പത്മരാജൻ- ഓർമയിലെ പത്മരാഗം

Mail This Article
'നക്ഷത്രങ്ങളേ കാവൽ' രണ്ടാമതും വായിച്ചുതീർത്ത രാത്രി. ആശാട്ടിയുടെ വീട്ടിൽ നിലത്തുവിരിച്ച തഴപ്പായയിൽ ഞാൻ ഉറങ്ങാൻ കിടക്കുന്നു, സാധിക്കുന്നില്ല. തലയുടെ വലതുഭാഗത്തായി നോവൽ മടക്കിവച്ചിട്ടുണ്ട്. അതിനുള്ളിൽ കല്യാണിക്കുട്ടിയുടെ സഹനവും ക്ഷോഭവും ഇടകലർന്ന ജീവിതം വിങ്ങിപ്പൊട്ടുന്നു. അതിന്റെ ഭാരം താങ്ങാൻ എനിക്കും പ്രയാസമായിരുന്നു. കുറേനേരം എഴുന്നേറ്റിരുന്നു. സൂത്രപ്പട്ടിക വിട്ടുപോയ വാതിലിന്റെ വിടവിലോടെ നിലാവിന്റെ വെള്ളിനൂലുകൾ നീണ്ടുവരുന്നതു കാണാം. അതിൽ പിടിച്ചുകൊണ്ട് പതുക്കേ എഴുന്നേറ്റുനിന്നു. നോവലും കയ്യിലെടുത്തു. എല്ലായിടത്തും ഇരുട്ടാണ്.
ശബ്ദം കേൾപ്പിച്ചുകൂടാ, തുളസാണ്ണനും ആശാട്ടിയും ഉണരും! പെരുവിരലുകളിൽ കുത്തി വായനാമുറിയിലേക്കു നടന്നു. കനച്ച വെളിച്ചെണ്ണയുടെയും മസാലക്കൂട്ടുകളുടെയും മണം കലർന്ന അടുക്കളയാണ് വായനാമുറി! അതു പുറപ്പെടുവിച്ച രൂക്ഷതയെക്കാൾ മുന്നിട്ടുനിന്നു, വീട്ടുമുറ്റത്തെ നെടിയ കുടകപ്പാലയിൽ വിരിഞ്ഞ വെളുത്ത പൂക്കൾ പ്രസരിപ്പിച്ച മാദകഗന്ധം. അതെന്നെ ചെറുതായി ഭയപ്പെടുത്തിയെങ്കിലും വേറേ നിവൃത്തിമാർഗമില്ല. പതുക്കേ തപ്പിച്ചെന്നപ്പോൾ ചുവപ്പുനിറം പൂശിയ തട്ടിന്റെ മൂലയിൽ വച്ചിരുന്ന റാന്തൽ കയ്യിൽ തടഞ്ഞു. കത്തിച്ചു. കുഞ്ഞുനാളങ്ങൾ ഉറക്കച്ചടവോടെ തെളിഞ്ഞുവന്നു. അവ പകർന്ന പിത്തളവെളിച്ചത്തിൽ താളുകൾ ഓരോന്നായി മറിച്ചു. എനിക്കുമാത്രം മനസിലാകുന്നതരത്തിൽ നേർത്ത കുത്തുകളിട്ടുവച്ചിരുന്ന വരികളുടെ നൃത്തഭംഗിയിലൂടെ കണ്ണുകൾ തെന്നിനീങ്ങി - 'കല്യാണിക്കുട്ടി ഇരുട്ടിൽത്തന്നെ നിന്നു. അവൾ ഉരുകുകയും വെള്ളമാകുകയും വെള്ളം ആവിയാകുകയും ആവി വീണ്ടും അവളായിത്തീരുകയും ചെയ്തു. ഇരുട്ട് ആവിയെ ചൂഴ്ന്നുനിൽക്കുന്നു'.
