ADVERTISEMENT

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന സിനിമയായ ഗുഡ്ബൈ ജൂലിയ ചിത്രീകരണറേ മികവുകൊണ്ടും കഥാപാത്രങ്ങളുടെ ശക്തമായ ആവിഷ്കാരം കൊണ്ടും പ്രകടനം കൊണ്ടും കാഴ്ചക്കാരുടെ ഹൃദയം കീഴടക്കും. സമീപകാലത്തെ പല സിനിമകളിലെയും പോലെ ഉറക്കെ പറയാതെയും രാഷ്ട്രീയം പറയാം എന്ന് ഓർമിപ്പിക്കുന്നുണ്ട് ഗുഡ് ബൈ ജൂലിയ. 

രണ്ട് സ്ത്രീകൾ, അവരുടെ കുടുംബങ്ങൾ, സംഘർഷങ്ങൾ..സ്വപ്നങ്ങൾ. അവർക്ക് ചുറ്റുമാകട്ടെ സുഡാനിനെ സ്വതന്ത്രമാക്കും  മുന്നേയുള്ള ആഭ്യന്തര കലാപം. വംശീയത, വെറുപ്പ്... മതം, ആണധികാരം. തെക്ക് സമ്പന്നരായ മുസ്‌ലിം വിഭാഗവും വടക്ക് ദരിദ്രരായ ക്രിസ്ത്യസ്റ്റ്യൻ വിഭാഗവും

പുരുഷന്റെ നിയമങ്ങളും അവന്റെ രീതികളും പലപ്പോഴും സ്ത്രീകളുടെ യുക്തിക്ക് നിരക്കുന്നതല്ല എന്ന ചിന്ത സിനിമയിൽ ഉടനീളം കാണാം. മോന എന്ന സ്ത്രീ ഭർത്താവായ അക്രമുമായി മാനസികമായി വളരെ അകലത്തിലാണ്. അയാള്‍ സൗത്ത് സുഡാനിലെ മനുഷ്യരെ അടിമകളായി കാണുകയും ചെയ്യുന്നു. ജൂലിയ എന്ന സ്ത്രീയുടെ ഭർത്താവിനെ മോനയുടെ പിഴവ് കാരണം അക്രം കൊല്ലുന്നു. അത് മോനെ നുണ പറഞ്ഞതുകൊണ്ടാണ് എന്ന് അയാൾ ആരോപിക്കുന്നുണ്ട്. മോനയുടെ നുണ പറച്ചിൽ സിനിമയിൽ ഉടനീളം ഉണ്ട്. അത് പലപ്പോഴും അവരെ അപകടത്തിലാക്കുകയും രക്ഷിക്കുകയും ചെയ്യുന്നു. സംഗീതം ഹൃദയത്തില് കൊണ്ട് നടന്നിരുന്ന മോന പക്ഷേ ദാമ്പത്യത്തിന് വേണ്ടി അത് ഉപേക്ഷിക്കുകയാണ്. സത്യം പറയാം എന്നിരിക്കെ എന്തിനാണ് നുണകൾ പറയുന്നത് എന്ന് ജൂലിയ ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി ചിലപ്പോഴെല്ലാം നുണകളാണ് നല്ലത് എന്ന് മോന ജൂലിയയെ ഓർമിപ്പിക്കുന്നു

കുറ്റബോധത്തിന്റെ പുറത്താണ് ജൂലിയയെ മോന തന്റെ പരിചാരക ആയി നിയമിക്കുന്നത്. അക്രമിന്റെ വംശീയ ചിന്തകളെ മോന ചോദ്യം ചെയ്യുമ്പോൾ സഹായം എന്ന പേരിൽ വംശീയതയെ പ്രോത്സാഹിപ്പിക്കുകയാണ്  മോനയും ചെയ്യുന്നത് എന്ന് അക്രം പറയുന്നു. എന്നാൽ പിന്നീട് ചിത്രത്തിൽ അത് തിരുത്താനുള്ള മോനയുടെ ശ്രമങ്ങൾ കാണാൻ കഴിയും.

