ADVERTISEMENT

പ്ലാവിലെ ശിഖരങ്ങള്‍ക്കിടയില്‍ തോട്ടിയുന്തിയുന്തി ഒടുവില്‍ ചക്കയുടെ ഇടുപ്പില്‍ തോട്ടിയുടെ അറ്റത്തെ അരിവാള്‍ പിടിത്തം മുറുകുന്ന ഒരു നിമിഷമുണ്ട്‌. അടുത്ത വലിയില്‍ ചക്ക താഴോട്ടു പോരുമെന്നു ഉറപ്പുള്ള ഒരു നിമിഷം.ആ നിമിഷത്തിലൂടെയാണ് മോനമ്മ കടന്നുപോകുന്നത്. ആ രാത്രിയില്‍ മോനമ്മയ്ക്ക് സംശയങ്ങള്‍ ഒന്നുമില്ലായിരുന്നു. അമേരിക്കയില്‍, ഒരു ക്രിമിനല്‍ കുറ്റത്തിന് പിടിക്കപ്പെട്ടാലുള്ള അവസഥ, അതും എഴുപതു വയസ്സുള്ള ഒരു മലയാളി സ്ത്രീ? കഴിഞ്ഞ ഒരു മാസമായി അവര്‍ അതിനെക്കുറിച്ച്  തന്നെയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍ മൈനസ് ഏഴു ഡിഗ്രി തണുപ്പില്‍ ബോസ്റ്റണ്‍ നഗരം തണുത്തു വിറച്ചുറങ്ങുന്ന രാത്രിയില്‍ മോനമ്മയുടെ സംശയങ്ങളും ആധിയുമെല്ലാം എവിടെയോ പോയി മറഞ്ഞു. 

മഞ്ഞയില്‍ ചെറുപൂക്കളുള്ള സാരി. ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷികത്തിനു കെട്ട്യോന്‍ കുഞ്ഞച്ചന്‍ മോനമ്മയ്ക്ക് സമ്മാനിച്ചതാണത്. ഏക മകള്‍ ടെസ്സിയെ ബി.എസ്.സി നഴ്സിംഗിന് ചേര്‍ക്കാന്‍ ബാംഗ്ലൂര് കൊണ്ടുപോയപ്പോള്‍ ഈ സാരിയാണ് ഉടുത്തിരുന്നത്. അവള്‍ക്ക് ഐ.ഇ.എല്‍.ടി.എസ് എഴുതാന്‍ കൂട്ടുപോയപ്പോഴും അവളെ പെണ്ണുകാണാന്‍ അമേരിക്കക്കാരന്‍ ചെക്കന്‍ മാത്യൂസ് വീട്ടില്‍ വന്നപ്പോഴും ഈ സാരി തന്നെയാണ് മോനമ്മ ഉടുത്തിരുന്നത്. മോനമ്മ അന്ധവിശ്വാസിയല്ല. എന്നാലും ആ സാരിയോട് അവര്‍ക്ക് ഒരു മമതയുണ്ടായിരുന്നു. ഈ രാത്രിയില്‍ ഈ സാരിയല്ലാതെ മറ്റൊന്നും ധരിക്കുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. സാരിക്ക് മുകളില്‍ വൂളന്‍  ജാക്കറ്റ്. വൂളന്‍ കൈയ്യുറകള്‍. പേരക്കുട്ടി എഡ്വിന്‍ ട്രെക്കിങ്ങിനു കൊണ്ടുപോകുന്ന വലിയ ബാഗില്‍ പിക്കാസ്, ചുറ്റിക തുടങ്ങിയ ടൂള്‍സ്. ടെസ്സിക്ക് ഇന്ന് നൈറ്റ് ഡ്യൂട്ടിയാണ്. അമേരിക്കന്‍ പൊലീസില്‍ ഓഫിസറായ മാത്യൂസ് ന്യൂയോര്‍ക്കില്‍ എന്തോ മീറ്റിംഗിന് പോയിരിക്കുകയാണ്. എഡ്വിന്‍ അവന്റെ ഗേള്‍ഫ്രണ്ടിന്റെ ഒപ്പമാണ്. ഇങ്ങനെയൊരു രാത്രിക്ക് വേണ്ടിയാണ് മോനമ്മ കാത്തിരുന്നത്. കുറച്ചു മുന്‍പ് ടെസ്സി വിളിച്ചപ്പോള്‍ താന്‍ ഉറങ്ങാന്‍ കിടന്നുവെന്നു മോനമ്മ നുണ  പറഞ്ഞു.

