മമ്മൂക്കയുടെ ഈ മോഡ് എന്നു തുടങ്ങുമെന്ന് കാത്തിരുന്ന ആളാണ് ഞാൻ: ബിജു മേനോൻ
Mail This Article
കരിയറിൽ 30 വർഷങ്ങൾ പൂർത്തിയാക്കുകയാണ് നടൻ ബിജു മേനോൻ. ആദ്യ സിനിമ 'പുത്രൻ' വാണിജ്യ വിജയം നേടാതെ ആയപ്പോൾ അടുത്ത സിനിമയ്ക്കു നൽകിയ അഡ്വാൻസു വരെ തിരികെ കൊടുക്കേണ്ടി വന്ന അവസ്ഥയിൽ നിന്ന് മലയാള സിനിമ ഉറ്റുനോക്കുന്ന നടനിലേക്ക് ബിജു മേനോൻ നടത്തിയ യാത്ര ഏതൊരു സിനിമാമോഹിക്കും ആവേശം പകരുന്നതാണ്. നായകവേഷങ്ങൾക്കു വേണ്ടി മാത്രം കാത്തുനിൽക്കാതെ രണ്ടാമത്തെ സിനിമ മുതൽ ട്രാക്ക് മാറ്റി പിടിച്ച ബിജു വില്ലനായും സഹനടനായും അതിഥിവേഷത്തിലും വൈവിധ്യമാർന്ന പ്രകടനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ജിസ് ജോയ് സംവിധാനം ചെയ്ത തലവന്റെ വിജയത്തിനു ശേഷം ഫൺ ഫാമിലി എന്റർടെയ്നറുമായി ബിജു മേനോൻ എത്തുന്ന സിനിമയാണ് 'നടന്ന സംഭവം'. സിനിമാവിശേഷങ്ങളുമായി ബിജു മേനോൻ മനോരമ ഓൺലൈനിൽ.
സിനിമയിൽ ഉറപ്പിച്ചത് ആ ഫോൺ കോൾ
ആദ്യ സിനിമ 'പുത്രൻ' വലിയ വിജയമായിരുന്നില്ല. സിനിമയിൽ തന്നെ തുടരണോ അതോ പഠിക്കാൻ പോകണോ എന്നു സംശയിച്ചു നിൽക്കുന്ന സമയത്താണ് പ്രേം പ്രകാശ് സർ വിളിക്കുന്നത്. 'ഹൈവേ' എന്ന സിനിമയിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞാണ് എന്നെ വിളിക്കുന്നത്. തിരുനെൽവേലിയിൽ ആയിരുന്നു ഷൂട്ട്. തൃശൂർ നിന്ന് ബസിലാണ് ഞാൻ പോയത്. അന്ന് അധികം സിനിമാക്കാരുമായി പരിചയമില്ല. സിനിമയിൽ കണ്ട പരിചയമേ ഉള്ളൂ. നേരിട്ട് പരിചയമില്ല. അതിന്റെ ഭയവും പകപ്പുമൊക്കെയുണ്ട്. പിന്നെ, സിനിമ ചെയ്തു ചെയ്താണ് കംഫർട്ട് സോൺ കണ്ടെത്തിയത്.
ആദ്യ മേക്കോവറിനു പിന്നിൽ ഫാസിൽ സർ
താടി വന്ന കാലം മുതൽ ആ രൂപത്തിൽ തന്നെയായിരുന്നു ഞാനുണ്ടായിരുന്നത്. താടി ഇല്ലാത്ത ലുക്ക് ഒരിക്കലും ട്രൈ ചെയ്തിട്ടില്ല. ആദ്യ സിനിമയായ പുത്രനിലും എനിക്ക് താടിയുണ്ട്. സീരിയലിലും ആ ലുക്കിലാണ് ഞാൻ അഭിനയിച്ചത്. പുത്രന്റെ വർക്കുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരുന്ന സമയത്താണ് സംവിധായകൻ ഫാസിൽ സർ എന്നെ കാണണമെന്നു പറയുന്നത്. അങ്ങനെ അദ്ദേഹത്തെ പോയി കണ്ടു. 'ഷേവ് ചെയ്തിട്ട് കണ്ടാൽ കൊള്ളാം' എന്ന് അദ്ദേഹം പറഞ്ഞു. പുത്രന്റെ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ഞാൻ താടി ഷേവ് ചെയ്തു. പിന്നീട് ആ ലുക്കിലായിരുന്നു കുറച്ചധികം കാലം സിനിമയിൽ അഭിനയിച്ചത്.