സംവിധായകൻ മൊഹമ്മദ് കോർഡോഫാനിയുടെ ആദ്യ സിനിമയാണ് ഗുഡ്ബൈ ജൂലിയ. രണ്ട് സ്ത്രീകൾ... അവർക്കിടയിലുണ്ടാകുന്ന സിസ്റ്റർ ഹുഡ്..പുരുഷന് ഒരു കാലത്തും മനസ്സിലാകാത്ത ഭാഷയിലാണ് അവരുടെ ലോകം തന്നെ. ഒടുവിലെ ഫ്രെയിമിൽ മോന ക്ഷമ ചോദിക്കുന്നത് ജൂലിയയുടെ മടിയിൽ കിടന്നു കൊണ്ടാണ്. അവിടെ സംഭാഷണം അപ്രസക്തമാണ്. നിശബ്ദയായി, നിശ്ചലമായി മോന ജൂലിയയുടെ മടിയിൽ കിടക്കുമ്പോൾ പ്രേക്ഷകന് മറ്റൊന്നും തന്നെ കേൾക്കേണ്ടതില്ല. ഇരുപത്തിയെട്ടാമത് രാജ്യാന്തര മേളയിലെ മികച്ച കാഴ്ചയായി ആ ഫ്രെയിം കാത്തുസൂക്ഷിക്കാൻ കഴിയും.

സ്ത്രീകളുടെ നിയമങ്ങളും, ചട്ടങ്ങളും പുരുഷന്റേതിൽ നിന്നും വിഭിന്നമാണ് എന്ന് സിനിമ ഒന്നുകൂടി ഓർമപ്പെടുത്തുന്നു. രാജ്യം വിഭജിച്ചതിന് ശേഷമാണ് ജൂലിയയുടെ മടിയിൽ കിടക്കുന്ന മോനയെ കാണാൻ കഴിയുന്നത്. രാജ്യം രണ്ടായി മാറുമ്പോഴും ബന്ധങ്ങളെയും സ്നേഹത്തിനെയും വിഭജിക്കനാവില്ല എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ആ രംഗം.. സുഡാൻ സ്വതന്ത്രമാക്കപ്പെടുമ്പോഴും അവർക്കിടയിലെ സ്നേഹം  സ്വതന്ത്രമാക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. 

goodbye-julia-3

വെള്ളക്കാരുടെ ഫെമിനിസം എടുത്ത് എറിഞ്ഞ് പകരം വുമനിസം കൊണ്ട് വന്ന ഭൂമികയിൽ കഥ പറയുമ്പോൾ സിസ്റ്റർ ഹുഡ് തന്നെ ആണ് ഗുഡ് ബൈ ജൂലിയ ഉയർത്തി പിടിക്കുന്ന രാഷ്ട്രീയം. പുരുഷനിൽ നിന്നുള്ള അടിച്ചമർത്തലും വംശീയതയുടെ പേരിലുള്ള അടിച്ചമർത്തലും ഒരേപോലെ അനുഭവിക്കേണ്ടി വരുമ്പോൾ അവർ സ്ത്രീകളിൽ തന്നെ അഭയം പ്രാപിക്കുന്നു. അപ്പോഴെല്ലാം യുദ്ധത്തിനും ഭരണാധികാരികൾക്കും ആണധികാരത്തിനും മനസ്സിലാക്കാൻ കഴിയാത്ത ഒരു സ്നേഹബന്ധമാണ് സ്ത്രീകൾക്കിടയിൽ ഉരുത്തിരിയുന്നത്. 

സുഡാനിൽ നിന്നും കാൻ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ചിത്രവും സുഡാന്റെ ഔദ്യോഗിക ഓസ്കർ എൻട്രിയുമാണ് ഗുഡ്ബൈ ജൂലിയ.

English Summary:

Goodbye Julia Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com