ADVERTISEMENT

ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയ നടന്ന സമയത്ത് താൻ കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് എലിസബത്ത് ഉദയൻ. ഒരുസമയത്ത് ഡോക്ടർ പോലും ഭയന്നിരുന്നുവെന്നും മരണം മുന്നിൽ കണ്ട സാഹചര്യം പോലും ഉണ്ടായതായും എലിസബത്ത് പറയുന്നു. ഡോക്‌ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ചെയ്ത വിഡിയോയിലാണ് ബാല നേരിട്ട, എന്നാൽ പുറം ലോകം അറിയാത്ത വെല്ലുവിളികളെ കുറിച്ച് എലിസബത്ത് വെളിപ്പെടുത്തിയത്.

‘‘ഡോക്ടരുടെ ഒരുദിനം കടന്നുപോകുന്നത്, രോഗികളെ കാണുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നതിലൂടെയാണ്. എന്നാൽ ഒരു രോഗിയുടെ കൂടെയിരുന്ന് ആലോചിക്കാൻ തുടങ്ങിയത് ബാലയുടെ കരൾ മാറ്റിവയ്ക്കുന്ന സമയത്തായിരുന്നു. ഒന്നും ചിന്തിക്കാനോ, എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥയുണ്ടായി. 

അമൃതാ ആശുപത്രിയിലെ ഡോക്‌ടർമാർ ആ എമർജൻസി സാഹചര്യത്തിൽ കൂടെ നിന്നു. ശസ്ത്രക്രിയ നടക്കാൻ മൂന്നു ദിവസം മാത്രമേ അന്ന് ബാക്കിയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ബാലയുടെ ആരോഗ്യം പണ്ടത്തേക്കാളും മോശമായി. ബാല ഐസിയുവിൽ വെന്റിലേറ്ററിലായി, ആ ഡോക്ടർമാരൊന്നും വീട്ടില്‍ പോയിട്ടില്ല. ബാലയെ കാണാൻ ഞാൻ ഐസിയുവിൽ കയറിയതും ഒരു കൺസൽട്ടൻറ് വീട്ടിൽ വിളിച്ച് ഇന്ന് വരുന്നില്ല, സീരിയസ് കണ്ടീഷൻ ആണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. 

ഈശ്വരന്മാരെ പോലെ ഡോക്ടർമാരെ കൈകൂപ്പി തൊഴുത കാലമായിരുന്നു. നമുക്ക് ടെൻഷൻ തരാതെ, ഭയപ്പെടുത്താതെയാണ് അവർ രോഗിക്കൊപ്പം നിന്നവരെയും നോക്കിയത്. ആശുപത്രിയിലെ ഐസിയുവിൽ എപ്പോഴും എനിക്കോ ബന്ധുക്കൾക്ക് കയാറാൻ കഴിയാത്തതിനാൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് ബാലയുടെ പുരോഗതി അറിയിച്ചു കൊണ്ടിരുന്നു. ശേഷം റിവ്യൂവിന് പോയപ്പോൾ ആ പെൺകുട്ടി ഓടിവന്ന് കെട്ടിപ്പിടിച്ചിട്ടുണ്ട്.

പലരുടെയും പേര് തന്നെ ഓർമയില്ല, ആ സമയത്ത് നമ്മൾ വേറൊരു അവസ്ഥയിലായിരിക്കുമല്ലോ. അന്ന് ഈ ഡോക്ടർമാരെയൊക്കെ ദൈവങ്ങളായാണ് എനിക്ക് തോന്നിയത്. ‘അമ്മ’ അസോസിയേഷന്റെ അംഗങ്ങളായ ബാബുരാജ് സർ, സുരേഷ് കൃഷ്ണ സർ ഒക്കെ ഇടയ്ക്ക് ഇടയ്ക്ക് ബാലയുടെ ആരോഗ്യത്തെക്കുറിച്ച് വിളിച്ച് ചോദിക്കുമായിരുന്നു. കിട്ടേണ്ട ആളുകളുടെ കയ്യിൽ നിന്നും പിന്തുണ ലഭിച്ചില്ലെങ്കിലും ഇവരെപ്പോലുള്ള ആളുകൾ കൂടെ നിന്നു. 

ബാലയുടെ നാലഞ്ച് സുഹൃത്തുക്കള്‍ സർജറിയുടെ സമയത്ത് ഒപ്പം നിന്നു. കഷ്ടകാലം വരുന്ന സമയത്ത് നമ്മുടെ കൂടെ നിൽക്കാൻ ആരുമുണ്ടാകില്ല, അല്ലാത്ത സമയത്ത് നൂറ് പേരുണ്ടാകും. അതൊക്കെ മനസ്സിലാക്കിയ സമയമായിരുന്നു അന്ന് കടന്നുപോയത്.’’–എലിസബത്തിന്റെ വാക്കുകൾ.

English Summary:

Elizabeth Udayan narrates the tough times during actor Bala liver transplant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com