എൻസിപി തർക്കത്തിൽ സിപിഎം കക്ഷി ചേരില്ല
Mail This Article
തിരുവനന്തപുരം ∙ എൻസിപിയിലെ തർക്കത്തിൽ സിപിഎം കക്ഷി ചേരില്ല. എന്നാൽ എൽഡിഎഫിനെ ബാധിക്കാത്ത നിലയിൽ അതു പരിഹരിക്കണമെന്ന സന്ദേശം നൽകും.
എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം എൻസിപി ഔദ്യോഗികമായി ആവശ്യപ്പെടുന്ന ഘട്ടത്തിലേ അതു പരിഗണിക്കേണ്ട കാര്യമുള്ളൂവെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. ഇതു സംബന്ധിച്ച ചില ചർച്ചകൾ നടക്കുന്നുവെന്നാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചത്. ദേശീയ–സംസ്ഥാന തലത്തിലുള്ള കൂടുതൽ ചർച്ചകൾ മന്ത്രിമാറ്റത്തിനു വേണ്ടിവരുമെന്ന് സിപിഎം കരുതുന്നു.
മന്ത്രിസ്ഥാനം പോയാൽ എംഎൽഎ സ്ഥാനവും ഒഴിഞ്ഞേക്കാമെന്ന ശശീന്ദ്രന്റെ നിലപാട് മന്ത്രിപദം സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ സിപിഎമ്മും കാണുന്നുള്ളൂ.
അവകാശവാദം ബോധ്യപ്പെടുത്താൻ തോമസ് കെ.തോമസിന് ഇന്നലെ മുഖ്യമന്ത്രിയെ കാണാനായില്ല. പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിന്റെ തിരക്കിലായിരുന്നു മുഖ്യമന്ത്രി. ഇന്നു കാണാൻ ശ്രമിക്കും. 11നു നടക്കുന്ന എൽഡിഎഫ് യോഗത്തോടനുബന്ധിച്ച് എൻസിപിയിലെ പ്രശ്ന പരിഹാര ചർച്ചയും നടന്നേക്കും.