കടം കിട്ടിയ ലാപ്ടോപ്, ചെയ്തു പഠിച്ച സിനിമ, ഈ പുരസ്‌കാരത്തിന് മധുരം കൂടും: ഫാസിൽ റസാഖ് അഭിമുഖം
Mail This Article
സംസ്ഥാന പുരസ്‌കാര പ്രഖ്യാപനത്തിനു ശേഷം നിറയെപ്പേർ തിരഞ്ഞ സിനിമയുടെ പേരായിരുന്നു തടവ്. ആ അന്വേഷണങ്ങൾ ചെന്നു നിന്നത് ആ ചിത്രത്തിന്റെ ട്രെയിലറിലാണ്. മകളെ കരയ്ക്കു നിർത്തി 'നീന്താനിറങ്ങുന്ന' അമ്മ. 'എന്നേം നീന്താൻ പഠിപ്പിക്കുമോ?' എന്ന കുട്ടിയുടെ ചോദ്യത്തിന് 'പിന്നെ പഠിപ്പിക്കാം' എന്നായിരുന്നു ആ അമ്മയുടെ മറുപടി. ഒറ്റ കാഴ്ചയിൽ തന്നെ അമ്പരപ്പിക്കുന്ന നിരവധി മുഹൂർത്തങ്ങൾ ട്രെയിലർ സമ്മാനിക്കുന്നുണ്ട്. ആ അമ്മയും അവരുടെ ജീവിതസംഘർഷങ്ങളും അതിഗംഭീരമായി പകർന്നാടിയ ബീന ചന്ദ്രൻ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉർവശിയുമായി പങ്കിട്ടു. സംവിധായകൻ ഫാസിൽ റസാഖ് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും നേടി. ഇതിനു മുൻപും നിരവധി പുരസ്കാരങ്ങൾ തടവ് നേടിയിട്ടുണ്ട്. ഇത്രയധികം പുരസ്കാരങ്ങൾ നേടിയ ചിത്രം ഈ വർഷം തന്നെ പുറത്തിറക്കാൻ ആലോചനയുണ്ടെന്ന് സംവിധായകൻ ഫാസിൽ റസാഖ് പറയുന്നു. കൂട്ടുകാരും ഇഷ്ടമുള്ളവരും സഹായിച്ചും പിന്തുണച്ചുമാണ് സിനിമയെന്ന സ്വപ്നത്തിലേക്ക് ഫാസിൽ റസാഖ് എത്തിയത്. പുരസ്കാരത്തിന്റെ നിറവും സിനിമയിലേക്കെത്തിയ വഴിയും ഫാസിൽ റസാഖ് മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.
തടവിന്റെ പക്ഷം
മനുഷ്യ വികാരങ്ങളിലാണ് ഈ സിനിമ കൂടുതൽ ശ്രദ്ധിച്ചിരുന്നത്. നിത്യവും കാണുന്ന പല തരം മനുഷ്യരില്ലേ, അങ്ങനെ ചിലരുടെ കഥയാണ് ഇത്. ജയിലിലെ അന്തേവാസികൾക്ക് സൗജന്യ ചികിത്സ എന്ന വാർത്ത കണ്ടിരുന്നു. അതിൽ നിന്നുമാണ് തടവിന്റെ കഥ രൂപപ്പെടുന്നത്. ഒരു അംഗനവാടി ടീച്ചറുടെ കഥയാണ് ഇതെന്ന് ലളിതമായി പറയാം. അവർ ഒരു പ്രശ്നത്തെ അതിജീവിക്കുന്ന കഥയാണ് തടവ് സംസാരിക്കുന്നത്. കൂടുതൽപേർ ഈ സിനിമ കാണണം എന്നാണ് ഈ സമയത്തെ ആഗ്രഹം.