സെറ്റിലെ ചീത്തവിളി
സംവിധായകൻ ചീത്ത വിളിക്കുന്നത് അഭിനയത്തെ ബാധിക്കും. തുടക്കകാലത്ത് പ്രത്യേകിച്ചും. മാനസികമായി അതു ബാധിക്കും. ഏതൊരു ആർടിസ്റ്റിനും അങ്ങനെയാണെന്നാണ് എനിക്കു തോന്നുന്നത്. ക്യാമറയുടെ മുൻപിൽ നിൽക്കുന്നത് വേറൊരു മൂഡിലാണ്. ആ സമയത്ത് വളരെ ഇമോഷനൽ ആയിരിക്കും. തെറി വിളികൾ വേദനിപ്പിക്കും. പണ്ട് അങ്ങനെയൊക്കെ ഉണ്ടാകാൻ കാരണമുണ്ട്. അന്ന് സിനിമ ഷൂട്ട് ചെയ്തിരുന്നത് ഫിലിമിൽ ആണ്. അതിനു ചിലവു കൂടുതലാണ്. അങ്ങനെ പെട്ടെന്നൊരു പ്രകോപനത്തിലാകും സംവിധായകൻ ചൂടാവുന്നത്. ഇന്ന് അങ്ങനെയല്ല. ഒരുപാട് സമയമുണ്ട്. സിനിമ ഡിജിറ്റൽ ആയി. ചർച്ച ചെയ്യാൻ സമയമുണ്ട്. അന്നതിന് സമയമില്ല. സീനിയർ സംവിധായകരോട് ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യമില്ല. ആദരവു കലർന്ന അകൽചയുണ്ടാകും. ഏതൊരു ആർടിസ്റ്റിനെയും ചീത്തയോ വഴക്കോ പറയുന്നതിനെ ഞാനൊരിക്കലും പ്രോൽസാഹിപ്പിക്കാറില്ല. അത്തരം ബഹളങ്ങൾ സ്വാഭാവികമായും മൂഡിനെ ബാധിക്കും. പുതിയ ആളുകൾ ആണെങ്കിൽ അവർ വളരെ ഡൗൺ ആകും. അവരുടെ ഔട്ട്പുട്ടിന്റെ വളരെ കുറച്ചെ കിട്ടുകയുള്ളൂ.
ഇമേജ് ബാധ്യതയാകാറില്ല
ചിലർ പറയും ഇമേജ് ശ്രദ്ധിക്കണം. വാണിജ്യപരമായി സിനിമ വിജയിക്കണം എന്നതാണ് ഒരു സിനിമ ചെയ്യുമ്പോഴുള്ള പ്രധാന മാനദണ്ഡം. ആ രീതിയിലാണ് ഞാൻ സിനിമയെ സമീപിക്കുന്നത്. അല്ലാത്ത സിനിമകളും ഉണ്ടാകും. അത് എത്രത്തോളം വാണിജ്യവിജയം നേടും എന്നൊന്നും അറിയില്ല. നിർമാതാക്കൾ അതിനു തയാറാകുമ്പോഴാണ് അത്തരം സിനിമകൾ സംഭവിക്കുക. വ്യത്യസ്തതയ്ക്കു വേണ്ടി പരമാവധി മാറ്റി ചെയ്യാനാണ് ശ്രമിക്കാറുള്ളത്. ആളുകൾ പറയുന്നത് തീർച്ചയായും പരിഗണിക്കും. പക്ഷേ, നമുക്കൊരു ട്രാക്ക് ഉറപ്പിച്ചിട്ടുണ്ടാകും. അതനുസരിച്ചാകും പോകുക.
