കരം പിടിക്കാം, കരുണ കാട്ടാം
Mail This Article
വിശന്നുവലഞ്ഞ യാത്രക്കാരൻ സത്രത്തിലെത്തി. ഉടമ സ്ഥലത്തില്ലാതിരുന്നതിനാൽ ഭാര്യ വന്നു കാര്യങ്ങൾ തിരക്കി. അയാൾ പറഞ്ഞു: എനിക്കു വല്ലാതെ വിശക്കുന്നു. ഇവിടെ ഭക്ഷണമില്ലെന്നായിരുന്നു മറുപടി. ഉടനെ അയാൾ പറഞ്ഞു: എങ്കിൽ എന്റെ അച്ഛൻ ചെയ്തത് എനിക്കും ചെയ്യേണ്ടി വരും. പേടിച്ചരണ്ട സ്ത്രീ അയാൾക്കു ഭക്ഷണം നൽകി. നല്ല ഭക്ഷണം നൽകിയതിന് നന്ദി പറഞ്ഞ് അയാൾ ഇറങ്ങാനൊരുങ്ങിയപ്പോൾ ആ സ്ത്രീ ചോദിച്ചു: താങ്കളുടെ അച്ഛൻ എന്താണു ചെയ്തത്?. അയാൾ പറഞ്ഞു: വൈകുന്നേരങ്ങളിൽ ഭക്ഷണമില്ലെന്നു കേട്ടാൽ അപ്പോൾ കട്ടിലിൽ കിടന്നുറങ്ങും.
നിവൃത്തികേടിനെക്കാൾ പരിതാപകരം നിവൃത്തികേടുകൊണ്ട് കൈ നീട്ടുന്നവരോടു കാണിക്കുന്ന നിർദാക്ഷിണ്യമാണ്. ഒരാൾ സഹായം തേടുന്നത് അയാളുടെ പോരാട്ടശേഷി അവസാനിച്ചതുകൊണ്ടോ തനിയെ പിടിച്ചുനിൽക്കാൻ കഴിയാത്തതുകൊണ്ടോ ആയിരിക്കാം. അവസാനനിമിഷം വരെയും തന്റെ ഞെരുക്കങ്ങൾ മറ്റാരുമറിയാതെ സൂക്ഷിക്കാൻ എല്ലാവരും നോക്കും. അപേക്ഷകളുമായി നീളുന്ന കരങ്ങൾക്കു പിന്നിൽ പണയംവയ്ക്കപ്പെടുന്ന ആത്മാഭിമാനവും നിലനിൽക്കണമെന്ന അതിയായ ആഗ്രഹവുമുണ്ട്. അവരുടെ അടിസ്ഥാനാവശ്യങ്ങൾ നിഷേധിക്കുന്നതാണ് ഏറ്റവും കഠിനമായ തെറ്റ്. പിടിവള്ളി കിട്ടുമെന്നുറപ്പുണ്ടെങ്കിൽ ആരാണു സാഹസത്തിനു മുതിരാത്തത്.
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു നിസ്സഹായനായിത്തീരുമോ എന്ന പേടികൊണ്ടാണു പലരും തങ്ങളർഹിക്കുന്നതൊന്നും നേടാൻ ഇറങ്ങിത്തിരിക്കാത്തത്. ആവശ്യക്കാരനെ അവഗണിക്കുകയും തനിക്കാവശ്യമുള്ളപ്പോൾ അവനെ ഉപയോഗിക്കുകയും ചെയ്യുക എന്നതു പൊതുസ്വഭാവമുള്ള വിജയതന്ത്രമാണ്. വയറു നിറഞ്ഞവരുടെ ഒത്തുകൂടലിനിടയിൽ മിച്ചംവന്ന അപ്പക്കഷണങ്ങൾക്കുവേണ്ടി ഊഴം കാത്തിരിക്കുന്നവർ അപൂർവകാഴ്ചയല്ല. അവർക്കെപ്പോഴും യാചകരുടെ വേഷമാകണമെന്നില്ല. മിച്ചമുള്ളവയെല്ലാം ഒന്നുമില്ലാത്തവന്റെ മേശപ്പുറങ്ങളിൽ എത്തിക്കാനുള്ള വിഭവവിതരണ സംവിധാനം ഉണ്ടായിരുന്നെങ്കിൽ ആരും വിശന്നു മരിക്കില്ലായിരുന്നു. സുരക്ഷിത സ്ഥാനങ്ങളിൽ വസിക്കുന്നവരുടെ പക്വതയോ സത്യസന്ധതയോ ആലംബഹീനരുടെ കർമങ്ങൾക്കുണ്ടാകണമെന്നില്ല. വേഷങ്ങളെയും വാക്കുകളെയും വിലയിരുത്തുമ്പോൾ അവർ സഞ്ചരിക്കുന്ന വഴികൾകൂടി കണക്കിലെടുത്താൽ അവരെ ആദരിക്കുകയല്ലാതെ മറ്റു മാർഗമില്ല.
Content Highlights: Subhadinam