പൊലീസ് വേഷത്തിൽ ഷൈൻ ടോം; ചെക്കിങ് എന്നു കരുതി പേടിച്ച് വിറച്ച് ബൈക്ക് യാത്രികനായ യുവാവ്
Mail This Article
പൊലീസ് വേഷത്തിൽ നിൽക്കുന്ന നടൻ ഷൈൻ ടോം ചാക്കോയെ കണ്ട് ബൈക്കിൽ വന്നൊരു യുവാവ് ഭയന്നു വീണത് മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. ഇപ്പോഴിതാ ആ യുവാവിനൊപ്പമുള്ള ഷൈൻ ടോം ചാക്കോയുടെ സെൽഫിയാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. റിസ്വാൻ കെ.പി. എന്ന യുവാവ് ആണ് ഈ കഥയിലെ നായകൻ.
മലപ്പറം എടപ്പാളിൽ വച്ചാണ് സംഭവം. ഷൂട്ടിങിന്റെ ബ്രേക്കിനിടെ ഷൈൻ ടോം ചാക്കോ പൊലീസ് യൂണിഫോമിൽ റോഡരികിൽ നിൽക്കുകയായിരുന്നു. ഈ സമയത്താണ് റിസ്വാൻ ബൈക്കിലെത്തുന്നത്. പൊലീസ് വേഷത്തില്‍ നടനെ മനസിലാകാത്ത യുവാവ് കരുതി യഥാര്‍ഥ പൊലീസാണെന്ന് , ശരിക്കും പേടിച്ചു, പിന്നാലെ നടന്‍ തന്നെ ഇവരെ പിടിച്ച് എഴുന്നേല്‍പ്പിച്ചു.
സംഭവത്തിനു ദൃക്സാക്ഷിയായ അഖിൽ വിഷ്ണു എന്നൊരാൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ താഴെ കൊടുക്കുന്നു.
‘‘മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തയിൽ ഇതൊരു സിനിമ ഷൂട്ടിങ് നടക്കുന്ന സ്ഥലമാണെന്ന് മനസിലാക്കാനുള്ള കാര്യങ്ങൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ലേ എന്നൊരു ചോദ്യം ബാക്കി ആകുന്നു. എങ്ങനെയാണ് ആ ചോദ്യം ബാക്കി ആകുന്നത്? നിങ്ങൾ ഒരു ചാനൽ അല്ലേ.. ഇതിനെ പറ്റി അന്വേഷിക്കേണ്ടത് ഒരു സാമാന്യ മര്യാദ അല്ലേ. ചുമ്മാ അവിടുന്നും ഇവിടുന്നും കേൾക്കുന്ന കഥ വച്ച് അടിച്ച് വിടുവാണോ?
ഞാൻ ഈ സംഭവം കണ്ട ദൃക്സാക്ഷി ആണ്. ആ വിഡിയോയിൽ ഞാനും ഉണ്ട്. സംഭവം ഷൂട്ട് നടക്കുന്നത് ഒരു ബാറിന്റെ ഉള്ളിലാണ്. അകത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ബ്രേക്ക് സമയത്ത് ഷൈൻ ചേട്ടൻ തൊട്ടടുത്തുള്ള കടയിൽ സാധനം വാങ്ങാൻ പോകുമ്പോഴാണ് ഈ സംഭവം നടന്നത്.. ഈ പയ്യൻ ഹെൽമെറ്റ് ഒന്നും വയ്ക്കാതെയാണ് വന്നത്.. പെട്ടെന്ന് പേടിച്ചു ബ്രേക്ക് പിടിച്ചതായിരിക്കാം. പക്ഷേ നല്ലത് പോലെ മഴ പെയ്തു റോഡിൽ നല്ല തെന്നി കിടക്കുകയായിരുന്നു. അതുകൊണ്ടാണ് വണ്ടി പെട്ടെന്ന് സ്‌കിഡ് ആയി വീണത്. ഷൈൻ ചേട്ടന് സംഭവം മനസിലായത് കൊണ്ട് അപ്പൊ തന്നെ ഹെൽമെറ്റ് എടുത്തു പയ്യനെ ആശുപത്രിയിൽ കൊണ്ടുപോയി ആക്കി. ഇതാണ് സംഭവിച്ചത്... ഇതിൽ ഒരു ചോദ്യവും ബാക്കിയില്ല. 10 മണിക്ക് അല്ല അപകടം നടന്നത്. 1 മണിക്കാണ്.’’