ഇരുന്ന ഇരിപ്പിൽ എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ ആശാട്ടി വന്നു വിളിച്ചു. അവർ ഉണ്ടാക്കിത്തന്ന കടുംചായ മെല്ലെ കുടിച്ചിറക്കി. കയ്യിൽനിന്നും ഊർന്നുപോയ നോവൽ താഴെ കമഴ്ന്നുകിടക്കുന്നു. പുറംചട്ടയിലെ ഗന്ധർവ്വൻ എന്നെ നോക്കി മയക്കിച്ചിരിച്ചു. പാതികൂമ്പിയ കണ്ണുകളിലെ ഇടവമേഘങ്ങൾ ആരുടെയോ പ്രണയസന്ദേശം വഹിച്ചുകൊണ്ട് രാമഗിരിയുടെ മുകളിലൂടെ മുന്നോട്ടുനീങ്ങി. അതിനു പിന്നാലേ ഞാനും ഇറങ്ങിനടന്നു. അന്നേരത്തേക്കും ഉള്ളിൽ ഒരു നിശ്ചയം ഉറഞ്ഞുകൂടിക്കഴിഞ്ഞു. ഒന്നു പോയി കാണണം, സംസാരിക്കണം. അക്ഷരങ്ങളെ മഴവില്ലുകളും ശലഭങ്ങളും മാതളപ്പൂക്കളുമാക്കി മാറ്റുന്ന മന്ത്രം ചോദിച്ചു മനസിലാക്കണം. ഒത്തുവന്നാൽ ഒരു പത്തൊൻപതുകാരനു ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം, തീർച്ചയായും നഷ്ടപ്പെടുത്തിക്കൂടാ! പക്ഷേ എങ്ങനെ? സാഹിത്യകാരൻമാരോടു സംസാരിക്കുന്ന രീതിയൊന്നും വശമില്ല. ആകെ രണ്ടുപേരെ കണ്ടിട്ടുണ്ട്. തകഴിയുടെയും പൊൻകുന്നം വർക്കിയുടെയും ശരീരഭാഷകൾ ഭയപ്പെടുത്തുന്നതായിരുന്നു. അപ്പോഴേ മാറിക്കളഞ്ഞു. ഇതെന്തായാലും അങ്ങനെയാവില്ല. വായിച്ചു വായിച്ചു മനസിൽ അടിപതിഞ്ഞ കമനീയരൂപം മുന്നിലുണ്ട്. അദേഹം സൗമ്യനാണ്, ദയാലുവാണ്. ആട്ടിപ്പായിക്കില്ല. ഇത്രയൊക്കെ ചിന്തിച്ചപ്പോൾ ഇത്തിരി ധൈര്യമൊക്കെ വന്നു.
മുതുകുളം ആലപ്പുഴജില്ലയുടെ അതിർത്തിയിലാണ്. പക്ഷേ ആ വഴിയൊന്നും പോയിട്ടില്ല. അങ്ങനെ നിരാശപ്പെട്ടുനിൽക്കേ, ശില്പിയും സർവകലാശാലാമത്സരങ്ങളിൽ ജേതാവുമായ മാവേലിക്കരസ്വദേശി മോഹനൻ പറഞ്ഞു- 'നമക്ക് കണ്ടുപിടിക്കാടാ'. അവൻ വാക്കുപാലിച്ചു. ഒപ്പം വരാമെന്ന വാക്ക് പക്ഷേ കാലിച്ചാക്കായി. ഏതായാലും കാലെടുത്തു വച്ചുകഴിഞ്ഞു, ഇനി പിന്നോട്ടു മാറരുത്. ഒന്നിനും വേണ്ടിയല്ല, വെറുതേ ഒന്നു കാണാൻ. സാധിച്ചാൽ ചോർത്തിയെടുക്കണം, അക്ഷരങ്ങളിൽ നിറങ്ങളും ഗന്ധവും നിറച്ചുകൊടുക്കുന്ന രഹസ്യം. ഭാവനയുടെ നവര്തനങ്ങൾകൊണ്ട് സ്വപനങ്ങൾ നിർമിക്കുന്ന കലാവിദ്യയുടെ പൊരുൾ.