Read Also: ' ഭാര്യക്കും മക്കൾക്കും വിഷുവിന് പുത്തനുടുപ്പ് വാങ്ങണം, കയ്യിലാണേൽ അഞ്ചിന്റെ പൈസയില്ല, ഇനി ഒറ്റ വഴിയേ ഉള്ളൂ...'

വില്ല പൂട്ടി മോനമ്മ റോഡിലേക്കിറങ്ങി നടന്നു. ഒരു വെളുത്ത സ്ലെയ്റ്റ് പോലെ റോഡു മഞ്ഞില്‍ പുതഞ്ഞു കിടന്നു. മോനമ്മയ്ക്ക് ഒട്ടും തണുപ്പു തോന്നിയില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഞ്ഞച്ചനു റബര്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്തു വെട്ടുന്ന പരിപാടിയുണ്ടായിരുന്നു. മോനമ്മയെ കല്യാണം കഴിച്ചു വന്ന കാലത്ത് കുഞ്ഞച്ചന്‍ പച്ച പിടിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. അന്നൊക്കെ മോനമ്മയും ഭര്‍ത്താവിന്റെ കൂടെ പുലര്‍ച്ചെ വെട്ടാന്‍ പോവുമായിരുന്നു. തണുപ്പ് ഉറഞ്ഞുകിടക്കുന്ന ഇരുട്ടുകാനങ്ങള്‍. മഞ്ഞിന്റെ നനവ്‌ പറ്റിയ റബ്ബര്‍പട്ടയില്‍ ചുരുണ്ടുകൂടിയിരിക്കുന്ന മിന്നാമിന്നികള്‍. ഉറക്കം ശല്യപ്പെടുത്തിയതിന്റെ ദേഷ്യത്തില്‍ കമ്യൂണിസ്റ്റു പച്ചയ്ക്കിടയിലൂടെ ഓടിമറയുന്ന കാട്ടുമുയലുകള്‍. അത്തരമൊരു രാത്രിയാണിതെന്നു മോനമ്മയ്ക്ക് തോന്നി. പെട്ടെന്നാണ് ചുവന്ന ലൈറ്റ് ഘടിപ്പിച്ച ഒരു വാഹനത്തിന്റെ വെളിച്ചം അവരുടെ മുഖത്തേക്ക് വീണത്‌. പൊലീസ് കാര്‍.

