ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഉദ്യാനത്തിലേക്ക്; കവിത തുളുമ്പുന്ന ‘സെലിബ്രിറ്റി’ ഉദ്യാനങ്ങളുടെ ‘രചയിതാ’വായി ഒയ്യാരത്ത് രാധിക

Mail This Article
ഒയ്യാരത്ത് രാധിക ഇതുവരെ നോവലോ കവിതയോ എഴുതിയിട്ടില്ല. എന്നാൽ കവിത തുളുമ്പുന്ന ഒട്ടേറെ ഉദ്യാനങ്ങളുടെ ‘രചയിതാ’വാണ്. എച്ച്ആറും കമ്പനി സെക്രട്ടറിഷിപ്പുമൊക്കെ പഠിച്ച് ലക്ഷങ്ങൾ ശമ്പളവുമായി കോർപറേറ്റ് ജോലിയിൽ പ്രവേശിച്ച രാധിക പെട്ടെന്നൊരു ദിവസം ജോലി രാജിവച്ച് ഉദ്യാന സംരംഭകയായപ്പോൾ പരിചയക്കാരെല്ലാം അമ്പരന്നു.
കൊച്ചിയിലെ വെണ്ണലയിലാണ് രാധികയുടെ ‘പ്ലാന്റൂറാസ്’ എന്ന സംരംഭം. പൂച്ചെടികളോടുള്ള താൽപര്യംകൊണ്ട് ജോലിയിലിരിക്കെ 6 വർഷം മുൻപുതന്നെ ഉദ്യാനച്ചെടികളുടെയും സിറാമിക് പ്ലാന്ററുകളുടെയുമെല്ലാം ചെറിയൊരു സ്റ്റോർ രാധിക നഗരത്തിൽ തുടങ്ങി. പിന്നീടാണ് രണ്ടു സുഹൃത്തുകളുമായി ചേർന്ന് വൻകിട ഗാർഡൻ പ്രോജക്ടുകളിലേക്കു പൂര്‍ണമായി മുഴുകുന്നത്. മൂന്നു പേരിൽ ഒരാൾ നിർമാണ രംഗത്തും മറ്റൊരാൾ ഡിസൈനിങ്ങിലും ശ്രദ്ധിക്കുമ്പോൾ ചെടികളും ശിൽപങ്ങളും പെയ്ന്റിങ്ങുകളും ജലധാരകളുമെല്ലാം വിന്യസിച്ച് റിസോർട്ടുകളും ഹോട്ടലുകളും ഓഫിസുകളും വീടുകളുമെല്ലാം ഉൾപ്പെടുന്ന നിർമിതികൾക്ക് അഴകും ജീവനും പകരുകയാണ് രാധിക.
പുതുസാധ്യതകൾ

ഉദ്യാനസംരംഭമെന്നാൽ പൂന്തോട്ട നിർമാണവും പൂച്ചെടി– പൂച്ചട്ടി വിൽപനയും മാത്രമല്ലെന്നു രാധിക. ജീവിതത്തിലെ ആഘോഷ മുഹൂർത്തങ്ങൾ സ്വകാര്യവും മനോഹരവുമായ ഇടങ്ങളിൽ നടത്താൻ താൽപര്യപ്പെടുന്നവരുടെ എണ്ണം കേരളത്തിലും വർധിക്കുന്നുണ്ട്. ഡെസ്റ്റിനേഷൻ വെഡിങ് പോലുള്ള ട്രെൻഡുകൾ കേരളത്തിലും സജീവം. ആഘോഷങ്ങൾക്കായി പൂക്കളും പച്ചപ്പും ശിൽപങ്ങളുമെല്ലാം നിറഞ്ഞ സ്വകാര്യ ഉദ്യാനങ്ങൾ തേടുന്നവരുടെ എണ്ണം കേരളത്തിലും വർധിക്കുകയാണെന്നു രാധിക പറയുന്നു. കൊച്ചിയിലെ പ്ലാന്റൂറാസിന്റെ ഓഫിസ് സ്ഥലം രാധിക ഒരുക്കിയിരിക്കുന്നതും അങ്ങനെതന്നെ. ഇതിനോടകം കുട്ടികൾക്കായി പോട്ടറി, പെയ്ന്റിങ് വർക്‌ഷോപ്പുകൾ ഉൾപ്പെടെ കൂട്ടായ്മകൾ പലതും രാധിക നടത്തിക്കഴിഞ്ഞു. സിനിമകളുടെ പ്രമോഷൻ പ്രോഗ്രാമുകൾ ഷൂട്ട് ചെയ്യാനായി ഇവിടം തേടിയെത്തുന്നവരും ഏറെയെന്നു രാധിക. ഇതൊന്നും ഒരു വരുമാനസവഴിയായി രാധിക കാണുന്നില്ലെങ്കിലും പുതിയ സംരംഭസാധ്യതയായി ആർക്കും അതു പരീക്ഷിക്കാമെന്ന് അവർ പറയുന്നു.
ബുദ്ധം ശരണം ഗച്ഛാമി

