ADVERTISEMENT

24 വർഷത്തിനു ശേഷം റി–റിലീസ് ചെയ്ത ദേവദൂതൻ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുമ്പോൾ ആ സിനിമയെക്കുറിച്ച് മുൻപൊരു അഭിമുഖത്തിൽ നടിയും എഴുത്തുകാരിയുമായ ലെന പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. 'പൂവെ പൂവെ' പാട്ടിൽ അഭിനയിക്കുമ്പോഴുള്ള രസകരമായ ഓർമ മുൻപ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ലെന പങ്കുവച്ചിരുന്നു. ആ ഗാനരംഗത്തിൽ താൻ ഇട്ടത് സ്വന്തം ടീഷർട്ട് ആയിരുന്നെന്നായിരുന്നു ലെന പറഞ്ഞത്. അതിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. 

ലെനയുടെ വാക്കുകൾ ഇങ്ങനെ: "ദേവദൂതനിൽ പൂവെ പൂവെ എന്ന ഗാനത്തിലെ ഒരു രംഗത്തിൽ ഞാനിട്ടിരിക്കുന്നത് ബാഗജ് എന്ന് എഴുതിയ ഒരു ഗ്രേ ടീഷർട്ട് ആണ്. ആ സിനിമയുടെ ഷൂട്ടിന്റെ സമയത്ത് വാങ്ങിച്ചതാണ് അത്. ആ ടീഷർട്ട് ഇപ്പോഴും എന്റെ കയ്യിലുണ്ട്. അതിന് യാതൊരു കേടുമില്ല. അങ്ങനെയേ ഇരിപ്പുണ്ട്. അതിപ്പോൾ ഒരു 'സ്മാരകവസ്തു' ആയി മാറി." 

lena-new

"ആ പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത്, ലാലേട്ടൻ എന്റെ ടീഷർട്ട് കണ്ടിട്ടു പറഞ്ഞു, 'ഈ കുട്ടിക്ക് എന്താണ് ഗ്രേ ടീഷർട്ട്? കുറച്ചൂടെ കളർഫുൾ ആയിട്ടുള്ള എന്തെങ്കിലും കൊടുത്തൂടെ' എന്ന്! അപ്പോൾ അവർ കുറച്ചു ഫ്ലോറൽ ഷർട്ട്സുമൊക്കെ കൊണ്ടു വന്നു കാണിച്ചു. ഒന്നും രസമുണ്ടായില്ല. അതുകൊണ്ട് ആ ടീഷർട്ട് തന്നെ ഇട്ടോളാൻ പറഞ്ഞു. അപ്പോൾ ലാലേട്ടൻ ചോദിച്ചു, 'ഇത് അവർ തന്ന കോസ്റ്റ്യൂം ആണോ' എന്ന്. ഞാൻ പറഞ്ഞു, 'അല്ല... ഇതെന്റെ ടീഷർട്ടാണ്' എന്ന്. ആ ടീഷർട്ട് ഞാനിപ്പോഴും ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്," ലെന പറഞ്ഞു. 

devadoothan-still

അതേസമയം, വെറുതെ കൂട്ടത്തിൽ നിറുത്തേണ്ട അഭിനേതാവല്ല ലെനയെന്ന് ആദ്യം സെറ്റിൽ വന്നപ്പോൾ തന്നെ തോന്നിയെന്ന് സംവിധായകൻ സിബി മലയിൽ. അതുകൊണ്ടാണ് അവർക്കു ശ്രദ്ധ കിട്ടുന്ന തരത്തിൽ ചില രംഗത്തിൽ ഉൾപ്പെടുത്തിയതെന്ന് സിബി മലയിൽ പറഞ്ഞു. മനോരമ ഓൺലൈന്റെ റിവൈൻഡ് റീൽസിൽ ദേവദൂതനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചപ്പോഴായിരുന്നു അദ്ദേഹം ലെനയുടെ വേഷത്തെക്കുറിച്ച് പരാമർശിച്ചത്. 

സിബി മലയിലിന്റെ വാക്കുകൾ: "കാസ്റ്റിങ്ങിലൂടെയല്ല ലെനയും രാധികയും ദേവദൂതന്റെ ഭാഗമായത്. പ്രൊഡക്ഷൻ മാനേജർ വഴിയായിരുന്നു അവർ ഈ സിനിമയുടെ ഭാഗമായത്. അക്കൂട്ടത്തിൽ ലെനയ്ക്ക് കുറച്ചൂടെ പ്രധാന്യം കൊടുക്കേണ്ട ആക്ടറാണെന്നും അവരെ വെറുതെ ഒരു ഗ്രൂപ്പിൽ ഇരുത്തേണ്ട ആളല്ലെന്നും എനിക്കു തോന്നി. അതുകൊണ്ടാണ് അവർക്ക് കുറച്ചൂടെ ശ്രദ്ധ കിട്ടാൻ വേണ്ടി ചില കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിപ്പിച്ചു. ആകെ അവർക്ക് ഉണ്ടായിരുന്നത് ആ ടേപ്പ് റെക്കോർഡർ ഓപ്പറേറ്റ് ചെയ്യുന്നതും വിശാൽ കൃഷ്ണമൂർത്തിയുടെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുകയുമായിരുന്നു. അതു പോരെന്നു തോന്നിയതു കൊണ്ടാണ് അവരെ പാട്ടു പാടുന്ന രംഗത്തിൽ കൂടി അവരെ അഭിനയിപ്പിച്ചത്."

2000ൽ റിലീസ് ചെയ്തപ്പോൾ ഒരാഴ്ച പോലും തിയറ്ററിൽ തികച്ചു പ്രദർശനം നടത്താൻ സാധിക്കാതെ പോയ സിനിമയായിരുന്നു ദേവദൂതൻ. എന്നാൽ, കലങ്ങൾക്കിപ്പുറം പ്രേക്ഷകർ ആ സിനിമ ആഘോഷിക്കുകയാണ്.  

English Summary:

Actor Lena Reveals Untold Stories and Nostalgic Memories on Devadoothan Film Starring Mohanlal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com