നടന്റെ കമ്മിറ്റ്മെന്റ് പ്രേക്ഷകനോടും നിർമ്മാതാവിനോടും; ആസിഫ് അലി അഭിമുഖം
Mail This Article
ആസിഫ് അലിയുടെ ചിരിയും പകപ്പും കരച്ചിലും സ്നേഹഭാവവും ഹൃദ്യതയോടെയല്ലാതെ കണ്ടിരിക്കാനാവില്ല. അത്രയ്ക്ക് ഗൃഹാതുരമായ മുഖമാണ് ആസിഫിന്റേത്. ഈയിടെ പുറത്തിറങ്ങിയ തലവൻ ഗംഭീര പ്രതികരണം നേടിയപ്പോൾ, ആത്മവിശ്വാസം കൂടി എന്നാണ് ആസിഫ് പറയുന്നത്. നല്ല അഭിപ്രായം നേടിയ സിനിമയ്ക്ക് ശേഷം വരുന്ന സിനിമ എന്ന നിലയിൽ കൂടി പുതിയ സിനിമ നൽകുന്ന പ്രതീക്ഷ വലുതാണ്. ഏറ്റവും പുതിയ സിനിമ ലെവൽ ക്രോസിന്റെ വിശേഷങ്ങളും ജീവിതവും ആസിഫ് അലി മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.
ഭാഗ്യവും സിനിമയും
ജീവിതത്തിൽ ഭാഗ്യം വളരെ പ്രധാനപ്പെട്ട ഘടകമാണ്. എന്നെക്കാൾ കഴിവും സൗന്ദര്യവും ഉള്ള എത്രയോ പേർ ഇപ്പോളും സിനിമയിൽ ചാൻസ് ചോദിച്ചു നടക്കുന്നുണ്ട്. സിനിമയിലേക്ക് എത്തും എന്നൊരു പ്രതീക്ഷയിൽ ആഞ്ഞു നടന്നു. ഇഷ്ടമുള്ളിടത്ത് എത്തി. ഇന്ന് അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ അതിലെ 'ലക് ഫാക്ടർ' ഉണ്ടെന്ന് മനസിലായി.
ചാൻസ് തേടി നടന്നിരുന്ന കാലത്ത് എന്നെ പിന്തിരിപ്പിക്കാൻ സാധ്യതയുണ്ടായിരുന്ന ഒരുപാട് കാര്യങ്ങൾ എനിക്കറിയില്ലായിരുന്നു. സിനിമയുടെ സ്വഭാവമെന്താണെന്നോ, ആരെപ്പോയി കാണണമെന്നോ എങ്ങനെയാണെന്നോ അറിയില്ല. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ പകുതിക്കുവച്ചേ ശ്രമം ഉപേക്ഷിച്ചു പോകുമായിരുന്നു. അത് ഉപേക്ഷിക്കാതിരുന്നത് വലിയൊരു അറിവില്ലാതിരുന്നതുകൊണ്ടാണ്. അത് ഭാഗ്യമായി.
