40 വര്‍ഷത്തിനിടയില്‍ 20 സിനിമകള്‍; ഹരികുമാർ എന്ന ഇതിഹാസം
Mail This Article
മലയാള സിനിമയുടെ അരനൂറ്റാണ്ട് പരിശോധിച്ചാല്‍ ദീര്‍ഘകാലം ഒരുപോലെ നിലനിന്നവര്‍ അപൂര്‍വമാണ്. ഓരോരുത്തര്‍ക്ക് ഓരോകാലം എന്ന ചൊല്ല്അന്വര്‍ത്ഥമാക്കും വിധം പല വന്‍പ്രതിഭകളും ഒരു പ്രത്യേക കാലഘട്ടത്തിന്റെ മാത്രം അവകാശികളായി പരിമിതപ്പെട്ടപ്പോള്‍ ആദ്യസിനിമയ്ക്ക് സ്റ്റാര്‍ട്ട് ആക്‌ഷന്‍ പറന്ന വര്‍ഷംമുതല്‍ ഇന്നോളം സിനിമയില്‍ സജീവത നിലനിര്‍ത്തിയ സംവിധായകനാണ് ഹരികുമാര്‍. എന്നാല്‍ സൂകരപ്രസവം പോലെ വാരിവലിച്ച് പടങ്ങള്‍ ചെയ്യുന്നതില്‍ ഒരു കാലത്തും അദ്ദേഹം അഭിരമിച്ചിരുന്നില്ല. 40 വര്‍ഷത്തിനിടയില്‍ 20 സിനിമകള്‍ മാത്രം. അതും കാമ്പും കഴമ്പും കാതലുമുള്ള സിനിമകള്‍.
മധുവും ശ്രീവിദ്യയും നെടുമുടിയും സുകുമാരനും മമ്മൂട്ടിയും ജയറാമും ശ്രീനിവാസനും സംയുക്ത വര്‍മ്മയും ലാലും ഉണ്ണിമുകുന്ദനും റിമാ കല്ലിങ്കലും അടങ്ങുന്ന പല തലമുറകള്‍ക്കൊപ്പം സിനിമ ചെയ്ത ഹരികുമാര്‍ മലയാളത്തിലെ മുന്‍നിര തിരക്കഥാകൃത്തുക്കളുടെയെല്ലാം രചനകള്‍ക്ക് അഭ്രാവിഷ്‌കാരംനല്‍കാന്‍ ഭാഗ്യം സിദ്ധിച്ച സംവിധായകനാണ്. എംടി, ലോഹിതദാസ്, ശ്രീനിവാസന്‍, ജോണ്‍പോള്‍, കലൂര്‍ ഡെന്നീസ് എന്നിവരെയെല്ലാം തന്റെ സര്‍ഗാത്മകസഹകാരികളാക്കിയ അദ്ദേഹം മറ്റൊരു ചരിത്രനിയോഗത്തിന് കൂടി നിമിത്തമായി. എം.മുകുന്ദന്‍ ആദ്യമായി തിരക്കഥ ഒരുക്കിയ ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്ന സിനിമ സംവിധാനം ചെയ്തതും ഹരികുമാര്‍ തന്നെ.
ഒന്നിനൊന്ന് വ്യത്യസ്തമായ ഇതിവൃത്തങ്ങളും പ്രതിപാദനരീതികളുമാണ് അദ്ദേഹത്തെ എക്കാലവും ചര്‍ച്ചകളില്‍ നിലനിര്‍ത്തിയത്. പുലി വരുന്നേ പുലി, സ്വയംവരപ്പന്തല്‍ എന്നിങ്ങനെ നര്‍മ രസപ്രധാനമായ സിനിമകള്‍ ചെയ്ത ആള്‍ തന്നെ സുകൃതം പോലെ അതീവഗൗരവപൂര്‍ണ്ണവും സങ്കീര്‍ണ്ണവുമായ ഇതിവൃത്തത്തിന് സമാനതകളില്ലാത്ത ചലച്ചിത്രഭാഷ്യം നല്‍കി. ജ്വാലാമുഖി എന്ന ഓഫ്ബീറ്റ് ചിത്രം ലോകസിനിമകളോട് കിടപിടിക്കുന്ന ആഖ്യാനസമീപനത്തിലൂടെ ശ്രദ്ധ കീഴടക്കുമ്പോള്‍ ക്ലിന്റ ് പോലുളള ബയോപിക്കുകളും അദ്ദേഹം ഒരുക്കി. അയനവും ജാലകവും ആമ്പല്‍പ്പൂവും ഒരു സ്വകാര്യവും ഉദ്യാനപാലകനുമെല്ലാം പറന്നു തീരാത്ത വിശേഷങ്ങളുമെല്ലാം പരസ്പരം വേറിട്ട് നിന്ന സിനിമകളാണ്. ഒരിക്കലും സ്വയം അനുകരിച്ച ചലച്ചിത്രകാരനായിരുന്നില്ല ഹരികുമാര്‍. അതു തന്നെയാണ് ചലച്ചിത്രസപര്യയുടെ നാല്‍പ്പതാം വര്‍ഷത്തിലും നിലനില്‍ക്കുന്ന സ്വീകാര്യതയുടെ രഹസ്യം.
ആഖ്യാനത്തിന്റെ സമസ്ത ഘടകങ്ങളിലും മിതത്വം നിലനിര്‍ത്തുന്നവയാണ് ഹരികുമാര്‍ ചിത്രങ്ങള്‍. സൗമ്യമായി ഒഴുകുന്ന നദി പോലെയാണ് അദ്ദേഹം കഥ പറയുന്നത്. ദൃശ്യപരിചരണത്തില്‍ പുലര്‍ത്തുന്ന അവധാനത പഠനാര്‍ഹമാണ്. കണ്ണഞ്ചിക്കുന്ന സെറ്റുകളോ പ്രകൃതിദൃശ്യങ്ങളോ വേഷവിധാനങ്ങളോ മറ്റ് വര്‍ണ്ണപ്പകിട്ടുകളോ ശബ്ദഘോഷങ്ങളോ അദ്ദേഹം ഉപയോഗിക്കുന്നില്ല.
കഥയുടെ ഭാവതലമാണ് അദ്ദേഹത്തിന്റെ ഫോക്കസ് പോയിന്റ്്. താന്‍ തെരഞ്ഞെടുക്കുന്ന ഇതിവൃത്തം കൊണ്ട് സംവേദനം ചെയ്യാനുദ്ദേശിക്കുന്ന ഭാവാന്തരീക്ഷം സൂക്ഷ്മമായി രേഖപ്പെടുത്താനായി അദ്ദേഹം ദൃശ്യങ്ങളെ ഉപയോഗിക്കുന്നു.
അവനവനിലെ സര്‍ഗാത്മകതയെ സ്വയം കണ്ടെത്തിയ നിമിഷം ഏതാണ്?
കുടുംബത്തില്‍ ആര്‍ക്കും തന്നെ കലാപരമായ പശ്ചാത്തലം ഉണ്ടായിരുന്നില്ല. കൊല്ലം ജില്ലയിലെ ഭരതന്നൂര്‍ എന്ന കുഗ്രാമത്തില്‍ ജനിച്ച എനിക്ക് ഒരു മാസികയോ പുസ്തകമോ വായിക്കണമെങ്കില്‍ ഗ്രന്ഥശാലകളെ ആശ്രയിക്കണം. ആഴ്ചപ്പതിപ്പുകളിലെ തുടര്‍ക്കഥകളാണ് വായനയോടുള്ള താത്പര്യം വളര്‍ത്തിയത്. അതില്‍ കാണുന്ന കഥയും കഥാപാത്രങ്ങളും മനസില്‍ ദൃശ്യവത്കരിക്കുക ശീലമായി.
പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തി എന്നെ ആകര്‍ഷിച്ചു. അതില്‍ അംഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് പേരും വിലാസവും ഒരു പോസ്റ്റ് കാര്‍ഡില്‍ എഴുതി അയച്ചു. ഓരോ ആഴ്ചയും പ്രതീക്ഷയോടെ ലൈബ്രറിയില്‍ ചെന്ന് നോക്കിയെങ്കിലും ഒന്നും കണ്ടില്ല. ഒരു ദിവസം തീര്‍ത്തും അവിചാരിതമായി ഒരു കൂട്ടുകാരന്‍ വീട്ടില്‍ വന്നു. അവന്റെ വീട്ടില്‍ ഏതോ സാധനം പൊതിഞ്ഞുകൊണ്ടു വന്ന കടലാസില്‍ ബാലപംക്തി അംഗം എന്ന നിലയില്‍ എന്റെ പേരും വിലാസവും അച്ചടിച്ചു വന്നിരിക്കുന്നു. എന്റെ പേര് ആദ്യമായി പുറംലോകം കാണുന്നത് മാതൃഭൂമിയുടെ താളുകളിലൂടെയാണ്.
വായന വിപുലവും വിശാലവുമായപ്പോള്‍ എഴുതിത്തുടങ്ങി. അപ്രധാനമായ ചില ആനുകാലികങ്ങളിലാണ് ആദ്യകാല കഥകള്‍ വന്നത്. പിന്നീട് അക്കാലത്ത് വളരെ ജനകീയമായിരുന്ന നവരംഗത്തിലേക്ക് കഥ അയച്ച് കാത്തിരുന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് ഓണപതിപ്പില്‍ അവര്‍ വലിയ പ്രാധാന്യത്തോടെ കഥ പ്രസിദ്ധീകരിച്ചു. പിന്നീട് മുപ്പതോളം കഥകള്‍ അച്ചടിച്ചു വന്നെങ്കിലും എന്റെ തട്ടകം അതായിരുന്നില്ലെന്ന തിരിച്ചറിവ് പിന്നോട്ട് വലിച്ചു.
സിനിമ മനസ്സിനെ ആവേശിച്ച് തുടങ്ങുന്നത് ഏത് ഘട്ടത്തിലാണ്?
ഞങ്ങളുടെ നാടിന്റെ പരിമിത സാഹചര്യങ്ങളില്‍ ഒരു സിനിമ കാണുന്നത് പോലും എളുപ്പമായിരുന്നില്ല. ഇരുപത് കിലോമീറ്റര്‍ നടന്നുപോയി വേണം ഒരു തിയറ്ററിലെത്താന്‍. അതുകൊണ്ട് തന്നെ ധാരാളം സിനിമകള്‍ കാണാന്‍ കുട്ടിക്കാലത്ത് കഴിഞ്ഞില്ല. കോളജ് വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് സിനിമകള്‍ കണ്ടു തുടങ്ങിയത്. സിനിമയിലുടെ കഥ പറയുന്ന ഒരാളാവുക എന്ന ചിന്ത ഏത് ഘട്ടത്തിലാണ് മനസില്‍ കയറിക്കുടിയതെന്ന് ഇന്നും കൃത്യമായി ഓര്‍മയില്ല. പക്ഷേ മനസില്‍ എന്നും സിനിമയുണ്ടായിരുന്നു. അത് ഒരു തരം ബാധ പോലെ മനസിനെ ആവേശിച്ചിരുന്നു. വല്ലാത്ത ഒരു തരം പാഷന്‍. അതിന് പിന്നാലെയുളള യാത്രയാണ് എന്നെ ഇവിടെയെത്തിച്ചത്.
1975 ല്‍ സര്‍ക്കാര്‍ ജോലി കിട്ടി കൊല്ലത്ത് വന്നു. അവിടെ അന്ന് ഫിലിം സൊസൈറ്റി ഒന്നുമില്ല. നാഷനല്‍ ഫിലിം സൊസൈറ്റി തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ഞാന്‍ കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തു. മൃണാള്‍സെന്‍, കുമാര്‍ സാഹ്നി എന്നിങ്ങനെ ഇന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള ചലച്ചിത്രകാരന്‍മാരുടെ രചനകളുമായി പരിചയിക്കാന്‍ അവസരം ലഭിച്ചു. ആശാ ദിന്‍ ഏക് ദിന്‍ ഒക്കെ കാണുന്നത് ഈ ഘട്ടത്തിലാണ്. ഇവരില്‍ നിന്ന് വേറിട്ട് നിന്ന മണികൗള്‍ ചിത്രങ്ങള്‍ എന്നെ വല്ലാത്ത വിസ്മയങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. സിനിമ കൊണ്ട് ഇങ്ങനെയും ചിലത് സാധിക്കാമെന്ന തിരിച്ചറിവ് മണികൗള്‍ ചിത്രങ്ങള്‍ സമ്മാനിച്ചു. ഇതിവൃത്ത സ്വീകരണത്തിലും പരിചരണത്തിലും ദൃശ്യവത്കരണത്തിലും തീര്‍ത്തും വേറിട്ട അനുഭവങ്ങളായിരുന്നു അന്ന് കാണാന്‍ കഴിഞ്ഞ പല സിനിമകളും. ചില സുഹൃത്തൃക്കള്‍ക്കൊപ്പം കൊല്ലത്ത് ഒരു ഫിലിം സൊസൈറ്റി രൂപീകരിക്കാനുള്ള ശ്രമമായി. എനിക്ക് സിനിമകള്‍ കാണാനുള്ള അവസരമൊരുക്കുക എന്നതായിരുന്നു മുഖ്യഉദ്ദേശം. മൃണാള്‍സെന്നിന്റെ ഭുവന്‍ഷോമായിരുന്നു ഉദ്ഘാടനചിത്രം. അടിയന്തിരാവസ്ഥക്കാലത്തായിരുന്നു ഇത്.
