'വിധു വീടു കാണുന്നതേ കുറെ നാളുകൾക്കു ശേഷം'; ഗായകൻ വിധു പ്രതാപിനെ ട്രോളി ഭാര്യ
Mail This Article
കോവിഡ് 19നെതിരെ ജാഗ്രത നിർദേശം നിലവിലുള്ള സാഹചര്യത്തിൽ റെക്കോർഡിങ്ങുകളും ഷൂട്ടിങ്ങും റദ്ദായതിനാൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് ഗായകൻ വിധു പ്രതാപ്. വീട്ടിലിരിക്കുന്ന സമയം പാചകത്തിൽ ഒരു കൈ നോക്കാനാണ് വിധുവിന്റെ ശ്രമം. ഭാര്യയോടൊപ്പം നടത്തുന്ന പാചകത്തിന്റെ വിഡിയോ ഫെയ്സ്ബുക്ക് പേജിൽ വിധു പങ്കു വച്ചു. ബ്രേക്ക് ദ ചെയ്ൻ കാംപയിനിന്റെ ഭാഗമായി എല്ലാവരും വീടുകളിൽ കഴിയണമെന്ന് ഓർമപ്പെടുത്തിയാണ് വിധുവും ഭാര്യ ദീപ്തിയും വിഡിയോ പങ്കുവച്ചിരിക്കുന്നത്.
വീട്ടിൽ തന്നെ കഴിയുമ്പോൾ മടുപ്പു തോന്നുന്നു എന്ന പരാതി പറയുന്നവരോട് പാചകം പോലുള്ള പരിപാടികളിൽ ഏർപ്പെടാനാണ് വിധുവിന്റെയും ഭാര്യയുടെയും നിർദേശം. 'വീട്ടിലിരുന്നു ബോറടിക്കുന്നു... ഒരു പണിയുമില്ല ചെയ്യാൻ എന്നു ആരും വിചാരിക്കണ്ട. ഇടയ്ക്ക് ഇങ്ങനെയുള്ള പാചക പരീക്ഷണങ്ങൾ നല്ലതാണ്,' വിഡിയോയുടെ ആമുഖത്തിൽ ദീപ്തി പറഞ്ഞു.
കോവിഡ് 19 മൂലം എല്ലാ പരിപാടികളും റദ്ദാക്കപ്പെട്ടതിനാൽ അടുക്കളയിൽ ഒരു 'സഹായി'യെ കിട്ടിയിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ഗായകൻ വിധു പ്രതാപിനെ ദീപ്തി പരിചയപ്പെടുത്തിയത്. തന്റെ മേൽനോട്ടത്തിൽ പാചകം വളരെ ഭംഗിയായി നടക്കുന്നുണ്ടെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വിധുവിനെ കളിയാക്കി ഉടനെയെത്തി ദീപ്തിയുടെ മറുപടി. 'വീടിന്റെ അടുക്കള പോയിട്ട് വീട് തന്നെ കുറെ നാളുകൾക്കു ശേഷമാണ് ആള് കാണുന്നത്,' എന്നായിരുന്നു ദീപ്തിയുടെ മറുപടി. എന്തായാലും കോവിഡ് 19ന്റെ സാമൂഹ്യവ്യാപനം തടയാൻ എല്ലാവരും സഹകരിക്കണമെന്ന് ഓർമിപ്പിച്ചാണ് വിധു പ്രതാപിന്റെയും ഭാര്യയുടെയും പാചക വിഡിയോ അവസാനിക്കുന്നത്.