ADVERTISEMENT

ബോളിവുഡ് സൂപ്പർ താരം തബുവും വാമിഖ ഗബ്ബിയും തകർത്തഭിനയിച്ച വിശാൽ ഭരദ്വാജിന്റെ ഹിന്ദി സിനിമയാണ് ‘ഖുഫിയ’.  ചിത്രത്തിൽ വാമിഖയുടെ ചില സീനുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ഏറെ ചർച്ചകൾക്ക് വഴിതെളിക്കുകയും ചെയ്തിരുന്നു.  വിവാദങ്ങൾക്കപ്പുറം ഒരു പെർഫെക്ട് സ്പൈ ത്രില്ലർ ആയ ഖുഫിയയിൽ ഏറെ പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തിയത് മലയാളിയായ ഡിസ്‌നി ജയിംസാണ്. മെമ്മറീസ്, മുദ്ദുഗൗ, ജോമോന്റെ സുവിശേഷങ്ങൾ, പൊറിഞ്ചു മറിയം ജോസ്, ട്വെൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഡിസ്‌നി പരസ്യ ചിത്ര മേഖലയിലും സജീവമാണ്. പരസ്യ ചിത്രങ്ങളിലെ അഭിനയമാണ് ഖുഫിയയിലെ കുട്ടി ജോർജ് എന്ന കഥാപാത്രത്തിലേക്ക് ഡിസ്‌നിയെ എത്തിച്ചത്. ഖുഫിയ സിനിമാ പ്രേക്ഷകർക്കിടയിൽ തരംഗമാകുമ്പോൾ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ആവേശവും സിനിമായാത്രയുടെ വിശേഷങ്ങളും പങ്കുവച്ച് ഡിസ്‌നി ജയിംസ് മനോരമ ഓൺലൈനിൽ എത്തുന്നു.

മലയാളത്തിൽനിന്ന് ഒറ്റച്ചാട്ടത്തിൽ വിശാൽ ഭരദ്വാജിന്റെ ഖുഫിയയിലേക്ക്

ഖുഫിയയിൽ അഭിനയിക്കാൻ അവസരം കിട്ടിയത് അത്ര അപ്രതീക്ഷിതം ആയിരുന്നില്ല. അതിന്റെ പിന്നിൽ വർഷങ്ങളായുള്ള എന്റെ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. സിനിമയോടൊപ്പം പരസ്യ ചിത്രങ്ങളിലും ഞാൻ അഭിനയിക്കുന്നുണ്ടായിരുന്നു. കാസ്റ്റ് മി പെർഫെക്ട് എന്ന ഏജൻസി വഴി ഒരുപാട് പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നു. അജയ് ദേവ്ഗൺ നായകനായ റൺവേ 34 ലേക്കാണ് ഈ കാസ്റ്റിങ് ഏജന്‍സി വഴി ആദ്യം അവസരം ലഭിച്ചത്. പക്ഷേ അതിലഭിനയിക്കാൻ സാധിച്ചില്ല. തൊട്ടടുത്തു തന്നെ കാസ്റ്റ് മി പെർഫെക്റ്റ്  വഴി ഖുഫിയ സിനിമയ്ക്ക് വേണ്ടി ഓഡിഷൻ ചെയ്തയച്ചു.

സംവിധായകന് ഞാൻ ചെയ്തത് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞെങ്കിലും വിശാൽ ഭരദ്വാജ് ആണ് സംവിധായകനെന്ന് എന്നെ തിരഞ്ഞെടുത്തതിന് ശേഷമാണ് ഏജൻസി പറഞ്ഞത്. മലയാളച്ചുവയിൽ ഹിന്ദി സംസാരിക്കുന്ന ഒരു നടനെ വിശാൽ സാറിനു വേണമായിരുന്നു. അതിനായി ബോളിവുഡിലെ പ്രധാന കാസ്റ്റിങ് ഏജൻസിയായ ഗൗതം കിഷംഛന്ദാനി കാസ്റ്റിങ് ടീം വഴി തെന്നിന്ത്യയിലെ പ്രമുഖരായ കാസ്റ്റ് മി പെർഫക്റ്റിനെ സമീപിക്കുകയായിരുന്നു. ഞാൻ ഏറെ ആരാധിച്ചിരുന്ന വിശാൽ സാറിന്റെ സംവിധാനത്തിൽ ഒരു സിനിമയിൽ അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായിരുന്നു.

