ADVERTISEMENT

മലയാള സിനിമയില്‍ പല ഗ്രൂപ്പുകളുണ്ട്. പല തരം താല്‍പര്യങ്ങളും ചിന്താഗതികളും സമീപനങ്ങളുമുളള ചലച്ചിത്രപ്രവര്‍ത്തകരുണ്ട്. ചിലര്‍ക്ക് ഒരു കാരണവുമില്ലാതെ ചിലരോട് വിരോധം തോന്നുക എന്ന അപൂര്‍വതയുമുണ്ട്. എന്നാല്‍ എല്ലാ ക്യാമ്പുകളിലും ഒരുപോലെ സ്വീകാര്യനായ, ആര്‍ക്കും പിണക്കങ്ങളോ ശത്രുതയോ ഇല്ലാത്ത ഒരു ചെറുപ്പക്കാരനുണ്ട്. പേര് ബേസില്‍ ജോസഫ്. വയസ്സ് 34. തൊഴില്‍ ചലച്ചിത്രസംവിധായകന്‍, നടന്‍. സ്വദേശം വയനാട്. സിനിമ സ്വപ്നം കാണുന്ന ഏതൊരു സാധാരണക്കാരനും മാതൃകയാണ് ബേസിലിന്റെ ജീവിതം. ഗോഡ്ഫാദര്‍മാരോ ബാക്ക് അപ്പുകളോ ഇല്ലാതെ സ്വന്തം കഴിവിന്റെയും പരിശ്രമത്തിന്റെയും മാത്രം പിന്‍ബലത്തില്‍ ഒരാള്‍ക്കു നടന്നു കയറാനാവുന്ന ഉയരങ്ങള്‍ക്കു പരിധിയില്ലെന്നു ബേസില്‍ പറഞ്ഞു തന്നതു സ്വന്തം അനുഭവം കൊണ്ടാണ്.

മനോരമ ന്യൂസ് കോൺക്ലേവിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫ് സംസാരിക്കുന്നു. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫ് സംസാരിക്കുന്നു. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)

വയനാട്ടിലെ സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന യുവാവിനു നേരെചൊവ്വേ ഒരു സിനിമാ ഷൂട്ടിങ് കാണാനുളള സാഹചര്യം പോലും ഉണ്ടായിരുന്നില്ല. പുരോഹിതനായ പിതാവും യാഥാസ്ഥിതിക കുടുംബസാഹചര്യത്തില്‍ ജനിച്ച് വളര്‍ന്ന മാതാവും മകന്റെ സിനിമ എന്ന സ്വപ്നത്തെ എത്രത്തോളം പിന്‍തുണയ്ക്കുമെന്ന് ബേസിലിന് പോലും ഉറപ്പില്ലായിരുന്നു. എന്നുകരുതി ആഗ്രഹങ്ങളെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു കളയാനുളളതല്ലല്ലോ ജീവിതം. 

ചിത്രത്തിന് കടപ്പാട് :  ഇൻസ്റ്റഗ്രാം
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

എന്‍ജിനീയറിങ് ബിരുദപഠനത്തിനായി തലസ്ഥാനത്തേക്കു പോയ ബേസിലിന് എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നത് സംബന്ധിച്ച് കൃത്യമായ ധാരണയൊന്നുമുണ്ടായിരുന്നില്ല. വീട്ടുകാരെ തൃപ്തിപ്പെടുത്താനായി ഒരു പ്രഫഷനല്‍ ബിരുദമെടുക്കുക എന്നത് മാത്രമായിരുന്നു അപ്പോള്‍ മുന്നിലുളള മാര്‍ഗം. അതിനു വേണ്ടി എന്‍ജിനീയറിങ് ബിരുദകോഴ്‌സ് പുര്‍ത്തിയാക്കണം. 

സ്വപ്നങ്ങളിലേക്ക് ഒരു യാത്ര

മനസ്സ് മുഴുവന്‍ സിനിമയാണ്. സംവിധായകനാണ് സിനിമയുടെ ക്യാപ്ടന്‍ എന്നും ഒരു ചലച്ചിത്രം വിഭാവനം ചെയ്യുന്നതും രൂപപ്പെടുത്തുന്നതും അയാളാണെന്നും അറിയാം. അതിലേക്ക് എത്തിപ്പെടണമെങ്കില്‍ രണ്ട് വഴികളുണ്ട്. ഒന്നുകില്‍ ഏതെങ്കിലും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ ചേര്‍ന്നു പഠിക്കണം. എന്‍ജിനീയറിങിനിടയില്‍ അത് ഏതായാലും സാധിക്കില്ല. വീട്ടില്‍ നിന്ന് പിന്തുണ ലഭിക്കാനുളള സാഹചര്യവുമില്ല.

ചിത്രത്തിന് കടപ്പാട് :  ഇൻസ്റ്റഗ്രാം
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

ആരുടെയെങ്കിലും സഹായിയായി നിന്ന് പരിശീലിക്കാമെന്ന് വച്ചാല്‍ അങ്ങനെ ആരേയും പരിചയവുമില്ല. എന്ന് കരുതി ലക്ഷ്യങ്ങളില്‍ നിന്ന് പിന്നാക്കം പോകാനാവുമോ? ബേസില്‍ തന്റേതായ ശൈലയില്‍ മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. കേരളത്തിൽ അന്ന് യൂട്യൂബ് തരംഗം സംഭവിച്ചിട്ടില്ല. ചില ഒറ്റപ്പെട്ട വിഡിയോസ് വൈറലാകും എന്നതൊഴിച്ചാല്‍ കോടികണക്കിന് മലയാളികള്‍ അനുദിനം കയറി മേയുന്ന തട്ടകമായിരുന്നില്ല യൂട്യൂബ്. വളരെ അപൂര്‍വം ചിലര്‍ മാത്രം വ്യാപരിച്ചിരുന്ന മേഖലയായിരുന്നു ഷോര്‍ട്ട് ഫിലിം നിര്‍മാണം.

