ഇരുൾമൂടി ആ ക്യാമറ: പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു അന്തരിച്ചു
Mail This Article
കോഴിക്കോട് ∙ മലയാള സിനിമയിൽ ക്യാമറ കൊണ്ടു വീരഗാഥ രചിച്ച പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു (72) അന്തരിച്ചു. പുതിയ സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിക്കാനിരിക്കെ, ചർച്ചകൾക്കിടെ ഹോട്ടലിൽ വച്ചു നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ബീച്ച് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം.
സംസ്കാരം ഇന്നു മൂന്നരയ്ക്കു തിരുവനന്തപുരത്തു ശാന്തികവാടത്തിൽ .തലസ്ഥാനത്തെ വസതിയായ പേട്ട ‘അക്ഷര’യിൽ ഇന്നു വെളുപ്പിന് എത്തിച്ച മൃതദേഹം വസതിയിലും തുടർന്ന് ഒന്നരയ്ക്കു കലാഭവൻ തിയറ്ററിലും പൊതു ദർശനത്തിനു വയ്ക്കും.മലയാളത്തിൽ ആദ്യം ചിത്രീകരണം തുടങ്ങിയ സിനിമാ സ്കോപ് ചിത്രവും 70എംഎം ചിത്രവും ഉൾപ്പെടെ നാഴികക്കല്ലുകളെന്നു വിശേഷിപ്പിക്കാവുന്ന ഒട്ടേറെ സിനിമകൾക്കു ക്യാമറ ചലിപ്പിച്ചതു രാമചന്ദ്രബാബുവായിരുന്നു. പ്രഗത്ഭരായ എല്ലാ സംവിധായകർക്കുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.വിവിധ ഭാഷകളിലായി നൂറ്റിനാൽപതോളം സിനിമകൾക്കു ഛായാഗ്രഹണം നിർവഹിച്ചു.
1947ൽ തമിഴ്നാട്ടിലെ മധുരാന്തകത്തിൽ മലയാളി കുടുംബത്തിൽ ജനിച്ചു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദാനന്തര പഠനത്തിനു ശേഷം ജോൺ ഏബ്രഹാമിന്റെ ‘വിദ്യാർഥികളെ ഇതിലേ ഇതിലേ’ എന്ന സിനിമയിലൂടെയാണു തുടക്കം.തുടർന്ന് നിർമാല്യം,സ്വപ്നാടനം,രതിനിർവേദം,ഇതാ ഇവിടെ വരെ,ബന്ധനം,വാരിക്കുഴി,അഗ്രഹാരത്തിലെ കഴുത,ചാമരം,അലാവുദീനും അത്ഭുതവിളക്കും,പടയോട്ടം,ദ്വീപ്,ഏഴാം കടലിനക്കരെ,യവനിക,കോലങ്ങൾ,ആദാമിന്റെ വാരിയെല്ല്,മറ്റൊരാൾ,മർമരം,നിദ്ര,പാളങ്ങൾ,വെങ്കലം,ഒരു വടക്കൻ വീരഗാഥ തുടങ്ങി ഒട്ടേറെ സിനിമകൾക്കു ഛായാഗ്രഹണം നിർവഹിച്ചു.
മികച്ച ഛായാഗ്രഹണത്തിനുള്ള നാല് സംസ്ഥാന അവാർഡും മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഭാര്യ: ലതികാ റാണി. മക്കൾ: അഭിഷേക്,അഭിലാഷ്. പ്രശസ്ത ഛായാഗ്രാഹകൻ രവി.കെ.ചന്ദ്രൻ സഹോദരനാണ്.