ഈ കാലയളവില്‍ സിനിമാ സംബന്ധിയായി ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടില്ലേ?
ജനയുഗത്തിന്റെയും സിനിരമയുടെയും പുഷ്‌കലകാലമായിരുന്നു അത്. കാമ്പിശ്ശേരി കരുണാകരനായിരുന്നു പത്രാധിപര്‍. സിനിരമയില്‍ ചലച്ചിത്രനിരൂപണം എഴുതാന്‍ എനിക്ക് അവസരം ലഭിച്ചു. അത് ഒരു വലിയ സാധ്യതയായി തോന്നി. സിനിമകള്‍ കാണുകയും അതിന്റെ നാനാമുഖമായ വശങ്ങളെ സംബന്ധിച്ച് ആഴത്തില്‍ ചിന്തിക്കുകയും അതിന്റെ ഗുണാപഗണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നത് നമ്മുടെ ചലച്ചിത്രാവബോധം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാന്‍. അത് അച്ചടിച്ച് വരിക കൂടി ചെയ്യുമ്പോള്‍ ഇരട്ടിമധുരമായി. പ്രത്യേകിച്ചും അന്നത്തെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രപ്രസിദ്ധീകരണത്തില്‍. എന്റെ രചനാശൈലി കാമ്പിശ്ശേരിക്ക് ഇഷ്ടമായി. അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ട് എഴുതിക്കാന്‍ തുടങ്ങി. ക്രമേണ ജനയുഗത്തിലും അവസരം ലഭിച്ചു. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, രാമു കാര്യാട്ട്, പി.എന്‍.മേനോന്‍ അടക്കമുളള അക്കാലത്തെ വലിയ ചലച്ചിത്രപ്രതിഭകളുടെ അഭിമുഖം തയ്യാറാക്കാനുള്ള അവസരം കാമ്പിശ്ശേരി എനിക്ക് നല്‍കി.
ചലച്ചിത്രപത്രപ്രവര്‍ത്തനം എന്റെ ചിന്താപദ്ധതിയുടെ വിദൂരകോണുകളില്‍ പോലും ഉണ്ടായിരുന്നില്ല. സിനിമയുമായി ബന്ധപ്പെടാനുളള ഒരു മധ്യമാര്‍ഗം എന്ന നിലയിലാണ് ഇത്തരം എഴുത്തുകളെ കണ്ടിരുന്നത്. മലയാള നാടിലും കുങ്കുമത്തിലും നാനയിലും എല്ലാം എഴുതിയിരുന്നു. ചലച്ചിത്രലേഖകന്‍ എന്ന നിലയില്‍ പല പ്രമുഖസംവിധായകരുടെയും സെറ്റുകള്‍ സന്ദര്‍ശിക്കാനുള്ള അവസരം കിട്ടി.
അന്ന് കെ.ജി.ജോര്‍ജിനെ എനിക്ക് വ്യക്തിപരമായി അറിയില്ല. പക്ഷെ അദ്ദേഹത്തിന്റെ ആദ്യസിനിമയായ സ്വപ്നാടനത്തെക്കുറിച്ച് സിനിരമയില്‍ ഞാനൊരു നിരൂപണം എഴുതി. ജോര്‍ജേട്ടന് അത് വളരെ ഇഷ്ടമായി. അദ്ദേഹം ജനയുഗത്തില്‍ വിളിച്ച് ആരാണിത് എഴുതിയതെന്ന് അന്വേഷിച്ചു. പിന്നീട് സ്വപ്നാടനത്തിന് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കോട്ടയത്തു വച്ചായിരുന്നു പുരസ്‌കാരദാനച്ചടങ്ങ്. സിനിരമയെ പ്രതിനിധീകരിച്ച് ഞാന്‍ അവിടെ പോയിരുന്നു. അവിടെ വച്ചാണ് ജോര്‍ജിനെ പരിചയപ്പെടുന്നത്. സ്വപ്നാടനത്തെക്കുറിച്ച് വന്ന ഏറ്റവും നല്ല റിവ്യൂ ഹരി എഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ഞാന്‍ അത്ഭുതപ്പെട്ടത് സമീപകാലത്താണ്. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടപ്പോഴും അദ്ദേഹം അതുതന്നെ ആവര്‍ത്തിച്ചു. ഇന്നും അദ്ദേഹത്തിന്റെ സൂക്ഷിപ്പുകളുടെ ശേഖരത്തില്‍ ഞാന്‍ എഴുതിയ ആ കുറിപ്പുണ്ട്. എന്റെ കയ്യില്‍ നിന്നും അത് നഷ്ടപ്പെട്ട് പോയെങ്കിലും...
സിനിമാ സംവിധാനം എന്ന ലക്ഷ്യത്തിലേക്ക് എത്തിപ്പെടുന്നത്?
ജോലിയും സിനിമ കാണലും വായനയും മാത്രമായിരുന്നു അക്കാലത്ത് എന്റെ ലോകം. ഇടയ്ക്ക് സിനിമാ ലൊക്കേഷനുകളില്‍ പോവും. തിരുവനന്തപുരത്ത് പി.എന്‍.മേനോന്റെ ടാക്‌സി കാര്‍ എന്ന പടം നടക്കുമ്പോള്‍ അവിടെയെത്തി. സത്യന്റെ മകന്‍ സതീഷ് സത്യന്‍ അതില്‍ അഭിനയിച്ചിരുന്നു. ജോര്‍ജിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ സെറ്റുകളിലൂം പോയി. ഹ്രസ്വകാലം കൊണ്ടു പ്രമുഖരായ ചലച്ചിത്രകാരന്‍മാരില്‍ പലരുമായും നല്ല ബന്ധമുണ്ടായി. ഏതെങ്കിലും സിനിമയില്‍ സഹസംവിധായകനായി കയറിക്കുടാന്‍ വളരെ എളുപ്പം. പക്ഷെ സര്‍ക്കാര്‍ ജോലി വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോരാന്‍ കുടുംബസാഹചര്യങ്ങള്‍ അനുവദിക്കുന്നില്ല.
അന്ന് സഹസംവിധായകന്‍മാര്‍ക്ക് ഇന്നത്തെ പോലെ കാര്യമായ പ്രതിഫലമൊന്നും ലഭിക്കില്ല. കഷ്ടിച്ച് നിത്യവൃത്തി കഴിക്കാമെന്ന് മാത്രം. ഉളള ജോലി കളഞ്ഞ് അനിശ്ചിതത്വത്തിലേക്കിറങ്ങാന്‍ എന്തുകൊണ്ടോ ധൈര്യം വന്നില്ല. ജോലി നഷ്ടപ്പെടുത്താതെ സിനിമയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു ചിന്ത. പക്ഷെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും അസ്വസ്ഥനായി. യാന്ത്രികമായ ഒരു ജോലി ചെയ്ത് കാലം കഴിക്കുകയല്ല എന്റെ ജീവിതദൗത്യം എന്ന് തോന്നി. അത് മനസിന് യാതൊരു വിധ സന്തോഷവും സംതൃപ്തിയും നല്‍കുന്നില്ല എന്ന് തിരിച്ചറിഞ്ഞ ഘട്ടം കൂടിയായിരുന്നു അത്. എഴുത്തും കലാപ്രവര്‍ത്തനങ്ങളുമായി നടക്കുന്ന എന്നോട് സഹപ്രവര്‍ത്തകര്‍ക്ക് മതിപ്പുണ്ടായിരുന്നെങ്കിലും മേലുദ്യോഗസ്ഥര്‍ക്ക് എന്റെ രീതികള്‍ അത്ര പിടിച്ചില്ല. ജോലിയോട് നീതി പുലര്‍ത്താതെ നടക്കുന്ന ഒരു ഉഴപ്പന്‍ എന്ന നിലയിലാണ് അവര്‍ എന്നെ കണ്ടത്.
പക്ഷേ സിനിമയായിരുന്നു എനിക്ക് എല്ലാം. സിനിമയില്ലാതെ ഒരു ജീവിതമില്ല എന്ന തോന്നില്‍ മനസിനെ വല്ലാതെ മഥിച്ചു തുടങ്ങിയിരുന്നു. ഓരോ ലൊക്കേഷന്‍ യാത്രകളും ഓരോ അനുഭവങ്ങളായിരുന്നു. അരവിന്ദന്റെ തമ്പിന്റെ സെറ്റിലൊക്കെ പോയിട്ടുണ്ട്. ഒരു ലൊക്കേഷനില്‍ പോയാല്‍ മൂന്നും നാലും ദിവസങ്ങള്‍ അവരുടെ അതിഥിയായി താമസിക്കും. സിനിരമയെ പ്രതിനിധീകരിച്ചാണ് പോവുന്നതെങ്കിലും എന്റെ ശ്രദ്ധ റിപ്പോര്‍ട്ടിംഗിലായിരുന്നില്ല. എങ്ങനെ സിനിമ രൂപപ്പെടുന്നു എന്ന് പഠിക്കാനാണ് ഓരോ നിമിഷവും ചിലവഴിച്ചത്. തമ്പിലെ അഭിനേതാക്കളെല്ലാം തന്നെ പുതുമുഖങ്ങളായിരുന്നു.
അരവിന്ദേട്ടന്റെ രീതികള്‍ ഞാന്‍ കൗതുകത്തോടെ നോക്കിനിന്നു. അദ്ദേഹം സെറ്റില്‍ അലറിവിളിക്കുന്ന സംവിധായകനല്ല. ക്യാമറാമാനും അഭിനേതാക്കള്‍ക്കൂം നിര്‍ദ്ദേശം നല്‍കുന്നത് കാതില്‍ സ്വകാര്യം പറയും പോലെയാണ്. സ്റ്റാര്‍ട്ടും കട്ടും പറയുന്നത് പോലും വളരെ പതുക്കെ. ജോര്‍ജിന്റെ രീതി നേര്‍വിപരീതമായിരുന്നു.അന്ന് ഏറ്റവും ഖ്യാതിയുള്ള സംവിധായകന്‍ രാമു കാര്യാട്ടാണ്. അദ്ദേഹം കൊല്ലത്ത് വന്നപ്പോള്‍ ഞാന്‍ കാമ്പിശ്ശേരിയോട് പറഞ്ഞു. എനിക്ക് കാര്യാട്ടിനെ ഒന്ന് പരിചയപ്പെടണം
അതിനെന്താ നമുക്ക് അവസരം ഒരുക്കാമല്ലോ? എന്നായി അദ്ദേഹം. കൊല്ലം കാര്‍ത്തിക ഹോട്ടലിലാണ് അദ്ദേഹം താമസിക്കുന്നത്. ഞാന്‍ ചെല്ലുമ്പോള്‍ കാമ്പിശ്ശേരിയും മലയാളനാടിലെ എസ്.കെ.നായരും അടക്കം ഒരുപാട് പ്രമുഖര്‍ അവിടെയുണ്ട്. രാമൂ ഇതാണ് ഞാന്‍ പറഞ്ഞ ആളെന്ന് കാമ്പിശ്ശേരി മുഖവുരയിട്ടപ്പോള്‍ വാ..വാ..എന്ന് പറഞ്ഞ് വലിയ താത്പര്യത്തോടെ കാര്യാട്ട് സ്വീകരിച്ചു. എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ ജോലിയുണ്ടെന്ന് ഞാന്‍ വിനയത്തോടെ അറിയിച്ചു. നൂലൂ പോലിരിക്കുന്ന ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്ന് ഞാന്‍ തീരെ മെലിഞ്ഞിട്ടാണ്.