എന്തായാലും പഠനത്തിനിടയില്‍ സുഹൃത്തുക്കളില്‍ ചിലര്‍ ചേര്‍ന്നു നിര്‍മിച്ച ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാനാണ് അവസരം ലഭിച്ചത്. നടനാവുക, അഭിനയരംഗത്തു വരിക; ഇതൊന്നും അന്ന് സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. ഒരു സിനിമാ സെറ്റിന്റെ ഭാഗമാവുക എന്ന തീവ്രമായ താത്പര്യം കൊണ്ട് മാത്രമാണ് അതില്‍ അഭിനയിച്ചത്. ക്യാമറ ഉപയോഗിച്ച് എങ്ങനെയാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുക എന്നറിയാന്‍ മറ്റ് മാര്‍ഗങ്ങളില്ലല്ലോ. ആകെയുളള ആശ്രയം ചില യൂട്യൂബ് വിഡിയോകളാണ്. എന്നാലും പ്രായോഗിക പരിചയം അതിലേറെ പ്രധാനമാണ്. 

Basil Joseph
Basil Joseph

കാര്യമായ സിനിമാ ബന്ധങ്ങളില്ലാത്ത കുട്ടികളുടെ ടീം ഒരുമിച്ച് രൂപപ്പെടുത്തുന്ന ഷോര്‍ട്ട് ഫിലിമിനും പരിമിതികളുണ്ട്. എന്നിരിക്കിലും ദൃശ്യബോധം എന്നൊന്ന് അവരില്‍ പലര്‍ക്കുമുണ്ടായിരുന്നു. മികച്ച സിനിമകള്‍ കണ്ടു കണ്ട് സിദ്ധിച്ച അനുഭവം ഒരു പരിധി വരെ തുണയായി.ആദ്യ സംരംഭം കഴിഞ്ഞതോടെ ആത്മവിശ്വാസം തെല്ലൊന്ന് വര്‍ധിച്ചു. തനിക്കും സിനിമയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന തോന്നല്‍ പ്രബലമായി. 

basil-joseph

സ്വന്തമായി തിരക്കഥകള്‍ എഴുതി ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്യുക എന്നതിനാണ് മുന്‍തൂക്കം നല്‍കിയത്. ഒരു തുണ്ട് പടം, പ്രിയംവദ കാതരയാണ് എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ സംഭവിക്കുന്നത് ഈ കാലയളവിലാണ്. കേവലം 3500 രൂപയ്ക്കും 5000 രൂപയ്ക്കും പൂര്‍ത്തിയായ, സുഹൃത്തുക്കള്‍ ഷെയറിട്ട് നിര്‍മിച്ച കൊച്ചു സിനിമകള്‍. എല്ലാവരും എല്ലാം ചെയ്യുക എന്നതായിരുന്നു ആ സാഹചര്യത്തില്‍ അഭിലഷണീയം. അഭിനയം  മുതല്‍ പ്രൊഡക്‌ഷന്‍ ബോയിയുടെ ചുമതലകള്‍ വരെ എല്ലാവരും ചേര്‍ന്ന് ചെയ്തു. ആ ചിത്രങ്ങളില്‍ ബേസില്‍ അഭിനയിക്കാനിടയായത് വാസ്തവത്തില്‍ പ്രതിഫലം കൊടുത്ത് പുറത്തു നിന്നും നടന്‍മാരെ കൊണ്ടു വരാനുളള ബജറ്റ് ഇല്ലാതിരുന്നത് മൂലമാണ്. എത്ര പണം മുടക്കി എന്നതോ ആരൊക്കെ എന്തൊക്കെ ചെയ്തു എന്നതോ അവര്‍ക്ക് എന്ത് പ്രവര്‍ത്തന പരിചയം ഉണ്ടെന്നതോ അല്ല ചലച്ചിത്രനിര്‍മിതിയിലേയും അതിന്റെ ഗുണമേന്മയിലേയും മുഖ്യഘടകം. നല്ല കണ്ടന്റുണ്ടാവുക, അത് വേറിട്ട തലത്തില്‍ അവതരിപ്പിക്കുക എന്നതാണ് മര്‍മ്മപ്രധാനം. ഈ രണ്ടു കാര്യങ്ങളിലും ബേസിലിന്റെ കുഞ്ഞന്‍ പടങ്ങള്‍ ഉഷാറായിരുന്നു.

