ADVERTISEMENT

സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങൾ വീണ്ടും കേരളത്തിന്റെ തലകുനിപ്പിക്കുന്നു. സ്ത്രീധനനിരോധന നിയമവും കോടതികളുടെ മാതൃകാപരമായ ശിക്ഷാവിധികളും പോലും മാറിച്ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നില്ല. കൂടുതൽ വിദ്യാഭ്യാസമുള്ളവർ പുതിയ ചിന്തകൾക്കു തുടക്കമിടുമെന്ന പ്രതീക്ഷ അസ്ഥാനത്താകുന്നു. കൂടുതൽ വിദ്യാഭ്യാസമുള്ളവർക്കു കൂടുതൽ തുക എന്നതാണ് വിവാഹക്കമ്പോളത്തിലെ ‘വിലനിലവാരം’.

എവിടെയാണു നാം മാറേണ്ടത്?
∙ നിയമങ്ങളും നടത്തിപ്പും ശക്തമാക്കേണ്ടതുണ്ടോ?
∙ സ്ത്രീധനം വേണ്ടെന്നു കൂട്ടായി പറയാൻ പ്രഫഷനലുകൾക്കു കഴിയുമോ?
∙ സ്ത്രീധനത്തിന്റെ ഇരകളെന്ന നിലയിൽ ഇതിനെതിരെ ഒരു സ്ത്രീമുന്നേറ്റംതന്നെ സാധ്യമാണോ
∙ സ്ത്രീധനവിരുദ്ധ അവബോധം വളർത്തിയെടുക്കാൻ മത, സാമുദായിക നേതൃത്വങ്ങൾ മുൻകയ്യെടുക്കുമോ?

മൈന ഉമൈബാൻ
മൈന ഉമൈബാൻ

അലങ്കാരമാകുന്ന അനാചാരം
മൈന ഉമൈബാൻ (എഴുത്തുകാരി, മമ്പാട് എംഇഎസ് കോളജ് മലയാള വിഭാഗം മേധാവി)

ഉന്നതവിദ്യാഭ്യാസം നേടുന്നതിൽ കാര്യമായ ജെൻഡർ വിടവില്ലാത്ത സംസ്ഥാനമാണു കേരളം. എന്നിട്ടും തൊഴിൽ പങ്കാളിത്തത്തിലും തദ്ദേശസ്ഥാപനങ്ങളിലൊഴികെ ഭരണരംഗത്തും സ്ത്രീകളുടെ കുറവ് അമ്പരപ്പിക്കുന്നതാണ്. വിദ്യാഭ്യാസം കേവലം വിവരസമ്പാദനമായി മാറുകയും അതു തിരിച്ചറിവിലേക്കെത്താതിരിക്കുകയും ചെയ്യുന്നു എന്നതാണ് സമകാലിക സംഭവങ്ങൾ തെളിയിക്കുന്നത്.

സ്ത്രീധനമെന്ന ഏർപ്പാട് ശിക്ഷാർഹമാണെന്ന് അറിയാതെയല്ല ഈ സാമൂഹികതിന്മ തുടർന്നുകൊണ്ടിരിക്കുന്നത്. സ്ത്രീധനത്തിനെതിരെ അവബോധം സൃഷ്ടിക്കാൻ ഒട്ടേറെ പരിപാടികൾ സർക്കാരും വനിതാ സംഘടനകളും നടത്തുന്നുണ്ട്. പക്ഷേ, സമൂഹത്തിൽ അത്രയേറെ വേരാഴ്ത്തി നിൽക്കുന്ന ഈ സാംസ്കാരിക അനാചാരം അലങ്കാരമായി കാണുന്നിടത്താണ് കുഴപ്പം. കേരളം അടിമുടി ആൺകോയ്മ വ്യവസ്ഥയ്ക്കുള്ളിൽ നിൽക്കുന്ന സമൂഹമാണ്. അതിശക്തമായ സ്ത്രീമുന്നേറ്റങ്ങളുണ്ടായാലേ മാറ്റം സാധ്യമാകൂ. സാമൂഹിക അന്തസ്സ് നിലനിൽക്കുന്നതു സ്ത്രീധനത്തിലല്ലെന്ന് ഓരോ സ്ത്രീയും തിരിച്ചറിയേണ്ടതുണ്ട്. ‘ഞാൻ തന്നെയാണ് ധനം’ എന്ന് ഉറക്കെപ്പറയാൻ ഇര തയാറാകുന്നതുവരെ ഈ സാമൂഹിക കളങ്കം ഒളിഞ്ഞും തെളിഞ്ഞും തുടർന്നുകൊണ്ടിരിക്കും.