വൈകാതെ മുഹൂർത്തം കുറിച്ചു. തയ്യാറെടുപ്പെന്നോണം മുമ്പു വായിച്ച ചില കഥകൾ പിന്നെയും വായിച്ചുവച്ചു. ദുരുദ്ദേശത്തോടെ കുറച്ചേറെ വരികൾ ഹൃദിസ്ഥമാക്കി. ഒരു വലിയ സാഹിത്യകാരനെ കാണാൻപോവുകയാണെന്നുള്ള സന്തോഷം ഉള്ളിൽ പൂത്തിരികത്തി. യാത്രയുടെ കാര്യം വീട്ടിൽ മിണ്ടിയില്ല. ചോദിച്ചാൽ കോളേജിലേക്കെന്നു പറയണം. ഒരുക്കങ്ങൾ ഇനിയുമുണ്ട്. നല്ല വേഷം ധരിക്കണം. കയറിച്ചെല്ലുമ്പോഴേ വിളിച്ചുകൊണ്ടുപോയി കസേരയിൽ ഇരുത്തണം, സൽക്കരിക്കണം. ഒരു ജുബ്ബ സംഘടിപ്പിച്ചു. ഇട്ടുനോക്കി, ഇനി മുണ്ട് വേറേ വേണ്ട! ചേച്ചിയുടെ സാങ്കേതികസഹായം ലഭിച്ചു. അവൾ ജൂബ മടക്കിവച്ചു തയിച്ചുതന്നു. കയ്യിലെ നീക്കിയിരുപ്പ് പത്തുമുപ്പത്തെട്ടു രൂപയുണ്ട്. ധനികൻതന്നെ. രാവിലെ വീട്ടിൽനിന്നിറങ്ങിയപ്പോൾ പരിചയക്കാരെ പലരെയും വഴിയിൽ കണ്ടു. ആരും ചോദിക്കുന്നില്ല, 'നീ എവിടെ പോകുന്നു?' ചോദിച്ചിരുന്നെങ്കിൽ പറയാമായിരുന്നു- 'മുതുകുളംവരെ, നമ്മുടെ പത്മരാജനെ ഒന്നു കാണണം'. പക്ഷേ ആരും ചോദിക്കുന്നില്ലല്ലോ!
മുതുകുളത്തെ ചൂളത്തെരുവു മുക്കിലുള്ള വീട്ടിലെത്തിയപ്പോൾ പതിനൊന്നുമണി കഴിഞ്ഞു. വിചാരിച്ചതിലും പഴയവീട്, അല്പം ദൂരെമാറി ഒരു കാവ്. ആദ്യം അമ്മയെ കണ്ടു. കുലീനതയെ വിശദീകരിക്കാൻ വേറൊരു രൂപം വേണ്ട!
'അവൻ പറമ്പിലുണ്ട്.'
'പറമ്പിലോ ?'
സുപ്രസിദ്ധ സാഹിത്യകാരന് പറമ്പിലെന്ത് കാര്യം? ഏതായാലും ചെന്നുനോക്കാം. ചെന്നു, കണ്ടു. അത്രയും ഭംഗിയുള്ള നിമിഷം അതുവരെയുള്ള ജീവിതത്തിൽ ഞാൻ അനുഭവിച്ചതല്ല! മാത്രവുമല്ല, അന്നേരം ഹൃദയത്തിൽ തുളുമ്പിയ മധുരവികാരം എഴുതിപ്പിടിപ്പിക്കാൻ ഇന്നും കഴിവു ലഭിച്ചിട്ടില്ല! കാണാൻ കൊതിച്ചിരുന്ന രൂപം തൊടാവുന്ന തരത്തിൽ മുന്നിൽ. തലയിലൊരു ചുറ്റിക്കെട്ടുണ്ട്. ഉടുപ്പു ധരിച്ചിട്ടില്ല. കയ്യിൽ തൂമ്പ പിടിച്ചുനിൽക്കുന്ന മഹാഭാഗ്യവാനായ പണിക്കാരന് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകുന്നു. ആ സമൃദ്ധമായ താടിയിലേക്കു ഞാൻ കൊതിയോടെ നോക്കി. ഇതുപോലെ സമൃദ്ധിവരാൻ എത്രനാൾ കാത്തിരിക്കണം ! സ്വന്തംതാടിയിലെ പുല്ലുകളിൽ വെറുതേ തൊട്ടുപോയി.
പരിചയമില്ലാത്ത ഒരു ചെറുക്കനെ മുന്നിൽ കണ്ടതിലുള്ള ഭാവവ്യത്യാസമൊന്നും പത്മരാജന്റെ മുഖത്തു പ്രകടമായില്ല.
'എന്താണ് ?' അദ്ദേഹം ചോദിച്ചു.