തലവൻ നൽകിയ ഊർജ്ജം
തലവന്റെ വിജയം നൽകിയ ഊർജ്ജം വളരെ വലുതാണ്. ആളുകൾക്കു തോന്നുന്ന പോലെ പൊലീസ് വേഷങ്ങൾ എനിക്കും ക്ലീഷെ ആണ്. എനിക്കും പലപ്പോഴും മടുക്കാറുണ്ട്. ഒരേ ടൈപ്പ് വരുമ്പോഴാണ് ഈ പ്രശ്നം. പൊലീസ് വേഷം ആകുമ്പോൾ തന്നെ കഥാപരമായും കഥാപാത്രപരമായും എന്തെങ്കിലും മാറ്റം വരുമ്പോഴാണ് ആ സിനിമ ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. തലവൻ അങ്ങനെ സംഭവിച്ചതാണ്. കഥാപരമായി എന്തെങ്കിലും മാറ്റമുണ്ടെന്നു തോന്നുമ്പോൾ അതു ചെയ്യാൻ നിർബന്ധിതമാകും
സച്ചിയായിരുന്നു മനുഷ്യൻ
അവനായിരുന്നു മനുഷ്യൻ. ട്രൂ മാൻ! എല്ലാം തുറന്നു പറയും. ചിലർക്ക് ദേഷ്യം തോന്നും. ചൂടാകും. പക്ഷേ, മനസിലൊന്നും വയ്ക്കാതെ സംസാരിക്കുന്ന വ്യക്തിയായിരുന്നു. സച്ചി പറയുന്ന കഥകൾ വേറെ ഒരാൾക്ക് എഴുതാൻ പറ്റില്ല. ഉദാഹരണത്തിന് ഡ്രൈവിങ് ലൈസൻസും അയ്യപ്പനും കോശിയും. ഒരു ഈഗോയുടെ ചെറിയ ത്രെഡിൽ നിന്ന് കോർത്തിണക്കി കൊണ്ടു പോകുന്ന സിനിമകളാണ് രണ്ടും. അടുപ്പിച്ച് റിലീസ് ആയിട്ടു പോലും ആവർത്തനവിരസത തോന്നാതിരുന്നത് സച്ചിയുടെ എഴുത്തിന്റെ ബ്രില്യൻസാണ്. സച്ചിയെ തീർച്ചയായും മിസ് ചെയ്യും.
നടന്ന സംഭവം
നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുള്ളതും വായിച്ചുള്ളതുമായ സംഭവങ്ങൾ സിനിമയിലുണ്ട്. നമ്മളാണ് പെർഫെക്ട് എന്നാണ് നമ്മുടെ വിചാരം. സുരാജ് വിചാരിക്കുക, അദ്ദേഹമാണ് പെർഫെക്ട് എന്നാകും. ആരും പെർഫെക്ട് അല്ല. എല്ലാവർക്കും ജീവിക്കാനുള്ള ഇടമുണ്ട്. നമ്മൾ മാത്രമാണ് ശരിയെന്ന് വിചാരിക്കാൻ പാടില്ല. ഓരോരുത്തർക്കും കൊടുക്കേണ്ട ഇടമുണ്ട്. അങ്ങനെ കുറേയെറെ കാര്യങ്ങൾ സിനിമ സംസാരിക്കുന്നുണ്ട്. രസകരമായി മലയാളികളെ കാണാൻ പറ്റുന്ന സിനിമ കൂടിയാണ് നടന്ന സംഭവം.
ഈ സിനിമയിലേക്ക് സുരാജിനെ നിർദേശിച്ചത് ഞാൻ ആണ്. ഈ കഥ പറഞ്ഞപ്പോൾ സുരാജ് അങ്ങനെയൊരു ഷെയ്ഡ് ചെയ്യുമോ എന്ന് അവർക്ക് ചെറിയൊരു സംശയം തോന്നി. സുരാജിനോട് സംസാരിക്കൂ, തീർച്ചയായും അദ്ദേഹത്തിന് ഇഷ്ടപ്പെടും എന്ന് ഞാൻ പറഞ്ഞു. സുരാജ് പിന്നീട് തിരക്കഥ വായിച്ചിട്ട് ഓകെ പറയുകയായിരുന്നു. ഇമേജിനെക്കുറിച്ച് ആകുലപ്പെടാതിരിക്കുക എന്നത് ഒരു ആർടിസ്റ്റിനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമായി എനിക്ക് തോന്നിയിട്ടുണ്ട്.
കാത്തിരുന്നത് ഈ സമയത്തിന്
മമ്മൂക്കയുടെ സിനിമാ തിരഞ്ഞെടുപ്പുകൾ നൽകുന്ന ആവേശം ചെറുതല്ല. ഞാൻ സത്യത്തിൽ കാത്തിരുന്നത് അദ്ദേഹത്തിന്റെ ഈ മോഡ് എപ്പോൾ തുടങ്ങും എന്നു നോക്കിയായിരുന്നു. അദ്ദേഹത്തിന് എന്തു തോന്നും എന്നൊക്കെ സംശയിച്ച്, ഒരു കഥയുമായി മമ്മൂക്കയെ സമീപിക്കാൻ മടിച്ചു നിന്നവർ ഉണ്ടായിരുന്നു. ഈ മാറ്റം വന്നപ്പോൾ എല്ലാവരും വളരെ ഹാപ്പിയായി. ഒരുപാടു പേർ അത്തരം നല്ല കഥകൾ പറയാൻ കാത്തിരിക്കുകയായിരുന്നു. അവരെല്ലാവരും ഇപ്പോൾ മമ്മൂക്കയെ സമീപിക്കുന്നുണ്ട്. ഇനി അദ്ഭുതങ്ങൾ അദ്ദേഹത്തിൽ നിന്നു പ്രതീക്ഷിക്കാം.