“മാം വേര്‍ ആര്‍ യൂ ഗോയിംഗ്?” കുപ്പിച്ചില്ല് ചിതറുന്ന സ്വരത്തില്‍ ഡ്രൈവിംഗ് സീറ്റിലിരുന്ന ഓഫിസര്‍ ചോദിച്ചു. “ചര്‍ച്ച്.” മോനമ്മ പറഞ്ഞു. “അറ്റ്‌ ദിസ് ടൈം...?” അയാള്‍ വാച്ചില്‍ നോക്കി സംശയത്തോടെ ചോദിച്ചു. പെട്ടെന്നാണ് അപ്പുറത്തെ സീറ്റില്‍ മൊബൈലില്‍ ആരോടോ സംസാരിക്കുകയായിരുന്ന രണ്ടാമത്തെ  ഓഫിസറുടെ മുഖം മോനമ്മ കണ്ടത്. മാത്യൂസിന്റെ സുഹൃത്താണ് അയാള്‍. ഒന്ന് രണ്ടു പ്രാവശ്യം മാത്യൂസിന്റെ ഒപ്പം വീട്ടില്‍ വന്നു മോനമ്മയ്ക്ക് അയാളെ പരിചയമുണ്ട്. കടത്തുരുത്തിക്കാരന്‍ പയ്യന്‍. ഇവന്റെ പേരെന്താണോ ആവോ.. മോനമ്മ ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. ടോണി.. അതെ ടോണി തന്നെ. മോനമ്മ അവനെ നോക്കി കൈ വീശിക്കാണിച്ചു. മോനമ്മയെ കണ്ടതും ടോണിയുടെ മുഖം വിടര്‍ന്നു. “ഐ നോ ഹേര്‍.” ടോണി മറ്റേ പൊലീസുകാരനോട് പറഞ്ഞതിന് ശേഷം കാറില്‍നിന്നിറങ്ങി മോനമ്മയുടെ അടുത്തേക്ക് വന്നു. “ഹലോ ആന്റി എങ്ങോട്ടാ ഈ രാത്രിയില്‍.?” അവന്‍ തിരക്കി. “നൈറ്റ് വിജില്‍ ഉണ്ട് മോനെ.. രാത്രിയാരാധന.” “ഓ.. മാത്യൂസ് എവിടെ?” “ഹീ വെന്റ് ടൂ ന്യൂയോര്‍ക്ക്.” “ഞങ്ങള്‍ ചര്‍ച്ചില്‍ കൊണ്ടുപോയി വിടണോ?” ടോണി തിരക്കി. “വേണ്ട മോനെ. താങ്ക്സ്.. ഇവിടെ അടുത്തല്ലേ.. എനിക്ക് നടക്കുന്നതാണ് ഇഷ്ടം.” “ശരി. ടേക്ക് കെയര്‍.”

Read Also: നന്നാക്കാൻ കൊണ്ടുവന്ന കാറിൽ വിനോദയാത്ര; പൊലീസ് ഡിക്കി തുറന്നപ്പോൾ ആയുധങ്ങളും രണ്ട് ചാക്ക് ഓറഞ്ചും

പൊലീസ്കാര്‍ നീങ്ങിയപ്പോഴാണ് മോനമ്മയ്ക്ക് ശ്വാസം നേരെ വീണത്‌. മഞ്ഞ സാരിയുടെ ഭാഗ്യമായിരിക്കും തന്നെ തുണച്ചത്. എങ്കിലും അവര്‍ അല്‍പനേരം കൂടി  കാറിന്റെ ചുവന്ന വെളിച്ചം കണ്ണില്‍ നിന്ന് മറയുന്നത് വരെ കാത്തു നിന്നു. ടോണിക്ക് എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടാകുമോ? പൊലീസുകാരുടെ കാര്യമാണ്. അതിപ്പോള്‍ കേരളത്തിലെയാണെങ്കിലും അമേരിക്കയിലെയാണെങ്കിലും പൊലീസുകാര്‍ ഒരുപോലെയാണെന്നാണ് കുഞ്ഞച്ചന്‍ പറയാറുള്ളത്. അവന്‍ സംശയിക്കുന്നെങ്കില്‍ സംശയിക്കട്ടെ. നീ വേഗം നടക്ക്. വച്ച കാലു പിന്നോട്ട് വെക്കല്ലേ പെണ്ണ്മ്പിള്ളെ.. കുഞ്ഞച്ചന്‍ ചെവിയില്‍ മന്ത്രിക്കുന്നത് പോലെ മോനമ്മയ്ക്ക് തോന്നി. തീര്‍ച്ചയായും കുഞ്ഞച്ചന്‍ തന്റെ ഒപ്പമുണ്ട്. അല്ലെങ്കിലും കുഞ്ഞച്ചന് വേണ്ടിയാണല്ലോ താനീ പെടാപ്പാടൊക്കെ പെടുന്നത്. മോനമ്മ പള്ളിയിലേക്ക് അതിവേഗം നടന്നു. തെരുവ് വിളക്കുകള്‍ റോഡില്‍ മഞ്ഞവെളിച്ചത്തിന്റെ ചെറു കുളങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ഒന്നാം ക്ലാസിലെ പിള്ളേരെ പോലെ കഴുകി ഇസ്തിരിയിട്ട നീല യൂണിഫോമുമായി നിരന്നു നില്‍ക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങള്‍. പണ്ട് ഇൻഫന്റ് ജീസസ് സ്കൂളില്‍ എല്‍.കെ. ജി കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്‌ മോനമ്മയോര്‍ത്തു. ഒരിക്കല്‍ കുഞ്ഞച്ചന്‍ താന്‍ പഠിപ്പിക്കുന്നത്‌ ഒളിച്ചു നിന്ന് കണ്ടു. അന്ന് രാത്രി മുറിയില്‍ വന്നപ്പോള്‍ തന്നെ നോക്കി കുട്ടികളെ പോലെ ഈണത്തിലൊരു വിളി.. “ഗുഡ്മോണിംഗ് മിസ്‌...”