തൊണ്ട വരളാൻ കണ്ടനേരം! ഒരുവിധത്തിൽ വാക്കുകൾ ഘടിപ്പിച്ചെടുത്തെന്നു പറഞ്ഞാൽ മതായല്ലോ-
'എസ്.ഡി കോളജീന്നാണ്'.
ഞാൻ ബാഗിൽനിന്നും ഒരു ചെറിയ നോട്ടുബുക്ക് കയ്യിലെടുത്തുപിടിച്ചു.
'ഇൻറർവ്യൂ എടുക്കാനാണോ?'
ചതിച്ചു! എന്നെ അദ്ദേഹം മാഗസിൻ എഡിറ്ററായോ മറ്റോ തെറ്റിദ്ധരിച്ചിരിക്കുന്നു! ഞാൻ കുടുങ്ങിപ്പോയി. എന്നെ മാഗസിൻ എഡിറ്ററായി തെരഞ്ഞെടുക്കാത്ത വിദ്യാർഥിവർഗത്തോടു മുഴുവൻ ആ നിമിഷത്തിൽ എനിക്കു കടുത്ത പകതോന്നി. വിചിത്രമെന്നു പറയട്ടെ, മാഗസിൻ എഡിറ്ററാകാൻ ഞാൻ മത്സരിച്ചിട്ടേയില്ല എന്നതോ അങ്ങനെയൊരു ചിന്തപോലും ഞാനുൾപ്പെടെ ഒരാളുടെയും മനസിൽ ഉണ്ടായിട്ടില്ല എന്നതോ അവിടെ പ്രസക്തമായില്ല.
ഇനി നയപരമായി നീങ്ങുകതന്നെ. ഞാൻ ഒന്നും തെളിച്ചുപറഞ്ഞില്ല. അദ്ദേഹം എങ്ങനെയും വ്യാഖ്യാനിച്ചുകൊള്ളട്ടെ. ഏതായാലും ഒരു കടമ്പ കടന്നുകിട്ടി, ഇനി മനസിലുള്ള ചോദ്യങ്ങൾ ചോദിച്ചുതുടങ്ങാം. ഒരു കുനിപ്പുപോലും വിട്ടുപോകാൻ പാടില്ല. ഞാൻ ബുക്ക് നിവർത്തി, പേനയും തുറന്നു. എന്റെ തിടുക്കം കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു.
'എന്താടാ! നീ അതെല്ലാം അവിടെത്തന്നെ വച്ചേ. എന്നിട്ട് ദേ, ആ തൂമ്പ എടുത്തോ '.
പണിക്കാരൻ മരത്തിൽ ചാരിവച്ച തൂമ്പ ഞാൻ കയ്യിൽ എടുത്തു. പിന്നെ തോളിൽ ചാരിവച്ചുകൊണ്ട് യാതൊരു വിവേകവുമില്ലാതെ നേരേ ചോദ്യത്തിലേക്കു കടന്നു -
'ലോല എഴുതാനുണ്ടായ സാഹചര്യം?'
അദ്ദേഹത്തിനു നല്ല ദേഷ്യം വന്നു-
'എന്ത് സാഹചര്യം, നീ ആദ്യം ആ തെങ്ങിന്റെ ചൊവട് വൃത്തിക്കൊന്ന് കൊത്തിക്കെളക്ക്. ആദ്യം ഇതൊക്കെ പഠിക്ക്, എന്നിട്ട് ചോദിക്കാം'.
വാക്കുകളിലെ ഗൗരവവും ഘനവും എന്നെ വിറപ്പിച്ചുകളഞ്ഞു. പിന്നെ ഒന്നും ചോദിക്കാൻ തുനിഞ്ഞില്ല. പരിചയമില്ലാത്ത പണിയാണെങ്കിലും വെട്ടി മറിച്ചു. ജ്യാമിതീയരൂപങ്ങളെ കൊഞ്ഞനംകുത്തുന്ന വിചിത്രതകൾ തെങ്ങിൻചുവട്ടിൽ രൂപപ്പെട്ടുതുടങ്ങി. മൂന്നു തെങ്ങുകൾ പിന്നിട്ടുകഴിഞ്ഞപ്പോൾ നിർത്തിക്കോളാനുള്ള നിർദേശമെത്തി. അപ്പോഴേക്കും പണിക്കാരൻ തിരികേ വന്നു. മിന്നലടിച്ചതുപോലെ മൂപ്പിലാൻ രണ്ടു നിമിഷം തരിച്ചുനിന്നു. തെങ്ങിൻ ചുവട്ടിലെ ചെറിയ ചെറിയ ഗർത്തങ്ങളിലേക്കും ഞങ്ങളുടെ മുഖങ്ങളിലേക്കും അയാൾ മാറിമാറിനോക്കി. ഞാൻ ലേശം പരിഭ്രമിച്ചു. പത്മരാജനാകട്ടെ പുറത്തേക്കു തെറിച്ചുവീണ ചിരികളെ മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതു ഞാൻ കാണാതിരുന്നില്ല.