കഥയാണ് സിനിമ
സെലക്ടീവാകാൻ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. നല്ലൊരു സിനിമയാണ്, ഇതിനൊരു പുതുമയുണ്ട് എന്നു തോന്നുമ്പോഴാണ് സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. കൂമൻ എന്ന സിനിമ ഞാൻ ചെയ്തു കൊണ്ടിരിക്കുമ്പോളാണ് ലെവൽ ക്രോസ് സിനിമയുടെ സംവിധായകൻ അർഫാസിനെ പരിചയം. അന്ന് ജിത്തു സാറിന്റെ കൂടെ ചീഫ് അസിസ്റ്റന്റായും കോഡയറക്ടറായും അർഫാസുണ്ട്. ജിത്തു സാറിന്റെ വലംകയ്യാണ്. ജിത്തു സാറിന് എന്താണ് വേണ്ടതെന്ന് അർഫാസിനറിയാം. കൂമൻ വലിയൊരു സിനിമയായിരുന്നു. ജിത്തു ജോസഫ് വളരെ ആയാസരഹിതമായി ആ സിനിമ ഷൂട്ട് ചെയ്യുന്നതിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അർഫാസിനെ പോലത്തെ ഒരു അസോസിയേറ്റ് ഡയറക്ടറാണ്. മൂന്നാറിൽ ഷൂട്ട് നടക്കുന്ന സമയത്ത് രാത്രിയില്‍ ക്യാംപ് ഫയറൊക്കെ ഇട്ട് പുറത്തൊരുമിച്ചിരുന്ന് ഡിന്നർ കഴിക്കും. അങ്ങനെ ഒരു ദിവസം അർഫാസ് പറഞ്ഞു; ''ഞാനൊരു സബ്ജക്റ്റ് പറയട്ടെ, ഒന്നു കേൾക്കാമോ?'' എന്ന്. എനിക്ക് ഫോണെടുക്കാത്ത സ്വഭാവം ഉണ്ട്. അതുകൊണ്ട് ഇവിടെ നിന്നു പോയാല്‍ എന്നെ കിട്ടാൻ വഴിയില്ല. ഇപ്പോൾതന്നെ പറഞ്ഞോ എന്നു പറഞ്ഞ് ഞങ്ങൾ മാറി ഇരുന്നു. ഒന്നര മണിക്കൂറുകൊണ്ടാണ് ഇതിന്റെ സ്ക്രിപ്റ്റ് പറയുന്നത്. അർഫാസ് ബോംബെക്കാരനാണ്. അപ്പോൾ ബോളിവുഡ് സ്റ്റൈലിലൊരു റൊമാന്റിക് കോമഡി ബോളിവുഡ് സിനിമയാണ് പ്രതീക്ഷിച്ചത്. പക്ഷേ അർഫാസ് ഈ സിനിമയുടെ ജ്യോഗ്രഫി പറഞ്ഞു തുടങ്ങിയശേഷം കഥയുടെ ഒരു കുതിപ്പുണ്ട്. ഗംഭീരമായി എന്ന് എനിക്ക് തോന്നിയിടത്താണ് അർഫാസ് പറയുന്നത്, ജിത്തു സാറാണ് ഈ കഥ എന്നോട് പറയാൻ പറഞ്ഞത്. അതു കേട്ടു കഴിഞ്ഞപ്പോൾ ഞാൻ സ്ക്രിപ്റ്റ് വായിച്ചു നോക്കി. ഇതിന്റെ പ്രീപ്രൊഡക്ഷനും ഡീറ്റെയിലിങ്ങും ലുക്കിന്റെ ഏകദേശ രൂപം വരെ അർഫാസ് ചെയ്തു വച്ചിട്ടുണ്ടായിരുന്നു. ഒരുപാട് പ്രിപ്പറേഷൻ അർഫാസിന്റെ ഭാഗത്തു നിന്നുണ്ട്. ഭയങ്കര ക്വാളിറ്റിയുള്ള ഒരു മനുഷ്യനാണ്.
പ്രായം ഇഷ്ടത്തെ സ്വാധീനിക്കും
നമ്മുടെ ചുറ്റുപാട്, പ്രായം, കാണുന്ന സിനിമകൾ എല്ലാം നമ്മുടെ ചോയിസിനെ ബാധിക്കാറുണ്ട്. ഒരു പ്രത്യേക പ്രായം വരെ എനിക്ക് കുടുംബ സിനിമകൾ എന്താണെന്നു അറിയില്ലായിരുന്നു. ഞാൻ ന്യൂജനറേഷൻ ടീമിലുണ്ടായിരുന്ന ആളാണ്. ആ സമയത്തെ എന്റെ പ്രായം, പക്വത എല്ലാം ഇഷ്ടത്തെ സ്വാധീനിച്ചിട്ടുണ്ട്. പിന്നീട് കല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളായ ശേഷം ഫാമിലി സിനിമകളെപ്പറ്റിയും ബന്ധങ്ങളെപ്പറ്റിയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ പറ്റി. ഇതൊക്കെ നേരിട്ടും അല്ലാതെയും ഇൻഫ്ലുവൻസ് െചയ്യുന്നുണ്ട്. ൈദവം സഹായിച്ച് സിനിമ തിരഞ്ഞെടുക്കാനുള്ള ചെയ്യാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കെല്ലാവര്‍ക്കുമുണ്ട്. ആരും നിര്‍ബന്ധിച്ച് സിനിമ ചെയ്യിക്കുന്നില്ല. അപ്പോൾ യെസ് പറയുന്ന സിനിമ എന്തെങ്കിലും പുതുമ നിറഞ്ഞതായിരിക്കണം. അല്ലെങ്കിൽ നമ്മുടെ ഐഡന്റിറ്റി ഉള്ള സിനിമ ആയിരിക്കണം എന്നുള്ള ഒരാഗ്രഹം ഉണ്ട്. അത് വിജയിക്കുമോ ഇല്ലയോ എന്നത് നമ്മുടെ കയ്യിലല്ല. നമ്മൾ വിചാരിക്കുന്നതു പോലെ ആ സിനിമ എത്തണമെന്നു പോലുമില്ല. പക്ഷേ ആ ചോയിസിന് എന്തെങ്കിലും ഒരു ഐഡന്റിറ്റി ഉണ്ടായിരിക്കണം. അത് നിര്ബന്ധമാണ്.