ഖുഫിയയിലെ കുട്ടി ജോർജ് 

റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിലെ സെക്കൻഡ് ഓഫിസർ കുട്ടി ജോർജ് എന്ന കഥാപാത്രത്തെയാണ് ഞാൻ ഖുഫിയയിൽ അവതരിപ്പിച്ചത്. എന്റെ ബോസായ ആശിഷ് വിദ്യാർഥിയുടെ കഥാപാത്രത്തിന്റെ നിർദേശ പ്രകാരം, ഫസ്റ്റ് ഓഫിസറായ കൃഷ്ണ മെഹ്റയുടെ നേതൃത്വത്തിൽ കുറ്റവാളിയെ രഹസ്യമായി നിരീക്ഷിക്കുകയും അന്വേഷണത്തിൽ സഹായിക്കുകയും ചെയ്യുക എന്നതാണ് 'കുട്ടി'യുടെ ദൗത്യം.  ബോളിവുഡിലെ സൂപ്പർ ലേഡി സ്റ്റാർ തബു ആണ് കൃഷ്ണ മെഹ്‌റ ആയി അഭിനയിച്ചത്. ചെറുപ്പം മുതൽ ആരാധിച്ചിരുന്ന തബുവുമായി സ്ക്രീൻ പങ്കിടുക എന്നതും എന്നെ സംബന്ധിച്ച് ആശിക്കാവുന്നതിനും അപ്പുറമായിരുന്നു.

disney-khufiya
ഖുഫിയ സിനിമയിൽ ആശിഷ് വിദ്യാർഥിക്കും തബുവിനൊപ്പം

ദേശീയ പുരസ്‌കാര ജേതാവായ തബു 

ഞാന്‍ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘കാലാപാനി’ എന്ന സിനിമ റിലീസ് ആകുന്നത്. അന്ന് മുതലേ തബുവിന്റെ അഭിനയം ഒരുപാടിഷ്ടമാണ്. രണ്ട് ഹോളിവുഡ് സിനിമകളുൾപ്പടെ ആറ് ഭാഷകളിലായി തൊണ്ണൂറോളം സിനിമകളിലഭിനയിച്ച് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം രണ്ടു തവണ സ്വന്തമാക്കിയ തബുവിനൊപ്പം അഭിനയിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. ഒരു സുഹൃത്തിനോടെന്നപോലെയാണ് അവർ സിനിമാ അനുഭവങ്ങളെപ്പറ്റിയും സിനിമയിലെ സൗഹൃദങ്ങളെപ്പറ്റിയുമൊക്കെ പറഞ്ഞത്. ഒരു അന്യഭാഷാ നടനെന്ന ഒരു വേർതിരിവുമില്ലാതെ എന്നോട് വളരെ സൗഹൃദപരമായി പരസ്പരബഹുമാനത്തോടെയാണ് തബു പെരുമാറിയത്. അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ അവർക്ക് ലഭിച്ചിട്ടുള്ള നല്ല പരിചരണമായിരിക്കാം കാരണം. വളരെ നല്ല അനുഭവമായിരുന്നു അത്. 

disney-james
വിശാൽ ഭരദ്വാജിനൊപ്പം

വിശാൽ ഭാരദ്വജിന്റെ സംവിധാനം 

ആദ്യ ദിവസം കണ്ടപ്പോൾത്തന്നെ അദ്ദേഹം എന്റെ ഓഡിഷനിലെ അഭിനയം ഇഷ്ടമായി എന്നു പറഞ്ഞ് അഭിനന്ദിച്ചു. പല മേഖലകളിലായി ലഭിച്ച അഞ്ച് ദേശീയ അവാര്‍ഡുകള്‍ അദ്ദേഹത്തിന്റെ ഓഫിസില്‍ വച്ചിട്ടുള്ളത് കണ്ടതിനു ശേഷമാണ് സെറ്റില്‍ പോയി അദ്ദേഹത്തെ കാണുന്നത്. വളരെ  ലളിതമായ പെരുമാറ്റം. അഭിനേതാക്കളുടെ അടുത്തു വന്ന്, വേണ്ടതെന്താണെന്നു വ്യക്തമായി പറഞ്ഞു തരും. മനോധർമ്മമനുസരിച്ച് അഭിനയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ അഭിനന്ദിക്കുന്നതിൽ ഒരു മടിയുമില്ല. സൗമ്യമായ പെരുമാറ്റം അഭിനേതാക്കൾക്ക്  മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായകമായി തോന്നി.

disney-james-2

ഹിന്ദി സിനിമയിൽ ആദ്യമായി, ഭാഷയുടെ പ്രശ്നം ഉണ്ടായോ? 