എം.എൻ.കാരശ്ശേരി
എം.എൻ.കാരശ്ശേരി

ഉപേക്ഷിക്കാം, സ്ത്രീധനം ചോദിക്കുന്ന പുരുഷനെ
എം.എൻ.കാരശ്ശേരി (എഴുത്തുകാരനും ചിന്തകനും)

സ്ത്രീ എന്നത് ശാരീരികാവസ്ഥ എന്നതിലധികം സാംസ്കാരികാവസ്ഥയാണ്. ഒരു വ്യക്തി സ്ത്രീയായി ജനിക്കുന്നതുപോലെതന്നെ കുടുംബത്തിലും സമൂഹത്തിലും വിദ്യാലയത്തിലും ഭാഷാസാഹചര്യത്തിലും സ്ത്രീയായി സൃഷ്ടിക്കപ്പെടുന്നുമുണ്ട്. പെണ്ണ് മരം കേറാൻ പാടില്ല എന്ന വിലക്ക് ഓർത്തുനോക്കുക. പെണ്ണ് അസമയത്തു പുറത്തിറങ്ങിക്കൂടാ എന്ന നിഷ്കർഷ ഓർത്തുനോക്കുക, ‘പെൺബുദ്ധി പിൻബുദ്ധി’ എന്ന ചൊല്ല് ഉൽപാദിപ്പിക്കാനിടയുള്ള അപകർഷബോധം ആലോചിച്ചു നോക്കുക.

പെൺസന്തതി ബാധ്യതയാണെന്നു മാതാപിതാക്കളും കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരും നെടുവീർപ്പിടുന്നതും അടക്കംപറയുന്നതും കേട്ടാണ് ഇന്ത്യയിലെ ഓരോ പെൺകുഞ്ഞും വളരുന്നത്. എല്ലാ നാട്ടിലും എല്ലാ മതത്തിലും എല്ലാ ജാതിയിലും ഈ ‘ബാധ്യത’യിൽ പ്രധാനം സ്ത്രീധനമാണ്. മതങ്ങളും സമുദായസംഘടനകളുമൊക്കെ ഇക്കാര്യത്തിൽ പുരുഷ കാഴ്ചപ്പാടാണു പുലർത്തുന്നത്.

സ്ത്രീധനം സർവസാധാരണവും സ്വാഭാവികവുമായി കുട്ടിക്കാലത്തേ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ബോധത്തിൽ ഉറയ്ക്കുന്നു. ഇത്തരം പുരുഷാധിപത്യ മൂല്യങ്ങൾ ഉൾക്കൊണ്ടാണ് നമ്മുടെ സ്ത്രീകൾ മുതിരുന്നത്. ശാരീരികമായി സ്ത്രീ ആയിരിക്കുമ്പോഴും ഒരു വ്യക്തി സാംസ്കാരികമായി പുരുഷനാണ് എന്നർഥം. മരുമകൾക്കു സ്ത്രീധനം വേണമെന്നു പറയുന്ന അമ്മായിയമ്മ സ്ത്രീയാണോ, പുരുഷനല്ലേ? നാത്തൂന് സ്ത്രീധനം വേണമെന്നു പറയുന്ന പെങ്ങൾ സ്ത്രീയാണോ, പുരുഷനല്ലേ?

ഇത്തരം പുരുഷാധിപത്യ മൂല്യങ്ങളെ പരാജയപ്പെടുത്താൻ സ്ത്രീകൾക്കു മാത്രമേ സാധിക്കൂ; ശാരീരികമായെന്നപോലെ സാംസ്കാരികമായും സ്ത്രീകളായ സ്ത്രീകൾക്ക്. സ്ത്രീധനം വേണമെന്നു ശഠിക്കുന്ന പുരുഷനെയാണു സ്ത്രീകൾ ഉപേക്ഷിക്കേണ്ടത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സ്ത്രീ തന്നെ ധനം എന്നു വിചാരിക്കാത്ത ഒരുത്തനെ കെട്ടിയിട്ട് എന്തു ഫലം? നമ്മൾ വ്യക്തികളെ സ്നേഹിക്കുകയും ധനത്തെ ഉപയോഗിക്കുകയുമാണു വേണ്ടത്. ഇന്നു കാണും പോലെ വ്യക്തികളെ ഉപയോഗിക്കുകയും ധനത്തെ സ്നേഹിക്കുകയുമല്ല. ഈ വെളിവിലേക്ക് ഉണരുന്ന സ്ത്രീകൾക്കു മാത്രമേ ഈ കെടുതിയിൽനിന്നു സമൂഹത്തെ രക്ഷിക്കാനാകൂ.