ഈ സിനിമയുടെ പക്ഷം എന്താണെന്നു കൃത്യമായി എടുത്തുപറയാൻ ആഗ്രഹിക്കുന്നില്ല. കാണുന്ന ഓരോരുത്തർക്കും മനസിലാകുന്ന കഥയും ആശയവും ഉണ്ടല്ലോ. സംവിധായകനെന്ന നിലയിൽ, കാഴ്ചക്കാർ കണ്ടെത്തുന്ന പക്ഷം എന്താണെന്നു അറിയാൻ കാത്തിരിക്കുകയാണ്. നമ്മുടെ കൂടെ ജീവിക്കുന്ന ഒരാളുടെ കഥ എന്ന് മാത്രമേയുള്ളു.
ബീന ചന്ദ്രൻ എന്ന അഭിനേത്രി
ഞാൻ ബീന ടീച്ചറുടെ ഫാനാണ്. ഞാൻ ആദ്യം ചെയ്ത ഹ്രസ്വചിത്രത്തിലും ടീച്ചർ ഉണ്ടായിരുന്നു. അന്നേ പുള്ളക്കാരിയെ വച്ച് ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. 2019ൽ ആണ് ആദ്യത്തെ ഷോർട്ട് ഫിലിം ചെയ്യുന്നത്. ഗംഭീര അഭിനേത്രിയാണ് അവർ.
ബീന ടീച്ചർ യുപി സ്കൂളിലെ ടീച്ചറാണ്. നാടകവും സോളോ പെർഫോമൻസുകളും ചെയ്യുന്ന ആളാണ്. കുട്ടികളെ മോണോആക്ട് പഠിപ്പിക്കാറുമുണ്ട്. എല്ലാ രീതിയിലും അഭിനയിക്കാൻ താൽപര്യമുള്ള ആളാണ്. എന്റെ സുഹൃത്തായതുകൊണ്ട് അവരുടെ അഭിനയത്തിന്റെ സാധ്യതകൾ എനിക്ക് അറിയാമായിരുന്നു. അത് കഥാപാത്രത്തിലേക്കെത്താൻ കൂടുതൽ സഹായകമായി.
പട്ടാമ്പിയിൽനിന്നും സിനിമയിലേക്ക്
ആദ്യത്തെ മുഴുനീള സിനിമയ്ക്കു തന്നെ അവാർഡ് കിട്ടിയതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. പാലക്കാട് പട്ടാമ്പിയാണ് നാട്. ചെറുപ്പം മുതൽ സിനിമയാണ് ആഗ്രഹം. പഠിച്ചതും സിനിമയാണ്. ഇത്രയും കാലം സിനിമ മാത്രമാണ് ചെയ്തിരുന്നത്. ആ കലയിലുള്ള പ്രതീക്ഷയായിരുന്നു അത്.
ചെയ്തു ചെയ്താണ് സിനിമ ചെയ്യാൻ പഠിച്ചത്. സിനിമ പഠിക്കുമ്പോൾ തന്നെ ചെയ്ത സിനിമകളാണ് പാഠപുസ്തകമായത്. അധ്യാപകരും ലാപ്ടോപ് കടം തന്ന സുഹൃത്തും സ്നേഹത്തോടെ പ്രോത്സാഹിപ്പിച്ച കൂട്ടുകാരുമൊക്കെയാണ് ഈ സന്തോഷത്തിലേക്ക് എന്നെ എത്തിച്ചത്.
പഠനം കഴിഞ്ഞതിനു ശേഷം ഹ്രസ്വചിത്രങ്ങൾ എടുത്തു തുടങ്ങി. അതിര്, പിറ എന്നിങ്ങനെ രണ്ടു ഹ്രസ്വചിത്രങ്ങൾ ചെയ്തിരുന്നു. അന്നും സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചിരുന്നു. എങ്കിലും ഈ പുരസ്‌കാരത്തിന് മധുരം കൂടുതലാണ്. ഞങ്ങൾ ടീച്ചർ എന്ന് വിളിക്കുന്ന ബീന ചന്ദ്രനു ആദ്യത്തെ സിനിമയിൽത്തന്നെ സംസ്ഥാന പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷം പറഞ്ഞറിയിക്കാനാകുന്നതല്ല.