‘കടബാധ്യതയുള്ള’ നടൻ അങ്ങനെ ആദ്യമായി നിർമാതാവായി: സൈജു കുറുപ്പ് അഭിമുഖം
Mail This Article
സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ഭരതനാട്യം. ഡാര്‍ക്ക് ഹ്യൂമര്‍ സ്വഭാവത്തിലുള്ള ചിത്രത്തിൽ ശശി എന്ന നാട്ടിൻപുറത്തുകാരനായാണ് സൈജു കുറുപ്പ് എത്തിയത്. ഒരു കോമഡി ചിത്രത്തിന് വേണ്ട ചടുലതയോടെ പ്രേക്ഷകരെ ഒട്ടും മടുപ്പിക്കാതെയാണ് കൃഷ്ണദാസ് തന്റെ ആദ്യചിത്രം ഒരുക്കിയത്. തോമസ് തിരുവല്ല ഫിലിംസിനൊപ്പം സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ് കൂടി നിർമ്മാണത്തിൽ പങ്കാളിയായത്തോടെ ഭരതനാട്യത്തിലൂടെ നിർമാതാവിന്റെ മേലങ്കിയണിയുകയാണ് താരം. കൗതുകകരമായ ഒരു സസ്പെന്സുമായി തിയറ്ററിലെത്തിയ തന്റെ ആദ്യ നിർമാണ സംരംഭമായ ഭരതനാട്യത്തിന്റെ വിശേഷങ്ങൾക്കൊപ്പം ‘നുണക്കുഴി’ നൽകിയ സന്തോഷം കൂടി സൈജു കുറുപ്പ് മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.
ആദ്യമായി നിർമിക്കുന്ന സിനിമ
എബ്രഹാം ഓസ്‌ലറിന്റെ ഷൂട്ട് നടക്കുമ്പോഴാണ് ഞാൻ ഭരതനാട്യത്തിന്റെ കഥ കേൾക്കുന്നത്. ഓസ്‌ലറിൽ എനിക്ക് ഡയലോഗ് ഒന്നുമില്ലായിരുന്നു. ആ സമയത്ത് ഡയലോഗ് പഠിക്കേണ്ടല്ലോ അതുകൊണ്ട് ലൊക്കേഷനിൽ സമയം ഉണ്ടായിരുന്നു. കൃഷ്ണദാസ് ഈ സ്ക്രിപ്റ്റും കൊണ്ട് ആ ലൊക്കേഷനിൽ വന്നു. സ്ക്രിപ്റ്റ് വായിച്ചപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു. ശരിക്കും പറഞ്ഞാൽ ഒരു വർഷം മുൻപ് ഈ കഥ പറയാൻ കൃഷ്ണദാസ് എന്നെ വിളിച്ചിരുന്നു, അന്ന് എനിക്ക് ലീഡ് റോൾ ചെയ്യാൻ ആത്മവിശ്വാസം ഇല്ല എന്ന് പറഞ്ഞുവിട്ടിരുന്നു. അവൻ പിന്നെ രണ്ടുമൂന്നു പേരെ സമീപിച്ചെങ്കിലും നടന്നില്ല പിന്നെ വീണ്ടും അവൻ എന്റെ അടുത്ത് വന്നതാണ്. കഴിഞ്ഞ ഡിസംബറിൽ മക്കൾക്ക് അവധി കിട്ടിയപ്പോൾ ഞങ്ങൾ ദുബായിൽ പോയിട്ടുണ്ടായിരുന്നു.