അഡ്വ. ഷൈല റാണി
അഡ്വ. ഷൈല റാണി

ചുമത്തണം, കടുത്ത വകുപ്പുകൾ
അഡ്വ. ഷൈല റാണി (കുടുംബക്കോടതി അഭിഭാഷകയും ഡിജിറ്റൽ ക്രിയേറ്ററും)

സ്ത്രീധന നിരോധന നിയമം നിലവിൽവന്ന് 62 വർഷമായിട്ടും സ്ത്രീധന പീഡന പരാതികളേറുന്നതും മരണങ്ങൾ സംഭവിക്കുന്നതും നാണക്കേടാണ്. ജാമ്യമില്ലാ വകുപ്പുകളും തടവ് ഉൾപ്പെടെ കടുത്ത ശിക്ഷയും നിർദേശിക്കുന്ന ആ നിയമം വളരെ ശക്തമാണ്. പക്ഷേ, നടപ്പാക്കുന്നതിലെ വീഴ്ചയാണ് ഗുരുതരമായ പ്രശ്നം.

വിവാഹജീവിതത്തിലെ പീഡനങ്ങളിൽ ഭൂരിപക്ഷത്തിലും അടിസ്ഥാന കാരണങ്ങളിലൊന്ന് സ്ത്രീധനത്തർക്കമാണ്. പക്ഷേ, പരാതികൾ പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ പലപ്പോഴും എഫ്ഐആറിലും കുറ്റപത്രത്തിലും ചുമത്തപ്പെടുന്നത് ജാമ്യം കിട്ടാവുന്ന, പഴുതുകളുള്ള സ്ത്രീപീഡനക്കുറ്റം (ഐപിസി 498 എ) മാത്രമാണ്. സ്ത്രീധന നിരോധന നിയമപ്രകാരമുള്ള സെക്‌ഷനുകൾ ചുമത്തുന്നത് അപൂർവം. അതിൽത്തന്നെ ശിക്ഷിക്കപ്പെടുന്നവരാകട്ടെ വളരെ കുറവ്. പൊലീസ് എഫ്ഐആറിലും കുറ്റപത്രത്തിലും സ്ത്രീധന നിരോധന നിയമം അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തിയാൽ മാത്രമേ കോടതിയിൽ കേസ് എത്തുമ്പോഴും അതു പരിഗണിക്കപ്പെടുകയുള്ളൂ. വിവാഹവുമായി ബന്ധപ്പെട്ട പരാതികളിൽ സ്ത്രീധന വിഷയമുണ്ടോയെന്ന് അന്വേഷിക്കാനും ഉണ്ടെങ്കിൽ ആ വകുപ്പുകൾ ചുമത്താനും തയാറാകണം. വിവാഹാലോചനയുടെ ഭാഗമായി സ്ത്രീയുടെ സ്വത്തുവിവരങ്ങൾ പരസ്യപ്പെടുത്തുന്നതുപോലും ഈ നിയമം വിലക്കുന്നുണ്ട്. പക്ഷേ, പല മാട്രിമോണിയൽ പരസ്യങ്ങളിലും അതിന്റെ നഗ്നമായ ലംഘനം കാണാം.

ഡോ. സൗമ്യ സരിൻ
ഡോ. സൗമ്യ സരിൻ

മക്കളെ തൂക്കിവിൽക്കരുത്
ഡോ. സൗമ്യ സരിൻ (ഹെൽത്ത് ആക്ടിവിസ്റ്റും സാമൂഹികനിരീക്ഷകയും)

സ്ത്രീധനം, വിവാഹ ആർഭാടം തുടങ്ങിയ തിന്മകൾക്ക് അടിസ്ഥാനം സാമൂഹിക സമ്മർദമാണ്. ഒരു കല്യാണത്തെക്കുറിച്ച് സമൂഹം പറഞ്ഞുതുടങ്ങുന്നതുതന്നെ മറ്റൊരു കല്യാണത്തെ താരതമ്യപ്പെടുത്തിയും സ്വത്തുക്കളുടെ കണക്കെടുത്തുമാണ്. പഠിപ്പും വിവരവും ഇല്ലാത്തവർക്കിടയിലല്ല, പുരോഗമനവാദികൾ എന്നു കരുതുന്നവർക്കിടയിലാണ് ഇത്തരം ‘നാട്ടുനടപ്പ്’ കൂടുതൽ. ഉയർന്ന വിദ്യാഭ്യാസമുള്ള പെൺകുട്ടിക്ക് തുല്യയോഗ്യതയുള്ള വരനെ ലഭിക്കണമെങ്കിൽ കൂടുതൽ തുക കണ്ടെത്തേണ്ട സ്ഥിതിയാണ്.

