പൃഥ്വിരാജിന്റെ ആദ്യകാല നായിക; സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ നടി ഗായത്രി

Mail This Article
നടി ഗായത്രി രഘുറാമിന്റെ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. 2002ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’യിലെ നായികയായി മലയാളികൾക്കും പരിചിതയാണ് ഗായത്രി. മുടി പറ്റെ വെട്ടി ഡൈ ചെയ്യാതെയാണ് ഗായത്രിയുടെ പുതിയ ലുക്ക്.
നേരത്തേ തല മൊട്ടയടിച്ചും നടി ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ബാഹ്യസൗന്ദര്യത്തില്‍ ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് ഗായത്രി ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ‘‘കിഴവി, മൊട്ട തുടങ്ങിയ വിളികൾ ഇതിനോടകം കേട്ടു കഴിഞ്ഞു. ഇക്കാലത്ത് നിരവധിപ്പേർ കോസ്‌മെറ്റിക് ഉൽപന്നങ്ങൾക്കു പണം മുടക്കുന്നുണ്ട്. ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകൾ പോലും യുവത്വം നിറയുന്ന ലുക്ക് വേണമെന്ന് ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു. മുടി സ്റ്റൈൽ ചെയ്യണം എന്നെല്ലാം അവർ ആഗ്രഹിക്കുന്നു. ഇതും അഴകാണ്. അത്രയും ചെലവില്ലാതെ സുന്ദരിയാകാം എന്ന് ചിന്തിച്ചു നോക്കൂ.’’–ഗായത്രിയുടെ വാക്കുകൾ.

കൊറിയോഗ്രാഫർമാരായ രഘുറാമിന്റെയും ഗിരിജ രഘുറാമിന്റെയും മകളാണ് ഗായത്രി. പതിനാലു വയസ്സ് മുതൽ സിനിമയിൽ സജീവ സാന്നിധ്യമായ ഗായത്രി കലാ മാസ്റ്ററുടെയും വൃന്ദ മാസ്റ്ററുടെയും കുടുംബാംഗം കൂടിയാണ്.
തമിഴ്നാട് ബിജെപിയുടെ കലാ സാംസ്‌കാരിക വിഭാഗം പ്രസിഡന്റ് ആയി ഗായത്രിയെ നിയമിച്ചിരുന്നു. 2023 ന്റെ തുടക്കത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിൽ ഗായത്രി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു.

2002ൽ പുറത്തിറങ്ങിയ ചാർലി ചാപ്ലിന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം. അടുത്ത ചിത്രം കന്നഡയിലായിരുന്നു. ഗായത്രി അഭിനയിച്ച ഒരേയൊരു മലയാള ചിത്രമാണ് ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’. പിന്നീട് നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
2008 ൽ ജയം കൊണ്ടേൻ, പൊയ് സൊല്ല പോരാം തുടങ്ങിയ ചിത്രങ്ങളിലൂടെ നൃത്ത സംവിധായികയായി വീണ്ടും തിരിച്ചെത്തി. മദ്രാസപ്പട്ടണം, ദൈവതിരുമകൾ, ഒസ്തി, അഞ്‍ജാൻ തുടങ്ങിയ വലിയ ചിത്രങ്ങളിലും പിന്നീട് പ്രവർത്തിച്ചു. ഡാഡി കൂൾ, സോൾട്ട് ആൻഡ് പെപ്പർ, അൻവർ, 100 ഡെയ്സ് ഓഫ് ലവ് എന്നീ മലയാള സിനിമകളിലും ഡാൻസ് കൊറിയോഗ്രാഫറായി.

2020ൽ യാദുമഗി നിൻട്രായി എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തു. സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. നിതിനും കീർത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തിയ തെലുങ്ക് ചിത്രം ‘രംഗ് ദേ’യിലാണ് ഗായത്രി അവസാനം അഭിനയിച്ചത്.
2006 ലായിരുന്നു അമേരിക്കയിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‌വയർ എൻജിനീയറുമായുളള ഗായത്രിയുടെ വിവാഹം. 2008 ൽ ഗായത്രി വിവാഹമോചന ഹർജി ഫയൽ ചെയ്തു. 2010ൽ ഇവർ നിയമപരമായി വിവാഹമോചിതരായി.