ദുബായിൽ ആണ് നിർമാതാവ് തോമസ് ചേട്ടൻ ഉള്ളത്. തോമസ് ചേട്ടനെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു, നല്ല സ്ക്രിപ്റ്റ് വല്ലതും ഉണ്ടോ എന്ന്. ഞാൻ പറഞ്ഞു ഇങ്ങനെ ഒരു സ്ക്രിപ്റ്റ് ഉണ്ട്. തോമസ് ചേട്ടന് ആ കഥ ഒന്ന് കേട്ടാൽ കൊള്ളാം എന്ന് പറഞ്ഞു. പിറ്റേദിവസം തിരിച്ചു വരാൻ തുടങ്ങിയപ്പോൾ വീണ്ടും തോമസ് ചേട്ടൻ പറഞ്ഞു, സൈജു എനിക്ക് ആ കഥ ഒന്ന് കേൾക്കണം കേട്ടോ. അപ്പൊ എനിക്ക് മനസിലായി അദ്ദേഹം സീരിയസ് ആണ്. അദ്ദേഹം എറണാകുളത്ത് പ്രൊഡ്യൂസർ അസോസിയേഷന്റെ മീറ്റിങ്ങിന് വന്നപ്പോൾ കൃഷ്ണദാസിനെ വിളിച്ച് കഥ പറയിച്ചു. പറഞ്ഞു കഴിഞ്ഞ ഉടനെ തന്നെ തോമസ് ചേട്ടൻ കൃഷ്ണദാസിന് കൈകൊടുത്തു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. അഭിനേതാക്കളെ ഒക്കെ ബ്ലോക്ക് ചെയ്തു. കുറെ നാളായി ഒരു സിനിമ നിർമിക്കണം എന്ന് മനസ്സിലുണ്ട്. തോമസ് ചേട്ടൻ എന്ന പ്രൊഡ്യൂസറെ എനിക്ക് വലിയ വിശ്വാസമാണ്. അദ്ദേഹത്തിന്റെ രണ്ടു സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഞാനും കൂടി പ്രൊഡക്ഷനിൽ ചേരാം. അങ്ങനെ ആണ് തോമസ് തിരുവല്ല ഫിലിംസിനൊപ്പം സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ് ഭരതനാട്യത്തിന്റെ നിർമാണത്തിൽ പങ്കാളിയാകുന്നത്. അങ്ങനെ ഞാൻ ആദ്യമായി നിർമാതാവായി.
ചുറ്റുവട്ടത്തെ ചെറുപ്പക്കാരൻ
ഒരു കുടുംബത്തിന്റെ കഥയാണ് ഭരതനാട്യം. ചില കുടുംബങ്ങളിൽ ദുരഭിമാനം ഭയങ്കരമായിട്ട് ഉണ്ടാകും. അവരുടെ ജീവിതത്തിനു രഹസ്യസ്വഭാവം ഉണ്ടാകും. അടുത്തുള്ളവർ നമ്മുടെ വീട്ടിലെ കാര്യങ്ങൾ അറിയുന്നതിൽ അവർക്ക് താല്പര്യം കാണില്ല. അങ്ങനെ രഹസ്യം സൂക്ഷിക്കുന്ന ഒരു വീട്ടിൽ ഒരു വലിയ പ്രശ്നം ഉണ്ടാകുന്നതാണ് സിനിമയുടെ കഥ. ഒരിക്കലും വിചാരിക്കാത്ത ഒരു പ്രശ്നം വരികയാണ് അവിടെ. ആ വീടിന്റെ നെടുംതൂണാണ് ശശിധരൻ. നമ്മുടെ ചുറ്റുവട്ടത്തൊക്കെ കാണാൻ സാധ്യതയുള്ള ഒരു സാധാരണക്കാരനായ ചെറുപ്പക്കാരൻ, അതാണ് എന്റെ വേഷം. നായകൻ ഞാൻ ആണെങ്കിൽ എന്റെ ഓപ്പോസിറ്റ് വരുന്ന ആളായിരിക്കും പൊതുവെ നായിക. പക്ഷേ ഇതിൽ അങ്ങനെ ഒരു നായിക ഇല്ല. ഈ സിനിമയിൽ എല്ലാവര്‍ക്കും തുല്യ പ്രാധാന്യമുണ്ട്. സ്ത്രീകളെല്ലാം നായികമാരും പുരുഷന്മാരെല്ലാം നായകന്മാരുമാണ്.