പണിക്കാരൻ പ്രാകിക്കൊണ്ട് തടത്തിലേക്കിറങ്ങി. പത്മരാജൻ വീട്ടിലേക്കും നടന്നു വിയർത്തുകുതിർന്ന ശരീരത്തോടെ ഞാനും പുറകേ നീങ്ങി. പുറത്തെ പാത്രത്തിൽ നിറച്ചുവച്ചിരുന്ന തണുത്ത വെള്ളത്തിൽ കയ്യും മുഖവും കഴുകി വരാന്തയിലേക്കു കയറി. അവിടെ മൊത്തത്തിൽ ഒരു നിരീക്ഷണം നടത്തി. അദ്ദേഹം എഴുതിയ കഥകളിലും നോവലുകളിലും പരിചയപ്പെട്ടതെന്തെങ്കിലും കാണുന്നുണ്ടോ? ഒന്നും പൊരുത്തപ്പെടുന്നതായി തോന്നിയില്ല. നാടിനെയും വീടിനെയും സംബന്ധിച്ച പൊതുവായ ചില കാര്യങ്ങൾ അന്വേഷിച്ചശേഷം അദ്ദേഹം ചോദിച്ചു-
'നിനക്ക് സാഹിത്യത്തിന്റെ അസുഖം വല്ലതുമുണ്ടോ?'

'കവിതയെഴുതും.' ഞാൻ അഭിമാനത്തോടെ പറഞ്ഞു
'അതിന്റെ പ്രായം കഴിഞ്ഞല്ലോ!' അദ്ദേഹം പരിഹസിച്ചു.
'വല്ല ഫിക്ഷനും എഴുതാൻ നോക്കണം. അതിനൊക്കെയേ ഇനി വായനക്കാർ ഉണ്ടാകൂ. ചെറുപ്പത്തിൽ കിട്ടുന്ന അംഗീകാരത്തിനു നല്ല ലഹരിയുണ്ടാകും. ആദ്യകാലത്തൊക്കെ കഥകൾ അച്ചടിച്ചുവരുമ്പോൾ ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോന്ന് ഞാൻ കാത്തിരിക്കും. കുറേയങ്ങോട്ടു ചെല്ലുമ്പോ, പ്രതികരണം ഉണ്ടായാലും ഇല്ലെങ്കിലും ഒരുപോലെയാ. ഒന്നും തോന്നില്ല. നമ്മൾ നമ്മടെ ജോലിചെയ്യുന്നു. ആ അവസ്ഥയിലെത്തും.'
ഉപദേശമായി പറഞ്ഞതല്ലെങ്കിലും ഗുരുവചനമായിത്തന്നെ ഹൃദയം സ്വീകരിച്ചു.
അനുഭവങ്ങളെ കഥകളാക്കുന്ന നിരവധി ഉദാഹരണങ്ങൾ അദ്ദേഹം പറഞ്ഞുതന്നു. 'ആലപ്പുഴ'യും 'ചൂണ്ട'യും ഞാൻ വിശേഷമായി ഓർക്കുന്നുണ്ട്. പക്ഷേ അവയുടെ പിന്നിലെ അനുഭവതലങ്ങളും എഴുതിവച്ച കഥകളും തമ്മിൽ ചേർത്തെടുക്കാൻ എനിക്കു സാധിച്ചില്ല. അദ്ദേഹം എന്നെ വായിച്ചുവെന്നുതോന്നി, ഒരു മറുപടിയിൽ എല്ലാ സംശയങ്ങളും തീർത്തുകളഞ്ഞു-
'നീ എഴുതിത്തുടങ്ങുമ്പോ ഞാൻ പറഞ്ഞ കാര്യങ്ങൾ മനസിലാകും, അപ്പഴേ മനസിലാകൂ. ഇപ്പൊ മനസിലാകില്ല. പ്രായമായിട്ടില്ല'.