സിനിമയാണ് ഇയാളൂടെ മനസില്‍ എന്ന് കാമ്പിശ്ശേരി സൂചിപ്പിച്ചു. എഴുതുന്ന കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ടെന്ന് കാര്യാട്ട് പറഞ്ഞു. അത് എനിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.ആ സമയത്ത് അദ്ദേഹം ദ്വീപ് എന്ന പടത്തിന്റെ ലക്ഷദ്വീപ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി അടുത്ത ഷെഡ്യൂള്‍ വയനാട്ടില്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഷൂട്ടിംഗ് കാണാനുളള ആഗ്രഹം അറിയിച്ചപ്പോള്‍ കാര്യാട്ട് സന്തോഷത്തോടെ ക്ഷണിച്ചു.
താന്‍ പോയി നല്ല സാധനം എഴുതിക്കൊണ്ടു വാ..നമുക്ക് നല്ല ഗംഭീരമായി കൊടുത്തുകളയാം. യാത്രച്ചിലവിനെക്കുറിച്ചൊന്നും പേടിക്കണ്ട എന്ന് പറഞ്ഞ് കാമ്പിശ്ശേരിയും പ്രോത്സാഹിപ്പിച്ചു. ഞാന്‍ ഒരു ബസില്‍ വയനാട്ടിലെത്തി. കാര്യാട്ട് അദ്ദേഹം താമസിക്കുന്ന സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ തന്നെ എനിക്കും താമസസൗകര്യം ഒരുക്കി. മൂന്ന് ദിവസം ഞാന്‍ അവിടെ തങ്ങി. അദ്ദേഹത്തിന്റെ സെറ്റില്‍ ഒരില പോലും അനങ്ങില്ല. അത്രയ്ക്ക് ഭയമാണ് എല്ലാവര്‍ക്കും കാര്യാട്ടിനെ. സെറ്റില്‍ അന്ന് ശോഭയും വിലാസിനിയുമുണ്ട്. സ്‌ക്രിപ്റ്റില്ല. ഷോട്ടിന്റെ സമയത്ത് കാര്യാട്ട് കഥാസന്ദര്‍ഭം വിശദീകരിക്കും. പിന്നെ തന്റെ മനസില്‍ വരുന്ന സംഭാഷണങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കും. പിന്നിലിരുന്ന് സഹായി വിജയന്‍ കരോട്ട് അത് എഴുതിയെടുക്കും.
ഒരേ പ്രക്രിയ തന്നെ ഓരോ ചലച്ചിത്രകാരന്‍മാരും സമീപിക്കുന്ന രീതി എന്നെ ആഴത്തില്‍ സ്വാധീനിക്കുകയും പില്‍ക്കാലത്ത് ഒരു സംവിധായകന്‍ എന്ന നിലയില്‍ എന്നെ രൂപപ്പെടുത്തുന്നതില്‍ അത് ഗുണകരമാവുകയും ചെയ്തു. ചിത്രീകരിച്ച രംഗങ്ങള്‍ തീയറ്ററില്‍ ചെന്ന് കാണുമ്പോഴൂളള അവസ്ഥയും ഞാന്‍ സൂക്ഷ്മമായി വിലയിരുത്തി. ദ്വീപിന്റെ സെറ്റിലുണ്ടായ ഏറ്റവും അവിസ്മരണീയമായ അനുഭവം രാമു കാര്യാട്ട് എന്ന ചലച്ചിത്രേതിഹാസത്തെ ആഴത്തില്‍ അറിയാന്‍ സാധിച്ചു എന്നതാണ്. അന്ന് എനിക്ക് അദ്ദേഹത്തിന്റെ ഒരു ദീര്‍ഘഅഭിമുഖം വേണം. ഷൂട്ടിംഗ് കഴിഞ്ഞു വന്ന് അദ്ദേഹം ഒരുപാട് സമയം ഇരുന്നു തന്നു. എന്റെ ചോദ്യങ്ങള്‍ക്കെല്ലാം വിശദമായ മറുപടിയും നല്‍കി. ആ സെറ്റിലെ അനുഭവങ്ങളെ ആധാരമാക്കി കാടും കടലും കടന്ന് ദ്വീപിലേക്ക്...എന്ന ശീര്‍ഷകത്തില്‍ ദീര്‍ഘമായ ഒരു ലേഖനം എഴുതുകയും ചെയ്തു. പിന്നീട് ജേസിയുടെ സിന്ദൂരം എന്ന പടത്തിന്റെ സെറ്റില്‍ ചെന്നപ്പോള്‍ അദ്ദേഹം വളരെ ലാഘവത്തോടെ ഷൂട്ട് ചെയ്യുന്നത് കണ്ടു.
സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുക എന്ന സാഹസത്തിന് ധൈര്യം കാണിച്ചതായിഅറിയാം?
ആദ്യമൊക്കെ ജോലിയില്‍ നിന്ന് അവധിയെടുത്തുകൊണ്ടാണ് സെറ്റുകളില്‍ പോയിരുന്നത്. ജോലിസ്ഥലത്ത് ഞാനൊരു അധികപ്പറ്റാണെന്ന തോന്നല്‍ മേലുദ്യോഗസ്ഥര്‍ക്കൊപ്പം എനിക്കും തോന്നിത്തുടങ്ങി. നീതി പുലര്‍ത്താന്‍ കഴിയാത്ത ഒരു കര്‍മ്മം തുടരുന്നതില്‍ അർഥമില്ലെന്ന തോന്നല്‍ എന്റെയുളളില്‍ പ്രബലമായി. അടിയന്തിരാവസ്ഥ നിലനില്‍ക്കുന്ന കാലത്ത് കൃത്യത പാലിക്കാന്‍ കഴിയാത്ത ഒരുദ്യോഗസ്ഥന് സ്വാഭാവികമായും പ്രസക്തി നഷ്ടപ്പെട്ടു. പ്രത്യേകിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനമായ മുനിസിപ്പാലിറ്റിയിലാണ് ജോലി. ഒപ്പിടുകയും ശമ്പളം വാങ്ങുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നു ഞാന്‍.
എഴുത്തും വായനയും തീവ്രമായി തുടര്‍ന്നു പോന്നു. ഈ ഘട്ടത്തിലൊക്കെ എന്നെ വല്ലാതെ പിന്‍തുണച്ച നഗരമാണ് കൊല്ലം. സിനിമാ ബന്ധങ്ങള്‍ പടുത്തുയര്‍ത്തുന്നതിലും എഴുത്തുകാരന്‍ എന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തുന്നതിലും ഒക്കെ സഹായിച്ചത് കൊല്ലത്തു നിന്നും ലഭിച്ച ബന്ധങ്ങളാണ്. കൊല്ലത്ത് സിനിമാനുബന്ധിയായ ഏത് ചടങ്ങ് നടന്നാലും എന്നെ അതിലേക്ക് ക്ഷണിക്കും.
മാതൃഭൂമി ആഴ്ചപതിപ്പ് ഒഴികെയുളള മിക്കവാറും എല്ലാ പ്രസിദ്ധീകരണങ്ങളിലും അക്കാലത്ത് ഞാന്‍ എഴുതി. പി.എന്‍.മേനോന്‍, രാമു കാര്യാട്ട്, അരവിന്ദന്‍, അടുര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെയൊക്കെ അഭിമുഖങ്ങള്‍ എടുത്തു കഴിഞ്ഞിരുന്നു. അതൊരു പുസ്തകമാക്കിയാല്‍ കൊളളാമെന്ന് തോന്നി.
കോട്ടയത്തു വന്ന് ഡി.സി. കിഴക്കേമുറിയെ കണ്ടു. അദ്ദേഹം എന്റെ മുന്നിലിരുന്ന് തന്നെ അഭിമുഖങ്ങള്‍ വായിച്ചുനോക്കിയിട്ട് പുസ്തകമാക്കാനുളള സമ്മതം അറിയിച്ചു. എം.ടിയുടെയും പി.എ.ബക്കറിന്റെയും കൂടി അഭിമുഖങ്ങള്‍ തയാറാക്കാന്‍ നിര്‍ദ്ദേശിച്ചു. എം.ടിയെ അതുവരെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാനായി നേരെ കോഴിക്കോട് പോയി. ഫോണില്‍ മൂന്‍കൂട്ടി വിളിച്ചു പറഞ്ഞ് അനുവാദം വാങ്ങാതെയാണ് പോയത്. മാതൃഭൂമിയുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ ഒരു ചാരുകസേരയില്‍ ചാഞ്ഞു കിടക്കുകയാണ് അദ്ദേഹം. മുന്നിലെ മേശപ്പുറം നിറയെ ഒരു കുന്ന് ഫയലുകളും പുസ്തകങ്ങളും മാസികകളും മറ്റുമുണ്ട്. ഞാന്‍ ആഗമനോദ്ദേശ്യം അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ സുഖമില്ലാതിരിക്കുകയാണ് സംസാരിക്കാന്‍ പ്രയാസമുണ്ട്. ഞാന്‍ വരുന്ന ദൂരത്തെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും ദീര്‍ഘമായ അഭിമുഖത്തിന്റെ ആവശ്യകതയെക്കുറിച്ചും മറ്റും പറഞ്ഞു. അദ്ദേഹം അടഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. ടെലിഫോണില്‍ പോലും സംസാരിക്കരുതെന്നാണ് ഡോക്ടര്‍ എന്നോട് പറഞ്ഞിരിക്കുന്നത്. പക്ഷേ അദ്ദേഹം ആരെയോ വിളിച്ച് എനിക്ക് ഒരു ചായ തന്ന് പറഞ്ഞയച്ചു.
ഞാന്‍ ഇറങ്ങട്ടെയെന്ന് ചോദിച്ചപ്പോള്‍ എംടി തലകുലുക്കി. ഇന്ന് തന്നെ കൊല്ലത്തേക്ക് മടങ്ങുകയാണോ? എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു. അതെ ശരി.നമുക്ക് പിന്നെ കാണാം എന്ന് അദ്ദേഹം.പിന്നീട് അദ്ദേത്തെ കാണുന്നത് സിനിമയില്‍ വന്ന ശേഷമാണ്. എംടി പിന്‍വാങ്ങിയതോടെ പുസ്തകം എന്ന സ്വപ്നം ഉപേക്ഷിച്ചു. എന്റെ സഹജമായ ഉദാസീനതയായിരുന്നു യഥാര്‍ത്ഥകാരണം.
സഹസംവിധായകനായ ഹരികുമാര്‍ എന്നത് എപ്പോഴാണ് സംഭവിച്ചത്?
കൊല്ലത്തു വച്ച് പരിചയപ്പെട്ട സംവിധായകനാണ് എ.എന്‍.തമ്പി. നിശാഗന്ധി, മാസപ്പടി മാതുപിളള എന്നിങ്ങനെ രണ്ട് സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ഭാര്‍ഗവീനിലയത്തിന്റെ ചുവടു പിടിച്ച് ചെയ്ത പടമാണ് നിശാഗന്ധി. തമ്പി സാറിന്റെ വീട്ടില്‍ ഞാന്‍ കൂടെക്കുടെ പോവും. അങ്ങനെ ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പത്തിലായി.അന്ന് ടി.ജി.രവി ഒരു സിനിമ നിർമിക്കാനായി അദ്ദേഹത്തെ സമീപിച്ചു. നാടകകൃത്തായ ടി.വി.ഗോപാലകൃഷ്ണനാണ് രവിയെ തമ്പി സാറുമായി പരിചയപ്പെടുത്തുന്നത്. ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അവര്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുകയാണ്. സിനിമയ്ക്ക് ഒരു കഥ വേണമെന്ന് തമ്പി സാര്‍ സൂചിപ്പിച്ചു. ഞാന്‍ ഒരു കഥ അദ്ദേഹത്തോട് പറഞ്ഞു. കഥ തമ്പി സാറിന് ഇഷ്ടമായി. നമുക്കിത് ചെയ്യാം ഹരീ എന്ന് അദ്ദേഹം പറഞ്ഞു. തിരക്കഥയെഴുതാന്‍ ആഗ്രഹം മൂത്ത് നടക്കുന്ന സമയമാണത്. അതിനുള്ള തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണ്.