സിനിമയുടെ വിശാലഭൂമികയിലേക്ക്

ഇതിനൊക്കെ സാമാന്യം നല്ല അഭിപ്രായം ലഭിച്ചപ്പോള്‍ സിനിമാ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന മോഹം കലശലായി. ആരേയും നേരിട്ട് പരിചയമില്ലാത്ത സ്ഥിതിക്ക് അതും അത്ര എളുപ്പമല്ല. ഫെയ്സ്ബുക്കില്‍ സെര്‍ച്ച് ചെയ്ത് സെലിബ്രറ്റി അക്കൗണ്ടുകള്‍ കണ്ടെത്തി, മെസഞ്ചര്‍ വഴി ഷോര്‍ട്ട് ഫിലിമിന്റെ യൂട്യൂബ് ലിങ്ക് അയച്ചുകൊടുക്കാന്‍ തുടങ്ങി. അജു വര്‍ഗീസാണ് അതുകണ്ട് ആദ്യം പ്രതികരിച്ചത്. അദ്ദേഹം ബേസിലിന് നല്ല അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് മറുപടി അയച്ചു. ആ അടുപ്പം ഫോണില്‍ സംസാരിക്കാവുന്ന തലത്തിലേക്ക് വളര്‍ന്നു. അജുവില്‍ നിന്ന് നല്ല അഭിപ്രായം കേട്ട വിനീത് ശ്രീനിവാസനും ബേസിലിന്റെ ചിത്രം കണ്ടു. വിനീതില്‍ നിന്നു ലഭിച്ച അഭിനന്ദനം വഴിത്തിരിവായി. അദ്ദേഹവുമായി നേരിട്ട് ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു.

basil-joseph-1

വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ തിരയില്‍ സഹസംവിധായകനായി ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. സിനിമയുടെ ബാലപാഠങ്ങള്‍ അഭ്യസിക്കുക എന്ന ദീര്‍ഘകാല സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു അത്. ദീര്‍ഘകാലം സംവിധാന സഹായിയായി തുടരേണ്ട ആവശ്യകതയുളള ഒരാളല്ല ബേസിലെന്നും സിനിമയെക്കുറിച്ച് വ്യക്തമായ ബോധവും ബോധ്യവും ആ മനസിലുണ്ടെന്ന് വളരെ പെട്ടെന്ന് തന്നെ ബുദ്ധിമാനായ വിനീത് ശ്രീനിവാസന്‍ മനസിലാക്കി.

ചിത്രത്തിന് കടപ്പാട് :  ഇൻസ്റ്റഗ്രാം
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

2013 ല്‍ സഹസംവിധായകനായ ബേസിലിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വതന്ത്രസംവിധായകനാകാന്‍ വിനീത് തന്നെ അവസരം ഒരുക്കി. ആദ്യസിനിമയ്ക്ക് യോജിച്ച കഥ മനസില്‍ വന്നപ്പോള്‍ ബേസില്‍ ആദ്യം പറഞ്ഞത് ഗുരുതുല്യനായ സുഹൃത്ത് വിനീതിനോട് തന്നെയാണ്. 2015 ല്‍ പുറത്തു വന്ന കുഞ്ഞിരാമായണം എന്ന സിനിമയ്ക്ക് ആധാരമായ കഥ. സംഭവം കേട്ട വിനീതിന് വളരെയധികം ഇഷ്ടമായി. മുത്തശ്ശിക്കഥകളുടെ പാറ്റേണില്‍ ഗ്രാമാന്തരീക്ഷത്തില്‍  പറഞ്ഞു പോകുന്ന രസകരമായ കഥ. വിനീത് അത് പ്രൊജക്ടാക്കാനുളള എല്ലാവിധ പിന്‍തുണയും നല്‍കി. വിനീതും സഹോദരനായ ധ്യാനും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ആ സിനിമയ്ക്ക് പണം മുടക്കാന്‍ ആളെ കണ്ടെത്തുക എന്നത് സാധാരണഗതിയില്‍ അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ വിനീതിനെ പോലൊരാള്‍ പ്രൊജക്ടിന്റെ ഭാഗമായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അങ്ങനെ വളരെ പെട്ടെന്ന് തന്നെ പടം ഓണായി.

ബേസിലിനെക്കുറിച്ച് ഫിലിം ഇന്‍ഡസ്ട്രിയില്‍ വ്യാപകമായി പറഞ്ഞു കേള്‍ക്കുന്ന സംഗതിയുണ്ട്. നല്ല ഗുരുത്വമുളള ചെറുപ്പക്കാരനാണ് ബേസില്‍. എല്ലാവരോടും എളിമയോടെ ഇടപഴകുന്ന, വന്ന വഴികള്‍ മറക്കാത്ത, മാന്യതയും മര്യാദയും കൈമുതലായ ഒരാള്‍. സിനിമയ്ക്ക് ഇതൊന്നും ആവശ്യമില്ലെന്ന് പൊതുവെ പറയപ്പെടാറുണ്ടെങ്കിലും ഇത്തരമൊരു പ്രകൃതം മൈനസ് പോയിന്റല്ലെന്നും ബേസില്‍ അനുഭവം കൊണ്ട് തെളിയിച്ചു. 

സിനിമയില്‍ ഒരാളുടെ നിലനില്‍പ്പിന്റെ മാനദണ്ഡം അയാളുടെ വ്യക്തിപരമായ ഗുണങ്ങളോ പെരുമാറ്റമോ സിനിമയുടെ കലാമൂല്യമോ ഒന്നുമല്ല. വിപണന വിജയം മാത്രമാണ്. ഇക്കാര്യത്തിലും ഭാഗ്യദേവത ബേസിലിനെ അനുഗ്രഹിച്ചു. കുഞ്ഞിരാമായണം ബോക്‌സ് ഓഫിസില്‍ വന്‍ഹിറ്റായി.

basil-joseph-baby-girl

ആദ്യസിനിമ തന്നെ സാമ്പത്തിക വിജയം നേടുകയും ഒപ്പം നല്ല സിനിമയെന്ന് വ്യാപകമായി അഭിപ്രായം നേടുകയും ചെയ്തപ്പോള്‍ നല്ല ബാനറില്‍ തന്നെ അടുത്തപടം ഒരുക്കാനുളള അവസരം സിദ്ധിച്ചു. ഗുസ്തിക്കാരുടെ കഥ പറഞ്ഞ ഗോദയില്‍ യൂത്ത് സെന്‍സേഷനായ ടൊവിനോയായിരുന്നു നായകന്‍. സ്‌പോര്‍ട്‌സ് കോമഡി ജോണറില്‍ പെട്ട ഗോദയും വന്‍ഹിറ്റായി. ആ സമയത്ത് ഒരു ടൊവിനോ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച കലക്‌ഷനും ഗോദ സ്വന്തമാക്കി. 

