഞ്ഞുവേണ്ട’’ എന്ന രീതിയിലേക്ക് സ്ത്രീയുടെ ചിന്തകൾ രൂപപ്പെടുന്നത്. 

രണ്ടു പെൺകുട്ടികൾ മാത്രമുള്ള വീട്ടിലെ ആദ്യത്തെ കുട്ടിയായ എന്നെ സംബന്ധിച്ചു വാക പൂക്കുന്ന വേനലും തുമ്പ തേടിയലഞ്ഞ ഓണക്കാലവുമെല്ലാം കാലോചിതമായ ആത്മഹർഷങ്ങൾ തന്നു തന്നെയാണ് കടന്നു പോയത്. വീട്ടിൽ ആൺകുട്ടികളില്ലാത്തതിന്റെ പേരിൽ ആഘോഷങ്ങൾക്കു പൊലിമ കുറഞ്ഞു പോയി എന്ന് എന്റെ പെൺബാല്യത്തിന് തോന്നാറില്ലായിരുന്നു. 

ഒരാൺസന്തതി ഉണ്ടായിരുന്നെങ്കിൽ ഭാവി ജീവിതം പൂത്തുലഞ്ഞേനെ എന്ന അച്ഛന്റെ ആത്മഗതങ്ങൾ വീട്ടിനുള്ളിൽ ഒരിക്കലും മുഴങ്ങിക്കേട്ടിരുന്നില്ല. വളർന്നപ്പോൾ പുരനിറഞ്ഞ പെൺകുട്ടികൾ അമ്മ മനസ്സിന്റെ ആധി കൂട്ടിയതുമില്ല. പരിചിത മുഖങ്ങളൊന്നും തന്നെ ‘‘പെൺജന്മം പാഴ് ജന്മം ’’ എന്ന് ശ്രുതിപ്പെട്ടി മീട്ടി കേൾപ്പിച്ചിട്ടുമില്ല.

എല്ലായിടങ്ങളിലെയും സ്ഥിതി ഇതായിരിക്കണം എന്നില്ല, ഏറെ ലോക പരിചയം ഇല്ലെങ്കിലും കേരളത്തിന്റെ അതിർത്തി കടന്നാൽ പെൺകുഞ്ഞുങ്ങളുടെ ജീവിതത്തിനു നിറക്കുറവുണ്ടോ എന്നെനിക്ക് പലതവണ തോന്നിയതാണ്. 

ഒരനിയനുണ്ടായ ദിവസം മുതൽ, തന്നെ രണ്ടാം തരക്കാരിയാക്കിയതിൽ മനോവിഷമം ഇന്നും മാറിയിട്ടില്ലാത്ത ഒരു കൂട്ടുകാരി എനിക്കുണ്ട്. തമിഴ്നാട്ടുകാരി പ്രിയംവദ, അതേ കാരണത്തിന് തനിക്ക് രണ്ടാമതൊരു കുഞ്ഞു വേണ്ട എന്ന തീരുമാനം എടുത്തിരിക്കുന്നു. ഇനിയുണ്ടാവുന്നത് ആൺകുട്ടിയാണെങ്കിൽ വീട്ടുകാർ തന്റെ മകളെയും രണ്ടാം തരക്കാരിയാക്കുന്നത് അവളുടെ ചിന്തകളെപ്പോലും ഭ്രാന്തെടുപ്പിക്കുമത്രെ. 

കേരളത്തിൽ പലയിടങ്ങളിലും ആൺകുട്ടികളുടെ പരാതി ഞാൻ കേട്ടിട്ടുണ്ട്– ‘‘അമ്മയ്ക്ക് സ്നേഹക്കൂടുതൽ അനിയത്തിയോടാണ്’’ എന്നാണ്. നഗരങ്ങളിൽ രാപ്പാർക്കുന്നവരുടെ മനസ്സുകൾക്ക് ഗ്രാമീണഹൃദയങ്ങളോളം വിശാലത ഇല്ല എന്ന് തോന്നിയ അവസരങ്ങളും ഇതിനിടെ ഉണ്ടായിട്ടുണ്ട്. 

ഇവിടങ്ങളിലെ വീടുകളിൽ മകൻ പഠിക്കുന്ന സ്കൂളിലെ ഒരു വർഷത്തെ ഫീസ് 1,20,000 മകളുടേത് 55,000. പെൺകുട്ടിയല്ലേ അവൾക്കായി പിന്നെയും ചിലവുകൾ വരാനിരിക്കുന്നുണ്ടല്ലോ അതാണ് ന്യായീകരണം. മകന് വിശാലമായ ആകാശം ഒരുക്കിക്കൊടുക്കുന്ന മാതാപിതാക്കൾ തന്നെ മകളുടെ ചിറകുകൾക്കു മേൽ കൂച്ചുവിലങ്ങുകൾ തീർക്കുന്നു. സ്വയം സ്നേഹിക്കാനാവാത്ത ഒരു പെൺകുട്ടി സൃഷ്ടിക്കപ്പെടുമ്പോൾ അവൾക്കെങ്ങനെ ഒരു മകനെയല്ലാതെ മകളെ സ്വപ്നം കാണാനാവും?

