റോളക്സിനെ വെട്ടുമോ?; ഗ്യാങ്സ്റ്ററായി സൂര്യ; ടീസർ
Mail This Article
കാർത്തിക് സുബ്ബരാജും സൂപ്പർ താരം സൂര്യയും ആദ്യമായി ഒന്നിക്കുന്ന പുതിയ സിനിമയുടെ ടീസർ എത്തി. സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയത്. എൺപത് കാലഘട്ടത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ഗ്യാങ്സ്റ്ററായി സൂര്യ ചിത്രത്തിലെത്തുന്നു.
സൂര്യയുടെ കരിയറിലെ 44 -ാം ചിത്രമാണിത്. സുധ കൊങ്കരയുമൊത്തുള്ള സിനിമയുടെ ചിത്രീകരണം മാറ്റിവച്ചതോടെയാണ് കാർത്തിക്കിന് കൈകൊടുക്കാൻ സൂര്യ തീരുമാനിക്കുന്നത്. ആൻഡമാൻ ആണ് പ്രധാനലൊക്കേഷൻ. മലയാളത്തില്‍ നിന്നു ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില്‍ കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു.
സ്നേഹം, ചിരി, യുദ്ധം എന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന ടാഗ് ലൈൻ. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റ്സും, കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കാർത്തിക് സുബ്ബരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ‘ജിഗർതണ്ട ഡബിൾ എക്സ്’ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.