കാലത്തെ അറിയുന്ന ബേസില്‍

ഈ കാലഘട്ടത്തിലെ കാണികളുടെ മനസറിയാന്‍ കഴിയുന്നു എന്നതായിരുന്നു എക്കാലവും ബേസിലിന്റെ തുറുപ്പുചീട്ട്. അഭിനയത്തിലും സംവിധാനത്തിലും അദ്ദേഹം പുലര്‍ത്തുന്ന സമീപനം ഇതുതന്നെയാണ്. കുട്ടിത്തം നിറഞ്ഞ മുഖവും ചിരിയും മനസും ബേസിലിന് സ്വന്തമാണെന്ന് ഓരോ സിനിമയിലും പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. കുട്ടികളെ മാത്രമല്ല ഏത് പ്രായത്തിലും മനസില്‍ കുട്ടിത്തം സൂക്ഷിക്കുന്ന ഓരോ മലയാളിയെയും ബേസില്‍ തീയറ്ററില്‍ എത്തിച്ചു. കുഞ്ഞിരാമായണത്തിലും ഗോദയിലുമെല്ലാം ഈ എലമെന്റുണ്ടായിരുന്നു. 

basil-joseph

 ഗൗരവതരമായ കാര്യം പോലും വളരെ ലളിതവും ഹൃദ്യവും നിഷ്‌കളങ്കവുമായി പറയാനുളള കഴിവ് ബേസിലില്‍ നിക്ഷിപ്തമായിരുന്നു. അതിന്റെ പരമകാഷ്ഠയിലുളള പ്രകടനമായിരുന്നു മൂന്നാമത് ചിത്രമായ മിന്നല്‍ മുരളിയില്‍ സംഭവിച്ചത്. മലയാളത്തില്‍ സൂപ്പര്‍ഹീറോ മൂവി എന്ന കണ്‍സപ്റ്റ് ബേസില്‍ മുന്നോട്ട് വച്ചപ്പോള്‍ നായകനായ ടൊവിനോയും നിര്‍മ്മാതാവായ സോഫിയ പോളും ഒരുപോലെ ത്രില്ലടിച്ചു.

ഈ സിനിമയ്ക്കായി എത്ര ദിവസങ്ങള്‍ വേണമെങ്കിലും മാറ്റി വയ്ക്കാന്‍ ടൊവിനോ തയാറായി. നിര്‍ലോഭമായി പണം ചിലവഴിക്കാന്‍ നിര്‍മാതാവും. സിനിമയുടെ പെര്‍ഫെക്ഷന്‍ മാത്രമായിരുന്നു അവരുടെ മുഖ്യപരിഗണന. കോവിഡ് കാലത്ത് ഒരുപാട് വൈതരണികള്‍ കടന്ന് ഷൂട്ട് പൂര്‍ത്തിയാക്കിയ മിന്നല്‍ മുരളി ഒടിടി റിലീസായിരുന്നു. മലയാളം , തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യപ്പെട്ട പടം ഇംഗ്ലിഷ് സബ്‌ടൈറ്റിലോടെ ആഗോള പ്രേക്ഷകരിലേക്കും എത്തി. ലോകമെങ്ങും അസാധാരണമായ റിസപ്ഷനാണ് സിനിമയ്ക്ക് ലഭിച്ചത്. 

മലയാള സിനിമയുടെ ബജറ്റും സാങ്കേതികമായുമുളള പരിമിതികളെ മറികടന്നു കൊണ്ട് ഒരു ആഗോള ആസ്വാദനാനുഭവം പങ്കു വച്ച മിന്നല്‍ മുരളി വ്യാപകമായി സ്വീകരിക്കപ്പെട്ടു. കോടാനുകോടി ആസ്വാദകരിലേക്ക് എത്തിപ്പെട്ടു എന്നതിലുപരി പടം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സംവിധായകന്‍ എന്ന നിലയില്‍ താന്‍ ബഹുദൂരം മുന്നിലേക്ക് എത്തിയെന്ന് ബേസില്‍ സ്വയം തെളിയിച്ച ചിത്രം കൂടിയായിരുന്നു അത്. സൂപ്പര്‍നാച്വറല്‍ പവറുകളെ കേന്ദ്രീകരിച്ച സിനിമകളുടെ ട്രെന്റ് രൂപപ്പെടാന്‍ മിന്നല്‍ മുരളി കാരണമായി. 

യാദൃച്ഛികമായി നായകനിരയിലേക്ക്..

