ഡിംപിൾ യാദവ്: എസ്പിയുടെ പെൺകരുത്ത്
Mail This Article
പുണെ സ്വദേശിയായ ഡിംപിൾ, വിദ്യാർഥിയായിരിക്കെയാണ് അഖിലേഷ് യാദവിനെ പരിചയപ്പെട്ടത്. മുലായം സിങ്ങിനു ഈ ബന്ധത്തോട് ആദ്യം യോജിപ്പായിരുന്നില്ല. പക്ഷേ, വിവാഹം നടന്നു. 2012 ൽ ഭർത്താവ് ഒഴിഞ്ഞ കനൗജ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ച ഡിംപിൾ എതിരില്ലാതെ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സമാജ്‌വാദി പാർട്ടിയുടെ മേധാവിയായി അഖിലേഷ് യാദവ് സ്ഥാനമേറ്റതോടെ നയ രൂപീകരണങ്ങളിൽ മുഖ്യ സ്വാധീനമായി ഡിംപിൾ (41) ഉയർന്നു.
2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള ധാരണയ്ക്ക് അഖിലേഷ് അന്തിമാനുമതി നൽകിയത് ഡിംപിളും പ്രിയങ്ക ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ്.
ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്പി – ബിഎസ്പി സഖ്യത്തിൽ കോൺഗ്രസ് ഇല്ലെങ്കിലും പല മണ്ഡലങ്ങളിലും കോൺഗ്രസ്–എസ്പി തന്ത്രപരമായ ധാരണയ്ക്കു പ്രിയങ്കയുമായി ചർച്ചകൾ തുടരുന്നതും ഡിംപിളാണ്. യുപിയിലെ കോൺഗ്രസ് വനിതാനേതാക്കളുമായി നല്ല വ്യക്തിബന്ധമാണ്.
സമൂഹമാധ്യമത്തിൽ സജീവമായ ഡിംപിളിനെ ട്വിറ്ററിൽ 2 ലക്ഷം പേർ പിന്തുടരുന്നു. കൊമേഴ്‌സ് ബിരുദധാരിയാണ്. ഇംഗ്ലിഷും ഹിന്ദിയും ഒഴുക്കോടെ സംസാരിക്കും. എസ്പിയുടെ മുഖ്യപ്രചാരകരിലൊരാളും ഡിംപിൾ തന്നെ.
കനൗജിൽ വീണ്ടും മൽസരിക്കും.