കെഎസ്ആർടിസിയിൽ ചൈനീസ് ടിക്കറ്റ് മെഷീൻ; മാസവാടക കർണാടകയെക്കാൾ മൂന്നിരട്ടി
Mail This Article
കോട്ടയം ∙ കെഎസ്ആർടിസി പുതുതായി ഉപയോഗിക്കാൻ പോകുന്ന ടിക്കറ്റ് യന്ത്രങ്ങൾക്ക് വാടകയിനത്തിൽ കൈമാറേണ്ടത് വൻ തുക; നീക്കം കോർപറേഷനെ വൻ ബാധ്യതയിലേക്കു തള്ളിയിടുന്നതാണെന്ന് ആരോപണം. ‘ചലോ’ എന്ന കമ്പനിയാണ് ചൈനീസ് ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രം കെഎസ്ആർടിസിക്കു വാടകയ്ക്കു നൽകുന്നത്.
ടിക്കറ്റ് ഒന്നിന് ഏതാണ്ട് 15 പൈസയാണു (0.149 രൂപ) കെഎസ്ആർടിസി ചലോ കമ്പനിക്കു നൽകേണ്ടത്. പ്രതിദിനം, ശരാശരി 500 മുതൽ 600 ടിക്കറ്റുകൾ വരെ ഒരു യന്ത്രത്തിൽ നിന്നു ലഭിക്കും. ഇതനുസരിച്ച് പ്രതിദിനം ഏകദേശം 74.50 രൂപയും പ്രതിമാസം 2235 രൂപയിലധികവും കമ്പനിക്കു നൽകേണ്ടി വരും. 5 വർഷത്തേക്കാണു കരാർ. 5500 യന്ത്രങ്ങളാണു വേണ്ടത്. ഇങ്ങനെ ഏതാണ്ട് 74 കോടിയോളം രൂപ 5 വർഷത്തേക്കായി കമ്പനിക്കു കെഎസ്ആർടിസി കൊടുക്കണം.
എന്നാൽ, ഇതേ രീതിയിലുള്ള ടിക്കറ്റ് യന്ത്രം കർണാടക കോർപറേഷനു മറ്റൊരു കമ്പനി വാടകയ്ക്കു ലഭ്യമാക്കുന്നത് പ്രതിമാസം 644.28 രൂപയ്ക്കാണ്. അഞ്ചു വർഷത്തേക്കു കണക്കാക്കിയാൽ 21 കോടി രൂപ മാത്രമേ അവിടെ യന്ത്രം നൽകുന്ന കമ്പനിക്കു നൽകേണ്ടതുള്ളൂ. കേരളത്തിൽ ചരക്കു ടിക്കറ്റിനും ഹാഫ് ടിക്കറ്റിനുമെല്ലാം ഒരു ടിക്കറ്റിന്റെ നിരക്ക് കമ്പനിക്കു നൽകണം. മാസവാടക രീതിയിൽ ആയതിനാൽ കർണാടകയിൽ അതൊന്നും ബാധകമല്ല.
തമിഴ്നാട്ടിൽ എസ്ബിഐ ഇതേ രീതിയിലുള്ള ടിക്കറ്റ് യന്ത്രം സൗജന്യമായാണു ട്രാൻസ്പോർട്ട് കോർപറേഷനു നൽകുന്നത്. എന്നാൽ ടിക്കറ്റ് കലക്‌ഷൻ തുക അതതു ദിവസം ബാങ്കിലേക്കു പോകും. മൂന്നു ദിവസം കഴിയുമ്പോൾ മാത്രമേ കോർപറേഷനു തുക ലഭിക്കൂ.
ഈ യന്ത്രങ്ങളെല്ലാം ചൈനീസ് നിർമിതമാണ്. ഇതിന്റെ സുരക്ഷ സംബന്ധിച്ചും നിയന്ത്രണം സംബന്ധിച്ചും പല സംശയങ്ങളുമുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസി ഇപ്പോൾ തിരുവനന്തപുരത്തു പുതിയ യന്ത്രം ഉപയോഗിക്കുന്നുണ്ട്. ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകളും കെഎസ്ആർടിസി കാർഡുകളുമെല്ലാം പുതിയ യന്ത്രത്തിൽ ഉപയോഗിക്കാം എന്നതാണു പ്രത്യേകത.