തമ്പി സാര്‍ തൃശൂരില്‍ പോയി നിർമാതാവിനോട് കഥ പറഞ്ഞപ്പോള്‍ അവര്‍ക്കും ഇഷ്ടപ്പെട്ടു. അന്ന് മൊബൈലില്ലാത്തതു കൊണ്ട് അദ്ദേഹം തന്റെ മനോഹരമായ കൈപ്പടയില്‍ അവിടെയിരുന്ന് തന്നെ മുനിസിപ്പാലിറ്റിയിലേക്ക് എനിക്ക് ഒരു കത്തെഴുതി. ഹരി കത്ത് കിട്ടിയാലുടന്‍ തൃശൂരിലെത്തണമെന്ന് പ്രത്യേകം സൂചിപ്പിച്ചിരുന്നു. നമ്മുടെ ഒരു കഥ സിനിമയാക്കുന്നുവെന്ന് കേട്ടതും എനിക്ക് ആകെ ആവേശമായി. സിനിമ മനസില്‍ ധ്യാനിച്ചും മോഹിച്ചും കഴിയുന്ന കാലമാണല്ലോ അത്? പിറ്റേന്ന് തന്നെ ഞാന്‍ തൃശൂരിലെത്തി. തിരക്കഥയുടെ രൂപത്തില്‍ ആദിമധ്യാന്തങ്ങള്‍ പാലിച്ച് എല്ലാ വിശദാംശങ്ങളോടെയാണ് ഞാന്‍ കഥ പറയുന്നത്. തിരക്കഥാകൃത്തായി ഞാന്‍ എന്റെ പേര് മനസിന്റെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.
ചര്‍ച്ച മുറുകിയപ്പോള്‍ കോളജ് അധ്യാപകനായ ജി.ഗോപാലകൃഷ്ണന് തിരക്കഥ എഴുതണം. അദ്ദേഹവും രവിയേട്ടനും അടുത്ത സുഹൃത്തുക്കളാണ്. ഗോപാലകൃഷ്ണന്‍ തൃശൂരിലെ അറിയപ്പെടുന്ന നാടകനടനും നാടകകൃത്തുമാണ്. തമ്പി സാര്‍ എന്നെ വിളിച്ച് മാറ്റി നിര്‍ത്തി പറഞ്ഞു. ഹരി..തിരക്കഥയെഴുതണമെന്ന് വാശി പിടിക്കാതെ ഡിസ്‌കഷനിലും ഷൂട്ടിങിലുമൊക്കെ കൂടെ നില്‍ക്ക്..ഞാന്‍ എതിര്‍ക്കാന്‍ നിന്നില്ല. ആ സിനിമയാണ് പാദസരം. പ്രധാന കഥാപാത്രങ്ങള്‍ കമലഹാസനും ശ്രീദേവിയും ശോഭയും ചെയ്യണമെന്നായിരുന്നു എന്റെ മനസില്‍. ശ്രീദേവി മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയമാണ്. കമലഹാസന്‍ തമിഴില്‍ പതിനാറ് വയതിനിലേയും മലയാളത്തില്‍ മദനോത്സവവും ഈറ്റയും ഒക്കെ ഹിറ്റായി നില്‍ക്കുന്നു. അവരെ ബുക്ക് ചെയ്യാനായി തമ്പി സാറും രവിയേട്ടനും കൂടി മദ്രാസിലേക്ക് പോയി. അന്നും മുനിസിപ്പല്‍ ഓഫിസിലേക്ക് തമ്പി സാറിന്റെ കത്ത് വന്നു.
ഹരി...നമ്മളുദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല. കമലിനെയും ശ്രീദേവിയെയും കിട്ടിയില്ല നിർമാതാവ് കൂടിയായ ടി.ജി.രവിയാണ് നായകവേഷം ചെയ്തത്. അന്നത്തെ യുവനടന്‍മാരില്‍ ശ്രദ്ധേയനായ ജോസും പി.ജെ.ആന്റണി, രാജി എന്നിവരും അതില്‍ അഭിനയിച്ചിരുന്നു. എന്നെ സംബന്ധിച്ച് മികച്ച ഒരു സിനിമാപഠനക്കളരിയായിരുന്നു ആ ചിത്രം. അതിന്റെ അസോഷ്യേറ്റ് ഡയറക്ടറായി ജോലി ചെയ്യാന്‍ തമ്പി സാര്‍ എനിക്ക് അവസരം തന്നു. കൊട്ടാരക്കരയും ശോഭയും മുഖ്യവേഷങ്ങളിലുണ്ടായിരുന്നു. ശോഭയെ ഞാന്‍ ആദ്യമായും അവസാനമായും കാണുന്നത് ആ സെറ്റില്‍ വച്ചാണ്. വളരെ ചെറിയ കുട്ടിയായിരുന്നു ശോഭ. ഒരു അനുജത്തിയെ പോലെ വാത്സല്യം തോന്നുന്ന കുട്ടി.
പിന്നീട് പശി എന്ന തമിഴ് സിനിമയിലുടെ ശോഭയ്ക്ക് ഉര്‍വശി അവാര്‍ഡ് കിട്ടി. ശോഭയുടെ മരണശേഷമുള്ള അമ്മ പ്രേമയുടെ ജീവിതം ഇന്നും മറക്കാന്‍ പറ്റില്ല. ഒരു മുറി നിറയെ ശോഭയുടെ പല തരത്തിലുള്ള പടങ്ങള്‍ വച്ച് അതിനുളളില്‍ മാത്രം ജീവിച്ചു തീര്‍ക്കുകയായിരുന്നു പ്രേമ. എഴുതി വച്ച തിരക്കഥയില്‍ നിന്ന് എങ്ങനെയാണ് ഒരു സിനിമ രൂപപ്പെട്ട് വരുന്നതെന്നത് സംബന്ധിച്ച വ്യക്തമായ ധാരണ എനിക്ക് ലഭിക്കുന്നത് ആ ലൊക്കേഷനില്‍ വച്ചാണ്. ആ പടത്തിന്റെ ജോലിയില്‍ പൂര്‍ണ്ണമായി മൂഴുകുകയും സംശയനിവൃത്തി വരുത്തുകയുമൊക്കെ ചെയ്തത് ഗുണകരമായി. ഇന്നല്ലെങ്കില്‍ നാളെ സ്വന്തമായി ഒരു സിനിമ ചെയ്യാമെന്ന ആത്മവിശ്വാസം ലഭിക്കുന്നത് ആ സന്ദര്‍ഭത്തിലാണ്. പാദസരത്തിന്റെ സെറ്റില്‍ തമ്പി സാര്‍ എനിക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം തന്നിരുന്നു. അദ്ദേഹം എന്റെ അഭിപ്രായങ്ങളെ മാനിക്കുകയും അതിന് വിലകല്‍പ്പിക്കുയും ചെയ്തു. എന്റെ മനസിലുളള ആശയങ്ങള്‍ ചിത്രീകരിക്കുന്നതും അതിന്റെ അന്തിമഫലം സ്‌ക്രീനില്‍ വരുന്നതുമൊക്കെ നേരിട്ട് കണ്ട് മനസിലാക്കാന്‍ സാധിച്ചു.
ഈ അനുഭവങ്ങള്‍ സ്വതന്ത്ര സംവിധായകനാവാനുളള ആത്മവിശ്വാസം നല്‍കിയോ?
പാദസരത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ നാട്ടില്‍ തിരിച്ചെത്തി. അന്ന് കൊട്ടാരക്കര ബാറിലെ അഭിഭാഷകനായ ഗോപിനാഥന്‍ നായര്‍ എന്റെ സുഹൃത്താണ്. അദ്ദേഹം സിനിമയോട് താത്പര്യമുളള ആളുമാണ്. അദ്ദേഹം മുന്‍പ് കൊട്ടാരക്കരയില്‍ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്ത് എന്റെ മുറിയില്‍ വന്ന് പല കാര്യങ്ങളും സംസാരിച്ചിരിക്കും. പാദസരം കഴിഞ്ഞ് വന്നപ്പോള്‍ പതിവ് പോലെ അതിന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ ഞാന്‍ അദ്ദേഹവുമായി പങ്ക് വച്ചു. ഉടന്‍ അദ്ദേഹം എന്നോട് ചോദിച്ചു. നമുക്ക് ഒരു സിനിമ നിര്‍മിച്ചാലോ?
ഞാന്‍ ചോദിച്ചു.
ആര് സംവിധാനം ചെയ്യും?
അത് ഹരി തന്നെ ചെയ്താല്‍ മതി
എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് നടുങ്ങി.
ഞാനോ?
എന്ന് തിരിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
ഹരിയൊരു പടം ചെയ്യ്. ഇപ്പോ ഒരു പടം ചെയ്യാനുളള അനുഭവമൊക്കെ ആയി
അപ്പോഴും എനിക്ക് വിശ്വാസം വന്നില്ല. ധൈര്യം തോന്നിയതുമില്ല. എന്നെങ്കിലും ഒരു സിനിമ ചെയ്യണമെന്ന തീവ്രമായ മോഹം കൊണ്ടാണ് ജോലിയില്‍ നിന്നും ശമ്പളമില്ലാത്ത അവധിയെടുത്ത് സിനിമക്ക് പിന്നാലെ ഇറങ്ങിത്തിരിച്ചത്. പക്ഷെ ഉടനടി ഒരു സിനിമ മനസിലുണ്ടായിരുന്നില്ല. പാദസരത്തില്‍ ജോലി ചെയ്യുമ്പോള്‍ നയാപൈസ പ്രതിഫലം ലഭിച്ചിട്ടില്ല. അന്നും ഇന്നും സാമ്പത്തികം ഒരു പ്രലോഭനമായിരുന്നില്ല. ഹരി ധൈര്യമായി ചെയ്യ് എന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. അന്ന് എന്റെ മെന്ററായിരുന്ന ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിനോട് വിവരം പറഞ്ഞു. അദ്ദേഹവും കൂടി പ്രോത്സാഹിപ്പിച്ചപ്പോള്‍ ആത്മവിശ്വാസം ഏറി. ഞാന്‍ എഴുതി വച്ചിരുന്ന ഒരു തിരക്കഥ ഗോപിനാഥന്‍ നായര്‍ക്ക് വായിക്കാന്‍ കൊടുത്തു. പത്താം ാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് മുതിര്‍ന്ന അദ്ധ്യാപകനോട് തോന്നുന്ന പ്രണയമാണ് ഇതിവൃത്തം. അന്നത്തെ കാലത്ത് വളരെ പുതുമയുള്ള ഒന്നായിരുന്നു അത്.
ഞാന്‍ താമസിക്കുന്ന ലോഡ്ജില്‍ വച്ച് ഒറ്റയിരിപ്പില്‍ തിരക്കഥ വായിച്ചിട്ട് അദ്ദേഹം പറഞ്ഞു. ഇത് നമുക്ക് ചെയ്യണ്ട ഹരി എന്ന് പറഞ്ഞു. ഒരു കാബറേ നര്‍ത്തകിയുടെ കഥ മനസിലുണ്ടായിരുന്നത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ആ കഥ പുളളിക്ക് ഇഷ്ടമായി. ഇനി തിരക്കഥ എഴുതണം. വ്യക്തിപരമായി എനിക്ക് നല്ല അടുപ്പമുള്ളയാളാണ് പെരുമ്പടവം ശ്രീധരന്‍. ഞാന്‍ പഠിക്കുന്ന കാലം മുതല്‍ തിരുവനന്തപുരത്തെ സായാഹ്നഹ്‌നങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് നടക്കുകയും സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ചെന്ന് പുസ്തകങ്ങള്‍ വാങ്ങുകയുമൊക്കെ ചെയ്തിരുന്നു. എസ്.കെ.പൊറ്റക്കാടിന്റെ ദേശത്തിന്റെ കഥയൊക്കെ അവിടെ നിന്നാണ് കിട്ടിയത്. രസകരമായ ഒരു കാര്യമുളളത്, പല പ്രമുഖരും സ്‌നേഹപൂര്‍വം എന്ന് എഴുതി ഒപ്പിട്ട് കൊടുത്ത പുസ്തകങ്ങള്‍ ആളുകള്‍ അവിടെ കൊണ്ട് വില്‍ക്കുകയും അത് എന്റെ കയ്യിലെത്തുകയും ചെയ്തിട്ടുണ്ട്. ആ ആട്ടോഗ്രാഫുകള്‍ വിലപ്പെട്ട നിധി പോലെ ഞാന്‍ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. പെരുമ്പടവം എഴുതുന്ന കാര്യം പറഞ്ഞപ്പോള്‍ നിര്‍മാതാവിനും സ്വീകാര്യമായി.