ഓര്‍ത്തപ്പോള്‍ മോനമ്മയുടെ ചുണ്ടിലൊരു ചിരി പുരണ്ടു. അവരുടെ നടപ്പിനു വേഗം കൂടി. ഓര്‍മ്മകള്‍ പോലെ ചൂട് പിടിപ്പിക്കുന്ന വേറെന്താണ് ഉള്ളത്? മഞ്ഞിന്റെ വെളുത്ത കടലിനു മീതെ സെയിന്റ് മാര്‍ട്ടിന്‍സ് ചര്‍ച്ച് ഉയര്‍ന്നു നിന്നു. പള്ളിയുടെ മുകളില്‍ നിലനിറത്തില്‍ പ്രകാശിക്കുന്ന കുരിശ്. പള്ളിയും പരിസരവും വിജനമായി കിടക്കുന്നു. കോമ്പൗണ്ടിന്റെ മൂലയില്‍ മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന ഒരു ബിര്‍ച്ചു മരം. ചുവട്ടില്‍ വെളുത്ത കുട്ടിയാനയെപ്പോലെ ഉറങ്ങിക്കിടക്കുന്ന മഞ്ഞില്‍ മൂടിയ ഒരു എസ്.യു.വി. മോനമ്മ ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ചു. ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണ്. മോനമ്മ എസ്.യു.വി ശ്രദ്ധിച്ചു. മിക്കവാറും ചാപ്ലിനച്ഛന്‍ സ്ഥലത്തുണ്ടാകും. അങ്ങേരുടെയായിരിക്കും എസ്.യു.വി. തിരിച്ചുപോകണോ? മോനമ്മ സംശയത്തോടെ ആലോചിച്ചു. ചേനപ്പാടിയിലെ റബ്ബര്‍ത്തോട്ടത്തില്‍ പുല്ലു പറിക്കാന്‍ പോകുമ്പോള്‍ നീ എത്ര പ്രാവശ്യം കയ്യാല ചാടി കടന്നിരിക്കുന്നു. അടുത്തു നിന്ന് കുഞ്ഞച്ചന്‍ ഭാര്യയെ ഓര്‍മ്മിപ്പിച്ചു. “ഒന്ന് പോ  ചാച്ചാ...” മുണ്ടും വെളുത്ത വരവരയന്‍ ഷര്‍ട്ടുമാണ് കുഞ്ഞച്ചന്‍ ധരിച്ചിരിക്കുന്നത്‌. കുഞ്ഞച്ചന്‍ ഇടയ്ക്കിടെ വലിക്കാറുള്ള കാജാബീഡിയുടെ ഗന്ധം മഞ്ഞുകാറ്റിലൂടെ മോനമ്മയെ തൊട്ടു. “ങ്ങള്‍ക്കിപ്പോഴും വലിയുണ്ടോ മനുഷേനെ!” മോനമ്മ  ദേഷ്യപ്പെട്ടു. “ചത്തു കഴിഞ്ഞിട്ടും ഇവള്‍ടെ കൊണദോഷിക്കല്‍ തീരുന്നില്ലല്ലോ കര്‍ത്താവേ! പള്ളീലച്ചന്‍ എഴുന്നെല്‍ക്കുന്നെനു മുന്‍പ് ഇങ്ങോട്ട് കേറിവാടീ!” മതിലിനപ്പുറത്തു നിന്ന്  കുഞ്ഞച്ചന്‍ ഭാര്യയോട് ദേഷ്യപ്പെട്ടു..