ഫിലിം മേക്കറാകാന്‍ മോഹിച്ച ബേസിലിന്റെ ചിന്താഗതിയില്‍ ആ നിമിഷം വരെ മാറ്റം വന്നിരുന്നില്ല. ക്രിയേറ്റീവായ കാര്യങ്ങള്‍ ചെയ്യുമ്പോഴുളള ത്രില്ല് തന്നെയായിരുന്നു എന്നും അദ്ദേഹത്തെ മോഹിപ്പിച്ചു കൊണ്ടിരുന്നത്. വളരെ യാദൃച്ഛികമായി ചില സുഹൃത്തുക്കളുടെ സിനിമകളില്‍ ചെറിയ ചില വേഷങ്ങളില്‍ അഭിനയിച്ചത് തന്നെ നേരമ്പോക്ക് എന്ന നിലയിലാണ്. സംവിധാനം ചെയ്യുന്ന സിനിമകള്‍ക്കിടയിലെ ഇടവേളകളില്‍ സംഭവിച്ച ഒരു രസം അല്ലെങ്കില്‍ സുഹൃത്തുക്കളുമായുളള കൂടിച്ചേരല്‍ എന്ന തലത്തിലാണ് അദ്ദേഹം അതിനെ കണ്ടിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു.

38 ഓളം സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ബേസിലിന്റെ പല വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ജോജി’യില്‍ അന്ത്യശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന പുരോഹിതന്റെ വേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അക്കാലം വരെ നെടുമുടി വേണു അടക്കം പല വലിയ നടന്‍മാരും അവതരിപ്പിച്ച അച്ചന്‍ വേഷങ്ങള്‍ക്ക് ഏറെക്കുറെ സമാനമായ ഒരു പാറ്റേണ്‍ ഉണ്ടായിരുന്നു. എന്നാല്‍ ബേസില്‍ അത്തരം വ്യവസ്ഥാപിത രീതികള്‍ പൊളിച്ചടുക്കി തനതായ ഒരു ശൈലി കൊണ്ടുവന്നു. രൂപപരമായ പരിമിതികള്‍ നിലനില്‍ക്കുമ്പോഴും ഏത് തരം വേഷങ്ങളും അഭിനയിച്ച ഫലിപ്പിക്കാന്‍ ശേഷിയുളള ഒരു നടന്‍ ബേസിലിന്റെ ഉളളിലുണ്ടെന്ന് പലര്‍ക്കും ബോധ്യമായി.

മുന്‍ഗാമികളായ പല നടന്‍മാരുടെയും കരിയര്‍ഗ്രാഫ് പോലെ ക്രമാനുസൃതമായ വളര്‍ച്ചയാണ്  ബേസിലിന്റെ കാര്യത്തിലും സംഭവിച്ചത്. എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ എല്ലാം വളരെ പെട്ടെന്നായിരുന്നു താനും. 2013 ൽ ‘അപ്പ് ആന്‍ഡ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്’ എന്ന സിനിമയിൽ ഒരു ലിഫ്ട് ടെക്‌നീഷ്യനായാണ് അദ്ദേഹം ആദ്യം സിനിമയില്‍ മുഖം കാണിക്കുന്നത്. അതേ വര്‍ഷം തന്നെ ‘സൈലന്‍സ്’ എന്ന പടത്തിലും അഭിനയിച്ചു. തൊട്ടടുത്ത വര്‍ഷം ‘ഹോംലി മീല്‍സ്’ എന്ന സിനിമയില്‍ കുറെക്കൂടി മികച്ച വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം കുഞ്ഞിരാമായണത്തിലൂടെ സംവിധായകനായി അരങ്ങേറും മുന്‍പ് സംഭവിച്ചതാണ്. 

മായാനദി, വൈറസ്, പടയോട്ടം, മനോഹരം, കെട്ട്യോളാണ് മാലാഖ എന്നിങ്ങനെ ശ്രദ്ധേയമായ പല പടങ്ങളിലും അഭിനയിച്ചു. ‘ജാനേ മന്‍’ എന്ന സിനിമയാണ് നായകന്‍ എന്ന നിലയില്‍ ബേസിലിനെ ആദ്യമായി അവതരിപ്പിച്ച ചിത്രം. ആ സിനിമ സാമാന്യം മികച്ച വിജയം നേടിയിട്ടും പല പടങ്ങളിലും ബേസില്‍ അതിഥി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ആക്ടിങ് കരിയര്‍ അപ്പോഴും മനസിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞു. 

മുതല്‍മുടക്ക് 5 കോടി, വിറ്റുവരവ് 50 കോടി

2022 ല്‍ റിലീസ് ചെയ്ത ‘ജയ ജയ ജയ ഹേ’ എന്ന സിനിമ ബേസിലിന്റെ തലവര മാറ്റിക്കുറിച്ചു. നമ്മളില്‍ ഒരാള്‍ എന്ന് തോന്നിക്കുന്ന, വലിയ സൗന്ദര്യമോ ഉയരമോ ഇല്ലാത്ത  ഈ സാധാരണ മനുഷ്യന്‍ നായകനായ ഒരു ചിത്രം 5 കോടി മുടക്കി നിര്‍മ്മിച്ചപ്പോള്‍ കലക്‌ഷൻ വന്നത് 43 കോടിയായിരുന്നു. മറ്റ് അവകാശങ്ങള്‍ വിറ്റ വകയിലുളള തുക കൂടി കണക്കിലെടുത്താല്‍ 50 കോടിയിലധികം. അതായത് മുടക്കു മുതലിന്റെ പത്തിരട്ടി.