അപ്പോഴേക്കും പാദസരം തീയറ്ററിലെത്തി. അതുകണ്ടിട്ട് പെരുമ്പടവം എനിക്കൊരു കത്തെഴുതി. അതിലൊരു വാചകം ഒരിക്കലും മറക്കാന്‍ കഴിയില്ല.ആ പടം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഹരിയെ എനിക്കതില്‍ ഉടനീളം കാണാന്‍ കഴിഞ്ഞു. സിനിമയ്ക്ക് മികച്ച അഭിപ്രായമുണ്ടായെങ്കിലും പടം സാമ്പത്തികമായി പരാജയപ്പെട്ടു. അന്ന് വീടുകളില്‍ ലാന്‍ഡ് ഫോണ്‍ പോലും ഇല്ല. കത്തുകളാണ് ആശ്രയം. അല്ലെങ്കില്‍ നേരില്‍ പോയി കാണണം. ഞാന്‍ വീട്ടില്‍ ചെന്ന് പെരുമ്പടവത്തെ കണ്ടു. അദ്ദേഹത്തിന് വലിയ സന്തോഷമായി. ഞാന്‍ പറഞ്ഞ കഥ അദ്ദേഹത്തിന് ഇഷ്ടമാവുകയും ചെയ്തു. പെരുമ്പടവം കൊല്ലത്ത് കാര്‍ത്തിക ഹോട്ടലില്‍ താമസിച്ചുകൊണ്ട് എഴുതാന്‍ തുടങ്ങി. പകല് ഞാന്‍ ജോലിക്ക് പോകുമ്പോള്‍ അദ്ദേഹം ഇരുന്നെഴുതും. രാത്രി ഞാന്‍ മടങ്ങി വരുമ്പോള്‍ പരസ്പരം ചര്‍ച്ച ചെയ്യും.
ഒരു മാസത്തിനുളളില്‍ അദ്ദേഹം എഴുതി തന്നു. ഞാനും ഗോപിനാഥന്‍ നായരും കൂടി കൊല്ലം ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയി പെരുമ്പടവത്തെ ബസ് കയറ്റി വിട്ടു. ആ സിനിമ എഴുതിയതിന് അദ്ദേഹത്തിന് ഒരു രൂപ പ്രതിഫലം കൊടുത്തിട്ടില്ല. അത്ര പരിമിതമായിരുന്നു ആ സിനിമയൂടെ ബഡ്ജറ്റ്. അന്ന് അദ്ദേഹം എഴുത്തുകൊണ്ട് മാത്രം ജീവിക്കുന്ന കാലമാണ്. മറ്റ് വരുമാനമൊന്നുമില്ല. എന്നിട്ടും അദ്ദേഹം പണത്തിന് വാശിപിടിച്ചില്ല. പിന്നീട് ഒരിക്കലും ഞങ്ങള്‍ ഒരുമിച്ചില്ല. സിനിമയിലെ സാഹചര്യങ്ങള്‍ അതിന് അനുവദിച്ചില്ല എന്നതാണ് സത്യം. പ്രതിഫലം തരാത്തതിന് അദ്ദേഹം ആരോടും പരാതി പറഞ്ഞില്ല. സിനിമയില്‍ ഞാന്‍ രക്ഷപ്പെടണമെന്ന് മാത്രമായിരുന്നു ആ മനസില്‍. വളരെ സന്തോഷത്തോടെയാണ് പെരുമ്പടവം മടങ്ങിപ്പോയത്. വീട്ടില്‍ ചെന്നശേഷം അദ്ദേഹം എനിക്കൊരു കത്തെഴുതി.
മുന്‍പ് പല സിനിമകള്‍ ചെയ്തപ്പോള്‍ കിട്ടാത്ത സന്തോഷം ഹരിക്കൊപ്പം ഈ സിനിമ ചെയ്തപ്പോള കിട്ടി. സിനിമയില്‍ ഹരിക്ക് ഒരു വലിയ ഭാവിയുണ്ട്. പക്ഷേ തിരക്കഥ സിനിമയാകാന്‍ കുറച്ച് വൈകി. ആ സമയത്ത് ദീപിക ഓണപതിപ്പിന് പെരുമ്പടവത്തിന്റെ ഒരു നോവല്‍ വേണം. ഈ കഥ ഒരു നോവല്‍ രൂപത്തില്‍ അവര്‍ക്ക് കൊടുത്തോട്ടെ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാന്‍ സമ്മതം മൂളി. അദ്ദേഹം ഇരുട്ടില്‍ പറക്കുന്ന പക്ഷി എന്ന പേരില്‍ നോവല്‍ എഴുതി അവര്‍ക്ക് കൊടുത്തു. പക്ഷെ ആ പേര് സിനിമക്ക് യോജിക്കില്ല എന്നതുകൊണ്ട് ഞങ്ങള്‍ പടം ആയപ്പോള്‍ ആമ്പല്‍പ്പൂവ് എന്നാക്കി.
പിന്നീട് നോവല്‍ പുസ്തകരൂപത്തിലെത്തിയപ്പോള്‍ പെരുമ്പടവം അതിന്റെ ആമുഖമായി ഇങ്ങനെ എഴുതി.ഇരുട്ടില്‍ പറക്കുന്ന പക്ഷിയുടെ ചിറകടിയൊച്ച ആദ്യം കേട്ടത് ഹരികുമാറാണ്. ഹരി എന്നെ നോക്കി പറഞ്ഞു. അതാ ഇരുട്ടില്‍ ഒരു പക്ഷി പറക്കുന്നു. എന്തുകൊണ്ടോ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നോവലുകളുടെ ഗണത്തില്‍ ആ പുസ്തകം വന്നില്ല. മനുഷ്യന് എന്ന പോലെ ഓരോ കലാസൃഷ്ടിക്കും ഓരോ വിധിയുണ്ടല്ലോ? ഇന്നും പെരുമ്പടവവും ഞാനും തമ്മിലുള്ള സ്‌നേഹമസൃണമായ ബന്ധം തുടരുന്നു. അദ്ദേഹത്തിന് ഞാന്‍ ഒരു അനുജനെ പോലെയാണ്.
ആദ്യ സിനിമ ഒരുപാട് വൈതരണികളിലൂടെ കടന്നുപോയതായി കേട്ടിട്ടുണ്ട്?
സിനിമയുടെ നിർമാണം തുടങ്ങാറായി. ബെന്നി ഫിലിംസ് ഉടമ ഏബ്രഹാം പടം വിതരണത്തിന് എടുക്കാമെന്ന് സമ്മതിച്ചിരുന്നു. പടം തുടങ്ങി കുറെക്കഴിയുമ്പോള്‍ അദ്ദേഹം പണം തരും. ആ ധൈര്യത്തിലിരിക്കുമ്പോള്‍ ഒരു ആക്‌സിഡണ്ടില്‍ അദ്ദേഹം മരിച്ചുപോയി. അതോടെ അതോടെ നിര്‍മാതാവ് ഗോപിനാഥന്‍ നായര്‍ പിന്‍മാറി. പക്ഷേ എനിക്ക് മുന്നോട്ട് പോയേ തീരൂ. അദ്ദേഹം പറഞ്ഞു.
ഹരി എങ്ങിനെയെങ്കിലും പടം തീര്‍ക്ക്. എനിക്ക് ചിലവായ കാശ് സിനിമ റിലീസായിട്ട് തന്നാല്‍ മതി.
ഒരു സിനിമ നിര്‍മിക്കാനുളള സാമ്പത്തികശേഷി എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. അപ്പോഴേക്കും കുറെയേറെ പണം എന്റെ കയ്യില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞിരുന്നു. മറ്റൊരു നിര്‍മാതാവ് വന്നതുമില്ല. പിന്നീട് സുഹൃത്തുക്കളില്‍ നിന്നും ചില ബന്ധുക്കളില്‍ നിന്നും ശേഖരിച്ച പണം കൊണ്ട് പടം പൂര്‍ത്തിയാക്കുകയായിരുന്നു. പിന്നീട് വിതരണത്തിന് എടുക്കാന്‍ ആളില്ലാതെ ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. മദ്രാസിലെ അരുണ ഹോട്ടലില്‍ താമസിച്ചുകൊണ്ട് പടം റിലീസ് ചെയ്യാനുളള ശ്രമങ്ങള്‍ തുടങ്ങി.വീട്ടില്‍ പോകാന്‍ നിര്‍വാഹമില്ല. തിരിച്ച് ജോലിയില്‍ കയറാനും സാധിക്കില്ല. വല്ലാത്ത ഒരു അനിശ്ചിതാവസ്ഥയിലൂടെ ജീവിത കടന്നു പോയി. പിന്നീട് ഏയ്ഞ്ചല്‍ ഫിലിംസ് ഉടമ മുത്തൂറ്റ് പാപ്പച്ചനാണ് പടം വിതരണത്തിന് എടുത്തത്. സിനിമ തീയറ്ററില്‍ വിജയിച്ചില്ല. പക്ഷെ സിനിക്ക്, കോഴിക്കോടന്‍ അടക്കമുളള നിരൂപകര്‍ നല്ല അഭിപ്രായം എഴുതി. അതുവരെ ആരും അറിയപ്പെടതിരുന്ന ഞാന്‍ സിനിമാ വ്യവസായത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. അടുത്ത പടം സ്‌നേഹപൂര്‍വം മീര നിർമിച്ചത് എന്റെ സുഹൃത്ത് എസ്.എസ്. ലാലാണ് . മൂന്നാമത്തെ പടമായ ഒരു സ്വകാര്യം നിർമിക്കാന്‍ വിന്ധ്യന്‍ എന്ന നിര്‍മ്മാതാവ് എന്നെ തേടി വരികയായിരുന്നു. ഇത് രണ്ടും അന്നത്തെ ന്യൂജന്‍ പടങ്ങളായിരുന്നു.
ആദ്യസിനിമയ്ക്ക് കാബറേ നര്‍ത്തകിയുടെ കഥ സ്വീകരിക്കാന്‍ എങ്ങനെ ധൈര്യം വന്നു?
കാബറേ നര്‍ത്തകിയുടെ കഥയാണെങ്കിലും ആമ്പല്‍പ്പൂവ് ഒരു ക്ലീന്‍ സിനിമയായിരുന്നു. നൃത്തം പഠിച്ച ഒരു പെണ്‍കുട്ടി സാഹചര്യങ്ങള്‍ മുലം കാബറേ നര്‍ത്തകിയായി തീരുന്നതാണ് ഇതിവൃത്തം. അവളുടെ ആത്മസംഘര്‍ഷമാണ് സിനിമ പറയുന്നത്. അന്ന് സിനിമയില്‍ കാബറേ അവതരിപ്പിച്ചിരുന്ന മാദക നടികളെ ഒന്നും കാസ്റ്റ് ചെയ്യാതെ ആ റോളില്‍ അഭിനയിക്കാന്‍ തെരഞ്ഞെടുത്തത് ഒരു തലൈരാഗം എന്ന ഹിറ്റ് സിനിമയിലെ നായികയായിരുന്ന രൂപയെ ആയിരുന്നു. അവരുടെ ശരീരത്തിന്റെ ഒരംശം പോലും, അനാവരണം ചെയ്യാതെയാണ് പടം ചിത്രീകരിച്ചത്.
കാവാലം നാരായണപണിക്കരാണ് ഗാനങ്ങള്‍ എഴുതിയത്. ദക്ഷിണാമുര്‍ത്തി സ്വാമിയാണ് സംഗീതം. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിലായിരുന്നു റിക്കാര്‍ഡിങ്. വളരെ കുറച്ച് പൈസ കൊടുത്താണ് ഇതൊക്കെ ചെയ്യുന്നത്. കാരണം അത്രയ്ക്ക് ലോബജറ്റിലാണ് നിര്‍മാണം.