Read Also: ആളില്ലാത്ത ബംഗ്ലാവ്, എന്നും രാത്രി കുറേ ആളുകൾ കയറിപ്പോകും പുലർച്ചെ തിരിച്ചിറങ്ങും; നാട്ടുകാർക്ക് സംശയം

തോള്‍ ബാഗ് മതിലിനപ്പുറത്തേക്ക് എറിഞ്ഞശേഷം മോനമ്മ സാരി തെറുത്തുകയറ്റി മതിലിനു മോളിലേക്ക് വലിഞ്ഞു കയറി. കുഞ്ഞച്ചന്‍ കൂടെയുണ്ടെങ്കില്‍ എത്ര   വലിയ മതില്‍ വേണമെങ്കിലും താന്‍ ചാടിക്കടക്കും. കുഞ്ഞച്ചന്റെ കൈകളിലേക്കാണ് മോനമ്മ വീണത്‌. കെട്ടിയോനെ തൊട്ടപ്പോള്‍ മോനമ്മയെ അതുവരെ തളര്‍ത്തിയിരുന്ന അസ്ഥിതുളയ്ക്കുന്ന തണുപ്പ് എങ്ങോട്ടോ ഓടിപ്പോയി. ഉച്ചവെയില്‍ പരന്ന കപ്പക്കാലായിലൂടെ തൂമ്പായുമായി നടക്കുന്ന കുഞ്ഞച്ചന് പിന്നാലെ പണ്ട് നടന്നതുപോലെ മോനമ്മ കെട്ടിയോനെ സെമിത്തേരിയിലൂടെ അനുഗമിച്ചു. എന്നാല്‍ തൂമ്പായ്ക്ക് പകരം കുഞ്ഞച്ചന്റെ തോളില്‍ മോനമ്മ കൊണ്ടുവന്ന ബാഗാണ്. “ഇതെന്നതാടീ ഈ ബാഗിനാത്ത് ?” കുഞ്ഞച്ചന്‍ ചോദിച്ചു. മോനമ്മ നടപ്പ് നിര്‍ത്തി. “അതു കൊള്ളാം. ഇതായിപ്പോ അതിശയം. നിങ്ങള്‍ടെ കല്ലറ തുറക്കണ്ടായോ?” മോനമ്മ ദേഷ്യത്തോടെ ചോദിച്ചു. “അത് വേണം. എനിക്കിതിനാത്തു കിടക്കാന്‍ മേല. മുടിഞ്ഞ തണുപ്പാ. നീയെന്നെ കാഞ്ഞിരപ്പള്ളീക്കൊണ്ടുപോണം. അവിടെ പുത്തന്‍പള്ളിലെ നമ്മുടെ കുടുംബക്കല്ലറയില്‍ കിടന്നാല്‍ മതിയെനിക്ക്. പക്ഷേ കല്ലറ തുറക്കാന്‍ ഇത്രയും സാധനം വേണോ. കല്ലറയല്ലേ തുറക്കാന്‍ പോന്നെ.. പിരമിഡല്ലല്ലോ..” “ദേ നിങ്ങള്‍ക്ക് കുറച്ചു കൂടുന്നുണ്ട് കേട്ടോ.. ചത്താലും ഈ മനുഷ്യന്റെ  നാക്കിനൊരു കുറവുമില്ലല്ലോ അക്കരയമ്മേ.. ഈ ടൂള്‍സൊക്കെ എന്ത് കഷ്ടപ്പെട്ടാ ഞാന്‍ സംഘടിപ്പിച്ചതെന്നറിയാമോ.. അമേരിക്കന്‍ കല്ലറയാ.. നല്ല പാടാരിക്കും പൊളിക്കാന്‍.” മോനമ്മയ്ക്ക്  കലി കേറി. “നീയിച്ചിരി കഷ്ടപ്പെട്..നിന്നോട്  ഞാന്‍  പറഞ്ഞതല്ലേ മോള്‍ടെ കൂടെ ഇങ്ങോട്ട് വരണ്ടാ. നാട്ടില്‍ത്തന്നെ നിന്നാ മതിയെന്ന്. അപ്പൊ സമ്മതിച്ചില്ല. ഇപ്പൊ എങ്ങനെയിരിക്കുന്നു.”

