‘ഉള്ളൊഴുക്ക്’ കണ്ട് അവര് പറഞ്ഞു, ‘എന്നാലും ചേച്ചി എന്ത് സാധനമാ’; ജയ കുറുപ്പ് അഭിമുഖം
Mail This Article
ഫഹദ് ഫാസിലിന്റെ ‘മലയൻ കുഞ്ഞി’ലെ അമ്മയായി എത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ജയ കുറുപ്പ്. നാടകരംഗത്ത് വർഷങ്ങളുടെ അനുഭവപരിചയമുള്ള ജയയ്ക്ക് നാടകമായാലും സിനിമയായാലും അഭിനയമാണ് ജീവൻ. ഉർവശിയും പാർവതിയും അഭിനയപ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്താൻ ജയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിസ്സഹായാവസ്ഥ കൊണ്ട് മകളെ ഇഷ്ടമില്ലാത്ത ജീവിതത്തിലേക്കു തള്ളിവിട്ടിട്ട് ഉള്ളുരുകി ജീവിക്കുന്ന ജിജി എന്ന അമ്മവേഷം ജയ ഭംഗിയാക്കി. പ്രകടനം കൊണ്ട് തന്നെ വിസ്മയിപ്പിച്ച കലാകാരികൾക്ക് മുന്നിൽ അന്തം വിട്ടു നിൽക്കാനേ തനിക്ക് കഴിഞ്ഞുള്ളു എന്നാണ് ജയ കുറുപ്പ് പറയുന്നത്. ചെറുപ്പം മുതൽ ആരാധിച്ചുവന്ന ഉർവ്വശിയോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞ സന്തോഷം മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ജയാ കുറുപ്പ്.
ഓഡിഷൻ വഴി ഉള്ളൊഴുക്കിലേക്ക്
ഓഡിഷൻ വഴിയാണ് ഞാൻ ഉള്ളൊഴുക്കിലേക്ക് എത്തിയത്. പാൽത്തുജാൻവറിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഓഡിഷൻ നടന്നത്. ഒരു വേലക്കാരിയുടെ കഥാപാത്രമാണ് ആദ്യം പറഞ്ഞത്. പാൽത്തുവിന്റെ അസിസ്റ്റന്റ് ഡയറക്ടറോട് ഈ ഓഡിഷന് പോകണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ക്രിസ്റ്റോയെ എനിക്കറിയാം, ഞാൻ പറയാം എന്ന് പറഞ്ഞു. ആ കഥാപാത്രം വളരെ ചെറുതായിരുന്നു. ആ കഥാപാത്രം ചെയ്യേണ്ട ആളല്ല കുറച്ചുകൂടി സ്‌പേസ് ഉള്ള കഥാപാത്രം ചെയ്യാൻ കഴിയുന്ന നടിയാണ് എന്ന് അദ്ദേഹം ക്രിസ്റ്റോയോട് പറഞ്ഞു. പിന്നീട് ഞാൻ ഓഡിഷന് ചെന്നപ്പോൾ കന്യാസ്ത്രീയുടെ കഥാപാത്രവും ജിജിയുടെ കഥാപാത്രവും ചെയ്യിച്ച് നോക്കി. ജിജിയുടെ റോളിനാണ് ഞാൻ കൂടുതൽ നല്ലത് എന്ന് അവർക്ക് തോന്നി അങ്ങനെ അതിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞിട്ട് രണ്ടുവർഷമായി. മൂന്നു പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ്. സ്ത്രീകേന്ദ്രീകൃത സിനിമയിൽ നല്ല ഒരു വേഷം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ജിജിയെപ്പോലെ ആകില്ല
ഒരു ചെറിയ പെട്ടിക്കട നടത്തുന്ന ആളിന്റെ ഭാര്യയാണ് ജിജി. ഒരുപാട് കഷ്ടപ്പാടുകൾ കടന്നു വന്ന ജിജിക്ക് സ്വന്തം മകൾ നന്നായി ജീവിക്കുന്നത് കാണണം എന്ന ആഗ്രഹമേ ഉള്ളൂ. അങ്ങനെയാണ് ചില തീരുമാനങ്ങൾ എടുത്തത്. സിനിമ ഇനിയും ആളുകൾ കാണാനുള്ളതുകൊണ്ട് ഞാൻ കൂടുതൽ കഥാപാത്രത്തെപ്പറ്റി പറയുന്നില്ല. എങ്കിലും ഞാൻ ജിജിയെപ്പോലെ ആയിരിക്കില്ല, സമൂഹം എന്ത് പറയുന്നു എന്ന് കരുതാതെ മകളുടെ ഇഷ്ടത്തിനൊപ്പം നിൽക്കുകയാകും ഞാൻ ചെയ്യുക. എന്തായാലും ഒരുപാട് ആത്മസംഘര്ഷങ്ങൾ പേറുന്ന ആ കഥാപാത്രം ചെയ്തു ഫലിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സിനിമ കണ്ടിട്ട് ഒരുപാട്പേര് വിളിച്ചു നല്ല അഭിപ്രായങ്ങൾ പറയുന്നുണ്ട്. ബേസിൽ വിളിച്ച് നന്നായിട്ടു ചെയ്തു എന്ന് പറഞ്ഞിട്ട് ‘ചേച്ചി എന്ത് സാധനമാ ചേച്ചി എന്ന് ചോദിച്ചു.’ സിനിമയിൽ ഉള്ള ഒരുപാട് പേര് വിളിച്ചു. സിനിമ വലിയ വിജയമായി ഒരുപാടുപേര് സിനിമയെപ്പറ്റി സംസാരിക്കുന്നു നമ്മൾ ചെയ്ത ഒരു പടം വിജയിച്ചു കാണുമ്പൊൾ ഒരുപാട് സന്തോഷമുണ്ട്.