അഹം ഉരുക്കിത്തീർക്കുന്ന ഊഷ്മാവിൽ അദ്ദേഹം ചിരിച്ചു. പല വിഷയങ്ങളിൽ പിന്നെയും സംസാരിച്ചുകൊണ്ടിരുന്നു. അതിനിടെ റാക്കിൽനിന്നും തകഴി, കാരൂർ, ബഷീർ, പോഞ്ഞിക്കര റാഫി എന്നിവരുടെ ഓരോ പുസ്തകങ്ങൾ ഉദാരമായി എടുത്തുതന്നു. കൂട്ടത്തിൽ കലാകൗമുദിയുടെയും മാതൃഭൂമി വാരികയുടെയും ചില പഴയ ലക്കങ്ങളും. വായിൽനിന്നു വെറുതേ വാങ്ങിച്ചുകൂട്ടാനായക്കൊണ്ട് ഞാൻ ചുമ്മാ ജാഡയിട്ടു-
'ഇംഗ്ലീഷ് ബുക്ക്സ് ഒന്നുമില്ലേ?'
'അതെന്താ നിനക്ക് മലയാളം വായിക്കാൻ വരില്ലേ ?'
കിട്ടേണ്ടത് ചൂടുമാറാതെ കിട്ടിയതോടെ ഇത്തിരി ശാന്തമായി.
അമ്മ വയറുനിറയേ ഭക്ഷണം വിളമ്പിത്തന്നു. അദ്ദേഹവും കൂടെയിരുന്നു കഴിച്ചു. കൈ കഴുകിത്തുടച്ചതേ ഞാൻ പറമ്പിലേക്കിറങ്ങാൻ തയ്യാറായി.
'നീയെന്താ ഇവിടെ പണിക്കാരനായിട്ട് വന്നതാണോ?'
അദ്ദേഹം ഗന്ധർവനെപ്പോലെ ചിരിച്ചു. അതിൽ അമ്മയും പങ്കുചേർന്നു. എനിക്കപ്പോൾ കുറേക്കൂടി സ്വാതന്ത്ര്യബോധം തോന്നി. ഇതാണ് സന്ദർഭം. മനസിൽ കരുതിയ ചോദ്യം എടുത്തു വീശി -
'പപ്പേട്ടന്....'അദ്ദേഹത്തിന്റെ നോട്ടം വ്യത്യാസപ്പെട്ടപ്പോൾ ഞാൻ സംബോധന മാറ്റി...'സാറിന് ഒരു സിനിമാനടന്റെ ലുക്കുണ്ടല്ലോ, സിനിമയിലഭിനയിച്ചു കൂടെ ? സ്വന്തമായി എഴുതുന്നു, സംവിധാനം ചെയ്യുന്നു, എന്നാപ്പിന്നെ അഭിനയച്ചാലെന്താ? ബാലചന്ദ്രമേനോൻ ഇതെല്ലാം ചെയ്യുന്നുണ്ടല്ലോ!'
'ഞാൻ അഭിനയിച്ചിട്ടുണ്ടെടാ. നീ പെരുവഴിയമ്പലം കണ്ടിട്ടില്ലേ ?'
'കണ്ടിട്ടുണ്ട്. അതിൽ എവിടെ ?'
'ഇനീം ഒരു പ്രാവശ്യംകൂടി കണ്ടുനോക്ക്, അപ്പൊ മനസ്സിലാവും'.
നിർബന്ധിച്ചു ചോദിച്ചിട്ടും അമർത്തിച്ചിരിച്ചതല്ലാതെ പറഞ്ഞുതന്നില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഉത്തരംകിട്ടി, ഉത്സവപ്പറമ്പിൽ വാണിയം കുഞ്ചുവിനു പിന്നാലേ ഓടിവരുന്ന ആൾക്കൂട്ടത്തിൽ ഒരുവനായി, ഒരു നിഴലായി, ഏതു മാധ്യമത്തിലും ലഹരിപിടിപ്പിക്കുന്ന കഥകൾ പറഞ്ഞുതരാൻ പ്രാപ്തനായ മഹാമാന്ത്രികനെ ഞാനും തിരിച്ചറിഞ്ഞു.