Read Also: അച്ഛന്റെ ഉദ്യോഗം കണ്ട് മക്കൾക്ക് അഡ്മിഷൻ; പരീക്ഷയിൽ പിള്ളേർ തോറ്റു, എന്നും ഓരോ രോഗങ്ങളും, ആകെ പ്രശ്നം

രണ്ടാളും  കല്ലറയുടെ അരികിലെത്തിയിരുന്നു. ദമ്പതികളുടെ വഴക്ക് കണ്ടു ഫലകം മൂടിയ മഞ്ഞ് തട്ടി താഴെയിട്ടു കാറ്റ് എങ്ങോട്ടോ ഓടിപ്പോയി. ജോര്‍ജ് കുര്യന്‍ (കുഞ്ഞച്ചന്‍), തെക്കേതില്‍, കാഞ്ഞിരപ്പള്ളി എന്ന വിലാസം ഫലകത്തില്‍ തെളിഞ്ഞു വന്നു. കുഞ്ഞച്ചന്‍ തോള്‍ബാഗ് നിലത്തു വച്ചു. പിന്നെ എളിയില്‍ നിന്നൊരു കാജാ ബീഡിയെടുത്ത് കത്തിച്ചു. മോനമ്മ ആ നേരം കൊണ്ട് ബാഗില്‍നിന്ന് ടൂള്‍സ് ഓരോന്നായി നിരത്തി. പിക്കാസ്, മണ്‍വെട്ടി, ചുറ്റിക.. ഇരുമ്പു കമ്പി... പണ്ടും ഇങ്ങനെയായിരുന്നു. റബ്ബര്‍ വെട്ടുന്നതിനിടയില്‍ ഇടയ്ക്ക് കുഞ്ഞച്ചന്‍ ഒരു ബ്രേക്കെടുക്കും. അയാള്‍ പുകയെടുക്കുന്ന സമയത്ത് മോനമ്മ റബ്ബറിന്റെ ഒട്ടുപാല് പറിക്കും. “അന്ന് വന്നതുകൊണ്ട് നിങ്ങള്‍ക്ക് മോളുടെയും പേരക്കുട്ടിയുടെയും മുഖം കണ്ടു മരിക്കാന്‍ പറ്റിയില്ലേ?” മോനമ്മ പിക്കാസ് കൊണ്ട് കല്ലറയുടെ കോണില്‍ ഒരു തട്ട് തട്ടിയശേഷം ചോദിച്ചു. “ഒക്കെ ശരി തന്നെ. എന്നാലും സൊന്തം നാട്ടിന്നു പോന്നെന്റെ വിഷമം.. ചാകാന്‍ നേരത്തും ആ വിഷമം മാറിയില്ല മോനമ്മേ... നിനക്കും അതുകൊണ്ടല്ലേ ഇപ്പൊ തിരിച്ചു പോകാന്‍ തോന്നുന്നത്?” “വര്‍ത്താനം പറഞ്ഞോണ്ട് നിൽക്കാന്‍ നേരമില്ല. നിങ്ങള്‍ടെ അസ്ഥിം തലയോട്ടിയുമൊക്കെയായി  പുത്തന്‍പള്ളിയിലെ കല്ലറയില്‍ ചെന്ന് കിടന്നുറങ്ങണമെങ്കില്‍ വായ്‌ത്താളം നിര്‍ത്തി പണിയെടുക്ക്. എനിക്ക് തന്നെ നിങ്ങള്‍ടെ കല്ലറ തുറക്കാന്‍ ഒന്നും പറ്റുകേല. പഴേ ഊരൊക്കെ പോയി.” കുഞ്ഞച്ചന്‍ ബീഡി കളഞ്ഞിട്ടു മുണ്ട് മടക്കിക്കുത്തി. “അങ്ങോട്ട്‌ മാറടി. എന്റെ കല്ലറ തുറക്കാന്‍ വേറെയാരുടെയും സഹായം വേണ്ട.” അയാള്‍ മോനമ്മയെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തിയിട്ടു കമ്പികൊണ്ട് സ്ലാബിന്റെ അറ്റത് ഒരു തട്ട് വച്ച് കൊടുത്തു. ഒരു അനക്കവുമില്ല. “അങ്ങോട്ട്‌ പണിയെടുക്ക് മനുഷേനെ.. അമേരിക്കന്‍ കല്ലറയാ ചുമ്മാ ഒന്നും തുറക്കുവേല.” മോനമ്മ കെട്ട്യോനെ ഒന്ന് ചൊറിഞ്ഞു.