ഇനി നായകനെ കണ്ടെത്തണം. സുകുമാരന്‍ അന്ന് കത്തിജ്വലിച്ചു നില്‍ക്കുന്ന സമയമാണ്. ഞാന്‍ വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ടു. മുഖാമുഖം കണ്ടയുടനെ അദ്ദേഹം ചോദിച്ചു.നമ്മളിതിന് മുന്‍പ് കണ്ടിട്ടുണ്ടോ? ഞാന്‍ ചിരിച്ചു. സുകുമാരന്‍ വിട്ടില്ല. നിങ്ങളല്ലേ എന്നെ അന്ന് നാനയ്ക്ക് വേണ്ടി ഇന്റര്‍വ്യൂ ചെയ്തത്
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സെന്‍സേഷനലായ അഭിമുഖമായിരുന്നു അത്. ദാസ് ക്യാപ്പിറ്റലും നാട്യശാസ്ത്രവുമൊക്കെ വായിച്ച ഏക നടന്‍ മലയാളത്തിലുണ്ട് എന്നൊക്കെ പറഞ്ഞാണ് അഭിമുഖം തുടങ്ങുന്നത്. അതില്‍ നടന്‍ സോമനെയൊക്കെ അദ്ദേഹം പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചിരുന്നു. അല്‍പ്പം അഹങ്കാരം തുടിച്ചു നില്‍ക്കുന്ന അഭിമുഖമാണ്. ഒരു ആവേശത്തില്‍ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അച്ചടിച്ചു വന്നപ്പോള്‍ ഒരുപാട് പേര്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചു. നിങ്ങളല്ലേ അത് ചെയ്തത്? ഞാന്‍ അന്നേ നിങ്ങളെ ശ്രദ്ധിച്ചിരുന്നു
അന്ന് മദ്രാസില്‍ വര്‍ഷങ്ങളോളം സഹസംവിധായകനായി പ്രവര്‍ത്തിച്ചവര്‍ക്ക് മാത്രമേ സംവിധായകനാകാന്‍ കഴിയു. ഞാന്‍ ഒന്നോ രണ്ടോ പടങ്ങളൂടെ അനുഭവവും കൊണ്ടാണ് വന്നിരിക്കുന്നത്. എനിക്കാണെങ്കില്‍ മദ്രാസുമായി ഒരു ബന്ധവുമില്ല. ഞാന്‍ കഥ ചുരുക്കി പറഞ്ഞു. കേട്ട് കഴിഞ്ഞ് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ കുറെ പടത്തിലൊക്കെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിട്ട് വേണ്ടേ സിനിമ ചെയ്യാന്‍ ഞാനൊന്ന് ഞെട്ടി. സംഗതി കുഴപ്പമായോ എന്ന് ശങ്കിച്ചിരിക്കുമ്പോള്‍ അടുത്ത കമന്റ ് വന്നു. ങാ..കുഴപ്പമില്ല. ബാലചന്ദ്രമേനോനൊക്കെ ഒരു പടത്തിലും അസിസ്റ്റന്റാകാതെയാണ് പടം ചെയ്ത് വിജയിപ്പിച്ചത്. കഴിവുളളവര്‍ക്ക് അതിന്റെയൊന്നും ആവശ്യമില്ല എന്നെ വളരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം പെരുമാറിയത്. അപ്പോള്‍ തന്നെ അദ്ദേഹത്തിന് അഡ്വാന്‍സും കൊടുത്തു. അപ്പോഴേക്കും പടം തുടങ്ങാന്‍ പോകുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പത്രമാസികകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഞാന്‍ ആഫീസില്‍ നിന്നും ഒരു വര്‍ഷത്തേക്ക് അവധിയെടുത്തു.
ആമ്പല്‍പ്പൂവ് സാമ്പത്തികമായി വന്‍വിജയമായിരുന്നില്ല. പക്ഷെ വേറിട്ട വഴിയെ സഞ്ചരിക്കുന്ന സംവിധായകന്‍ എന്ന പ്രതിച്ഛായ എനിക്ക് ഗുണകരമായി. എനിക്കൊപ്പം സിനിമ ചെയ്യാന്‍ തയ്യാറായി നിര്‍മ്മാതാക്കളും അഭിനേതാക്കളും മുന്നോട്ട് വന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സിനിമ കൊണ്ട് ജീവിക്കാമെന്ന ആത്മവിശ്വാസം വന്നപ്പോള്‍ ജോലി ഉപേക്ഷിച്ച് പൂര്‍ണമായും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഗൗരവമുള്ള വിഷയങ്ങള്‍ പറയുമ്പോഴും ആസ്വാദനക്ഷമമാണ് ഹരികുമാര്‍ ചിത്രങ്ങള്‍?
ആളുകള്‍ക്ക് രസിക്കുന്ന സിനിമകള്‍ ചെയ്യാനാണ് ഞാനും ഇഷ്ടപ്പെടുന്നത്. സംവേദനം ചെയ്യപ്പെടാത്ത ഒരു കലാസൃഷ്ടി കൊണ്ട് എന്തുകാര്യം? അതേസമയം നിശ്ചിത നിലവാരം കൈവിടാതെ സൂക്ഷിക്കേണ്ട ബാധ്യതയുമുണ്ട്. ആര്‍ട്ട്ഹൗസ് സിനിമകള്‍ എല്ലാം വിരുദ്ധദിശയിലുള്ളതാണെന്ന് എനിക്ക് അഭിപ്രായമില്ല. അടുരിന്റെ കൊടിയേറ്റവും എലിപ്പത്തായവും അനന്തരവുമെല്ലാം നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന അതേസമയം ആഴമുള്ള സൃഷ്ടികളാണ്.
താങ്കളുടെ പ്രമേയങ്ങളും ആഖ്യാനരീതികളും പരസ്പരവിരുദ്ധമാണ്. സുകൃതം ചെയ്ത അതേ കരങ്ങള്‍ കൊണ്ട് പുലി വരുന്നേ പുലിയും സ്വയം വരപ്പന്തലും ഒരുക്കി?
ഒരേ ജനുസിലുളള ഒരേ ആഖ്യാനരീതി കൈക്കൊള്ളുന്ന സിനിമകളോട് ഒരിക്കലും താത്പര്യം ഉണ്ടായിട്ടില്ല. ഒരു ഫിലിം മേക്കറുടെ മികവ് പരസ്പരബന്ധമില്ലാത്ത സിനിമകള്‍ ചെയ്യുന്നതിലാണ്. ശൈലിത് പലപ്പോഴും പരിമിതിയുടെ സൂചനയാണ്.കെ.ജി.ജോര്‍ജിനെ നോക്കൂ. ഇരകള്‍ എന്ന ധ്വനിസാന്ദ്രമായ വയലന്‍സിന് പ്രാമുഖ്യമുള്ള സിനിമ ചെയ്ത അദ്ദേഹം തന്നെ ആക്ഷേപഹാസ്യത്തിന് മൂന്‍തൂക്കമുള്ള പഞ്ചവടിപ്പാലവും സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ലും മനശാസ്ത്രചിത്രമായ സ്വപ്നാടനവും ബയോപിക് എന്ന് വിശേഷിപ്പിക്കാവുന്ന ലേഖയുടെ മരണവും ചെയ്തത്. കുറ്റാന്വേഷണസ്വഭാവമുള്ള യവനികയും അദ്ദേഹം തന്നെ ചെയ്തു. ഇതിന്റെയൊന്നും ഇതിവൃത്തങ്ങള്‍ തമ്മിലോ അവതരണരീതിയിലോ യാതൊരു സാധര്‍മ്മ്യവുമില്ല എന്നതാണ് ശ്രദ്ധേയം.ഞാനും ഏറെക്കുറെ ആ തലത്തില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന ഫിലിം മേക്കറാണ്.ആത്യന്തികമായി എന്നെയും ആസ്വാദകരെയും നിരൂപകരെയും എല്ലാം ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ തീര്‍ച്ചയായും നല്ല സിനിമ എന്ന വിശേഷണത്തിന് അര്‍ഹമാണ്. സുകൃതം 25 വര്‍ഷത്തിനു ശേഷവും ടിവിയില്‍ വരുമ്പോള്‍ ദിവസവും കുറഞ്ഞത് അഞ്ച് മെസേജുകള്‍ എങ്കിലും എന്റെ ഫോണിലേക്ക് വരാറുണ്ട്.
പുതിയകാല സിനിമയെ എങ്ങനെ നിരീക്ഷിക്കുന്നു?
കാലം മാറുമ്പോള്‍ പ്രേക്ഷകരുടെ അഭിരുചിയിലും ആസ്വാദനബോധത്തിലും മാറ്റങ്ങള്‍ സംഭവിക്കും. ചലച്ചിത്രകാരന്‍മാരുടെ സമീപനങ്ങളും പരിണാമവിധേയമാവും. മധ്യവര്‍ത്തി സിനിമകള്‍ക്ക് പോലും സങ്കല്‍പ്പിക്കാനാവാത്ത കുതിച്ചുചാട്ടങ്ങള്‍ ഇന്നത്തെ ചെറുപ്പക്കാരുടെ സിനിമകളില്‍ സംഭവിക്കുന്നുണ്ട്. ഇതിവൃത്തത്തിലും ആവിഷ്‌കാരരീതിയിലുമെല്ലാം. ഒരു ദിവസത്തിനുളളില്‍ നടക്കുന്ന സംഭവങ്ങള്‍ സിനിമയ്ക്ക് വിഷയീഭവിക്കുന്നതൊക്കെ പഴയ കാലത്ത് നമുക്ക് സങ്കല്‍പ്പിക്കാനാവുമോ നവസിനിമയെ വളരെ പോസിറ്റീവായി തന്നെയാണ് ഞാന്‍ കാണുന്നത്. എല്ലാ ശ്രമങ്ങളും നല്ലതെന്ന് പറയാനാവില്ലെങ്കിലും ഒരുപാട് വിഗ്രഹഭഞ്ജനങ്ങള്‍ സംഭവിക്കുന്നുണ്ട്. വ്യവസ്ഥാപിത ശൈലിയില്‍ നിന്നുളള വഴിമാറി നടത്തങ്ങളും.
പണ്ട് കുറഞ്ഞത് പത്ത് പടങ്ങളിലെങ്കിലും സഹസംവിധായകനാവാതെ സ്വന്തമായി സിനിമ ചെയ്യാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. ആ സ്ഥാനത്ത് ഷൂട്ടിങ് പോലും കാണാത്ത കുട്ടികള്‍ ഷോര്‍ട്ട് ഫിലിം മാത്രം ചെയ്ത അനുഭവപരിചയത്തില്‍ നിന്നുകൊണ്ട് നല്ല സിനിമകള്‍ ഉണ്ടാക്കുന്നു. ഇന്റര്‍നെറ്റിന്റെ വ്യാപകസ്വാധീനം മൂലം ലോകസിനിമയിലെ പുതിയ ചലനങ്ങളുമായി വേഗത്തില്‍ പരിചയിക്കാനും അവയെ സ്വാംശീകരിക്കാനും അവര്‍ക്ക് അവസരം ലഭിക്കുന്നു. ഇതിന്റെയെല്ലാം പ്രതിഫലനം പുതിയ സിനിമകള്‍ക്ക് വളക്കൂറ് നല്‍കുന്നു. ഏറെ ആശാവഹമാണ് അവരുടെ പരിശ്രമങ്ങള്‍.
താങ്കളുടെ സിനിമയിലുടെ എം.മുകുന്ദന്‍ 80 ആം വയസില്‍ തിരക്കഥാകൃത്തായി?
എം.മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥ മാതൃഭൂമിയില്‍ വായിച്ചപ്പോള്‍ അതിലൊരു സിനിമയുടെ സാധ്യത ഒളിഞ്ഞുകിടക്കുന്നതായി എനിക്ക് തോന്നി. അതില്‍ സിനിമയ്ക്ക് അനുസൃതമായ പല മാറ്റങ്ങളും വരുത്തി തന്നെയാണ് ആ മീഡിയത്തിലേക്ക് കഥ പരാവര്‍ത്തനം ചെയ്തിട്ടുളളത്. മുകുന്ദേട്ടന്റെ പല കഥകളും സിനിമയായിട്ടുണ്ടെങ്കിലും തിരക്കഥാകൃത്ത് എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നില്ല.ആ നിലയില്‍കൂടി അദ്ദേഹത്തിന്റെ സര്‍ഗസാന്നിദ്ധ്യം ഈ സിനിമയ്ക്ക് വേണംഎന്നത് എന്റെ തീരുമാനമായിരുന്നു. അദ്ദേഹം ഒപ്പംനിന്നു തരികയും ചെയ്തു.