ഇത്തരം വിവാഹാലോചനകളിൽ മാതാപിതാക്കൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്, നിങ്ങൾ വിലയിടുന്നത് നിങ്ങളുടെ കുഞ്ഞിന്റെ ആത്മാഭിമാനത്തിനാണ്. കുഞ്ഞുങ്ങളെ അളന്നുതൂക്കി കൊടുക്കുകയാണു നിങ്ങൾ. പെൺകുട്ടികളേ, നിങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് മാതാപിതാക്കളാണെങ്കിൽപോലും നിന്നുകൊടുക്കരുത്. അതിന് ആദ്യം പഠിക്കണം, സ്വന്തമായി ജോലി നേടണം, സാമ്പത്തികസ്വാതന്ത്ര്യം നേടണം. മറ്റൊരാളുടെ വിയർപ്പിന്റെ ഫലമില്ലാതെ ജീവിക്കാൻ കഴിയില്ലെങ്കിൽ, സ്വന്തം വ്യക്തിത്വത്തിന്റെ അടിസ്ഥാനമെന്തെന്ന് ആൺകുട്ടികളും ചിന്തിക്കണം. കുട്ടികളെ ആത്മാഭിമാനത്തോടെയും സ്വന്തം കാലിൽ നിൽക്കാനുള്ള ആർജവത്തോടെയും വേണം മാതാപിതാക്കൾ വളർത്താൻ. വ്യക്തികളും കുടുംബങ്ങളും മാറുമ്പോൾ സമൂഹവും മാറും. തിരുത്താൻ പറ്റാത്തതായി ഒന്നുമില്ല. സതി ഇല്ലാതായില്ലേ? അങ്ങനെ എന്തെല്ലാം തിന്മകളെ മറികടന്നിരിക്കുന്നു.

വിധു പ്രതാപ്
വിധു പ്രതാപ്

യുവതലമുറ ‘നോ’ പറയണം
വിധു പ്രതാപ് (ഗായകൻ)

സ്ത്രീധനം കൊടുക്കില്ല, വാങ്ങില്ല എന്ന കാര്യത്തിൽ പെൺകുട്ടികളും ആൺകുട്ടികളും ഉറച്ചുനിന്നാൽ മാത്രമേ ഈ അനാചാരം ഇല്ലാതാക്കാനാകൂ. ഇപ്പോഴത്തെ തലമുറ കുറെയൊക്കെ മാറിയിട്ടുണ്ടെങ്കിലും പലയിടത്തും മാതാപിതാക്കളുടെ ഇടപെടലാണു പ്രശ്നമാകുന്നത്. മറ്റുള്ളവർ നിർബന്ധിക്കുന്നതിനാൽ സ്ത്രീധനം വാങ്ങുന്നു എന്നു വരുന്നിടത്താണു വ്യക്തിത്വം പോകുന്നത്. മാതാപിതാക്കൾ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ സാധിക്കണം. ‘ഇത് എന്റെ ജീവിതമാണ്. എനിക്കു സ്ത്രീധനം വാങ്ങാൻ താൽപര്യമില്ല. നിങ്ങൾ കൂടെനിൽക്കണം’ എന്നു പറയാൻ കഴിയണം. ‘അച്ഛനോ അമ്മയോ അമ്മാവനോ ആരു പറഞ്ഞാലും എന്റെ തീരുമാനം മാറ്റാൻ പറ്റില്ല’ എന്നു പറയാനുള്ള ധൈര്യം കാണിക്കണം.

മാറിയ കാലത്ത് മിക്കവരും സ്വതന്ത്രമായും സ്വയംപര്യാപ്തമായും മുന്നോട്ടുപോകുന്നവരാണ്. സ്ത്രീധനത്തിന്റെ കാര്യത്തിൽ മാത്രം മറ്റുള്ളവരുടെ തീരുമാനങ്ങൾക്ക് അടിമപ്പെടുന്നതു വ്യക്തിത്വമില്ലായ്മയല്ലേ? പെൺകുട്ടിയുടെ വീട്ടുകാരുടെ കാശും സ്വത്തും കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്നതും അവർക്കു കാശുണ്ടല്ലോ, തരട്ടെ എന്നു ചിന്തിക്കുന്നതുമാണു തെറ്റ്. സിഗരറ്റ് വലിക്കില്ല, മദ്യപിക്കില്ല എന്നൊക്കെ തീരുമാനിക്കുന്നതുപോലെ സ്ത്രീധനം വേണ്ടെന്നു വയ്ക്കാനും പുരുഷനു കഴിയണം. ഇക്കാര്യത്തിൽ പോസിറ്റീവായ മാറ്റം കൊണ്ടുവരാൻ യുവതലമുറയ്ക്കേ കഴിയൂ.

English Summary:

Justice for dowry death issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com