Read Also: പെണ്ണിനെയും ചെക്കനെയും കണ്ട ഉടനെ അമ്മൂമ്മ കരച്ചിൽ തുടങ്ങി, 'അയ്യോ,നിനക്ക് ഈ ഗതി വന്നല്ലോ മോനേ..'

ദേഷ്യം വന്ന കുഞ്ഞച്ചന്‍ സര്‍വശക്തിയുമെടുത്തു അടുത്ത അടിക്കൊരുങ്ങി. ആ നിമിഷം ഇരുവരുടെയും കണ്ണില്‍ തീക്ഷ്ണത ഏറിയ മഞ്ഞ വെളിച്ചം വീണു. “സ്റ്റേ വേര്‍ യൂ ആര്‍... ഡോണ്ട് മൂവ്.” ഉച്ചഭാഷിണിയിലൂടെ ശബ്ദം കേട്ടു. പൊലീസ്. സെമിത്തേരിയുടെ പുറത്തു കറങ്ങുന്ന ചുവന്ന ബീക്കണ്‍ ലൈറ്റുമായി പൊലീസ് കാര്‍. കാറില്‍നിന്ന് നീട്ടിപ്പിടിച്ച തോക്കുമായി പുറത്തിറങ്ങുന്ന പൊലീസുകാര്‍.. “അയ്യോ പൊലീസ്..” മോനമ്മ ഉറക്കെ നിലവിളിച്ചു. “മമ്മി... മമ്മി..” ടെസ്സി മോനമ്മയെ തട്ടിവിളിച്ചു. “എന്താ മമ്മി വല്ലോ സ്വപ്നവും കണ്ടോ...” വിയര്‍ത്തൊഴുകുന്ന മുഖവുമായി മോനമ്മ ഉറക്കം ഉണര്‍ന്നു. “നീയെപ്പൊ വന്നു..” അവര്‍ അമ്പരപ്പോടെ ടെസ്സിയോടെ ചോദിച്ചു. “ഞാനിപ്പോ നൈറ്റ് കഴിഞ്ഞു വന്നതെയുള്ളു. ഞാന്‍ എത്ര പ്രാവശ്യം മമ്മിയോടു പറഞ്ഞു രാത്രി മുഴുവന്‍ ടിവിയും കണ്ടോണ്ട് ഉറക്കം കളയരുതെന്ന്.. അതാ ഈ സ്വപ്നവും ബഹളവും ഒക്കെ...” മോനമ്മ മകളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കിടന്നതേയുള്ളൂ. “കുറച്ചു നേരം കൂടി കിടന്നോ... ഇന്ന് ഞായറാഴ്ചയാ.. പള്ളിയില്‍ പോകണ്ടേ..” ടെസ്സി മമ്മിയുടെ ദേഹത്തേക്ക് പുതപ്പു വലിച്ചു നീട്ടിയിട്ടുകൊണ്ട് പറഞ്ഞു. കണ്ണടച്ചെങ്കിലും മോനമ്മ ഉറങ്ങിയില്ല. അവര്‍ ഞായര്‍ കുര്‍ബാനയുടെ മണി മുഴങ്ങുന്നത് കാത്തു കിടന്നു.