പേടിയുണ്ടോ!
ഈ സിനിമയുടെ ട്രൈലറിൽ ഒരു വാചകമുണ്ട്. മനുഷ്യരെ മാത്രമേ പേടിയുള്ളു. ഭൂതത്തെയല്ല എന്ന്. അത് എത്ര അർഥവത്തായിട്ടുള്ള ഡയലോഗാണ്. ഈ സിനിമ രണ്ടോ മൂന്നോ പ്രാവശ്യം കണ്ടു കഴിയുമ്പോൾ ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്ന് മനസ്സിലാകും. പലസ്തീൻ-ഗാസ വിഷയങ്ങൾ ആലോചിച്ചു നോക്കൂ. നമ്മൾ മനുഷ്യനെയാണ് പേടിക്കുന്നത്. ഒരു മനുഷ്യന് ചെയ്യാനാകുന്ന കാര്യങ്ങളാണോ ഈ ക്രൂരതകൾ. ഇത്രയും കഷ്ടമായ അവസ്ഥയിൽ കുഞ്ഞുങ്ങളെ കാണുന്നതും, ലോകം മുഴുവൻ എതിർത്തു നിന്നിട്ടും അവരെടുക്കുന്ന തീരുമാനങ്ങളും, അവരു ചെയ്യുന്ന കാര്യങ്ങളും എല്ലാം ചിന്തിക്കാൻ പോലും ആകാത്തതല്ലേ. മനുഷ്യൻമാരല്ലേ അവരെല്ലാം. പുറത്ത് നിന്നു വന്ന ഏലിയൻസോ ഭൂതങ്ങളോ ഒന്നുമല്ല.
ഈ സിനിമയും മനുഷ്യന്റെ നന്മ തിന്മകളെ അടയാളപ്പടുത്തുന്നുണ്ട്. മൂന്നു പേരുടെ കഥയും അവരുടെ ചുറ്റുപാടുമൊക്കെയാണെങ്കിൽ പോലും, ഇതിനകത്ത് അർഫാസ് കൊണ്ടു വന്നിരിക്കുന്ന കണ്ടന്റ് ഭീകരമാണ്. ഇത് ഒരുപാട് കാര്യങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. ഇത്രയൊന്നും ചിന്തിക്കാത്ത ആളാണ് ഞാൻ. പക്ഷേ ഇതെല്ലം മനസ്സിലാക്കി ഒരു സിനിമയുടെ ഭാഗമാകുന്നു എന്നത് ആ ടീമിന്റെ പ്രത്യേകതയായിരിക്കും.
