ADVERTISEMENT

മലയാളികൾക്ക് പരിചിതമായ അമ്മമുഖമാണ് ഓമന ഔസേപ്പിന്റേത്. ചെങ്കോൽ, അഗ്നിസാക്ഷി, വെറുതെ അല്ല ഭാര്യ തുടങ്ങി ഒട്ടനവധി സിനിമകളിൽ അമ്മവേഷങ്ങളിൽ എത്തിയ ഓമനയുടെ കഥാപാത്രങ്ങൾക്കു പലപ്പോഴും ഒരു സങ്കടമുഖമായിരുന്നു. ദൂരദർശൻ കാലം മുതൽ സീരിയലുകളും സജീവമായിരുന്ന ഓമനയ്ക്ക്, പ്രകടനസാധ്യതയുള്ള വേഷങ്ങൾ ലഭിച്ചത് ടെലിവിഷനിലായിരുന്നു. കഴിഞ്ഞ 36 വർഷങ്ങളായി അഭിനയരംഗത്തുള്ള ഓമന ഔസേപ്പിന് സിനിമയും സീരിയലും വെറുമൊരു ജോലി മാത്രം ആയിരുന്നില്ല. ജീവിതത്തിലെ സങ്കടങ്ങൾ മറക്കാനുള്ള മരുന്നു കൂടിയായിരുന്നു അഭിനയം. ആ അനുഭവങ്ങൾ തുറന്നു പറഞ്ഞ് ഓമന ഔസേപ്പ് മനോരമ ഓൺലൈനിൽ. 

ഇപ്പോൾ സിനിമയില്ല

2018’ എന്ന സിനിമയ്ക്കു ശേഷം വേറൊരു സിനിമയും ചെയ്തിട്ടില്ല. സീരിയലുകൾ ചെയ്യുന്നുണ്ടായിരുന്നു. അതിൽ രണ്ടെണ്ണം ഇപ്പോൾ നിർത്തി. ഒരെണ്ണത്തിൽ എന്റെ കഥാപാത്രത്തെ കാണാതായിരിക്കുകയാണ്. ആ കഥാപാത്രം തിരിച്ചു വരുമോ എന്നറിയില്ല. പിന്നെ, സിനിമയിലേക്കു വിളിക്കുമ്പോൾ, ഞാനൊക്കെ ഇത്ര കാലമായി ഇവിടെയുള്ളതല്ലേ. അതിന് അനുസരിച്ചുള്ള പ്രതിഫലം തരണമല്ലോ. ചിലപ്പോൾ അതുകൊണ്ടായിരിക്കും ആരും വിളിക്കാത്തത്. സിനിമ ഇപ്പോൾ ഇല്ലെന്നു തന്നെ പറയാം.
 