അഭിനയപ്രതിഭകൾക്ക് മുന്നിൽ വിസ്മയത്തോടെ
അസാമാന്യ അഭിനയ പാടവമുള്ള രണ്ട് കലാകാരികൾക്കടിയിൽ നിന്ന് അഭിനയിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ ആണ് ഞാൻ. സത്യം പറഞ്ഞാൽ പല സീനിലും ഞാൻ അഭിനയിക്കാൻ മറന്ന് അവരെ നോക്കി നിൽക്കുകയായിരുന്നു. നമ്മുടെ ചെറുപ്പം മുതൽ കണ്ടു വളർന്ന താരമാണ് ഉർവശി ചേച്ചി. തലയണമന്ത്രം പോലെയുള്ള ചിത്രങ്ങൾ, എടുത്തുപറയാൻ ആണെങ്കിൽ എല്ലാം പറയണം. ഏത് കഥാപാത്രം കൊടുത്താലും വളരെ തന്മയത്തത്തോടെ ചെയ്യുന്ന ആർട്ടിസ്റ്റ്. അഭിനയത്തിൽ താല്പര്യം തോന്നിയത് മുതൽ ഇവരൊക്കെ ചെയ്തു വച്ച കഥാപാത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട് ഞാൻ. നമ്മൾ കണ്ട് ഇഷ്ടപ്പെട്ടു വളർന്ന താരത്തിനൊപ്പം അഭിനയിക്കുമ്പോൾ ഞാൻ സ്വപ്നം കാണുകയാണോ എന്ന് ചിന്തിച്ചിട്ടുണ്ട്.
ഉർവശി ചേച്ചിയുടെ അടുത്ത് നിൽക്കുമ്പോൾ ചേച്ചിയുടെ പേശികൾ വരെ അനങ്ങുന്നത് ഒക്കെ കാണുന്നത് വല്ലാത്ത അനുഭവമാണ്. ഷൂട്ടിങ് ഇല്ലാത്തപ്പോൾ സെറ്റിൽ നമ്മളെ എല്ലാം പരിഗണിക്കും. അവർക്ക് കിട്ടുന്ന പരിഗണന നമുക്ക് എല്ലാവർക്കും ചേച്ചി നേടി തരും. സെറ്റിൽ ഒരു കുഞ്ഞിനെപോലും പേര് ഓർത്തുവച്ച് വിളിച്ച് സംസാരിച്ചിട്ടേ കടന്നുപോകൂ. ആദ്യമായി കാണുന്ന എന്റെ വരെ പേര് ഓർത്തുവച്ച് മറ്റുള്ളവരോട് പറയും. പാർവതിയും അതുപോലെ നല്ല കെയറിങ് ആയിരുന്നു. എനിക്ക് വള്ളത്തിൽ യാത്ര ചെയ്യാൻ പേടി ആയിരുന്നു. വള്ളത്തിൽ കയറിയപ്പോൾ പേടിക്കണ്ട എന്ന് പറഞ്ഞിട്ട് പാർവതി എന്നെ ചേർത്തുപിടിച്ച് ഇരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ പ്രായേണ്ട കാര്യമില്ലല്ലോ. കോമ്പിനേഷൻ ചെയ്യുമ്പോൾ നമുക്ക് തരുന്ന ആ ഒരു ഫീൽ അതൊക്കെ അടുത്ത് നിന്ന് കണ്ടതിന്റെ ആവേശത്തിൽ ആണ് ഞാൻ. ഈ അതുല്യ കലാകാരികളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.
