ADVERTISEMENT

വന്ദേഭാരത് ഷൊർണൂരിലെത്തിയപ്പോൾ വി.കെ.ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യമർപ്പിച്ചു പോസ്റ്റർ പതിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി നടനും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണകുമാർ. ‘ഇത് ലോക ചെറ്റത്തരം...’ എന്നായിരുന്നു സംഭവത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം പ്രതികരിച്ചത്. സംവിധായകൻ അരുൺ ഗോപിയും വിഷയത്തിൽ പ്രതികരിച്ച് രംഗത്തുവന്നിരുന്നു. സംഭവത്തിൽ റെയിൽവേ സുരക്ഷാസേന (ആർപിഎഫ്) കേസെടുത്തു. ആർപിഎഫ് ആക്ടിലെ 145സി (യാത്രക്കാരെ ശല്യപ്പെടുത്തുക), 147 (റെയിൽ പരിസരത്ത് അതിക്രമിച്ചു കയറുക), 166 (ട്രെയിനിൽ പോസ്റ്റർ ഒട്ടിക്കുക) തുടങ്ങിയ, ജാമ്യം കിട്ടുന്ന വകുപ്പുകളിലാണു കേസ്. 2000 രൂപ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

 

പോസ്റ്റർ പതിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിൻ സ്റ്റേഷൻ വിടുന്നതിനു മു‍ൻപു തന്നെ അവ നീക്കം ചെയ്തതായി ആർപിഎഫ് അറിയിച്ചു. സിഐ ക്ലാരി വത്സയുടെ നേതൃത്വത്തിലാണ് അന്വേഷണം. വന്ദേഭാരതിനെ സ്വീകരിക്കാൻ യുഡിഎഫ്, ബിജെപി പ്രവർത്തകർ സ്റ്റേഷനിലെത്തിയിരുന്നു. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിന് എംപിക്ക് അഭിവാദ്യമർപ്പിക്കുന്ന പോസ്റ്ററുമായാണു യുഡിഎഫ് പ്രവർത്തകർ എത്തിയത്. കനത്ത മഴയിൽ ട്രെയിൻ എത്തിയപ്പോൾ അവസാന കോച്ചുകളിലാണു പോസ്റ്ററുകൾ പതിച്ചത്.

 

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നു ശ്രീകണ്ഠൻ പറഞ്ഞു. ആയിരക്കണക്കിനാളുകൾ സന്തോഷം പ്രകടിപ്പിക്കാൻ വന്നിരുന്നു. മഴയിൽ നനഞ്ഞ ട്രെയിനിൽ തന്റെ ചിത്രമുള്ള പ്ലക്കാർഡ് വച്ച് ആരെങ്കിലും ചിത്രമെടുത്തിട്ടുണ്ടാകും. തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ബിജെപിക്കാരാണ് ഇത്തരം തെറ്റായ പ്രചാരണം നടത്തുന്നതെന്ന് എംപി പറഞ്ഞു. ഷൊർണൂരിൽ നിന്നു ട്രെയിൻ പുറപ്പെടുമ്പോഴുള്ള വിഡിയോ തന്റെ കൈവശമുണ്ട്, ഒരു പോസ്റ്റർ പോലും കാണുന്നില്ലെന്നു ശ്രീകണ്ഠൻ പറഞ്ഞു.

 

പോസ്റ്റർ ഒട്ടിക്കാൻ ബക്കറ്റും പശയുമായി ആരു വന്നിട്ടില്ല. ഒട്ടിച്ചിട്ടുണ്ടെന്നു തെളിഞ്ഞാൽ പരസ്യമായി മാപ്പു പറയാൻ തയാറാണ്. പൊതുമുതൽ നശിപ്പിക്കുന്നയാളല്ല താൻ. ഒരു പോറൽ പോലും വന്ദേഭാരതിന് വരരുത് എന്ന് ആഗ്രഹിക്കുന്നയാളാണെന്നും എംപി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com