omana-ouseph

‌ആകാശവാണി വഴി അഭിനയത്തിലേക്ക്

ചെറുപ്പത്തിൽ ഡാൻസ് പഠിച്ചിരുന്നു. അക്കാലത്ത് ബാലെയിൽ അഭിനയിക്കാൻ പോയിരുന്നു. പിന്നീട് വിവാഹം കഴിഞ്ഞ്, മൂന്നു കുട്ടികൾ ആയതിനുശേഷമാണ് അഭിനയിക്കാൻ പോകുന്നത്. തൃശൂർ ആകാശവാണിയിൽ വോയ്സ് ആർടിസ്റ്റ് ആയിരുന്നു ആദ്യം. ആ സമയത്ത് അവിടെ ബിജു മേനോന്റെ അച്ഛനൊക്കെ ഉണ്ട്. അദ്ദേഹം വലിയ സപ്പോർട്ട് ആയിരുന്നു. പിന്നെ, കൗസല്യ മധു എന്നൊരു ആന്റിയുണ്ടായിരുന്നു. അവരാണ് എന്നെ ആകാശവാണിയിലേക്ക് കൊണ്ടു വരുന്നത്. ഇവരുടെയൊക്കെ താൽപര്യപ്രകാരമാണ് ദൂരദർശന്റെ ഒരു സീരിയൽ ഷൂട്ട് തൃശൂർ വരുന്നത്. കൃഷ്ണചന്ദ്രനായിരുന്നു നായകൻ. തെലുങ്ക് ആർടിസ്റ്റായിരുന്നു നായിക. ഷൂട്ടിന് തൃശൂർ എത്തിയപ്പോഴാണ്, അതിലേക്ക് ഒരു ക്യാരക്ടർ റോൾ ചെയ്യാൻ ഒരാളെ വേണമെന്നു പറയുന്നത്. മദ്രാസിൽ നിന്ന് ഒരാളെ കൊണ്ടു വരാനുള്ള സമയമില്ല. അപ്പോൾ, കൗസല്യ ആന്റിയാണ് എന്റെ പേര് നിർദേശിക്കുന്നത്. അങ്ങനെ ഞാൻ സീരിയലിൽ വേഷമിട്ടു. അപൂർവ പുഷ്പങ്ങൾ എന്നായിരുന്നു ആ സീരിയലിന്റെ പേര്. പിന്നീട്, ആ സംവിധായകന്റെ തന്നെ വേറെ സീരിയലുകളിലും ഞാൻ അഭിനയിച്ചു. തുടർന്ന് സിനിമയിലുമെത്തി. 

സങ്കടമുള്ള കഥാപാത്രങ്ങളാണ് അധികവും

സിനിമയിൽ കൂടുതലും ചെയ്തിട്ടുള്ളത് അൽപം സങ്കടമുള്ള കഥാപാത്രങ്ങളായിരുന്നു. പക്ഷേ, സീരിയലിൽ വൈവിധ്യമുള്ള വേഷങ്ങൾ ലഭിച്ചു. ഉദാഹരണത്തിന്, നിലവിളക്ക് സീരിയലിലെ കഥാപാത്രം. നവരസങ്ങളുള്ള കഥാപാത്രമായിരുന്നു അത്. അതുപോലെ പ്രിയപ്പെട്ട വേഷമാണ്, വെറുതെ അല്ല ഭാര്യ എന്ന സിനിമയിലെ ഗോപികയുടെ കഥാപാത്രത്തിന്റെ അമ്മ. കുറച്ചു സീനുകളേയുള്ളൂ. പക്ഷേ, അതിലെ ഫോൺ സംഭാഷണം ഏറെ പ്രിയപ്പെട്ടതാണ്. വിവാഹം കഴിഞ്ഞു പോയ പെൺകുട്ടികളുള്ള അമ്മമാർക്ക് കണക്ട് ആകുന്ന രംഗമായിരുന്നു അത്. സത്യത്തിൽ ഇപ്പോൾ മിക്ക വീടുകളിലും പ്രായമുള്ള മാതാപിതാക്കൾ ഒറ്റയ്ക്കാണ്. എനിക്ക് മൂന്നു മക്കളാണ്. പെൺകുട്ടികൾ രണ്ടു പേരും വിവാഹിതരായി. മകനാണ് കൂടെയുള്ളത്. അവന് ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് വേറെ എങ്ങോട്ടും പോകാത്തത്. ആരോഗ്യമുള്ള കുട്ടിയായിരുന്നെങ്കിൽ, അവനും ജോലിയൊക്കെയായി വേറെ സ്ഥലത്തേക്ക് പോകുമായിരുന്നു. അതു സ്വാഭാവികമാണ്. 