ഹിന്ദി കേട്ടാൽ മനസ്സിലാകും. അധികം ഒഴുക്കില്ലാതെ, എങ്കിലും തരക്കേടില്ലാതെ പറയാൻ അറിയാം എന്ന ധാരണയോടെയാണ് ഞാൻ ഖുഫിയയുടെ സെറ്റിലേക്ക് പോയത്. എന്നാലും ഒരു അന്യഭാഷാ ചിത്രം ചെയ്യുന്നതിന്റെ ടെൻഷൻ ഉണ്ടായിരുന്നു. പുതിയ സ്ഥലം, പുതിയ ആളുകൾ, അവരോടൊപ്പം എങ്ങനെ ആശയവിനിമയം നടത്തും എന്നതൊക്കെയായിരുന്നു പേടി. പക്ഷേ സെറ്റിൽ എല്ലാവരും വളരെ സൗഹാർദത്തോടെ പെരുമാറി. ഭാഷ സൗഹൃദത്തിന് അതിർവരമ്പല്ല എന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു. ഡയലോഗുകളെല്ലാം തലേ ദിവസം തന്നെ ഇമെയില്‍ അയച്ചുതരും. കാരവാനിൽ ഒരു കോപ്പിയും വച്ചിട്ടുണ്ടാവും. അതുകൊണ്ട് ഡയലോഗ് മനഃപാഠമാക്കാൻ വേണ്ടുവോളം സമയം ലഭിക്കും. നന്നായി പഠിച്ച് ഹോംവർക്ക് ചെയ്തിട്ടാണ് ക്യാമറയുടെ മുന്നിലേക്ക് പോകുന്നത്. കാരണം എന്റെ പിഴവു കൊണ്ട് ഷൂട്ടിങ്ങിന് തടസ്സം വരരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ ബുദ്ധിമുട്ടില്ലാതെ എന്റെ ഭാഗങ്ങളെല്ലാം പൂർത്തിയാക്കാൻ കഴിഞ്ഞു. കഥാപാത്രവിജയത്തിനായുളള വാമിഖ ഗബ്ബിയുടെ കഠിനാധ്വാനവും ഓരോ ഷോട്ടും എടുക്കുന്നതിന് മുമ്പായി ആശിഷ് വിദ്യാർഥി സഹപ്രവർത്തകരിലേക്ക് പകരുന്ന ഊർജവും അലി ഫസലെന്ന നടന്റെ, കഥാപാത്രമായി മാറുന്ന പ്രക്രിയയും ഓരോ പാഠമായിരുന്നു. പരിശ്രമിച്ചാൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല എന്ന തിരിച്ചറിവാണ് ഖുഫിയയിലൂടെ എനിക്ക് ലഭിച്ചത്. 

തെന്നിന്ത്യൻ നടന് ഹിന്ദിയിൽ കിട്ടിയ സ്വീകരണം

തെന്നിന്ത്യയിലെ അഭിനേതാക്കളേയും നമ്മുടെ സിനിമയിലെ പരീക്ഷണങ്ങളെയും വളരെ ബഹുമാനത്തോടെയും കൗതുകത്തോടെയുമാണവർ വീക്ഷിക്കുന്നത്. വിശാൽ സർ വളരെ ഇഷ്ടത്തോടെയാണ് എന്നോടു പെരുമാറിയിരുന്നത്. ഭക്ഷണമേശയിൽ കണ്ടുമുട്ടാനിടയായാൽ വീട്ടിൽനിന്നു കൊണ്ടുവന്ന ആഹാരം പങ്കുവയ്ക്കുമായിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞുള്ള പാക്കപ്പ് പാർട്ടി തീർന്ന് പിരിയുന്നതിന് മുമ്പ് കൈ തന്നിട്ട് അദ്ദേഹം പറഞ്ഞു– ‘വെൽകം ടു ബോളിവുഡ്’. അതെല്ലാം മറക്കാനാവാത്ത അനുഭവങ്ങളാണ്.