ഭരതനാട്യം ഒരു നൃത്തമല്ല
സിനിമയുടെ പേര് ഒരു സസ്പെൻസ് ആണ്. ചിലപ്പോഴൊക്കെ നമ്മൾ പറയാറില്ലേ അയ്യോ ഞാൻ ഭരതനാട്യം വരെ കളിച്ച ഒരു സമയമായിരുന്നു അത് എന്ന്. അത്തരത്തിൽ ഒരാളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു സംഭവമാണ്. ഭരതനാട്യം എന്ന പേര് കേട്ടാൽ ഒന്നും കൂടുതൽ ചോദിക്കേണ്ട കാര്യമില്ല. ഏത് നാട്ടിൽ പോയാലും അവർക്ക് ഭരതനാട്യം അറിയാം. പണ്ട് അന്താക്ഷരി ചെയ്തപ്പോഴും ഇതുപോലെ ആയിരുന്നു. എല്ലാവർക്കും അറിയുന്ന ഒരു വാക്കാണ് അന്താക്ഷരി. പടം നാല്പത് ദിവസമാണ് പ്ലാൻ ചെയ്തത് പക്ഷെ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ 35 ദിവസംകൊണ്ടു പടം തീർന്നു.
നാലുവർഷത്തിന് ശേഷം കലാരഞ്ജിനി
നാലുവർഷത്തിനു ശേഷമാണ് കലാരഞ്ജിനി ചേച്ചി ഒരു സിനിമയിൽ അഭിനയിക്കുന്നത്. എന്റെ അമ്മയുടെ വേഷമാണ്. ചേച്ചി ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ഈ പടം വിടാൻ തോന്നിയില്ല എന്നാണ്. ചേച്ചി തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്. സായി കുമാർ ചേട്ടനും വളരെ നല്ല ഒരു റോൾ ആണ് ചെയ്തിരിക്കുന്നത്. അവർ മാത്രമല്ല ദിവ്യ, ശ്രുതി, അഭിരാം, നന്ദു പൊതുവാൾ തുടങ്ങി സിനിമയിൽ അഭിനയിച്ച എല്ലാവരും വളരെ നല്ല പ്രകടനം ആണ് കാഴ്ചവച്ചത്.
കൃഷ്ണകുമാർ ജീത്തു ജോസഫ് കൂട്ടുകെട്ടിനൊപ്പം രണ്ടാമത്തെ പടം
നുണക്കുഴി എന്ന സിനിമ നന്നായി ശ്രദ്ധിക്കപ്പെട്ടു. അതിലെ എന്റെ കഥാപാത്രം കോടതിയിൽ കയറുന്ന ഒരു സീൻ ഉണ്ട് അത് ഭയങ്കര രസമായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. അവസാനം തട്ടുകടയിൽ ഉള്ള ഫൈറ്റ് സീൻ ഒക്കെ നല്ല രസമുണ്ട് എന്നാണ് എല്ലാവരും പറഞ്ഞത്. നുണക്കുഴി നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു. കൃഷ്ണകുമാറും ജീത്തു ജോസഫും ഒന്നിക്കുന്ന ആദ്യത്തെ പടത്തിൽ ഞാൻ അഭിനയിച്ചിരുന്നു, 12ത്ത് മാൻ. അതൊരു ത്രില്ലർ ആയിരുന്നു. വീണ്ടും അവരുടെ ഒരു കോമഡി പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കൃഷ്ണകുമാറിന്റെ സ്ക്രിപ്റ്റ് വളരെ നല്ലതാണ് അതിനൊപ്പം ജീത്തു ജോസഫിന്റെ മേക്കിങ് കൂടിയായപ്പോ പടം അടിപൊളി ആയി. പതിവിന് വിപരീതമായി കടബാധ്യത ഇല്ലാത്ത ഒരു കഥാപാത്രമാണ്. ഭരതനാട്യത്തിലെ കഥാപാത്രത്തിനും കടബാധ്യത ഇല്ല. എന്നുകരുതി ഞാൻ കടബാധ്യത ഉള്ള കഥാപാത്രം ചെയ്യില്ല എന്നല്ല, ഇനിയും അത്തരം സിനിമകൾ വരാനുണ്ട്. നല്ല കഥാപാത്രങ്ങൾ കിട്ടുമ്പോൾ ഒഴിവാക്കാൻ പറ്റില്ലല്ലോ. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടും എന്ന പേടി അല്ല, നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് ലക്‌ഷ്യം.