ആ ഡോക്ടർ എന്റെ മകന്റെ ഭാവി കളഞ്ഞു

മകൻ ജുബിന് 10 വയസ്സു വരെ ഒരു കുഴപ്പവുമില്ലായിരുന്നു. സാധാരണ കുട്ടികളെപ്പോലെ ഓടി നടന്നിരുന്ന മോനായിരുന്നു. പത്തു വയസ്സുള്ളപ്പോൾ ഒരു പനി വന്നു. കാലിന്റെ കണ്ണിയിൽ നീരുണ്ടായിരുന്നു. ആ സമയത്താണ് എന്റെ അമ്മ മരിക്കുന്നത്. ആ ചടങ്ങുകൾ കഴിഞ്ഞാണ് ഞാൻ മകനെ ഡോക്ടറെ കാണിക്കുന്നത്. അന്ന് ഞങ്ങൾ തൃശൂരാണ് താമസം. അവിടെ പ്രശസ്തമായ ഒരു ആശുപത്രിയിലാണ് അവനെ കാണിച്ചത്. ഡോക്ടർ ഉടനെ അവനെ അഡ്മിറ്റ് ചെയ്തു. പിന്നീടങ്ങോട്ട് നീണ്ട ആശുപത്രിമായിരുന്നു. മാസത്തിൽ പത്തും പതിനഞ്ചും ദിവസം ആശുപത്രിയിലാകും.

omana-ouseph-1

മൂന്നരവർഷം അയാളുടെ ട്രീറ്റ്മെന്റിലായിരുന്നു. അദ്ദേഹം വളരെ പേരെടുത്ത ഡോക്ടറാണ്. പക്ഷേ, ചില അബദ്ധങ്ങൾ അദ്ദേഹത്തിനും പറ്റിയിട്ടുണ്ടെന്ന് ഞങ്ങൾ അറിഞ്ഞപ്പോൾ വൈകിപ്പോയി. മൂന്നു നാലു കേസുകൾ ഇങ്ങനെ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ പോലെ സെക്കൻഡ് ഒപ്പീനിയൻ എടുക്കുന്ന പരിപാടിയൊന്നും അന്നില്ലല്ലോ. പിന്നെ, അത്രയൊക്കെയേ എനിക്കും അന്ന് അറിവുള്ളൂ. ആ മനുഷ്യനായിട്ട് എന്റെ മകന്റെ ഭാവി കളഞ്ഞു. അത് എന്നുമൊരു തീരാദുഃഖമാണ്. മറ്റുള്ളവർക്കു തന്നെ അവന്റെ മുഖത്തു നോക്കുമ്പോൾ വലിയ വിഷമമാണ്. ഞാനൊരു അമ്മയല്ലേ?!

ദൈവത്തെപ്പോലെ ഇടപെട്ടവർ

മെഡിക്കൽ ട്രസ്റ്റിൽ സൗമിനി ജോസഫ് എന്നൊരു ഡോക്ടറെ പിന്നീട് കാണിച്ചു. അവരാണ് മകന്റെ രോഗാവസ്ഥയെക്കുറിച്ച് ആദ്യം സംശയം പറയുന്നത്. 1996ലാണ് ഇതു സംഭവിക്കുന്നത്. അവർ പറഞ്ഞ ടെസ്റ്റുകൾ നടത്തി. റിസൾട്ട് കൊണ്ടു ചെന്നപ്പോൾ അവർ പറഞ്ഞു, വേഗം ഡോ.ജോയ് ഫിലിപ്പിനെ കാണിക്കാൻ! തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രൊഫസർ ആയിരുന്നു ജോയ് ഫിലിപ്പ്. കുറച്ചൂടെ നേരത്തെ വന്നിരുന്നെങ്കിൽ, എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ആങ്കിലോസിങ് സ്പോണ്ടിലൈറ്റിസ് എന്ന രോഗാവസ്ഥയാണ് മകന്റേത്. എന്തായാലും, ഡോ.ജോയ് ഫിലിപ്പിന്റെ ചികിത്സയുടെ ഫലമായി കാലിലെ നീര് പൂർണമായും മാറി.