സംഭാഷണം ഇങ്ങനെ രസത്തിൽ തുടർന്നുപോകേ, ഒരു ഫോൺകോൾ വന്നു. അദ്ദേഹം വളരെ അസ്വസ്ഥനായി.
'നീ ഇറങ്ങിക്കോ, ഇന്നിനി സമയമില്ല. പിന്നെ എപ്പോഴെങ്കിലും വാ'.
അദ്ദേഹം തിടുക്കപ്പെട്ടു. എനിക്കു വലിയ നിരാശയുണ്ടായി. ഞാനങ്ങനെ വാടിനിന്നപ്പോൾ അദ്ദേഹം മുറിയിൽപോയി തിരികേ വന്നു.
'നിന്റെ കയ്യിൽ വണ്ടിക്കാശുണ്ടോ' എന്നു ചോദിച്ചതും ഉണ്ടെന്നു ഞാൻ പറഞ്ഞതും ചെറുതല്ലാത്ത ഒരു കറൻസി പോക്കറ്റിൽ തിരുകിവച്ചതും ഒരു നിമിഷംകൊണ്ടുകഴിഞ്ഞു. ഞാൻ കാലിൽ തൊട്ടു.
'എഴുത്, നന്നായിട്ടെഴുത്. എല്ലാർക്കും ഇഷ്ടം ഉണ്ടാകുന്നതുപോലെ എഴുത്'.
അദ്ദേഹം മൂർധാവിൽ കൈവച്ചു. ആ അനുഗ്രഹം ഫലത്തിൽ എത്തിയോ എന്നറിയാതെ എനിക്കാവും മട്ടിൽ ഇന്നും ഞാൻ എഴുതിക്കൊണ്ടിരിക്കുന്നു.
'പി. പത്മരാജൻ മരിച്ചു' എന്ന വാർത്ത മനോരമയിൽ വായിച്ചപ്പോൾ എനിക്കും സങ്കടം സഹിക്കാൻ സാധിച്ചില്ല. അദ്ദേഹം എഴുതിയ മുഴുവൻ നോവലുകളും കഥകളും വായിച്ചിട്ടുള്ള, സിനിമകൾ ഒന്നൊഴിയാതെ കണ്ടിട്ടുള്ള അദ്ദേഹത്തിൽ ഉന്മാദിയായ ഈ ആരാധകൻ ആ പെടുമരണത്തെ എങ്ങനെ ഉൾക്കൊള്ളും! അതിനെ തീവ്രമാക്കാനെന്നോണം എന്റെ നിഷ്ഠുരനായ ഭാവന, കോഴിക്കട്ടെ പാരാമൗണ്ട് ഹോട്ടലിൽ അദ്ദേഹം മരിച്ചുകിടക്കുന്ന ദൃശ്യം എന്നെ പിന്നെയും പിന്നെയും കാണിച്ചുതന്നുകൊണ്ടേയിരുന്നു. മരണവാർത്തയോടൊപ്പം കൊടുത്തിരുന്ന ചിത്രം ചീന്തിയെടുത്തുകൊണ്ട് ഞാൻ സനാതനയിലെ മൂന്നാം നമ്പർ മുറിയിലേക്കു നടന്നു. എപ്പോഴും കാണാവുന്നതരത്തിൽ ചിത്രം ഹോസ്റ്റൽ മുറിയിലെ ചുമരിൽ ഒട്ടിച്ചു. അന്നു രാത്രി എല്ലാവരും ഉറക്കംപിടിച്ചപ്പോൾ ഞാൻ മേശവലിപ്പിൽനിന്നും ഒരു കടലാസെടുത്ത് മുന്നിൽ നിവർത്തിവച്ചു. ഞവരക്കൽ തറവാട്ടിലെ പത്മരാജൻ എന്ന ദേവസാന്നിധ്യത്തെ നേരിൽ അനുഭവിച്ച നിമിഷങ്ങളത്രയും നിറകണ്ണുകളോടെ അതിലേക്കു പകർത്തിത്തുടങ്ങി. അതു പൂർത്തിയാക്കാൻ പക്ഷേ, മുപ്പത്തൊന്നു വർഷങ്ങൾ വേണ്ടിവന്നു!
(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫസറുമാണ്. )