പുറം പൂന്തോട്ടങ്ങളിലല്ല, വീടുകളുടെയും ഓഫിസുകളുടെയുമെല്ലാം അകത്തളങ്ങളിൽ അഴകു നിറയ്ക്കാനാണ് ആളുകൾ ഇപ്പോൾ താൽപര്യപ്പെടുന്നത്. അത് മറ്റെവിടെയും കാണാത്തതു വേണം താനും. അതു കൊണ്ടുതന്നെ ഉദ്യാന രൂപകൽപനയിൽ കസ്റ്റൈമസ്ഡ് (ഓരോ ഉപഭോക്താവിനും പ്രത്യേകമായുള്ളത്) ശിൽപങ്ങളും പെയ്ന്റിങ്ങുകളുമെല്ലാം വർധിക്കുകയാണെന്നും രാധിക. പച്ചപ്പിനോടു ലയിച്ചുചേരുംവിധം ഇവയെല്ലാം വിന്യസിക്കപ്പെടുന്നു. ഉദ്യാനസങ്കൽപങ്ങൾ ഇങ്ങനെ പരിണമിക്കുമ്പോൾ അതുണ്ടാക്കുന്ന തൊഴിൽസാധ്യതകള്‍ ഏറെയാണ്. തന്റെ സംരംഭത്തിലൂടെ ഒട്ടേറെ ചിത്ര–ശിൽപകാലാകാരന്മാരെ സഹായിക്കാന്‍ രാധികയ്ക്കു കഴിയുന്നുണ്ട്. കസ്റ്റൈമസ്ഡ് ശിൽപങ്ങളും പെയ്ന്റിങ്ങുകൾക്കുമായി രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ഗ്രാമീണ കലാകാരന്മാരുടെ സേവനം തേടുന്നുണ്ട് രാധിക. ശിൽപങ്ങൾക്കും ചിത്രങ്ങൾക്കും ഇനിയും നമ്മുടെ നാട്ടിൽ കാര്യമായ വിപണി രൂപപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അവയൊരുക്കുന്ന കലാകാരന്മാർ ദുരിതത്തിലാണ്. മികച്ച പ്രതിഫലം നൽകി അവരെക്കൊണ്ട് മേൽപറഞ്ഞ കസ്റ്റൈമസ്ഡ് കലാസൃഷ്ടികൾ ചെയ്യിക്കുന്നു.
നമ്മുടെ ഉദ്യാന സങ്കൽപങ്ങളുടെ പൂമുഖത്ത് ഇന്ന് സൗമ്യസാന്നിധ്യമായി ധ്യാനബുദ്ധനുണ്ട്. ശാന്തതയുടെ പ്രതീകമായതുകൊണ്ടാവാം ഉദ്യാനങ്ങളില്‍ ബുദ്ധശിൽപം ഇഷ്ടപ്പെടുന്നവർ ഏറെയാണ്. വാസ്തുനോട്ടവും അതിനൊരു കാരണമാണ്. ഉദ്യാനങ്ങളിലേക്കായി കസ്റ്റൈമസ്ഡ് ബുദ്ധപ്രതിമകൾ നിർമിക്കുന്ന, സംസ്ഥാനത്തെ അപൂർവം സംരംഭങ്ങളിലൊന്നാണ് പ്ലാന്റൂറാസ്. ഇന്തൊനീഷ്യയിൽനിന്ന് അപൂർവ സൗന്ദര്യമുള്ള ബുദ്ധപ്രതിമകൾ ഇറക്കുമതി ചെയ്യുന്നുമുണ്ട്.
മികച്ച ജോലി ഉപേക്ഷിച്ച് ഉദ്യാനസംരംഭത്തിലേക്കു തിരിഞ്ഞതിൽ ഇന്നു തെല്ലും ഇച്ഛാഭംഗമില്ല രാധികയ്ക്ക്. നാട്ടില്‍ ഉദ്യാനഭാവനകൾ വികസ്വരമാകുന്നതിനാൽ സംരംഭത്തിന്റെ ഭാവിയെക്കുറിച്ചും ആശങ്കയില്ല.
ഫോൺ: 62358 82205