മലയാള സിനിമ കണ്ട ഏറ്റവും തിളക്കമാര്‍ന്ന വിജയമായിരുന്നു അത്. 80 കോടി മുടക്കുന്ന പടം160 കോടി തിരിച്ചു പിടിക്കുന്നതിലും ശ്രദ്ധേയമായ വിജയമായിരുന്നു അത്. സിനിമയില്‍ ബേസിലും ദര്‍ശനയും അജുവും ഒഴികെ മറ്റെല്ലാം നവാഗതര്‍. തിയറ്ററുകളില്‍ ആളെ നിറയ്ക്കാന്‍ കെല്‍പ്പുളള ഒരു താരം പോലും ഈ സിനിമയിലുണ്ടായിരുന്നില്ല. എന്നിട്ടും ഇനീഷ്യല്‍ കലക്‌ഷൻ മുതല്‍ പിന്നീട് 'മൗത്ത് പബ്ലിസിറ്റി'യിലുടെ വൻ കലക്‌ഷനും ലഭിച്ച സിനിമ 50 കോടിയിലേക്ക് പുഷ്പം പോലെ എത്തി. അപ്പോഴും ഒരു ഹീറോ എന്ന നിലയില്‍ സ്വന്തം കരിയര്‍ ഡെവലപ്പ് ചെയ്യുന്നതിനെക്കുറിച്ച് ഈ നടന്‍ ആലോചിച്ചതേയില്ല. മുകുന്ദന്‍ ഉണ്ണി അസോസിയറ്റ്, പൂക്കാലം എന്നിങ്ങനെ പല പടങ്ങളിലും ഇതര വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. സൗഹൃദങ്ങള്‍ക്കായിരുന്നു ബേസില്‍ എല്ലാ കാലത്തും മുന്‍തൂക്കം നല്‍കിയിരുന്നത്. 2023ല്‍ തമാശകള്‍ക്ക് തത്ക്കാലം അവധി പറഞ്ഞ് ഗൗരവമുളള വേഷത്തില്‍ ബേസില്‍ എത്തിയ ‘ഫാലിമി’ എന്ന കൊച്ചുചിത്രവും ഹിറ്റായതോടെ സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല നായകനായും ഹാട്രിക്കടിച്ചു ബേസില്‍. 

ബേസിലിന്റെ സാന്നിധ്യം പോലും സിനിമകളെ ഹിറ്റാക്കുമെന്ന് ഒരു പ്രചരണം അന്ധവിശ്വാസങ്ങളുടെ വിളനിലമായ സിനിമാ രംഗത്ത് വളരെ വേഗം പ്രചരിച്ചു. എല്ലാ തലമുറയിലും പെട്ട സംവിധായകര്‍ അദ്ദേഹത്തിന്റെ ഡേറ്റിനായി ശ്രമിച്ചു. അപ്പോഴും നടനാവുക എന്നൊരു അജണ്ട ബേസിലിന്റെ മനസിലുണ്ടായിരുന്നില്ല. സംവിധായകന്‍ എന്ന നിലയില്‍ അടുത്ത ചിത്രം ഒരുക്കുന്നതിനെക്കുറിച്ചായിരുന്നു ആലോചന.

മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം അടക്കം എടുക്കാന്‍ ഇന്റര്‍നെറ്റിലൂടെ പ്രേക്ഷകരുടെ അഭ്യര്‍ഥനാ പ്രവാഹം തന്നെയുണ്ടായി. എന്നിട്ടും ബേസിലിലെ നടനെ വെറുതെ വിടാന്‍ ചലച്ചിത്ര വ്യവസായം തയാറായില്ല. കുറഞ്ഞ ബജറ്റില്‍ വലിയ വിജയം കൊണ്ടു വരുന്ന നായകനെ ഏതെങ്കിലും നിര്‍മാതാക്കള്‍ വേണ്ടെന്ന് വയ്ക്കുമോ?

നായകന്‍ എന്ന നിലയില്‍ തുടര്‍ച്ചയായി പടങ്ങള്‍ ചെയ്യാന്‍ ബേസിലിനു സമ്മര്‍ദ്ദമേറി. എന്നാല്‍ വളരെ 'ചൂസി'യായിരുന്നു ഇക്കാര്യത്തില്‍ ബേസില്‍.  കാണുന്നതെല്ലാം വാരിവലിച്ച് ചെയ്യുന്നതല്ല അദ്ദേഹത്തിന്റെ ശീലം. ഒരു ക്രിയേറ്റര്‍ കൂടിയായ ബേസിലിന് അറിയാം ഓടുന്ന സിനിമകളുടെ രസക്കൂട്ട്. കഥ കേള്‍ക്കുമ്പോളും പിന്നീട് തിരക്കഥ വായിക്കുമ്പോളും ഇത് താന്‍ ചെയ്യേണ്ട സിനിമയാണോ എന്നൊരു ധാരണ അദ്ദേഹത്തിന്റെ മനസില്‍ രൂപപ്പെടും. അങ്ങനെയുളള സിനിമകള്‍ മാത്രം കമ്മിറ്റ് ചെയ്യും.

നൂറുകോടി ക്ലബ്ബിലേക്ക് 

പൃഥ്വിരാജിനൊപ്പം തത്തുല്യ പ്രാധാന്യമുളള ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമ സംഭവിച്ചപ്പോള്‍ പ്രേക്ഷകപ്രതീക്ഷ വാനോളം ഉയര്‍ന്നു. രണ്ട് കാരണങ്ങളായിരുന്നു അതിന് പിന്നില്‍. ഒന്ന്, ജയ ജയ ജയ ഹേയ്ക്കു ശേഷം അതിന്റെ സംവിധായകനും ബേസിലും ഒന്നിക്കുന്ന ചിത്രം. രണ്ട്, പൃഥ്വിരാജിനെ പോലെ വന്‍ ഫാന്‍ബേസുളള ഒരു സൂപ്പര്‍താരത്തിനൊപ്പം ബേസില്‍ അഭിനയിക്കുന്ന ചിത്രം. 

