ന്യൂയോർക്കിലെ ക്ഷേത്രത്തിൽ അതിക്രമം; ഇന്ത്യ അപലപിച്ചു
Mail This Article
ന്യൂയോർക്ക് ∙ ന്യൂയോർക്കിലെ മെൽവിലിലുള്ള സ്വാമിനാരായൺ ക്ഷേത്രത്തിൽ സാമൂഹികവിരുദ്ധർ നടത്തിയ അതിക്രമത്തെ ഇന്ത്യൻ കോൺസുലേറ്റ് അപലപിച്ചു. ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാകില്ലെന്നും സമൂഹമാധ്യമ പോസ്റ്റിലെ പ്രസ്താവനയിൽ കോൺസുലേറ്റ് ജനറൽ അറിയിച്ചു. അക്രമികളെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കാൻ യുഎസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.
സ്വാമിനാരായൺ ക്ഷേത്രത്തിലേക്കുള്ള പാതയിലും ബോർഡിലും മറ്റും സ്പ്രേ പെയ്ന്റ് ഉപയോഗിച്ച് മോശം വാക്കുകൾ എഴുതി അതിക്രമം കാട്ടിയതായി തിങ്കളാഴ്ചയാണു കണ്ടെത്തിയത്. ഹിന്ദുക്കൾക്കെതിരെ വിദ്വേഷം പരത്താനുള്ള ശ്രമമാണെന്ന് ക്ഷേത്രം അധികൃതർ ആരോപിച്ചു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ലോങ് ഐലൻഡിലെ സഫോക്ക് കൗണ്ടിയിൽനിന്ന് 28 കിലോമീറ്റർ അകലെയുള്ള നാസൊ കൊളിസിയത്തിലാണ് 22ന് ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കാനെത്തുന്നത്.