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ സിനിമയാക്കാന്‍ താത്പര്യം തോന്നിയിരുന്നു. ഞാന്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് അത് വായിച്ചത്. അടുത്തിടെ അക്കാര്യം സൂചിപ്പിച്ചപ്പോള്‍ ഏറ്റവും പുതിയ പതിപ്പെടുത്ത് തന്നിട്ട് മുകുന്ദേട്ടന്‍ പറഞ്ഞു.
ഹരി ഇത് ഒന്നു കൂടി വായിച്ചിട്ട് തീരുമാനിക്ക്. ഇപ്പോള്‍ മനസ് അതിനോട് ചേര്‍ത്തു വച്ചിരിക്കുകയാണ്.എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് അറിയില്ല. വലിയ ക്യാന്‍വാസിലുളള സിനിമകള്‍ സംഭവിക്കണമെങ്കില്‍ പണം അടക്കം ഒരുപാട് ഘടകങ്ങള്‍ ഒത്തുവരണം.
താങ്കളുടെ ദൃശ്യാവബോധത്തെ സ്വാധീനിച്ച മലയാള ചലച്ചിത്രകാരന്‍മാര്‍ ആരൊക്കെയാണ്?
വിന്‍സന്റ് മാഷാണ് ആദ്യം മനസില്‍ വരുന്ന പേര്. ഗ്രാഫിക്‌സ് എന്ന വാക്ക് പോലും ഉദയം ചെയ്യും മുന്‍പ് അദ്ദേഹം ഭാര്‍ഗവീനിലയം പോലൊരു സിനിമ ഒരുക്കി. തിരക്കഥയുടെ കെട്ടുറപ്പും ദൃശ്യപരിചരണത്തിലെ സൗന്ദര്യാത്മകതയും സാങ്കേതികത്തികവും അടക്കം എല്ലാ തലങ്ങളിലും മികച്ചു നിന്ന സിനിമയായിരുന്നു ആ കാലത്തിന്റെ പരിമിതികള്‍ അറിയുന്നവര്‍ അത്. ഇന്ന് കാണുമ്പോള്‍ അത്ഭുതപ്പെട്ട് പോകും. മാഷ് ഒരു പ്രതിഭാസം തന്നെയാണ്.പി.എന്‍.മേനോനും ഞാന്‍ ആദരിക്കുന്ന ചലച്ചിത്രകാരനാണ്. സമകാലികരില്‍ അടൂര്‍ ഗോപാലകൃഷ്ണനും കെ.ജി.ജോര്‍ജും ആ തരത്തില്‍ വലിയ ക്രിയേറ്റേഴ്‌സാണെന്ന് ഞാന്‍ കരുതുന്നു.
സിനിമയിലെ മാറ്റങ്ങളെ എങ്ങനെ കാണുന്നു?
ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ കളറിലേക്ക് മാറിത്തുടങ്ങിയ ഘട്ടത്തിലാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. 1980 ല്‍ ഞാന്‍ ആദ്യസിനിമ ചെയ്യുന്നത് കളറിലാണ്. കളര്‍ തന്നെ പല ഗണത്തിലുണ്ട്. ഓര്‍വോ കളര്‍, ഈസ്റ്റ്മാന്‍ കളര്‍ എന്നിങ്ങനെ. ചെമ്മീനൊക്കെ ഈസ്റ്റ്മാന്‍ കളറിലാണ് ഷൂട്ട് ചെയ്തത്. കളളിച്ചെല്ലമ്മ ഓര്‍വോയിലായിരുന്നു. ഫ്യൂജി കളറിലായിരുന്നു എന്റെ സിനിമ. അതിന് ഈസ്റ്റ്മാന്‍ ഫിലിമിനേക്കാള്‍ വില കുറവാണ്. അന്ന് ചെറിയ ചെറിയ കഷണങ്ങളായി മുറിക്കുന്ന ലൂപ്പ് ഉപയോഗിച്ചാണ് ഡബ്ബ് ചെയ്തിരുന്നത്. ഓരോരോ കഥാപാത്രങ്ങളുടെ ശബ്ദം പ്രത്യേകം റിക്കാര്‍ഡ് ചെയ്യും.
എഡിറ്റിങിന് അന്ന് കൈകൊണ്ട് കറക്കുന്ന മൂവിയോള എന്ന യന്ത്രം ഉപയോഗിച്ചിരുന്നു. ഫിലിം കഷണങ്ങള്‍ കത്രിക കൊണ്ട് മുറിച്ചും പെന്‍സില്‍ കൊണ്ട് മാര്‍ക്ക് ചെയ്തും പശ വച്ച് ഒട്ടിച്ചുമൊക്കെയായിരുന്നു അന്നത്തെ എഡിറ്റിംഗ്. പിന്നീട് ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് വന്നപ്പോള്‍ ഫിലിം തന്നെ അപ്രസക്തമായി. കഴിഞ്ഞ ഏഴ് വര്‍ഷമായി ഫിലിം തന്നെ അപ്രത്യക്ഷമായി. പത്ത് വര്‍ഷം മുന്‍പ് ചെയ്ത സദ് ഗമയ ആണ് ഞാന്‍ അവസാനമായി ഫിലിമില്‍ ഷൂട്ട് ചെയ്ത ചിത്രം.കഥ പറച്ചിലിന്റെ രീതി തന്നെ പാടെ മാറി. വ്യവസ്ഥാപിത സങ്കല്‍പ്പങ്ങള്‍ തച്ചുടച്ചു കൊണ്ട് സിനിമ ബഹുദൂരം മുന്നോട്ട് പോയി.
എംടിയുടെ തിരക്കഥ താങ്കളിലേക്ക് വരുന്നത് എങ്ങനെയാണ്?
ഞങ്ങള്‍ തമ്മില്‍ മുന്‍പരിചയമൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ അദ്ദേഹത്തെ ചെന്നുകണ്ട് ആവശ്യം പറഞ്ഞപ്പോള്‍ എംടി എതിര്‍പ്പൊന്നും പറഞ്ഞില്ല. പിന്നീട് വടക്കന്‍ വീരഗാഥ പോലുളള സിനിമകളുടെ തിരക്കിലായി അദ്ദേഹം. അപ്പോഴും ഞാന്‍ ആ ബന്ധം നിലനിര്‍ത്തി പോന്നു. ഇടയ്‌ക്കൊക്കെ ചെന്നു കാണും. ഒരു ഘട്ടത്തില്‍ വളരെ ഗൗരവമായി ഞാന്‍ ഒരു കാര്യം അദ്ദേഹത്തോട് പറഞ്ഞു.
ഇനി വാസുവേട്ടന്റെ തിരക്കഥയുണ്ടെങ്കിലേ ഞാന്‍ അടുത്ത ഒരു പടം ചെയ്യുന്നുളളു. നമുക്ക് ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അന്ന് എന്റെ മുന്നില്‍ ഒരു നിര്‍മാതാവ് പോലുമില്ല. എംടിക്ക് അഡ്വാന്‍സ് കൊടുക്കാനുളള പണവും കരുതിയിട്ടില്ല. ഇതിനിടയില്‍ ഞങ്ങള്‍ തമ്മില്‍ പല കഥകളും ചര്‍ച്ച ചെയ്തു. ഒരിക്കല്‍ കോഴിക്കോട് ഒരു ഹോട്ടലില്‍ ഞങ്ങള്‍ അടുത്തടുത്ത മുറികളില്‍ താമസിച്ച് എഴുത്തു തുടങ്ങി. അന്‍പതോളം സീനുകള്‍ എഴുതിക്കഴിഞ്ഞ് അദ്ദേഹം പറഞ്ഞു. ശരിയാണോയെന്ന് എനിക്കറിയില്ല. എഴൂതിയിടത്തോളം ഹരിയൊന്ന് വായിച്ച് നോക്ക്. വായിക്കുമ്പോള്‍ സിനിമ മനസിലുടെ ഒന്ന് ഓടിച്ച് നോക്ക് സിനിമ മനസിലൂടെ ഓടിച്ച് നോക്കുക എന്ന പ്രയോഗവും അതുകൊണ്ട് അദ്ദേഹം വിഭാവനം ചെയ്ത ആശയവും എനിക്കിഷ്ടമായി. എഴുത്തിന്റെ ഘട്ടത്തില്‍ തന്നെ സിനിമ മനസില്‍ കാണുക , അല്ലെങ്കില്‍ ദൃശ്യവത്കരിക്കുക എന്നത് കൗതുകകരമായി. പിന്നീട് ഏത് സിനിമ എടുക്കുമ്പോഴും ഞാനത് പതിവാക്കി.
അദ്ദേഹം ഏല്‍പ്പിച്ചു തന്ന സീനുകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു. ഹരിക്ക് എന്ത് തോന്നുന്നു? ഞാനാകെ പകപ്പോടെ പറഞ്ഞു.
വാസ്വേട്ടന്‍ എഴുതിയ ഒന്നിനെ പറ്റി ഞാനെന്ത് അഭിപ്രായം പറയാനാണ്? ഉടനെ അദ്ദേഹം പറഞ്ഞു. അല്ല..ഇത് ശരിയാവുമെന്ന് തോന്നുന്നില്ല..അങ്ങനെ അദ്ദേഹം റൂം വെക്കേറ്റ് ചെയ്തു. ഇതിനിടയിലും പല കഥകളും ആലോചിച്ചെങ്കിലും ഒന്നും പൂര്‍ണരൂപത്തില്‍ എത്തിയില്ല. ഈ സമയത്ത് എംടി എനിക്കു വേണ്ടി തിരക്കഥ എഴുതുന്ന വിവരം എങ്ങനെയോ മമ്മൂട്ടി അറിഞ്ഞു. അന്ന് മൊബൈല്‍ ഇല്ലാത്ത കാലമാണ്. തിരുവനന്തപുരത്ത് താമസിക്കുന്ന എന്നെ ലാന്‍ഡ് ഫോണില്‍ വിളിച്ച് എംടി പറഞ്ഞു. പുതിയ ഒരു വിഷയം വന്നിട്ടുണ്ട്. മരണം ഉറപ്പായ ഒരാള്‍ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. അത് അയാളുടെ കുടുംബത്തിലും അടുത്ത ബന്ധുക്കള്‍ക്കിടയിലും സൃഷ്ടിക്കുന്ന പ്രതികരണങ്ങളാണ്. ഇത് വളരെ നല്ല വിഷയമാണല്ലോയെന്ന് അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു. എങ്കില്‍ കോഴിക്കോട്ടേക്ക് ഒന്ന് വരൂ എന്നായി എം.ടി. ഞാന്‍ പിറ്റേന്ന് തന്നെ ട്രെയിനില്‍ കോഴിക്കോടെത്തി. അപ്പോഴേക്കും അദ്ദേഹം കഥ കുറെക്കുടി വികസിപ്പിച്ചു കഴിഞ്ഞിരുന്നു.
ആ സമയത്തൊന്നും എന്റെ മുന്നില്‍ ഒരു നിര്‍മാതാവ് ഉണ്ടായിരുന്നില്ല. എംടിക്ക് അഡ്വാന്‍സ് പോലും കൊടുത്തിരുന്നുമില്ല. എന്നിട്ടും എന്നോടുള്ള പ്രത്യേക വാത്സല്യം മൂലം അദ്ദേഹം ഒപ്പം നിന്നു. സ്‌ക്രിപ്റ്റ് എഴുതാനായി കന്യാകുമാരിയില്‍ പത്ത് ദിവസത്തേക്ക് റൂംബുക്ക് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷെ ഒരാഴ്ച കൊണ്ട് തന്നെ അദ്ദേഹം ഒരു വണ്‍ലൈന്‍ തയാറാക്കി. ഒരു മാസത്തിന് ശേഷം ഫുള്‍സ്‌ക്രിപ്റ്റും റെഡിയായി. മുഖ്യകഥാപാത്രമായി ഞങ്ങള്‍ രണ്ടുപേരുടെയും മനസിലുണ്ടായിരുന്നത് മമ്മൂട്ടി തന്നെയായിരുന്നു. അപ്പോഴേക്കും സിനിമ നിര്‍മ്മിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് അറ്റ്‌ലസ് രാമചന്ദ്രന്‍ വന്നു. പിന്നീട് കാര്യങ്ങള്‍ ധൃതഗതിയിലായി. അപ്പോഴും സിനിമയുടെ പേര് തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല.