പതുക്കെ എണീറ്റ് നടക്കാൻ തുടങ്ങി. അതിനു മുൻപ് അവൻ കിടപ്പിലായി പോയിരുന്നു. വളർന്നപ്പോൾ ആരോഗ്യപ്രശ്നങ്ങളും അതിനൊപ്പം കൂടി. ഈ ആരോഗ്യപ്രശ്നങ്ങൾക്കിടയിലും അവൻ ഡ്രൈവിങ് ലൈസൻസ് എടുത്തു. അത് വലിയ അതിശയം ആയിരുന്നു. ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടാണ് അവൻ അതു നേടിയെടുത്തത്. അതു വലിയ ഉപകാരമായി. എങ്ങോട്ടെങ്കിലും പോകണമെങ്കിൽ, ആരെയും ആശ്രയിക്കാതെ സ്വന്തമായി ചെയ്യാമെന്നായി. പലപ്പോഴും അവനാണ് എനിക്കൊപ്പം ഷൂട്ടിന് വരുന്നത്. അവനില്ലാതെ എനിക്കൊന്നും പറ്റില്ല. 

വീണ്ടും രോഗം മൂർഛിച്ചപ്പോൾ

ഈയടുത്ത് മൂന്നര വർഷം വീണ്ടും അവൻ കിടപ്പിലായി. കഴിച്ചുകൊണ്ടിരുന്ന ഒരു മരുന്ന് നിർത്തിയതോടെയാണ് അതു സംഭവിച്ചത്. എന്തു വന്നാലും നിർത്തരുത് എന്നു പറഞ്ഞ മരുന്നാണ് കുറച്ചു കാലം കഴിക്കാതെ ഇരുന്നത്. ഞാനപ്പോൾ അമേരിക്കയിലാണ്. അതുകൊണ്ട്, ഇക്കാര്യം ഞാൻ അറിയാൻ വൈകി. സ്ഥിരം മരുന്നു വാങ്ങുന്ന മെഡിക്കൽ ഷോപ്പിൽ ആ മരുന്ന് ഉണ്ടായിരുന്നില്ല. ഇന്നു വരും, നാളെ വരും എന്നു പറഞ്ഞ് ഒരു മാസം ഗ്യാപ്പ് വന്നു.

omana-ouseph-2

വേറെ എവിടെ നിന്നെങ്കിലും ഈ മരുന്ന് വാങ്ങിക്കഴിക്കാനുള്ള ബോധം അവനും തോന്നിയില്ല. വേദനയുണ്ടോയെന്ന് ചോദിക്കുമ്പോഴൊക്കെ അവൻ ഇല്ലെന്നു പറയും. പക്ഷേ, ഞാൻ നാട്ടിൽ വന്നപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. അവൻ വീണ്ടും കിടപ്പിലായതു കണ്ടപ്പോൾ സഹിച്ചില്ല. അവന്റെ പത്തു വയസ്സിൽ തുടങ്ങിയതാണ് എന്റെ ഈ ഓട്ടങ്ങൾ! 

വൈദ്യന്റെ വിദ്യയും ഫലിച്ചില്ല

ആ സമയത്താണ് തിരുവനന്തപുരത്തെ ഒരു വൈദ്യനെ കുറിച്ചു കേൾക്കുന്നത്. അവിടെയും ഒന്നു പോയി നോക്കാമെന്നു കരുതി അതും ശ്രമിച്ചു നോക്കി. ആറു മാസത്തിൽ മാറ്റി തരാമെന്നാണ് വൈദ്യൻ പറഞ്ഞത്. പക്ഷേ, ലോകത്തെവിടെയും കേൾക്കാത്ത പഥ്യമാണ് അവിടെ. ഒന്നും കഴിക്കാൻ പറ്റില്ല. വെള്ള അരി വച്ച്, കാച്ചിയ ഉപ്പിട്ട്, ചുട്ട തേങ്ങ ഉപയോഗിച്ചൊക്കെയാണ് ഭക്ഷണം. രണ്ടു സ്പൂൺ ചോറ് കഴിച്ചെങ്കിലായി!

