പൊലീസ് പോര്: ഡിഐജിയെ ഡിഐജി ‘കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു’
Mail This Article
തിരുവനന്തപുരം∙ ജയിൽ വകുപ്പിലെ ഡിഐജിമാർ തമ്മിൽ പോര്, ജോലി തുടരാൻ കഴിയാത്തതിനാൽ സ്വയം വിരമിക്കാനൊരുങ്ങി മധ്യമേഖലാ ജയിൽ ഡിഐജി. ആസ്ഥാനകാര്യ ഡിഐജി തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും കള്ളക്കേസിൽ കുടുക്കുമോ എന്നു സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി സീനിയർ ഡിഐജി പി.അജയകുമാറാണു വിരമിക്കാൻ താൽപര്യം പ്രകടിപ്പിച്ചു ജയിൽ ഡയറക്ടർ ബൽറാം കുമാർ ഉപാധ്യായയ്ക്കു കത്തു നൽകിയത്. 2 വർഷത്തെ സർവീസ് ബാക്കിയുള്ള അജയകുമാർ സ്വയം വിരമിക്കലിനു മുന്നോടിയായി ദീർഘകാല അവധിയുമെടുത്തു. ആസ്ഥാനകാര്യ ഡിഐജി എം.കെ.വിനോദ്കുമാറിനെതിരെയുള്ള അഴിമതിയാരോപണങ്ങൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് ഉദ്യോഗസ്ഥരും തമ്മിൽ മാസങ്ങളായി തുടരുന്ന തർക്കമാണു തുറന്ന പോരിലേക്കെത്തിയത്. അജയകുമാർ ഒരേ സമയം രണ്ടു ക്വാർട്ടേഴ്സുകൾ കൈവശം വയ്ക്കുന്ന വിഷയത്തിൽ വിനോദ്കുമാർ ഇടപെട്ട് അന്വേഷണം തുടങ്ങിയതാണു പ്രകോപനം. മുൻപു ദക്ഷിണമേഖലാ ഡിഐജിയായിരിക്കെ തിരുവനന്തപുരത്ത് അനുവദിച്ച ക്വാർട്ടേഴ്സ് ഒഴിയാതെയാണു മധ്യമേഖലയിലെത്തിയപ്പോൾ അജയകുമാർ പുതിയ ക്വാർട്ടേഴ്സ് സ്വീകരിച്ചത്. മേയിൽ ഇപ്പോഴത്തെ ദക്ഷിണമേഖലാ ഡിഐജി ഒഴിയുമ്പോൾ തിരുവനന്തപുരത്തേക്കു സ്ഥലംമാറ്റം ലഭിക്കുമെന്ന പ്രതീക്ഷയിലാണു ക്വാർട്ടേഴ്സ് കൈവശം വച്ചതെന്നാണു വിവരം.
അധികമായി ക്വാർട്ടേഴ്സ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ചട്ടപ്പടി നടപടിയെടുക്കുന്നതിനു പകരം ജൂനിയറായ ആസ്ഥാനകാര്യ ഡിഐജി സ്ഥിരം മെമ്മോ അയച്ചു വേട്ടയാടി നാണം കെടുത്തുന്നുവെന്നു ജയിൽ ഡയറക്ടർക്കുള്ള കത്തിൽ അജയകുമാർ ആരോപിക്കുന്നു. ക്വാർട്ടേഴ്സ് വിഷയത്തിൽ ഡയറക്ടർ ബൽറാംകുമാർ ഉപാധ്യായയും തന്നെ സംശയമുനയിൽ നിർത്തി. സമീപമേഖലയിലെ ഡിഐജിമാർ അവധിയെടുത്തപ്പോൾ പകരം ചുമതല അജയകുമാറിനു നൽകിയിരുന്നില്ല. ഇതു തന്റെ കഴിവിലും ജോലിയിലും ഡയറക്ടർക്കു വിശ്വാസമില്ലാത്തതുകൊണ്ടാണെന്നു കത്തിൽ പറയുന്നു.
ആസ്ഥാനകാര്യ ഡിഐജിക്കെതിരെയുള്ള അഴിമതിയാരോപണങ്ങളും അച്ചടക്ക നടപടികളും ഡയറക്ടർ നേരിട്ട് അന്വേഷിക്കണം. ഇദ്ദേഹത്തിനെതിരെയുള്ള അന്വേഷണ ഫയലുകളെല്ലാം ഇപ്പോൾ പരിശോധിക്കുന്നത് ഇദ്ദേഹം തന്നെയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അപമാനവും മനോവിഷമവും മറക്കാനെന്ന പേരിൽ 30 ദിവസത്തെ അവധിയെടുത്തു വിദേശയാത്ര പോയ അജയകുമാർ തിരിച്ചെത്തിയശേഷം വീണ്ടും അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ്.
എന്നാൽ കത്ത് ഡയറക്ടർ മുഖവിലയ്ക്കെടുത്തിട്ടില്ല. പകരം, ക്വാർട്ടേഴ്സ് വിഷയം ആഭ്യന്തര വകുപ്പിൽ അറിയിക്കുകയാണു ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡയറക്ടറോടു വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ട്. കീഴുദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലുൾപ്പെടെ പല വിഷയങ്ങളിൽ മുൻപും പരസ്പരം ഇടഞ്ഞിട്ടുള്ള ഡിഐജിമാർ തമ്മിലുള്ള പോര് വകുപ്പിനു നാണക്കേടായി മാറിയിരിക്കുകയാണ്.
English Summary : South Zone Jail DIG decides to take VRS