കലക്കൻ കളർഫുൾ കല്യാണം: റിവ്യൂ
Guruvayoor Ambalanadayil Review
Mail This Article
ത്രില്ലർ–ആക്‌ഷൻ–ഡാർക്ക് സിനിമകളുടെ രാജാവായ പൃഥ്വിരാജും ഫൺ–ഫാമിലി–എന്റെർടെയ്നർ സിനിമകളുടെ തോഴനായ ബേസിൽ ജോസഫും ഒന്നിച്ചാൽ എങ്ങനെയിരിക്കും ? ‘ഗുരുവായൂരമ്പല നടയിൽ’ പോലെ മനോഹരമായ സിനിമ പിറക്കും. അതെ, കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന എല്ലാം മറന്ന് അവരെ രസിപ്പിക്കുന്ന ഒരു ഗംഭീര ഫൺ എന്റെർടെയിനർ സിനിമയാണ് ഇത്. 1000 കോടിയിലേക്കുള്ള മലയാള സിനിമയുടെ മാരത്തോൺ ഒാട്ടത്തിന്റെ അവസാന ലാപ്പിലെ കുതിപ്പ്.
‘ഒരമ്മ പെറ്റ അളിയന്മാരെ പോലെ’ അങ്ങോട്ടുമിങ്ങോട്ടും സ്നേഹിക്കുന്ന ആനന്ദനും വിനുവും. ആനന്ദന്റെ അനിയത്തിയുമായുള്ള വിനുവിന്റെ വിവാഹത്തിനായി ഇരുവരും തങ്ങളുടെ ജോലി സ്ഥലത്തു നിന്ന് നാട്ടിലെത്തുന്നു. വിവാഹമേ വേണ്ടെന്നു വച്ചിരുന്ന വിനുവിനെ അതിനായി ഒരുക്കിയെടുത്ത ആനന്ദൻ പക്ഷേ ആ വിവാഹം മുടക്കാൻ മുൻകൈയ്യെടുക്കുന്നു. അതെന്തു കൊണ്ടാണെന്നും പിന്നീട് എന്തു സംഭവിക്കുമെന്നുമാണ് ‘ഗുരുവായൂരമ്പല നടയിൽ’ സിനിമ പറയുന്നത്.
തമാശയുടെ അയ്യര് കളിയാണ് ആദ്യ പകുതിയിൽ. ആദ്യ ഷോട്ടും സീനും മുതൽ പൊട്ടിച്ചിരിപ്പിക്കുന്ന സിറ്റുവേഷനൽ കോമഡികളും കൗണ്ടറുകളും. തമാശയ്ക്കൊപ്പം ചില ‘ട്വിസ്റ്റുകൾ’ കൂടിയാകുമ്പോൾ കഥയുടെ പ്ലോട്ട് കൂടുതൽ രസകരമാകും. ആദ്യം ആനന്ദനും വിനുവും മാത്രമാണ് സ്കോർ ചെയ്യുന്നതെങ്കിൽ പിന്നീട് കുടുംബക്കാരും കൂട്ടുകാരുമൊക്കെ ചേർന്നാണ് സീനുകൾ കെങ്കേമമാക്കുന്നത്.
പ്രിയദർശൻ സിനിമകളെ അനുസ്മരിപ്പിക്കുന്ന സ്ലാപ്സ്റ്റിക് കോമഡികൾ നിറഞ്ഞതാണ് രണ്ടാം പകുതി. മാറ്റു കൂട്ടാൻ ഇത്തിരി ആക്ഷനും മേമ്പോടിക്ക് കുറച്ച് ‘നന്മമരം’ സീനുകളും കൂടിയാകുമ്പോൾ രണ്ടാം പകുതിയും ക്ലൈമാക്സും ശുഭം. അവസാന അരമണിക്കൂറിലെ ഏതാനം ചില രംഗങ്ങളിൽ ചെറിയ കല്ലുകടിയുണ്ടെന്നും പറയാത വയ്യ. പക്ഷേ അതിനെയൊക്കെ മറികടക്കുന്നതാണ് ആകെത്തുകയിലുള്ള സിനിമയുടെ പ്രകടനം.
തന്റെ സേഫ് സോണിൽ നിന്നു മാറി എന്നും പഴി കേട്ടിട്ടുള്ള കോമഡി റോളിലേക്ക് എത്തിയ പൃഥ്വിരാജ് ‘ലോലനായ’ ആനന്ദനെ ഗംഭീരമാക്കി. ഒപ്പം കട്ടയ്ക്ക് നിൽക്കുകയും ചില സമയത്തൊക്കെ പൃഥ്വിയെ മറികടക്കുകയും ചെയ്യുന്ന പ്രകടനമാണ് ബേസിൽ കാഴ്ച വച്ചിരിക്കുന്നത്. ഹിറ്റുകളുടെ രാജകുമാരിയായ അനശ്വര തന്റെ വേഷം മികവോടെ അവതരിപ്പിച്ചു. നിഖില വിമലും തന്റെ റോൾ ഗംഭീരമാക്കി. സിജു സണ്ണി, അഖിൽ കവലിയൂർ, ജഗദീഷ്, ബൈജു തുടങ്ങിയവർ മികച്ച പ്രകടനം നടത്തി.
ജയ ജയ ഹേയിലൂടെ തന്നെ മികച്ച സംവിധായകനായി സ്വയം അടയാളപ്പെടുത്തിയ വിപിൻ ദാസ് തന്റെ രണ്ടാം ചിത്രവും ഉജ്ജ്വലമാക്കി. ദീപു പ്രദീപിന്റെ മികവുറ്റ തിരക്കഥയെ വിപിൻ ഒരു പടി കൂടി നന്നാക്കി അഭ്രപാളിയിലെത്തിച്ചു. ജോൺകുട്ടിയുടെ എഡിറ്റിങ്, നീരജ് രവിയുടെ ഛായാഗ്രഹണം, അങ്കിത് മേനോന്റെ സംഗീതം ഇവ മൂന്നൂം സിനിമയ്ക്ക് യോജിച്ചതും ഒപ്പം മനോഹരവുമായി.
ഒരുപാട് വിജയസിനിമകൾ അടുത്തുണ്ടായെങ്കിലും മലയാളത്തിൽ നിന്നും അന്യം നിന്നു പോയെന്നു കരുതപ്പെട്ടിരുന്ന ഫൺ ഫാമിലി എന്റെർടെയിനർ ജോണറിലുള്ള സിനിമയാണ് ഗുരുവായൂരമ്പല നടയിൽ. ഇൗ അവധിക്കാലത്ത് കുടുംബവുമൊത്തെ് പോയി കണ്ട് ചിരിച്ചുല്ലസിക്കാവുന്ന സിനിമ. കോടികൾ വാരുന്നത് ശീലമാക്കിയ മലയാളം ബോക്സ് ഒാഫീസിലേക്കുള്ള ലേറ്റ്സ്റ്റ് എൻ‍്രടിയാകും ഇൗ ചിത്രം എന്നതിൽ സംശയമേതുമില്ല.