ഒരു പ്രത്യേക ബ്രാൻഡിലുള്ള മദ്യത്തിലാണ് മരുന്ന് ഉണ്ടാക്കി കൊടുത്തിരുന്നത്. അതു കഴിക്കുമ്പോൾ തൊണ്ട മുതൽ കത്തുന്ന ഫീലാണെന്നാണ് അവൻ പറയുക. പാൽ, തൈര്, മോര്, ഫ്രൂട്സ് ഒന്നും കഴിക്കാൻ പാടില്ല. അങ്ങനെ വല്ലാത്ത അവസ്ഥയായി. അഞ്ചു മാസം കഴിച്ചു. യാതൊരു വ്യത്യാസവും ഉണ്ടായില്ല. അവസാനം ഞാൻ പറഞ്ഞു, മതി, നിറുത്താം എന്ന്! വീണ്ടും മോഡേൺ മെഡിസിനിലേക്ക് വന്നു. ഹിപ് ജോയിന്റ് റിപ്ലേസ്മെന്റ് സർജറി നടത്തി.അതു ചെയ്തതിനു ശേഷം എഴുന്നേറ്റിരിക്കാമെന്ന അവസ്ഥയായി. 

ഭർത്താവിന് സംഭവിച്ച അപ്രതീക്ഷിത വീഴ്ച

ഞാൻ ചിരിക്കുന്നുണ്ടെങ്കിലും മനസ്സിന്റെയുള്ളിൽ വല്ലാത്തൊരു വേദന നിറഞ്ഞിരിപ്പുണ്ടെന്ന് എന്നെ അറിയുന്നവർക്ക് അറിയാം. ഭർത്താവിന്റെ കാര്യവും അതുപോലെയാണ്. ഒരു കുഴപ്പവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. നല്ല ആരോഗ്യവാനായിരുന്നു. ഡിഫെൻസിൽ നിന്നു വിരമിച്ച് നാട്ടിൽ തിരിച്ചെത്തി ഒരു വർഷം കഴിഞ്ഞപ്പോൾ പക്ഷാഘാതം വന്നു കിടപ്പിലായി. വലതു വശം തളർന്നു. ആയുർവേദ ചികിത്സ നടത്തിയതിനു ശേഷം അദ്ദേഹം പതിയെ നടക്കാൻ തുടങ്ങി. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം ഒന്നു വീണു. പിന്നെ, വീഴ്ച പതിവായി. അദ്ദേഹത്തെ ഒറ്റയ്ക്ക് ആക്കി എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥയായി. അദ്ദേഹത്തെ പിടിച്ചെണീപ്പിക്കാൻ എന്നെക്കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ല. മകനും വയ്യാത്തത് ആണല്ലോ.

ഒരാളെ വീട്ടിൽ നിർത്താമെന്ന് ആലോചിച്ചപ്പോൾ വിശ്വസിച്ച് ആരെ നിർത്തുമെന്ന ചിന്ത വന്നു. ഒരിക്കൽ ഞങ്ങൾക്ക് ഒരു മോശം അനുഭവം ഉണ്ടാവുകയും ചെയ്തു. ഒടുവിൽ, മനസില്ലാ മനസോടെ അദ്ദേഹത്തെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റേണ്ടി വന്നു. ഞാറയ്ക്കലുള്ള ഒരു സ്ഥാപനത്തിലാണ് അദ്ദേഹം ഇപ്പോൾ. ഞങ്ങൾ ഇടയ്ക്കു പോയി കാണും. നല്ല പരിചരണവും ഭക്ഷണവും അവിടെയുണ്ട്. എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപ് പണം അടയ്ക്കണം. 

