കോളജ് പ്രവേശനം: വിദേശ മാതൃക ഇന്ത്യയിലും: വർഷം 2 തവണ അഡ്മിഷൻ
Mail This Article
ന്യൂഡൽഹി ∙ വിദേശ സർവകലാശാലകളുടെ മാതൃകയിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ഇനി മുതൽ വർഷത്തിൽ 2 തവണ വിദ്യാർഥികൾക്കു പ്രവേശനം നൽകാൻ യുജിസി അനുമതി നൽകി. നിലവിൽ ജൂലൈ/ഓഗസ്റ്റ് മാസങ്ങളിലാണു പ്രവേശനം. 2024–25 അധ്യയന വർഷം മുതൽ ജനുവരി/ഫെബ്രുവരി മാസങ്ങളിലും പ്രവേശനം നടത്താം. ഒരു കോഴ്സിന്റെ പുതിയ ബാച്ചോ, പുതിയ കോഴ്സോ ഇതിനു വേണ്ടി ഒരുക്കാം. കൂടുതൽ വിദ്യാർഥികളെ ഉൾപ്പെടുത്താനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം.
എല്ലാ സ്ഥാപനങ്ങളും ഇതു നടപ്പാക്കണമെന്നു നിർബന്ധമില്ല. വിദേശ സർവകലാശാലകളിൽ വിന്റർ, സമ്മർ എന്നിങ്ങനെ 2 അക്കാദമിക് പ്രവേശനമാണ് എല്ലാ വർഷവും നടക്കുന്നത്. ഈ രീതിയാണു രാജ്യത്തും അനുകരിക്കുക.
വിദൂര വിദ്യാഭ്യാസത്തിൽ നേരത്തേ തുടങ്ങി
കഴിഞ്ഞ വർഷം മുതൽ ഓൺലൈൻ, വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കു വർഷത്തിൽ 2 തവണ (ജൂലൈ, ജനുവരി) പ്രവേശനം അനുവദിച്ചിരുന്നു. ഇതിനു മികച്ച പ്രതികരണമാണു ലഭിച്ചത്. 2022 ജൂലൈയിൽ 19.73 ലക്ഷം വിദ്യാർഥികളാണു വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ ചേർന്നത്. പിന്നാലെ ജനുവരിയിൽ അഡ്മിഷൻ നടത്തിയപ്പോൾ 4.28 ലക്ഷം വിദ്യാർഥികൾ കൂടി ചേർന്നു.