ഞാനും ഞാനും തമ്മിലുള്ള ബന്ധം
സിനിമയുടെ ഏറ്റവും വലിയ ബൈപ്രൊഡക്റ്റാണ് എന്റെ ലൈഫ് സ്റ്റൈൽ. ഇപ്പോൾ ആസിഫ് അലിയുടെ ലുക്ക് ഏതാണെന്നു ചോദിച്ചാൽ എനിക്ക് പറഞ്ഞു കൊടുക്കാൻ പോലും അറിയില്ല. എനിക്കൊരു ഐഡന്റിറ്റി ഇല്ല. എയർപോർട്ടിലൊക്കെ പോകുമ്പോൾ പാസ്പോർട്ടിൽ കാണുന്ന നമ്മളും നേരില്‍ നിൽക്കുന്ന നമ്മളുമായിട്ട് ഒരു ബന്ധവും ഉണ്ടാവില്ല. ഒരു ദിവസം പോലും ബോറിങ്ങല്ല. അതിന്റേതായ പ്രഷറും പ്രശ്നങ്ങളും എല്ലാം ഉണ്ട്. എങ്കിലും നമ്മൾ ഒരു സ്പേസിലോ, ഒരേയൊരു ടീമിന്റെ കൂടെയോ റെസ്ട്രിക്റ്റഡ് അല്ല. ഒരുപാട് സ്ഥലത്തു പോകുന്നു. ഒരുപാട് പേരുമായി സംസാരിക്കുന്നു.
കലാകാരന്മാർ പല സ്വഭാവമുള്ള ആളുകളാണ്. അവരെല്ലാവരുമായി ഇടപെടുമ്പോൾ ഒരു രസമുണ്ട്. ഒരുപാട് പേര് നമ്മൾ ചെയ്യുന്നത് കാണാൻ പൈസ കൊടുത്ത് കേറിയിരുന്ന് ആസ്വദിക്കാൻ ശ്രമിക്കുന്നു. അവരെ എന്റർടെയ്ൻ ചെയ്യാനുള്ള ഒരു വലിയ ബാധ്യത നമുക്കുണ്ടാവുന്നു. അത് ഭയങ്കര രസമുള്ള ഒരു പ്രഫഷനാണ്.
മറ്റേത് പ്രഫഷനേക്കാളും പൊതു സമൂഹവുമായി ഇടപെടേണ്ടത് ഞങ്ങളാണ്. നമ്മളൊരിക്കലും ഒറ്റ ഒരാളായല്ല ജീവിക്കുന്നത്. പല പല ആളുകളായിട്ടാണ്. എല്ലാവരെയും കാണണം എല്ലാവരുടെയും അടുത്ത് െചല്ലണം. എല്ലാവരെയും പറ്റി അറിയണം. ജോലിയുടെ അടിസ്ഥാനമാണ് അത്.
ഉദാഹരണത്തിന്, ലൗഡ് സ്പീക്കറിൽ മമ്മൂക്ക 'മൈക്ക്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഞാനൊരു ഇടുക്കിക്കാരനാണ്. ഞാൻ അങ്ങനെ സംസാരിക്കുന്നവരെ കണ്ടിട്ടുണ്ട്. മമ്മൂക്ക ആ കഥാപാത്രത്തെ എങ്ങനെ മനസിലാക്കി എന്ന് ഓർത്താൽ അത്ഭുതം തോന്നും.
സിനിമ കാണാൻ വരുന്നവർ രണ്ടു തരം
രണ്ടു തരത്തിലാണ് തിയേറ്ററിൽ വന്ന് സിനിമ കാണുന്ന ആളുകളെ ഞാൻ മനസ്സിലാക്കിയത്. ഒന്ന് ഹോളിഡേയ്ക്ക് മ്യൂസിയം, സൂ, കടൽ ഇവയൊക്കെ കാണാൻ പോകുന്നതു പോലെ ഒരു സിനിമ കാണുന്നു. മറ്റൊരു കൂട്ടർ അതല്ലാതെ സിനിമകളെ കലയായി ഇഷ്ടപ്പെടുന്നവർ. നിരൂപകരല്ല. എന്റെ വാപ്പ സിനിമ ഇഷ്ടപ്പെടുന്നയാളാണ്. അതുകൊണ്ടാണ് സിനിമയിലേക്ക് എനിക്കൊരു ശ്രദ്ധ പോലും കിട്ടിയത്. വാപ്പ എല്ലാ സിനിമകളും തിയേറ്ററിൽ പോയി കാണുന്ന ആളാണ്. സിനിമയെപ്പറ്റി അഭിപ്രായം പറയുകയൊന്നുമില്ല. പക്ഷേ സിനിമ കാണാൻ ഇഷ്ടമാണ്. അങ്ങനെ വരുന്ന പ്രേക്ഷകർക്ക് ഈ സിനിമ എന്താണെന്നു മനസ്സിലാക്കാനും അത് നല്ലതാണെങ്കിൽ മനസ്സിലാക്കാനും ഇഷ്ടപ്പെടാനും അല്ലെങ്കിൽ മോശമാണെന്ന് പറയാനുമൊക്കെ പറ്റുന്ന സിനിമയാണ് വിജയിക്കുക.
