കേൾക്കുന്നുണ്ടോ: സ്നേഹിക്കാം; ശബ്ദമില്ലാതെയും; റിവ്യു
All The Silence
Mail This Article
കേൾവിയില്ലാത്തവർ എങ്ങനെയാണ് പെരുമാറുന്നത് എന്ന് മിറിയത്തിന് അറിയാം. അച്ഛനമ്മമാർ കേൾവിയില്ലാത്തവരാണ്. യൗവ്വനത്തിന്റെ തുടക്കത്തിൽ ബന്ധം തുടങ്ങിയ കൂട്ടികാരിയും ബധിരയാണ്. ശബ്ദമില്ലാതെ സ്നേഹിക്കുന്നത് എങ്ങനെയാണെന്നും അവൾക്കറിയാം. ആംഗ്യ ഭാഷാ അധ്യാപിക കൂടിയാണ് മിറിയം. എന്നാൽ, ക്ലിനിക്കിലെ പരിശോധന ജീവിതം പാടേ മാറ്റിമറിച്ചു. ഡോക്ടർ പറഞ്ഞത് ഉൾക്കൊള്ളാൻ അവൾ തയാറായില്ല. അംഗീകരിക്കാനും. ജീവിതം ഇതാ, ഇവിടെ അവസാനിക്കുകയാണെന്ന് അവൾ ഉറപ്പിച്ചു. പിന്നെ ഒരൊറ്റ പാച്ചിലായിരുന്നു. വേഗമേറിയ റോഡിൽ, അതിലും വേഗത്തിൽ, എല്ലാം അവസാനിപ്പിക്കാൻ. എന്നാൽ അതല്ല, ഓൾ ദ് സൈലൻസ് എന്ന ചിത്രത്തിന്റെ ക്ലൈമാക്സ്.
രാജാന്തര ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിലെ ശ്രദ്ധേയ സിനിമയാണ് മെക്സിക്കോയിൽ നിന്നുള്ള ഓൾ ദ് സൈലൻസ്. ഡീഗോ ഡെൽ റിയോയുടെ ചലച്ചിത്രം. തിരക്കഥ ലൂസിയ കാരിയാസ്. അഡ്രിയാന ലാബ്രസ് എന്ന നായിക.
ആംഗ്യ ഭാഷാ സ്കൂളിലെ അധ്യാപികയായിരിക്കെ തന്നെ മിറിയത്തെ നയിക്കുന്നത് എല്ലാം കേൾക്കാൻ കഴിയുന്ന അഭിമാനമായിരുന്നോ. അതോ, താൻ പഠിപ്പിക്കുന്നവരേക്കാൾ, ഇടപെടുന്നവരേക്കാൾ മുകളിലാണെന്ന ചിന്തയോ. അവൾ സ്വവർഗാനുരാഗി കൂടിയാണ്. ആ ബന്ധത്തിൽ തൃപ്തയുമാണ്. സുന്ദരനും കേൾവിയില്ലാത്തവനുമായ സുഹൃത്തിനെ സ്വന്തം ഫ്ലാറ്റിൽ ക്ഷണിച്ചുകൊണ്ടു വന്ന് മറ്റുള്ളവരെ പരിചയപ്പെടുത്തുമ്പോളും ഒരുപക്ഷേ, താൻ അവരേക്കാളെല്ലാം മീതെയാണെന്ന ചിന്തയായിരിക്കും മിറിയത്തെ ഭരിച്ചത്. അല്ലെങ്കിൽ എന്തുകൊണ്ടാണ് ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ സ്വന്തം ലോകം കീഴ്മേൽ മറിഞ്ഞതായി അവൾക്കു തോന്നിയത്.
ശബ്ദത്തേക്കാൾ അധികം, സംസാരത്തേക്കാൾ അധികം, ആംഗ്യങ്ങളിലൂടെയും മുഖ ചലനങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. എന്നാൽ അത് സിനിമ മനസ്സിലാക്കുന്നതിൽ നിന്ന് കേൾവിയുള്ളവരെ തടയുന്നില്ല. കേൾവിയില്ലാത്തവരെ അധികമായി ആകർഷിക്കുന്നുമില്ല. മറിച്ച്, മികച്ച സിനിമയിലേക്ക് പ്രേക്ഷകരെ നയിക്കുന്നതേയുള്ളൂ.
നിശ്ശബ്ദ സിനിമയല്ല ഓൾ ദ് സൈലൻസ്. ശബ്ദത്തിന്റെ അതിപ്രസരവുമില്ല. എന്നാൽ പ്രേക്ഷകരുടെ പൂർണ ശ്രദ്ധ അവകാശപ്പെടുന്നുമുണ്ട്. സൈക്കളോജിക്കൽ മൂവി എന്ന വിശേഷണമായിരിക്കും സൈലൻസിന് ചേരുക. അഡ്രിയാന ലാബ്രസ് അത്രമാത്രം വിദഗ്ധമായാണ് കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്.
ഒരിക്കലെങ്കിലും ഓഡിയോ ക്ലിനിക്കിൽ പോയവർക്ക്. എന്നെങ്കിലും പോകാനിരിക്കുന്നവർക്ക്. പോകേണ്ടിവരുമോ എന്നു പേടിക്കുന്നവർക്ക് ആയിരിക്കും സൈലൻസ് ഏറ്റവും നന്നായി മനസ്സിലാകുക. ഒന്നും കേൾക്കാതിരിക്കുകയും ആ വലിയ മൂളൽ മാത്രം അവശേഷിക്കുകയും ചെയ്യുന്ന ആ ഭീകര നിമിഷത്തെയാണ് ചിത്രം അനുഭവിപ്പിക്കുന്നത്. പ്രിയപ്പെട്ടവരുടെ സ്നേഹത്തിന്റെ ശബ്ദമില്ലാതെ. ശാപ വാക്കുകൾ ഒന്നുമേ കേൾക്കാതെ. പരാതിയോ പരിഭവമോ കേൾക്കാതെ. അതെങ്ങനെ കഴിയുമെന്നു ചോദിക്കരുത്. അങ്ങനെ ജീവിക്കുന്നവരുമുണ്ട്.
എല്ലാ നിമിഷവും നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓർത്തല്ല അവർ ജീവിക്കുന്നത് എന്നറിയുക. അവർക്കുമുണ്ട് സന്തോഷത്തിന്റെ നിമിഷങ്ങൾ. ആഹ്ലാദത്തിന്റെ അപൂർവ വേളകൾ. അലിഞ്ഞും ചേർന്നും ഇല്ലാതാകുന്ന നിമിഷങ്ങൾ. അവർക്കുമുണ്ടൊരു ലോകം. ആ ലോകം തുറന്നുതരുന്ന ജനാലയാണ് ഓൾ ദ് സൈലൻസ്. അതിഷ്ടപ്പെടാതിരിരിക്കുക എന്നാൽ, വേദനിക്കുന്ന ഒരു വലിയ സമൂഹത്തോടു ചെയ്യുന്ന അനീതി കൂടിയാണ്. അത്രമാത്രം വലിയ ക്രൂരതയ്ക്ക് ഞാനോ നിങ്ങളോ തയാറല്ല എന്ന് ആർക്കാണറിയാത്തത് !