ശരിക്കും വയലൻസ്; ഏറ്റവും വയലൻസ് നിറഞ്ഞ ഹിന്ദി സിനിമയെന്ന വിശേഷണവുമായി ‘കിൽ’
Kill Review
Mail This Article
കിൽ ! പേരു പോലെ അതിക്രൂരം. വന്യം. മനുഷ്യശരീരത്തെ ഏതൊക്കെ രീതിയിൽ ആക്രമിച്ച് ചോര ചീറ്റിച്ച്, തീയിട്ട് കൊല്ലാമോ അതെല്ലാം നിറഞ്ഞൊരു സിനിമ. ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും വയലൻസ് നിറഞ്ഞ ഇന്ത്യൻ സിനിമയെന്നാണ് ലോകമെങ്ങുമുള്ള സിനിമാ നിരൂപകർ വിലയിരുത്തുന്നത്. കിൽ ‘ജോൺവിക്കി’ന്റെ ഇന്ത്യൻ പതിപ്പ് അല്ല. കിൽ കണ്ട ജോൺവിക്ക് സംവിധായകർ പോലും തലയ്ക്കു കൈവച്ച് ഇരുന്നു പോയി. ഹോളിവുഡിലേക്കുള്ള കിൽ യാത്ര ഇവിടെയാണ് തുടങ്ങുന്നത്.
ജോൺവിക്കിനെ വീഴ്ത്തി ‘കിൽ’
പ്രിവ്യൂ കണ്ടയുടനെ ഹോളിവുഡ് സംവിധായകൻ ഛാഡ് സ്റ്റാഹെൽസ്കി കിൽ ഹോളിവുഡിൽ റീമേക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കീനു റീവ്സിന്റെ വയലന്റ് സിനിമാ സീരീസ് ആയ ജോൺവിക്ക് നാലു ഭാഗങ്ങളും ഒരുക്കിയ സംവിധായകനാണ് ഛാഡ്. കിൽ റീമേക്ക് ചെയ്യുന്നതായി ലയൺസ് ഗേറ്റ് മോഷൻ പിക്ചേഴ്സ് സ്റ്റുഡിയോ ഗ്രൂപ്പ് ചെയർമാൻ ആദം ഫോഗേഴ്സണും സ്ഥിരീകരിച്ചു കഴിഞ്ഞു.
സമയം കുറവ്, കൈനിറയെ ആക്‌ഷൻ
ഒരു മണിക്കൂർ 45 മിനിറ്റ് നീണ്ടു നിൽക്കുന്ന റിയലിസ്റ്റിക് ചോരക്കളിയായാണ് സംവിധായകൻ നിഖിൽ നാഗേഷ് ഭട്ട് ‘കിൽ’ ഒരുക്കിയിരിക്കുന്നത്. ഇഷ്ടമില്ലാത്ത യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ് ഡൽഹിക്കു പോവുന്ന തൂലിക. ജീവനുതുല്യം സ്നേഹിക്കുന്ന തൂലികയെ രക്ഷിച്ച് ഒളിച്ചോടാൻ തീരുമാനിച്ച് അവളുടെ വിവാഹനിശ്ചയ വേദിയിലെത്തുകയാണ് കാമുകൻ എൻഎസ്ജി കമാൻഡോ അമൃത്. ഡൽഹിയിലേക്ക് രാജധാനി എക്സ്പ്രസിൽ കുടുംബത്തോടൊപ്പം മടങ്ങുന്ന കാമുകി അവിടെച്ചെന്ന ശേഷം ഭാവി തീരുമാനിക്കാമെന്ന് വാക്കു നൽകുന്നു. ആദ്യ പതിനഞ്ചു മിനിറ്റിൽ ഇക്കഥയൊക്കെ പറഞ്ഞു തീരുന്നു. പിന്നീടങ്ങോട്ടാണ് കിൽ !
ട്രെയിനിൽ കയറുന്ന തൂലികയേയും അമൃതിനെയും കാത്തിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും ക്രൂരമായ രാത്രിയാണ്.
വയലൻസിന്റെ അങ്ങേയറ്റം
എപ്പോഴൊക്കെ വില്ലന് തല്ലു കൊള്ളണമെന്ന് പ്രേക്ഷകൻ ആഗ്രഹിക്കുന്നോ, അവിടെയെല്ലാം രണ്ടെണ്ണം പൊട്ടിക്കാൻ സംവിധായകൻ ശ്രദ്ധിക്കുന്നുണ്ട്. ഒരു ട്രെയിനിലെ നാലു ബോഗി നിറയെ ചോരക്കളമാക്കിയാണ് സിനിമ അവസാനിക്കുന്നത്. കൊറിയയിൽ നിന്നുള്ളവരാണ് ആക്‌ഷൻ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.