സിബിഐ അഞ്ചാം ഭാഗത്തിലെ ഏറ്റവും വലിയ പിശക്: എസ്.എൻ. സ്വാമി പറയുന്നു
Mail This Article
മുണ്ടു മടക്കിക്കുത്തി വായിലൊരു മുറുക്കാനും ചവച്ച് കൊച്ചി നഗരത്തിലൂടെ സ്കൂട്ടർ ഓടിച്ചു പോകുന്ന ഒരു സാധാരണക്കാരനുണ്ട്. സിനിമ അറിയുന്നവർക്ക് അതൊരു അസാധാരണ കാഴ്ചയാണ്. കാരണം, സാഗർ ഏലിയാസ് ജാക്കിയേയും സിബിഐ സേതുരാമയ്യരേയും നരസിംഹ മന്നാഡിയാരേയും മലയാളിക്കു സമ്മാനിച്ച എസ്.എൻ.സ്വാമിയാണത്. നാൽപതു വർഷത്തെ സിനിമ ജീവിതത്തിൽ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘സീക്രട്ട്’ 26ന് പ്രേക്ഷകരിലേക്ക് എത്തുകയാണ്.
പതിവുപോലെ ഇതും കുറ്റാന്വേഷണ സിനിമയാണോ?
ഒരിക്കലുമല്ല. ഇതിൽ പൊലീസും കുറ്റാന്വേഷണവുമില്ല. എന്നാൽ, ഒരു ചെറുപ്പക്കാരൻ സ്വയം നടത്തുന്ന ചില അന്വേഷണങ്ങളുണ്ട്. അതിൽ പ്രണയവും സസ്പെൻസും ത്രില്ലുമൊക്കെയുണ്ട്. ഇതു വരെയുള്ള എന്റെ ചിത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ കഥാപരിസരവും കഥാപാത്രങ്ങളും അഭിനേതാക്കളുമാണ് ഇതിലുള്ളത്.
ചിത്രത്തിൽ സൂപ്പർ താരങ്ങൾ ആരും ഇല്ലാതെ പോയത് എന്തുകൊണ്ടാണ്?
ഈ കഥയിലെ നായകനെ അവതരിപ്പിക്കാൻ മമ്മൂട്ടിക്കോ മോഹൻലാലിനോ ഇപ്പോഴത്തെ പ്രായത്തിൽ കഴിയില്ല. ചേരാത്ത കഥയുമായി അവരുടെ അടുത്തേക്കു പോകുന്നയാളല്ല ഞാൻ. ഈ കഥയ്ക്ക് ഏറ്റവും യോജിച്ച നടൻ ധ്യാൻ ശ്രീനിവാസനാണെന്നു തോന്നി.
സംവിധായകനാകാൻ എന്താണ് ഇത്ര വൈകിയത്?
വളരെ വൈകി വിവാഹം കഴിച്ചയാളാണ് ഞാൻ. ഇതും അതുപോലെ മാത്രം കരുതിയാൽ മതി. ഇതുവരെ എഴുതിയ തിരക്കഥകളിൽ ഒന്നുപോലും എനിക്ക് സംവിധാനം ചെയ്യണം എന്ന് തോന്നിയിട്ടില്ല. എന്നാൽ, ഈ കഥ മനസ്സിൽ വന്നപ്പോൾ അത് സംവിധാനം ചെയ്യണം എന്നു തോന്നി.
സിബിഐയുടെ അഞ്ചാം ഭാഗത്തെപ്പറ്റി ഉയർന്ന വിമർശനങ്ങൾ ശ്രദ്ധിച്ചിരുന്നോ?
ഒരു പാട് കാര്യങ്ങൾ ഒരു സിനിമയിൽ പറയാൻ ശ്രമിച്ചതാണ് ഏറ്റവും വലിയ പിശക്. അതിന്റെ പ്രധാന ഉത്തരവാദി ഞാൻ തന്നെയാണ്. പുതിയ ചില ചിന്തകൾ ആ കഥയിൽ ഉണ്ടായിരുന്നു. എന്നാൽ, അത് പ്രേക്ഷകർക്കു മനസ്സിലാകുമോ എന്നൊരു സംശയമുണ്ടായി. അതുകൊണ്ട് കാര്യങ്ങൾ കൂടുതൽ വിശദീകരിക്കാൻ ശ്രമിച്ചു. എന്നാൽ, അത്തരം ‘സ്പൂൺ ഫീഡിങ്’ പരിപാടികൾ പുതിയ പ്രേക്ഷകർക്കാവശ്യമില്ല. അതിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ടാണ് സീക്രട്ട് ഒരുക്കിയിരിക്കുന്നത്.