dinsey-tabu
ഖുഫിയ സിനിമയിൽ നിന്നും

സ്കൂളിൽ തുടങ്ങിയ സിനിമാ മോഹം 

സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ പ്രച്ഛന്ന വേഷം, ഏകാഭിനയം, മൂകാഭിനയം, നാടകം, അനുകരണ കല  എന്നീ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. വേദിയിലെ ഈ പ്രകടനങ്ങൾക്ക് ലഭിച്ച അംഗീകാരവും പ്രോത്സാഹനങ്ങളുമാണ് സിനിമാമോഹത്തിലേക്ക് എന്നെ എത്തിച്ചത്. പഠനം പൂർത്തിയാക്കിയപ്പോഴേക്കും സിനിമ ചെയ്യണം എന്ന ആഗ്രഹവും ഉറച്ചുകഴിഞ്ഞിരുന്നു.

khufiya-trailer
ഖുഫിയ സിനിമയിൽ നിന്നും

സിനിമയിൽ എത്തിയിട്ട് വര്‍ഷങ്ങളായി, ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ കുറവാണല്ലോ

സിനിമയില്‍ സജീവമായി നിലനില്‍ക്കണമെങ്കിൽ പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കണം, പരിചയങ്ങള്‍ പുതുക്കണം, കൂടിച്ചേരലുകളില്‍ പങ്കെടുക്കണം. വീട്ടിലെ ചില സാഹചര്യങ്ങളും ബോധപൂര്‍വ്വമായ ശ്രമങ്ങൾ നടത്താതിരുന്നതും നല്ല വേഷങ്ങൾ ലഭിക്കാതിരുന്നതിന് കാരണങ്ങളാണ്. എന്നിരുന്നാലും ഹ്രസ്വചിത്രങ്ങളിലെയും സീരിയലുകളിലെയും വേഷങ്ങളും മെമ്മറീസ്, മുദ്ദുഗൗ, ജോമോന്റെ സുവിശേഷങ്ങൾ, പൊറിഞ്ചു മറിയം ജോസ്, ട്വെൽത്ത് മാൻ എന്നീ സിനിമകളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. അവയെല്ലാം എന്റെ പേരിനോട് എഴുതിച്ചേർക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. സിനിമാമോഹം മാത്രം കൈമുതലായുള്ള, പിന്നിൽനിന്ന് തുണയ്ക്കാൻ ആരുമില്ലാത്ത ഒരു നടനെ സംബന്ധിച്ചിടത്തോളം ഈ കഥാപാത്രങ്ങളെല്ലാം ബോണസാണ്, എന്റെ കഠിനാധ്വാനവും ഒപ്പമുണ്ട്. ഇപ്പോൾ ചെയ്ത ഖുഫിയയിലെ കഥാപാത്രം സ്വപ്നതുല്യമാണ്. ചെറുപ്പം മുതൽ ആശിച്ച ഒരു സ്ഥാനത്ത് ഇത്രയുമൊക്കെ ചെയ്യാൻ കഴിയുന്നത് തന്നെ ഭാഗ്യമായി കരുതുന്നു.

ഖുഫിയയ്ക്ക് കിട്ടുന്ന പ്രതികരണങ്ങൾ, സിനിമാ മേഖലയിൽ നിന്ന് ആരൊക്കെ വിളിച്ചു ?

ഒപ്പം അഭിനയിച്ചവരും വിശാൽ സാറും എല്ലാം എന്റെ കഥാപാത്രത്തിൽ തൃപ്തരാണ്. അവർ തന്ന പ്രോത്സാഹനം വളരെ വലുതാണ്. മലയാളത്തിൽ സിനിമാ മേഖലയിലെ ഒരുപാട് സുഹൃത്തുക്കൾ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടിരിക്കുന്നു. പലരും സിനിമ ഇനി കാണാനിരിക്കുന്നതേയുള്ളു. അവരുടെയെല്ലാം പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണ്.

English Summary:

Chat with actor Disney James

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com