ആ സിനിമയും ബോക്‌സ് ഓഫിസിൽ തകര്‍പ്പന്‍ വിജയം നേടി. 85 കോടിയാണ് ഈ സിനിമയുടെ ഇതുവരെയുളള കലക്‌ഷൻ. സാറ്റലൈറ്റ്-ഒ.ടി.ടി അടക്കം മറ്റ് അവകാശങ്ങള്‍ വിറ്റ തുക കണക്കാക്കിയാല്‍ 100 കോടി ക്ലബ്ബിലെത്തുമെന്ന് സാരം.

താരം എന്ന നിലയില്‍ അനുദിനം വാണിജ്യമൂല്യം വര്‍ധിക്കുമ്പോഴും തന്നിലെ അഭിനേതാവിനെ തേച്ചു മിനുക്കിയെടുക്കാന്‍ ശ്രമിക്കുന്ന ബേസിലിനെ പല സിനിമകളിലും കാണാം. കേവലം കോമഡിയുടെ ചതുരത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വൈവിദ്ധ്യമാര്‍ന്ന ഭാവപ്പകര്‍ച്ചകള്‍ക്കായി ശ്രമിക്കുന്ന അദ്ദേഹം വലിയ ഒരളവോളം അക്കാര്യത്തില്‍ വിജയം കൈവരിക്കുന്നുമുണ്ട്.

വേറിട്ട വഴിയില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുമ്പോഴും ചില ഭാവങ്ങളിലെ സമാനതയും ആവര്‍ത്തനവുമാണ് നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പരിമിതി. ചിരിക്ക് പോലും പല തലങ്ങളുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തിയ വലിയ നടന്‍മാരുടെ ഗണത്തിലേക്ക് ഉയരാന്‍ ബേസില്‍ ഇനിയും ഏറെക്കാലമെടുക്കുമെന്ന ബോധ്യം മറ്റാരേക്കാള്‍  അദ്ദേഹത്തിനുണ്ട്. കാരണം അദ്ദേഹം ഒരു സംവിധായകന്‍ കൂടിയാണ്.

മുന്‍കൂട്ടി പ്ലാന്‍ ചെയ്ത തിരക്കഥ അനുസരിച്ചായിരുന്നില്ല ബേസിലിന്റെ നാളിതുവരെയുളള ജീവിതം. എല്ലാം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വന്നുപെടുകയായിരുന്നു. അപ്പോഴും എക്കാലവും സിനിമയോട് അങ്ങേയറ്റം പാഷ്യനേറ്റായ ഒരു മനസ് അദ്ദേഹം ഒപ്പം കൊണ്ടു നടന്നിരുന്നു. ചെയ്യുന്ന ഏത് കാര്യവും അങ്ങേയറ്റം സമര്‍പ്പിത മനസോടെ ചെയ്യാന്‍ ശ്രദ്ധിച്ചിരുന്നു.അതുകൊണ്ട് തന്നെ നടന്‍ എന്ന നിലയിലും ചലച്ചിത്രകാരന്‍ എന്ന നിലയിലും ബേസിലിന്റെ നാളുകള്‍ വരാനിരിക്കുന്നതേയുളളു എന്ന് നിസംശയം പറയാം.

സിനിമയെ സ്‌നേഹിക്കുന്ന സിനിമയുടെ ക്രിയേറ്റീവ് സൈഡിലോ അഭിനയമേഖലയിലോ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് റോള്‍മോഡലാണ് ബേസില്‍. ആരെയും മുന്നില്‍ കണ്ടുകൊണ്ടല്ല ബേസില്‍ സിനിമാ ജീവിതം ആരംഭിച്ചത്. ആരും സഹായിക്കുമെന്ന വിദൂര പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല. മനസ് മടുക്കാതെ നിരന്തരം ശ്രമങ്ങള്‍ തുടരുക എന്നത് മാത്രമായിരുന്നു അദ്ദേഹം ചെയ്തത്. അതിന് ഫലമുണ്ടായി. ഇതിവൃത്തം കൊണ്ടും ആഖ്യാനപരമായും പൊതുവഴിയില്‍ നിന്ന് മാറി നടന്നപ്പോള്‍ ഇരുകൈകളും നീട്ടി ആളുകള്‍ ആ സിനിമകള്‍ സ്വീകരിച്ചു.

ബേസിലിന്റെ വിജയരഹസ്യം

എന്താണ് ബേസിലിന്റെ വിജയരഹസ്യം എന്ന് ചോദിക്കുന്നവരുണ്ട്. ചില അതിരുകള്‍ ലംഘിക്കാനുളള തന്റേടം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. വ്യവസ്ഥാപിത സങ്കല്‍പ്പങ്ങളെ പുണരുന്ന, വഴിമാറി ചിന്തിക്കാന്‍ ശേഷിയില്ലാത്ത മലയാളത്തിലെ ഒരു നിര്‍മാതാവ് സ്വകാര്യസംഭാഷണത്തിനിടയില്‍ പറഞ്ഞു.