പാട്ടുകളുടെ കമ്പോസിങ് നടക്കുന്ന സമയത്തും ടൈറ്റില്‍ ആയിട്ടില്ല. സിനിമയുടെ ഓരോ ഘട്ടത്തിലും മമ്മൂട്ടി വിളിച്ച് ഡവലപ്പ്‌മെന്റ്‌സ് തിരക്കിക്കൊണ്ടിരുന്നു. ഒരു ദിവസം മമ്മൂട്ടി പറഞ്ഞു.
സിനിമയ്ക്ക് പോസിറ്റീവായ ഒരു പേരിടാന്‍ നിങ്ങള്‍ എംടി സാറിനോട് പറയണം. ആ സമയത്ത് മിഥ്യ പോലുളള ചില പടങ്ങള്‍ വരികയും അത് സാമ്പത്തികമായി പരാജയപ്പെടുകയും ചെയ്ത അനുഭവം മനസില്‍ വച്ചാണ് മമ്മൂട്ടി ഇത് പറയുന്നത്. ഞാന്‍ വിവരം എംടിയോട് സൂചിപ്പിച്ചു.
അങ്ങനെയിരിക്കെ എംടിയുടെ ഒരു കഥ മാധ്യമം വിശേഷാല്‍പതിപ്പില്‍ അച്ചടിച്ചു വന്നു. അതിന്റെ പേര് സുകൃതം എന്നായിരുന്നു. കഥ വായിച്ച ഞാന്‍ നമ്മുടെ സിനിമക്ക് ഈ പേരിട്ടാലോ എന്ന് ചോദിച്ചു. അത് തരക്കേടില്ല എന്ന് എം.ടിയും പറഞ്ഞു. ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന ഒ.എന്‍.വിയും അനുകൂലിച്ചതോടെ ടൈറ്റില്‍ തീരുമാനമായി. ഞാന്‍ മദ്രാസിലേക്ക് ഫോണ്‍ ചെയ്ത് മമ്മൂട്ടിയെ വിവരം അറിയിച്ചു. മമ്മൂട്ടി ആകെ ഉത്സാഹത്തിലായി. മതിയെടോ...ഇത് തന്നെ മതി. ഒന്നാം തരം പേരാണ് എന്നായിരുന്നു മറുപടി. ആ സിനിമ പിന്നീട് എന്റെ ചലച്ചിത്രജീവിതത്തിലെ നാഴികക്കല്ലായി മാറി.
ബാലചന്ദ്രന്‍ ചുള്ളിക്കാട് ആദ്യമായി തിരക്കഥയെഴുതുന്നത് താങ്കളുടെജാലകത്തിനാണ്?
ബാലന്‍ എനിക്ക് വളരെ ബഹുമാനവും അടുപ്പവുമുളള ഒരാളാണ്. 86 ല്‍ ഒരു ദിവസം അദ്ദേഹം വീട്ടിലേക്ക് വന്നിട്ട് പറഞ്ഞു.ഹരി..എന്റെ കയ്യിലൊരു കഥയുണ്ട്. ഒന്ന് കേട്ട് നോക്കൂ
എനിക്കും സന്തോഷമായി. കഥ കേട്ടപ്പോള്‍ കൊളളാമെന്ന് തോന്നി. പക്ഷെ നക്‌സല്‍ പശ്ചാത്തിലത്തിലുളള ഒരു സിനിമയോട് എനിക്ക് യോജിപ്പുണ്ടായില്ല. കാമ്പസ് പൊളിറ്റിക്‌സിന്റെ പശ്ചാത്തലത്തിലേക്ക് മാറ്റിപ്പിടിച്ചാലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ബാലന്‍ സമ്മതിച്ചു.കൊല്ലുന്നവന്റെയും മരിക്കുന്നവന്റെയും അച്ഛനമ്മമാരുടെ വികാരം ഒന്ന് തന്നെയാണെന്ന ചിന്തയില്‍ നിന്നാണ് ആ സിനിമ രൂപപ്പെടുന്നത്. രണ്ടുപേര്‍ക്കും ഒരുപോലെ മക്കളെ നഷ്ടപ്പെടുകയാണ്. പിന്നീട് ബാലന്റെ ഊഴം എന്ന കഥയും ഞാന്‍ സിനിമയാക്കിയിട്ടുണ്ട്.
ഒരു ചലച്ചിത്രകാരന് അത്യന്താപേക്ഷിതമായ അടിസ്ഥാന ഗുണങ്ങള്‍ എന്തൊക്കെയാണ്?
മികച്ച ജീവിതനിരീക്ഷണവും ജീവിതാവബോധവും ഉളള ഒരാള്‍ക്ക് മാത്രമേ നല്ല ഫിലിം മേക്കറാവാന്‍ കഴിയൂ എന്നാണ് തോന്നിയിട്ടുളളത്. പിന്നെ പരന്ന വായനയും സാഹിത്യാവബോധവും സംഗീതവും ചിത്രകലയും അടക്കമുളള ഇതര കലകളെക്കുറിച്ചുളള സാമാന്യ ധാരണയുമെല്ലാം ആവശ്യമാണ്. പിന്നെ സിനിമയുടെ വ്യാകരണവും അതിന്റെ ക്രാഫ്റ്റും അറിഞ്ഞിരിക്കണം.
കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ എന്ന നിലയിലെ അനുഭവങ്ങള്‍?
ഞാന്‍ ചെയര്‍മാനായി ചാര്‍ജ് എടുക്കും മുന്‍പ് അങ്ങനെയാരു സ്ഥാപനമുള്ളതായി എനിക്ക് പോലും അറിയില്ലായിരുന്നു. ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ചെയര്‍മാനായിരുന്നു. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് നാലാള്‍ അറിയുന്ന ഒരു സ്ഥാപനമാക്കി മാറ്റാന്‍ സാധിച്ചു എന്നതില്‍ ചാരിതാർഥ്യമുണ്ട്. അവിടെ വളരെ ബൃഹത്തായ ഒരു ലൈബ്രറി നിര്‍മ്മിച്ചതും അതിന് പി.പത്മരാജന്റെ പേര് നല്‍കാന്‍ കഴിഞ്ഞതുമെല്ലാം വളരെ സന്തോഷം പകര്‍ന്ന അനുഭവങ്ങളാണ്. വളരെ ആസ്വദിച്ച് തന്നെയാണ് ആ ജോലിയും ചെയ്തത്. എന്നെ സംബന്ധിച്ച് അതൊരു പഠനപ്രക്രിയ കൂടിയായിരുന്നു.
മകള്‍ ഗീതാഞ്ജലി താങ്കളുടെ സിനിമയില്‍ സഹസംവിധായികയാണ്. ജ്വാലാമുഖിക്ക് കഥയും എഴുതി?
എന്റെ മക്കളെ ഞാന്‍ മലയാളം മീഡിയത്തില്‍ അയച്ചാണ് പഠിപ്പിച്ചത്. കുട്ടികളെ അവര്‍ക്ക് അഭിരുചിയുളള മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ചിന്താഗതിക്കാരനാണ് ഞാന്‍. എന്റെ മക്കള്‍ സിനിമയില്‍ വരണമെന്ന നിര്‍ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അവര്‍ അത് ആഗ്രഹിച്ചാല്‍ സന്തോഷമേയുളളു താനും. മൂത്തമകള്‍ക്ക് എന്‍ജിനീയറിംഗ് മേഖലയോടായിരുന്നു താത്പര്യം. അതുകഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചു.
രണ്ടാമത്തെ മകള്‍ ഗീതാഞ്ജലി നല്ല വായനാശീലമുളള കൂട്ടത്തിലാണ്. ലിറ്ററേച്ചറില്‍ ബിരുദം കഴിഞ്ഞ് ചെന്നൈ ലയോള കോളജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ പി.ജി. ചെയ്യണമെന്ന് ആഗ്രഹം പറഞ്ഞു. അതുകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിക്കാന്‍ ഞാന്‍ തന്നെ നിര്‍ദ്ദേശിച്ചു. ഏതെങ്കിലും സംവിധായകര്‍ക്കൊപ്പം നിന്ന് പ്രായോഗിക പരിചയം നേടാനുളള താത്പര്യം അവള്‍ പറഞ്ഞു. അങ്ങനെ ഞാന്‍ തന്നെയാണ് കമലിന്റെ പേര് പറയുന്നത്. അദ്ദേഹത്തിനൊപ്പം രണ്ട് പടങ്ങളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ചു. പിന്നീട് ഞാന്‍ ചെയ്ത ജ്വാലാമുഖി എന്ന സിനിമയുടെ കഥ അവളുടേതാണ്. അതില്‍ അസോസിയറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തമായി ഒരു പടം ചെയ്യാനുളള ഒരുക്കങ്ങളിലാണ്.
ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ പൂര്‍ണമായി അംഗീകരിക്കപ്പെട്ടു എന്ന് തോന്നുന്നുണ്ടോ?
സുകൃതത്തിന് മികച്ച മലയാള സിനിമയ്ക്കുളള ദേശീയ-സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നാല്‍പ്പതോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മികച്ച സംവിധായകനുളള ഫിലിം ക്രിട്ടിക്‌സ്, രാമുകാര്യാട്ട്, ഫിലിം, ഫെയര്‍ അവാര്‍ഡ്.. കുട്ടികളുടെ സിനിമക്കും ഡോക്യൂമെന്ററിക്കുുമുളള പുരസ്‌കാരങ്ങള്‍ ലഭിച്ചു. പരാതിയോ പരിഭവമോ ഇല്ല. ഒപ്പം വന്ന പലരും പാതിവഴിയില്‍ വീണുപോയപ്പോള്‍ ഇന്നും ഞാന്‍ സിനിമയുടെ മുന്‍പന്തിയില്‍ തന്നെയുണ്ട്.
മൂന്ന് ദേശീഅവാര്‍ഡ് കമ്മറ്റികള്‍ ഉള്‍പ്പെടെ സംസ്ഥാന തലത്തിലും നിരവധി അവാര്‍ഡ് കമ്മറ്റികളില്‍ അംഗമായിരുന്നിട്ടുണ്ട്. അതിന്റെ അനുഭവങ്ങള്‍?
അവാര്‍ഡ് കമ്മറ്റികളില്‍ മാത്രമല്ല നിരവധി ഫിലിം ഫെസ്റ്റിവലുകളിലും ജൂറി അംഗമായിരുന്നിട്ടുണ്ട്. വിവിധ രാജ്യങ്ങളിലും വിവിധ ഭാഷകളിലുമുള്ള സിനിമകള്‍ കണ്ട് പഠിക്കാന്‍ കഴിയുന്നു എന്നതാണ് ഇക്കാര്യത്തില്‍ നമ്മെ പ്രചോദിപ്പിക്കുന്നത്. വലിയ ഒരു അനുഭവം തന്നെയാണിത്. വേറിട്ട ഭാവുകത്വങ്ങളുമായി പരിചയിക്കാന്‍ അവസരം ലഭിക്കുന്നു. സ്വയം നവീകരിക്കുന്നതില്‍ ഇത്തരം അവസരങ്ങള്‍ക്കും വലിയ പങ്കുണ്ട്.
സുരക്ഷിതമായ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് അനിശ്ചിതത്വം നിറഞ്ഞ ഒരു മേഖലയില്‍ എത്തിയ ആളാണ് താങ്കള്‍. ആ തീരുമാനത്തെ ഈ ഘട്ടത്തില്‍ എങ്ങനെ കാണുന്നു?
സിനിമ കൊണ്ട് അരക്ഷിതാവസ്ഥയില്ലാതെ ജീവിച്ചുപോകാന്‍ സാധിച്ചു. ഇന്ന് എനിക്കുളള എല്ലാ ജീവിതസൗകര്യങ്ങളും സിനിമയില്‍ നിന്ന് ഉണ്ടായതാണ്. ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ച് വന്നയാളാണ് ഞാന്‍. അവിടെ നിന്ന് ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയത് തന്നെ വലിയ സുകൃതമായി കാണുന്നു. സിനിമ എന്റെ ലക്ഷ്യവും സ്വപ്നവും ജീവിതവും എല്ലാമാണ്. ഞാന്‍ താമസിക്കുന്ന വീടിന്റെ പേര് പോലും സുകൃതം എന്നാണ്. കലാകാരന് റിട്ടയര്‍മെന്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. 88-ാം വയസ്സില്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ സിനിമ ചെയ്ത ആളാണ് കുറസോവ.മരിക്കും വരെ സിനിമ ചെയ്യണമെന്നാണ് എന്റെയും ആഗ്രഹം.