ഒരു നടന്റെ ഏറ്റവും വലിയ കമ്മിറ്റ്മെന്റ് പൈസ മുടക്കുന്ന പ്രൊഡ്യൂസറോടും ടിക്കറ്റെടുക്കുന്ന പ്രേക്ഷകരോടുമാണ്. ഇവരെ രണ്ടു പേരെയും സാറ്റിസ്ഫൈ ചെയ്യാൻ പറ്റണം. അപ്പോഴാണ് മുന്നോട്ടു പോകുന്നതിൽ അർഥമുള്ളൂ. അല്ലെങ്കിൽ നമ്മൾ തിരഞ്ഞെടുക്കുന്ന സിനിമകളെപ്പറ്റി നമുക്ക് സംശയമാകും. ആളുകൾക്ക് സംശയം വരും. അഭിപ്രായം കേട്ടിട്ട് തീയറ്ററിൽ കേറിയാൽ മതി എന്നതിലേക്കെത്തും കാര്യങ്ങൾ. അപ്പോൾ പല സിനിമകൾക്കും അർഹതപ്പെട്ട വിജയം നേടാൻ പറ്റാതെ വരും. നമ്മൾ നേരത്തെ ചെയ്ത സിനിമകൾ വച്ച് അതൊരു പ്രഷറാണ്. പിന്നെ നമുക്കു കിട്ടുന്ന ഒരുപാട് സൗഭാഗ്യങ്ങളുടെ കൂടെ അതിന്റേതായ നെഗറ്റീവുകളും ഉണ്ട്. അതും നമ്മൾ കൈകാര്യം ചെയ്യണം.
അമലയും ഞാനും
ഏകദേശം ഒരേ സമയത്ത് സിനിമയിൽ വന്നവരാണ് ഞാനും അമലയും. അമലയുടെ സിനിമയിലെ വളർച്ച ഞാൻ കണ്ടിട്ടുണ്ട്. ഈ സിനിമ ചെയ്യുമ്പോൾ 30–35 ദിവസം ഒരുമിച്ച് ഒരു സ്ഥലത്തുണ്ടായിരുന്നു. അമലയുടെ കുക്ക് ഉണ്ടാക്കി തന്ന ഭക്ഷണമാണ് ഞങ്ങള്‍ കഴിച്ചിരുന്നത്. അമല ഫസ്റ്റ് പ്രഗ്നൻസി അറിയിച്ചതുമുതൽ ചെയ്തു മുതൽ എത്ര എക്സൈറ്റഡാണെന്നു ഞാൻ കണ്ടിട്ടുണ്ട്. എനിക്കതറിയാൻ പറ്റും. കാരണം എനിക്ക് രണ്ടു കുട്ടികളുണ്ട്. പണ്ട് സുരേഷേട്ടൻ ഒരു ഉണ്ണിവയറിൽ തൊട്ടപ്പോളുണ്ടായ വിവാദം കണ്ടതാണ് നമ്മൾ. ഇപ്പോൾ സിനിമയുടെ പ്രൊമോഷനിടെ ഞാൻ അമലയെ വാല്സല്യത്തോടെയാണ് തൊട്ടത്. ഞാൻ രണ്ടു കുട്ടികളുടെ അച്ഛനാണ്. എനിക്ക് അവളെ മനസിലാകും. അപ്പോൾ കുറേപേർ വളരെ നല്ല കമന്റുകൾ ചെയ്തുകണ്ടു. കാലം നല്ല ദിശയിലേക്കാണെന്ന് തോന്നന്നു.