ADVERTISEMENT

മനുഷ്യ‍ർക്ക് പൂർണമായും അറിയാനും മനസിലാക്കാനും കഴിയാത്ത ചില ശക്തികൾ ലോകത്തിൽ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് പലരും. അതീന്ദ്രിയ ശക്തികൾ ലോകത്തിലുണ്ടോ ഇല്ലയോ എന്നത് എക്കാലത്തും മനുഷ്യരുടെ ഇടയിൽ ഒരു തർക്ക വിഷയമായി നില നിൽക്കുന്നുമുണ്ട്. അതീന്ദ്രിയ ശക്തികൾക്ക് ഓരോ നാട്ടിലും ഓരോ പേരും രൂപവുമായിരിക്കും. പലർക്കും തങ്ങളുടെ പൂർവികരായ മുത്തച്ഛനോ മുത്തശ്ശിയോ അച്ഛനോ അമ്മയോ ഒക്കെ പറഞ്ഞ് നൽകിയ കഥകളും ഭാവനകളുമൊക്കെയായിരിക്കും. 

അറുകൊല, ചാത്തൻ, മാട, മറുത, യക്ഷി അങ്ങനെ നിരവധി മിത്തുകളെ കൂട്ടുപിടിച്ചുകൊണ്ട് നിരവധി സിനിമകള്‍ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ 'ഗു' എന്ന സിനിമയെ വ്യത്യസ്തമാക്കിയിരിക്കുന്നത് ഗുളികൻ തെയ്യത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു ഫാന്‍റസി ഹൊറർ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നു എന്നതാണ്. ഒരേ സമയം വിശ്വാസവും മിത്തും ചേർത്തുവെച്ചിരിക്കുന്ന മികച്ചൊരു ഹൊറർ ചിത്രമാണ് 'ഗു'. മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ പുരാതനമായൊരു തറവാടാണ് അരിമണ്ണ തറവാട്. കുറച്ചുനാളുകളായി തറവാടുമായി ബന്ധപ്പെട്ടവരുടെയൊക്കെ ജീവിതത്തിൽ പലവിധ ദുരിതങ്ങൾ സംഭവിക്കുന്നു. ഇതിന്‍റെ കാരണം എന്തെന്ന് ആർക്കും പിടികിട്ടുന്നില്ല. അങ്ങനെ ഒരവധിക്കാലത്ത് നാട്ടിൽ നിന്നും ദൂരെ ജോലി ചെയ്യുന്ന ബന്ധുക്കളെല്ലാവരും തറവാട്ടിലേക്ക് ഒന്നിച്ചുകൂടുകയാണ്. തറവാടിന് കൈവന്ന ചില ദോഷങ്ങൾക്ക് പൂജയും തെയ്യവും ഒക്കെ നടത്തണമെന്ന ഉദ്ദേശ്യവും ഈ വരവിന് പിന്നിലുണ്ട്. 

അങ്ങനെ അച്ഛനും അമ്മയ്ക്കും ഒപ്പം ആദ്യമായി തറവാട്ടിലേക്ക് എത്തുകയാണ്  മിന്ന എന്ന പെൺകുട്ടി. ആ തറവാട്ടിൽ പ്രേതബാധയുള്ള പാറു എന്നൊരു കുട്ടിയുമുണ്ട്. പാറുവിന്‍റെയടുത്തേക്ക് വരാൻ പലർക്കും ഭയവുമാണ്.  അവധിക്ക് തറവാട്ടിൽ എത്തിച്ചേർന്ന മിന്നയ്ക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും അവരുമായി ബന്ധപ്പെട്ടവർക്കുമൊക്കെ നേരിടേണ്ടി വരുന്ന അസാധാരണമായ ഭയാനകമായ അനുഭവങ്ങളാണ് ചിത്രം പറയുന്നത്.പലരുടേയും ഉള്ളിൽ ഉറങ്ങികിടക്കുന്നൊരു നൂറായിരം പേടികളുടെ കൂട്ടുപിടിച്ചാണ് സിനിമയുടെ സഞ്ചാരം. ഓരോ സെക്കൻഡിലും പ്രേക്ഷകരിൽ ഭയം നിറയ്ക്കുന്ന വിധം ക്യാമറയും ശബ്‍ദവും സെറ്റുകളുമൊക്കെ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. തീർച്ചയായും മലയാളത്തിലെ എണ്ണം പറഞ്ഞ ഹൊറർ സിനിമകളിലേക്കു ചേർത്തുവയ്ക്കാവുന്ന സിനിമ തന്നെയാണ് 'ഗു'. ഈ അവധിക്കാലത്ത് കുടുംബങ്ങൾക്കും കുട്ടികൾക്കും കൗതുകത്തോടെ കണ്ടിരിക്കാൻ കഴിയുന്ന ഒട്ടേറെ കാഴ്ചകളും സംഭവങ്ങളും ചിത്രത്തിലുണ്ട്. 

മനു രാധാകൃഷ്ണൻ എന്ന നവാഗത സംവിധായകന്‍റെ മികച്ച സംവിധാന സംരംഭമാണ് 'ഗു'. തിരക്കഥയിലും സംവിധാനത്തിലും മനുവിന്‍റെ കൈയ്യടക്കം എടുത്ത് പറയേണ്ടതാണ്.   മിന്നയായി ദേവനന്ദയുടെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. 'മാളികപ്പുറം' എന്ന സിനിമയിലൂടെ വൻ പ്രേക്ഷകസ്വീകാര്യത നേടിയ ദേവനന്ദ ഈ ചിത്രത്തിലും മികവുറ്റ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മിന്നയുടെ അച്ഛൻ കഥാപാത്രമായ സായിയായി സൈജു കുറുപ്പും അമ്മ കഥാപാത്രമായ നിമിഷയായി അശ്വതി മനോഹറും മികവ് പുലർത്തിയിട്ടുണ്ട്. കൂടാതെ നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, നന്ദിനി ഗോപാലകൃഷ്ണൻ,  ലയാ സിംസൺ, കുഞ്ചൻ തുടങ്ങിയവരും ശ്രദ്ധേയ കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. 

ചന്ദ്രകാന്ത് മാധവന്‍റെ ഛായാഗ്രഹണവും ജോനാഥൻ ബ്രൂസിന്‍റെ സംഗീതവും വിനയൻ എം.ജെയുടെ എഡിറ്റിംഗും ത്യാഗു തവന്നൂരിന്‍റെ കലാസംവിധാനവും ചിത്രത്തിൽ ഹൊറർ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ട്. മലയാളത്തിലെ ഹൊറർ ചിത്രങ്ങളിൽ എക്കാലത്തും ഏറെ ആരാധകരുള്ള 'അനന്തഭദ്ര'ത്തിന് ശേഷം മണിയൻ പിള്ള രാജു പ്രൊഡക്‌ഷൻസിൽ നിന്നും വീണ്ടും വ്യത്യസ്തമായ ഒരു ഹൊറർ ചിത്രം മലയാളത്തിന് ലഭിച്ചിരിക്കുകയാണ്. ഹൊറർ ഫാന്‍റസി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഉഗ്രനൊരു ദൃശ്യവിരുന്നാണ് 'ഗു'.

English Summary:

Gulika's wonderful world before the eyes; 'Gu' with the Mysteries of Mystery Stories, Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com