രണ്ടോ മൂന്നോ ആൺകുട്ടികളുള്ള വീടുകളിൽ നിന്നും പ്രത്യക്ഷത്തിൽ കേൾക്കുന്നത് ഒരു പെൺകുട്ടിയെങ്കിലും ഇല്ലാത്തതിന്റെ വിലാപങ്ങളാണ്. പക്ഷേ അവിടങ്ങളിലെ ആൺകുട്ടികൾ വിവാഹപ്രായമാവുമ്പോൾ അവരു പറയും ‘‘മകന്റെ ഭാവി വധുവിന് ഒരു സഹോദരനെങ്കിലും വേണം....’’ആങ്ങളമാരില്ലാത്ത പെൺകുട്ടികളുടെ കല്യാണ വേളയിൽ കതിർ മണ്ഡപത്തിലെ അലങ്കാരത്തൊങ്ങലുകൾ പരിഭവം രേഖപ്പെടുത്തിക്കൊണ്ട് സ്വയമിളകി താഴെ വീഴാറില്ലല്ലോ?

‘‘മകന്റെ ഭാര്യയുടെ പ്രസവവേദനയേക്കാൾ ഭീകരമായ വേദന മകളുടെ തലവേദനയാണ് ’’ എന്നു വിശ്വസിക്കുന്ന വീടുകൾ കേരളത്തിൽ ഉണ്ട്. പക്ഷേ മറിച്ചുള്ള ചിന്താഗതികളും വിരളമല്ല, അടുത്തിടെ പ്രായമായ ഒരു സ്ത്രീ പറഞ്ഞതാണ് ‘‘വംശം നിലനിർത്താൻ മകൾക്കാവില്ല അതിന് മകന്റെ ഭാര്യ തന്നെ വേണം, അതുകൊണ്ടു ഞാൻ കൂടുതൽ സ്നേഹിക്കേണ്ടത് മകനെയും ഭാര്യയെയുമാണ്, മകളെയല്ല’’ ജരാനരകൾ ബാധിച്ച അവരുടെ ചിന്തകളെ മാറ്റിയെഴുതാൻ നമുക്കാവുമോ? ഇവിടെയും മകളെ അവഗണിച്ചുകൊണ്ട് അംഗീകരിക്കുന്നത് മകന്റെ ഭാര്യ എന്ന സ്ത്രീയെയല്ല പകരം ‘‘വംശം നിലനിർത്താനുള്ള ഉപകരണത്തെയാണ്’’. ആ ഉപകരണം ആൺവർഗത്തെ തന്നെ ഗർഭം ധരിക്കണം എന്ന പരോക്ഷമായ നിബന്ധന അവിടെയും നിലനിൽക്കുന്നു. 

പത്താം വയസ്സിൽ മനസ്സിനേക്കാൾ കൂടുതൽ ശരീരം വളർന്നു പോയി എന്ന കുറ്റത്തിന് നമ്മളെന്തിനാണ് പെൺകുട്ടികളുടെ ബാല്യ കുതൂഹലങ്ങൾക്ക് കടിഞ്ഞാണിടുന്നത്? പ്രധമാർത്തവങ്ങൾ അടുക്കള രഹസ്യം മാത്രമാക്കേണ്ട, അച്ഛനുമമ്മയ്ക്കും അതൊരാഘോഷം തന്നെയാവട്ടെ ! ‘‘അരുതു’’ കളുടെ അതിരുകൾ സ്വയം നിർണ്ണയിക്കാൻ അവർ പ്രാപ്തരാകട്ടെ... സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസം നോക്കാതെ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാനും, ശരിതെറ്റുകൾ വേർതിരിച്ചെടുക്കാനും അവർക്കു കഴിയട്ടെ. അങ്ങനെ ധൈര്യവും, സ്നേഹവും, ആത്മവിശ്വാസവും ഒത്തിണങ്ങിയ പെണ്ണുങ്ങൾക്ക് പേരുകേട്ട നാടാവട്ടെ നമ്മുടെ കേരളം. പെൺസ്വപ്നങ്ങളെ നമ്മൾ ഇരുമ്പു ചങ്ങലയിൽ തളക്കേണ്ടതിനു പകരം നമുക്കവർക്കു ഉരുക്കു ചിറകുകൾ നൽകാം.... പറന്നുയരാനും സ്വയം പ്രതിരോധിക്കുവാനും!!!

മാതൃത്വം പൂർണതയിലെത്തുന്നത് അമ്മയാവുമ്പോളല്ല. മക്കൾ തന്നോളം വളരുമ്പോളാണ്. വളർന്നു വരുന്ന മകളിൽ ഒരമ്മ കാണാൻ ശ്രമിക്കുന്നത് തന്നെ തന്നെയായിരിക്കും. 

ആണിനെയും പെണ്ണിനെയും ഒരേ കണ്ണിലൂടെ നോക്കിക്കണ്ട ഒരമ്മ ഒരിക്കലും പറയില്ല പെണ്‍ കുഞ്ഞുങ്ങളുടെ സ്നേഹത്തിനു നിറവ്യത്യാസമോ കനക്കുറവോ ഉണ്ടെന്ന്. മകൾ എന്ന പദവിയിൽ സ്വയം അഭിമാനിച്ചു വളർന്ന ഒരു സ്ത്രീയും ഒരിക്കലും പെൺഭ്രൂണഹത്യ എന്ന കൊലക്കുറ്റം ചെയ്യുകയുമില്ല അതു കൊണ്ട് ഇനിയൊരു തവണ ഒരു ഭ്രൂണഹത്യ കഥ കേൾക്കുമ്പോൾ ‘‘ഇവളൊരമ്മയാണോ?’’ എന്ന ചോദ്യത്തിനു പകരം നമ്മളാലോചിക്കണം പരോക്ഷമായെങ്കിലും നമുക്കാ രക്തത്തിൽ പങ്കുണ്ടോ...എന്ന്!

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com