പിറ്റേന്ന് പുലര്‍ച്ചെ തന്നെ മകളുടെയൊപ്പം അവര്‍ പള്ളിയിലേക്ക് പോയി. കുര്‍ബാന കഴിഞ്ഞു അമ്മയും മകളും കൂടി അപ്പന്റെ കല്ലറയുടെ അരികിലെത്തി. മരിച്ച വിശ്വാസികളുടെ പ്രാർഥന ചൊല്ലുമ്പോള്‍ മോനമ്മയുടെ മനസ്സില്‍ തലേന്ന് കണ്ട സ്വപ്നത്തിന്റെ കുഞ്ഞുങ്ങള്‍ പിച്ചവയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഊര്‍ന്നുപോകുന്ന ഓര്‍മ്മകളുടെ തണുത്ത തിണ്ണയില്‍ അവ തെന്നിവീണ് കൊണ്ടിരുന്നു. പ്രാർഥന കഴിഞ്ഞു തിരിച്ചു പോകാന്‍ നേരമാണ് കല്ലറയുടെ അരികില്‍ ഒരു കുഞ്ഞു ചെടി വളര്‍ന്നുനില്‍ക്കുന്നത് മോനമ്മ കണ്ടത്. “അത് ഏപ്രില്‍ ലില്ലിയാ മമ്മി.. നമ്മുടെ നാട്ടിലും പറമ്പിലൊക്കെ കാടുപോലെ വളരുന്നതാ...” ടെസ്സി പറഞ്ഞു. മോനമ്മ ശ്രദ്ധാപൂര്‍വ്വം ആ ചെടി പറിച്ചെടുത്തു. കുഞ്ഞച്ചന്റെ ജീവനുള്ള ചെടി. “മമ്മി എന്ത് ചെയ്യുവാ?” ടെസ്സി അത്ഭുതത്തോടെ ചോദിച്ചു. “എനിക്കിത് നാട്ടില്‍ കൊണ്ടുപോവണം.” മോനമ്മ പറഞ്ഞു. “മമ്മി എന്തൊക്കെയാ ഈ പറയുന്നേ...” ടെസ്സി കണ്ണ് മിഴിച്ചുകൊണ്ട് ചോദിച്ചു. മോനമ്മ അതിനു മറുപടി പറഞ്ഞില്ല. കാറ്റില്‍ കലര്‍ന്ന കാജാ ബീഡിയുടെ ഗന്ധത്തില്‍ അവരുടെയുള്ളില്‍ ഉറക്കം തൂങ്ങിക്കൊണ്ടിരുന്ന സ്വപ്നത്തിന്റെ കുഞ്ഞുങ്ങള്‍ ഉണര്‍ന്നു തുടങ്ങിയിരുന്നു.

Content Summary: Malayalam Short Story ' April Lilly ' Written by Aneesh Francis

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com