'ഞാനായിരുന്നെങ്കില്‍ ഒരിക്കലും മിന്നല്‍ മുരളി നിര്‍മിക്കില്ലായിരുന്നു. മലയാളത്തിലെ ഒരു നടന്‍ -അതും സൂപ്പര്‍സ്റ്റാര്‍ അല്ലാത്ത നടന്‍- സൂപ്പര്‍ഹീറോയായി വന്നാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് ഭയക്കും. അതു പോലെ ജയ ജയ ഹേയുടെ കഥ എന്നോടായിരുന്നു പറഞ്ഞിരുന്നതെങ്കിലും നിര്‍മിക്കുമായിരുന്നില്ല. യൂട്യൂബ് നോക്കി കരാട്ടെ പഠിച്ച ഒരു നരിന്ത് പെണ്ണ് നാലഞ്ച് ആണുങ്ങളെ അടിച്ചിടുന്നതൊക്കെ ആളുകള്‍ വിശ്വസിക്കുമോ?'

ജനറേഷന്‍ ഗ്യാപ്പ് മൂലം സെന്‍സിബിലിറ്റിയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളാണ് പ്രശ്‌നം. ഇത്തരക്കാര്‍ മലയാള സിനിമയെ പിന്നോട്ട് നയിക്കുമ്പോള്‍ ബേസില്‍ മുന്നോട്ട് നടക്കുകയാണ്. കാരണം സിനിമ മേക്ക് ബിലീഫാണെന്ന് അദ്ദേഹത്തിനറിയാം. സംഭവ്യമായ കാര്യങ്ങളുടെ ഡോക്യുമെന്റേഷനല്ല കല. അസംഭാവ്യമായ കാര്യങ്ങള്‍ പോലും സംഭവ്യമെന്ന് തോന്നിക്കും വിധം അവതരിപ്പിക്കുന്നതിലാണ് മിടുക്ക്. 

ആ മിടുക്കിന്റെ പേരാണ് ബേസില്‍ ജോസഫ്. മലയാളി പ്രേക്ഷകര്‍ ആ മിടുക്കിന് പ്രതിഫലമായി നിരന്തരം ഹിറ്റുകള്‍ സമ്മാനിക്കുന്നു. മേല്‍ പരാമര്‍ശിച്ച നിര്‍മാതാവാകട്ടെ എടുത്ത സകല പടങ്ങളും ഫ്‌ളോപ്പായതിന്റെ ക്രെഡിറ്റുമായി വീണ്ടും വീണ്ടും ഫ്‌ളോപ്പുകള്‍ക്കായി ശ്രമിക്കുന്നു.

അജയന്റെ രണ്ടാം മോഷണം, ജീത്തു ജോസഫിന്റെ നുണക്കുഴി എന്നിവയാണ് ബേസിലിന്റെ വരാനിരിക്കുന്ന സിനിമകള്‍.

എവിടെയോ ബാക്കി നില്‍ക്കുന്ന പുതുമയുടെ ഒരു അംശത്തെ തന്റെ സിനിമകളിലുടെ ആവാഹിച്ച് പ്രേക്ഷകനിലേക്ക് എത്തിക്കാനുളള തീവ്രശ്രമത്തിലാണ് ഈ ചെറുപ്പക്കാരന്‍.  വയനാട്ടിലെ ഒരുള്‍നാടന്‍ പ്രദേശത്തു നിന്ന് സിനിമയുടെ മായികാലോകത്ത് എത്തി അഭിനയത്തിലും ക്രിയാത്മക തലത്തിലും ഒരു പോലെ വെന്നിക്കൊടി പാറിച്ച ബേസിലിന്റെ ജീവിതം മോട്ടിവേഷനൽ ക്‌ളാസുകളിൽ പലരും ഉദാഹരിക്കുന്നതായി കേട്ടു. ബേസിലിന്റെ സിനിമാ അനൂഭവങ്ങളില്‍ മാത്രമല്ല വ്യക്തിജീവിതത്തില്‍ പോലുമുള്ള പ്രചോദനാത്മകതയുടെ മിന്നാട്ടം. മകൾക്ക് ബേസില്‍ നല്‍കിയ പേരും മുന്‍പ് അധികമാരും പരീക്ഷിക്കാത്തതാണ്. ഹോപ്.  പ്രതീക്ഷകളാണല്ലോ ഏതൊരു മനുഷ്യന്റെയും ജീവിതം മുന്നോട്ട് നയിക്കുന്നത്. 

സിനിമകളുടെ തിയറ്റര്‍ റിലീസിങ് ഡേറ്റായ വെളളിയാഴ്ചകളിൽ സിനിമാക്കാരുടെ ജീവിതം മാറ്റിമറിക്കപ്പെടുന്നുവെന്ന് പറയാറുണ്ട്. ഒരുപാട് വെളളിയാഴ്ചകള്‍ കനിഞ്ഞനുഗ്രഹിച്ച ബേസില്‍ ഇനി വരുന്ന വെളളിയാഴ്ചകളിലും പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ഉശിരന്‍ സിനിമകളുമായി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. ഇത് വായിക്കുമ്പോള്‍ ലാളിത്യവും കുട്ടിത്തവും സമന്വയിക്കുന്ന ബേസില്‍ ചിരി മനസിന്റെ സ്‌ക്രീനില്‍ നമുക്കും കാണാം. ബേസില്‍ സമൂഹത്തെ ഒന്നാകെ കീഴടക്കിയത് കലര്‍പ്പില്ലാത്ത ആ ചിരി കൊണ്ടാണല്ലോ.

English Summary:

Basil Joseph, who came out with his first short film in 2012, has completed a Jupiter cycle in the world of visuals. In the wake of the recent hit Guruvayoorambalanadail Contemporary Malayalam cinema's 'Changaya' Basil's life one-line.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com