ആരോടും വഴക്കിനില്ല

മകന്റെ കാര്യത്തിലാണ് എന്റെ വിഷമം മുഴുവൻ. പെൺകുട്ടികളുടെ കാര്യത്തിൽ ടെൻഷനില്ല. പിന്നെ, ഈയൊരു പ്രായത്തിൽ ഭർത്താവ് പാലിയേറ്റീവ് കെയറിലാവുക എന്നതും വിഷമമുള്ള കാര്യമാണ്. ഈ സങ്കടങ്ങളെല്ലാം കുറച്ചെങ്കിലും മാറുന്നത് ജോലിക്കു പോകുമ്പോഴാണ്. ഷൂട്ട് ഉണ്ടെങ്കിൽ ഞാൻ ഹാപ്പിയാണ്. അതൊരു ഊർജ്ജമാണ്. അല്ലെങ്കിൽ വല്ലാത്ത ടെൻഷനാണ്. ഉറക്കമില്ല. കാര്യങ്ങൾ നടത്താൻ പൈസ വേണം. അതിനു ഞാൻ ജോലി ചെയ്യണം. പെൺമക്കൾ സഹായിക്കും. എന്നാലും എന്റേതായി എന്തെങ്കിലുമൊക്കെ കരുതണ്ടേ? ബുദ്ധിമുട്ടുകൾ ഉള്ളവരെ പരമാവധി തഴയുന്ന സമീപനമാണ് ചില പ്രൊഡക്ഷൻ കൺട്രോളന്മാർക്കുള്ളത്. ചില സ്ഥലങ്ങളിൽ നിന്ന് പ്രതിഫലം ലഭിക്കാതെ മടങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും അതു സംഭവിക്കാറുണ്ട്. ചില ദിവസങ്ങളിൽ ഷൂട്ട് ഉണ്ടെന്നു പറയും. പോകാൻ റെഡി ആയി നിൽക്കുമ്പോഴാകും പറയുക, വർക്ക് ഇല്ലെന്ന്!

ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ സമാധാനമായി ഞാൻ അവരോട് കാര്യങ്ങൾ പറയും. അല്ലാതെ, വഴക്കിടാനോ ചീത്ത വിളിക്കാനോ ഞാൻ നിൽക്കാറില്ല. നാളെയും കാണേണ്ടവരല്ലേ? എല്ലാത്തിലും സഹകരിച്ചു പോകാനാണ് പരമാവധി ശ്രമിക്കാറുള്ളത്. മോശം ഭക്ഷണമാണ് സീരിയലിന്റെ സെറ്റിലെങ്കിൽ അതു പറയും. ഇപ്പോൾ പിന്നെ, വേറെ ഭക്ഷണം വാങ്ങിച്ചു കഴിക്കാനുള്ള സാഹചര്യമുണ്ട്. എന്നാലും, ആരോടും വഴക്കിനൊന്നും നിൽക്കില്ല. 

ഞാനൊക്കെ പഴയ ആൾക്കാരായി

ഇനിയുള്ള കാലത്തെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നുമില്ല. കാരണം, അങ്ങനത്തെ സന്ദർഭമല്ല ഇപ്പോൾ. എത്രയോ സിനിമകൾ ഡേറ്റ് പറഞ്ഞുറപ്പിച്ചിട്ട് മാറിപ്പോയിരിക്കുന്നു. ഇനിയും ഇതൊക്കെ സംഭവിക്കാൻ സാധ്യതയുണ്ട്. പിന്നെ, ഞാനൊക്കെ പഴയ ആൾക്കാരായി. ചെറുപ്പക്കാരെ നരയിട്ട് അഭിനയിപ്പിക്കുന്നുണ്ട്. അതിനുള്ള പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരുണ്ട്. എല്ലാവരും ഒരുപോലെ ആകണമെന്നില്ലല്ലോ. ഇടയിൽ നിന്നു കളിക്കുന്നവരുണ്ട്. അവിടെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പിന്നെ, ദൈവം എനിക്കു വേണ്ടി വച്ചിരിക്കുന്ന കഥാപാത്രങ്ങൾ എനിക്കു തന്നെ വരും. ആരു തലകുത്തി മറിഞ്ഞാലോ, എന്തു കളി കളിച്ചാലോ അതിൽ മാറ്റം സംഭവിക്കില്ല. എനിക്കുള്ളത് എന്നിലേക്കു തന്നെ വരും. ആ ഒരു വിശ്വാസമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. 

English Summary:

Omana Ouseph Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com