വെള്ളത്തിൽ ജീവിക്കുന്നവർ
ഞങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് ആദ്യം മഴ ഇല്ലായിരുന്നു. മുന്നിലുള്ള പുഴയിൽ നിന്ന് വെള്ളം അടിച്ച് റോഡിലേക്കും വീട്ടിലേക്കും കയറ്റുകയായിരുന്നു. സംവിധായകൻ ക്രിസ്റ്റോയുടെ തറവാടാണ് ഉർവശി ചേച്ചിയുടെ വീട് ആയി കാണിച്ചത്. അദ്ദേഹത്തിന്റെ വല്യപ്പനോ ആരോ മരിച്ചിട്ട് പത്തോളം ദിവസം അടക്കാൻ കഴയാതെ ഇരുന്ന ഒരു അനുഭവം ഉണ്ട്. മുഴുവൻ സമയം വെള്ളത്തിലാണ് ഞങ്ങൾ നിന്നത്. ജലദോഷം ചുമ തുടങ്ങി അസുഖങ്ങൾ ഒക്കെ വന്നു. അവിടെയുള്ള ആളുകളെ സമ്മതിച്ചേ പറ്റൂ. എല്ലാം വലിയ വീടുകളാണ്, പക്ഷേ മിക്ക സമയവും വെള്ളം കയറുന്ന അവസ്ഥയാണ്. പുഴയുടെ നടുക്ക് പോലും ഒരു വീടുണ്ട്. രണ്ടു ഹൗസ് ബോട്ടിലായിരുന്നു ഞങ്ങൾക്ക് വിശ്രമിക്കാൻ സ്ഥലം ഒരുക്കിയത്. അവിടെയുള്ളവർ കാണുമ്പോൾ നമുക്ക് തോന്നും ഇവർക്ക് ഇവിടെനിന്ന് മാറി താമസിച്ചുകൂടെ എന്ന്. എല്ലാവരും വള്ളത്തിൽ പോയാണ് വീട്ടുസാധനങ്ങൾ വരെ വാങ്ങുന്നത്. സ്കൂളിൽ പഠിക്കുന്ന കുഞ്ഞുകുട്ടി മുതൽ വള്ളം തുഴയാൻ പഠിക്കും.
മലയൻകുഞ്ഞിലെ അമ്മ എന്ന സന്തോഷം
ബേസിൽ ജോസഫും നസ്രിയയും അഭിനയിക്കുന്ന സൂക്ഷ്മദർശിനി എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘കൊണ്ടൽ’ എന്ന ചിത്രമാണ് റിലീസ് ചെയ്യാനിരിക്കുന്നത്. നല്ല ഡെപ്ത് ഉള്ള കഥാപാത്രങ്ങൾ കിട്ടുന്നതിൽ സന്തോഷമുണ്ട്. ഒരുപാട് കഴിവുള്ള ആർട്ടിസ്റ്റുകൾ ഉള്ള ഇൻഡസ്ട്രി ആണ് അതിനിടയിൽ എന്നെയും പരിഗണിക്കുന്നുണ്ടല്ലോ. നമ്മുടേത് അതുകൊണ്ട് നമ്മെ തേടി ഏതു കഥാപാത്രം വന്നാലും ചെയ്യും. 24ാമത്തെ സിനിമയിൽ ആണ് ഇപ്പോൾ അഭിനയിക്കുന്നത്. ‘ജെല്ലിക്കെട്ടി’ൽ ആണ് ആദ്യം അഭിനയിച്ചത്. എന്നെ എല്ലാവരും അറിയുന്നത് മലയൻ കുഞ്ഞിലെ അമ്മ ആയിട്ടാണ്. പേരില്ലൂർ പ്രീമിയർ ലീഗ് വന്നതിനു ശേഷം അതിന്റെ പേരിലും എല്ലാവരും തിരിച്ചറിയുന്നുണ്ട്. ഓരോ സിനിമയ്ക്കു വേണ്ടി പോകുമ്പോഴും മലയൻകുഞ്ഞിൽ അഭിനയിച്ചത് എന്നെ സഹായിക്കുന്നുണ്ട്. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. അതുപോലെ ഉള്ളൊഴുക്കിൽ അഭിനയിച്ചതിലും സന്തോഷമുണ്ട്. കിട്ടുന്ന വേഷങ്ങളെല്ലാം സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. ഇനിയും നല്ല നല്ല വേഷങ്ങൾ തേടി വരുമെന്ന് പ്രതീക്ഷിക്കുന്നു