ADVERTISEMENT

ആദായ നികുതിദായകരുടെ വാർഷിക നികുതിവിവരപ്പട്ടിക മാത്രമായിരുന്ന ഫോ 26 എഎസ് ഇന്നു മുതൽ പുതിയ രൂപത്തിൽ. നികുതിദായകന് നികുതി വകുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ ഇടപാടുകളുടെയും സംഗ്രഹം ആയിരിക്കും പുതിയ 26എഎസ്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് മേയ് 28ന് നികുതി ചട്ടങ്ങളിൽ മാറ്റം വരുത്തി പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമാണിത്.

ആമുഖത്തിൽ തന്നെ മാറ്റം 

നിലവിൽ നികുതിദായകന്റെ പേര്, പാൻ, വിലാസം, സാമ്പത്തിക വർഷം, നികുതി നിർണയ വർഷം തുടങ്ങിയവ ആണ് ആമുഖത്തിൽ ഉണ്ടായിരുന്നത്. ഇന്നു മുതൽ നികുതിദായകന്റെ ജനനത്തീയതി അഥവാ പ്രസ്ഥാനം തുടങ്ങിയ തീയതി, ആധാർ നമ്പർ, മൊബൈൽ നമ്പർ , ഇമെയിൽ വിലാസം തുടങ്ങിയവയും  ഫോം 26 എഎസ്  ആമുഖത്തിൽ ഉണ്ടാകും.

സമഗ്രം 

പഴയ ഫോമിൽ  ആമുഖത്തിനു പുറമേ എ,ബി,സി എന്നീ വിഭാഗങ്ങളിൽ ആയി നികുതി കിഴിവു ചെയ്തതിന്റെയും  നികുതി അടവിന്റെയും വിവരങ്ങൾ മാത്രമാണു കൊടുത്തിരുന്നത്. എന്നാൽ പുതിയ ഫോമിൽ ‘എ’യും ‘ബി’യും ആയി  2 ഭാഗങ്ങൾ മാത്രമാണുള്ളത്. ഭാഗം ‘എ’യിൽ ആമുഖ വിവരങ്ങളും വിശദാംശങ്ങൾ എല്ലാം ഭാഗം ‘ബി’യിലും ആണ്. സ്രോതസ്സിൽ നികുതി കിഴിവു ചെയ്തത് അഥവാ ശേഖരിച്ചത്, നികുതി അടച്ചത്  തുടങ്ങിയ  വിവരങ്ങൾ പുതിയ ഫോം 26 എഎസിലും ലഭ്യമാണ്. ഇതിനു പുറമേ നികുതി വകുപ്പിന്റെ ശ്രദ്ധയിൽ വന്നിരിക്കുന്ന നിർദിഷ്ട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും നികുതി അടയ്ക്കേണ്ടതിന്റെയും തിരികെ കിട്ടേണ്ടതിന്റെയും വിശദാംശങ്ങളും നികുതി വകുപ്പിൽ പൂർത്തിയായതും ആകാത്തതുമായ നടപടിക്രമങ്ങളുടെ വിവരങ്ങളും ലഭിക്കും. 

മറ്റു നിയമപ്രകാരം ലഭിച്ച  വിവരങ്ങൾ

മേൽപറഞ്ഞവയ്ക്കു പുറമേ നികുതിദായകന്റെ നികുതിനിർണയത്തെ ബാധിക്കാവുന്ന മറ്റേതെങ്കിലും നിയമം അനുസരിച്ചു ലഭിച്ച  വിവരങ്ങളും ഇരട്ട നികുതി ഒഴിവാക്കാനായി ഏർപ്പെട്ടിരിക്കുന്ന ഉടമ്പടി അനുസരിച്ചുള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടു ലഭിച്ച വിവരങ്ങളും നികുതി നിർണയത്തിനുതകാവുന്ന, മറ്റേതെങ്കിലും സ്രോതസ്സിൽ നിന്നു കിട്ടിയ വിവരങ്ങളും ഇനി മുതൽ ഫോം 26 എഎസിൽ ഉണ്ടാകും.

ഫോം 26 എഎസ് പ്രകാരം റിട്ടേൺ

ഫോം 26 എഎസിൽ  കൊടുത്തിട്ടുള്ള വിശദാംശങ്ങൾ അനുസരിച്ചു വേണം ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ. ഈ ഫോമിൽ പ്രതിഫലിക്കാത്ത നികുതി കിഴിവും  അടവും നികുതി നിർണയ ഉത്തരവു പുറപ്പെടുവിക്കുമ്പോൾ പരിഗണിക്കുകയില്ല. തന്മൂലം നികുതി അടയ്ക്കുമ്പോഴും മറ്റുള്ളവർ നികുതി കിഴിവു ചെയ്യുമ്പോഴും അതിന്റെ വിശദാംശങ്ങൾ  ഫോം 26 എഎസിൽ വന്നിട്ടുണ്ടെന്ന് ഉറപ്പാക്കണം.

നികുതി വകുപ്പിന്റെ വെബ്സൈറ്റ് ആയ https://incometaxindiaefiling.gov.inൽ  നിന്നുമാണ്  ഫോം 26 എഎസ്  ലഭിക്കുക. നികുതി വകുപ്പിൽ ലഭിക്കുന്ന വിവരങ്ങൾ മൂന്നു മാസത്തിനുള്ളിൽ പുതിയ ഫോമിൽ പ്രതിഫലിക്കും. 

ഇതിനായി ജൂലൈ 31ന് അകം വാർഷിക നികുതി കിഴിവ് അഥവാ അടവിന്റെ ഫോം 26 എഎസ്  ലഭ്യമാക്കണമെന്നുള്ള ചട്ടം 31 എബി ഒഴിവാക്കി പുതിയ ചട്ടം 114 ഐ ഉൾപ്പെടുത്തി. ഇതുമൂലം ഫോം 26 എഎസിൽ എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അപ്പപ്പോൾ പരിഹരിക്കാൻ നികുതിദായകന് അവസരം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com