ജയിലർ @ 400 കോടി

Mail This Article
തൃശൂർ∙ രജനീകാന്ത് മാജിക് രാജ്യത്തിനകത്തും പുറത്തുമുള്ള സിനിമാ തിയറ്ററുകളെ വീണ്ടും പിടിച്ചുകുലുക്കുന്നു. രജനി നായകനായ ജയിലർ 6 ദിവസം പിന്നിട്ടപ്പോൾ ഇന്ത്യയിലെ കലക്‌ഷൻ 200 കോടി രൂപ കടന്നു. രാജ്യാന്തര കലക്‌ഷൻ കൂടി ചേർക്കുമ്പോൾ 400 കോടി രൂപ.
മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും പരസ്യമായി പറയുന്നത് 10 വർഷത്തിനിടയിൽ ഇന്ത്യയിലെ തിയറ്ററുകളിലുണ്ടായ ഏറ്റവും വലിയ ആൾക്കൂട്ടമെന്നാണ്. 3 ദിവസംകൊണ്ട് 2.1 കോടി ആളുകളാണു സിനിമ കണ്ടത്. ദക്ഷിണേന്ത്യൻ സിനിമ വീണ്ടും ഇന്ത്യൻ സിനിമയുടെ രക്ഷയ്ക്കെത്തുന്നതാണ് തിയറ്ററുകളിൽ കാണുന്നത്.
ആഴ്ചയുടെ അവസാന ദിവസങ്ങളിൽ രാത്രി ഷോകളിൽ 87% സീറ്റുകളും നിറയുന്നു. രാജ്യത്തെ മിക്ക നഗരങ്ങളിലെയും കണക്കാണിത്. 40% കടന്നാൽപോലും വലിയ നേട്ടമാണ്. ആദ്യ 4 ദിവസത്തിനു ശേഷം മിക്ക ഹിറ്റ് സിനിമയ്ക്കും ഇത് 30 ശതമാനത്തിൽ താഴെയാണ്. ആദ്യ 4 ദിവസംകൊണ്ടു ജയിലർ യുഎസിൽ 34 കോടി രൂപയും യുഎഇയിൽ 23.4 കോടിയും യുകെയിൽ 8 കോടിയും മലേഷ്യയിൽ 18 കോടിയുമാണു കലക്‌ഷനുണ്ടാക്കിയത്. രാജ്യത്തിനകത്തും പുറത്തുമായി ആദ്യ ദിവസത്തെ 95.78 കോടി രൂപയ്ക്കും ശേഷം രണ്ടാം ദിവസം 56കോടിയിലേക്കു കലക്‌ഷൻ താഴ്ന്നു. എന്നാൽ പിന്നീടു കത്തിക്കയറി. മൂന്നാം ദിവസം 68 കോടിയും നാലാം ദിവസം 82.36കോടിയും കലക്‌ഷൻ നേടി. സ്വാതന്ത്ര്യ ദിനത്തിൽ ഇത് 90 കോടിയോളമെന്നാണ് അനൗദ്യോഗിക കണക്ക്. 4 ദിവസംകൊണ്ടു മാത്രം 303 കോടിയാണു രാജ്യത്തും പുറത്തുമായുള്ള കലക്‌ഷൻ. 15ന് ഇന്ത്യയിൽ മാത്രം 33കോടിയാണു വരുമാനം.
2 മാസത്തോളമായി വൻ ഹിറ്റുകളില്ലാതെ പ്രയാസപ്പെട്ടിരുന്ന കേരളത്തിലെ അറുനൂറോളം തിയറ്ററുകളിൽ ജയിലർ പ്രദർശിപ്പിച്ച എല്ലാവർക്കും ലാഭം കിട്ടി. 6 ലക്ഷം മുതൽ 50 ലക്ഷംവരെ (സ്ക്രീനിന്റെ എണ്ണമനുസരിച്ച്) 6 ദിവസംകൊണ്ട് തിയറ്റർ ഓഹരിയായി കിട്ടിയിട്ടുണ്ട്.