ഇതാ, കോടിമണമുള്ള കൈതോലപ്പായ; പായ നെയ്യുന്നവരുടെ പരാധീനതകളും ചർച്ചയായെങ്കിൽ എന്ന് നെയ്ത്തുഗ്രാമം
Mail This Article
തൃശൂർ ∙ രാഷ്ട്രീയ ചർച്ചകളിലും ട്രോളുകളിലും തുടങ്ങി നാടെങ്ങും വിവാദം കൈതോലപ്പായ വിരിക്കുമ്പോൾ പകച്ചുനിൽക്കുകയാണ് പതിറ്റാണ്ടുകളായി പായ നെയ്യുന്ന കൊടുങ്ങല്ലൂർ എടവിലങ്ങ് കാര ഗ്രാമത്തിലെ കുടുംബങ്ങൾ. കൈതോലപ്പായയ്ക്ക് ഇത്രയും ‘വില’ ആദ്യമായിട്ടാണെന്ന് അവർ പറയുന്നു. കൈതോലപ്പായ വാർത്തയിൽ നിറയുമ്പോൾ പായ നെയ്യുന്നവരുടെ പരാധീനതകളും ചർച്ചയായെങ്കിൽ എന്നാണ് അവരുടെ ആഗ്രഹം. വളരെക്കുറച്ചു സ്ഥലങ്ങളിലേ ഇപ്പോൾ കൈതോലപ്പായ നിർമാണമുള്ളൂ.
കാരയിൽ പണ്ട് കൈതോലപ്പായ നെയ്തിരുന്ന കുടുംബങ്ങളിൽ പലരും ഇന്നു മറ്റു പണികളിലേക്കു തിരിഞ്ഞുകഴിഞ്ഞു. അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന കുടുംബങ്ങളും മറ്റു ജോലികളില്ലെങ്കിൽ മാത്രമാണ് ഇതു ചെയ്യുന്നത്.
കൈതോല മുറിച്ചെടുത്ത് 7 ദിവസം വരെ ഉണങ്ങിയ ശേഷം മൂന്നായി കീറിയാണു പായ നെയ്യുക. 10 മണിക്കൂർ നെയ്താൽ 7 അടി നീളവും 4.5 അടി വീതിയുമുള്ള ഒരു പായയാകും. 300 രൂപയാണ് ഇതിനു കിട്ടുകയെന്നു നെയ്ത്തുകാരി സരസ പറയുന്നു. വിൽപനക്കാർ വീട്ടിൽ വന്ന് എടുത്തു കൊണ്ടുപൊയ്ക്കൊള്ളും എന്നതാണ് ആകെ ആശ്വാസം. കടകളിൽ എത്തുമ്പോൾ വില 500 രൂപ വരെ ആകും. വേനൽക്കാലത്താണ് ആവശ്യക്കാർ കൂടുതൽ. അതുകൊണ്ടു തന്നെ മഴക്കാലത്ത് വില കുറയും. ഇപ്പോഴത്തെ വിവാദം കടുപ്പമാണെങ്കിലും കൈതോലപ്പായയുടെ മാർദവത്തിന് തെല്ലും കുറവില്ല.
Content Highlight: Kaithola paya